Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിമനോഹരം, ദൃശ്യ സുന്ദരം

mohanlal-meena

ദൃശ്യം ആർക്കാണ് ഇഷ്ടപ്പെടാതിരിക്കാൻ കഴിയുക? കുടുംബചിത്രമെന്നോ സസ്പെൻസ് ത്രില്ലറെന്നോ മുഴുനീള എന്റെർടെയിനറെന്നോ എന്തു പേരിട്ട് നാം ഇൗ ചിത്രത്തെ വിളിക്കും? ഇതെല്ലാം സമാസമം ചേർന്ന ഇൗ ദൃശ്യവിരുന്ന് എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുമെന്ന് നിശ്ചയം.

ഹൈറേഞ്ചിലെ രാജാക്കാട് എന്ന കൊച്ചു ഗ്രാമത്തിലെ ലോക്കൽ കേബിൾ ടിവി ശൃംഖലയുടെ ഉടമസ്ഥനായ ജോർജ്കുട്ടിയുടെയും അവന്റെ കുടുംബത്തിന്റെയും കഥ. അതാണ് ദൃശ്യം. അതിൽ അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും, സങ്കടങ്ങളും, പരിഭവങ്ങളും, പരാതികളും, പ്രതിസന്ധികളും എല്ലാം ഉൾപ്പെടും. ഒപ്പം അവരെ ചുറ്റി നിൽക്കുന്ന കുറച്ച് കഥാപാത്രങ്ങളും. അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ഒരു വലിയ പ്രശ്നത്തെ ജോർജുകുട്ടിയും കുടുംബവും അതിജീവിക്കുന്ന കഥ.

neeraj-mohanlal

മിനിറ്റുകൾ നീണ്ടു നിൽക്കുന്ന ആദ്യ ഷോട്ടിലൂടെ തന്നെ സംവിധായകൻ പ്രേക്ഷകനെ സിനിമയിലേക്ക് അടുപ്പിക്കുന്നു. കോമഡിയും കുടുംബവും കൂട്ടിയിണക്കിയ ആദ്യ പകുതി പിന്നിട്ടു രണ്ടാം പാദത്തിലെത്തുമ്പോൾ അവിടെ ഒരുക്കിയിരിക്കുന്നത് ചടുലമായ ഫ്രെയിമുകളും സസ്പെൻസ് നിറഞ്ഞ കഥാസന്ദർഭങ്ങളുമാണ്. നന്നായി തുടങ്ങി ഒടുക്കം സിനിമ കൈവിട്ടു പോകുന്ന സ്ഥിരം കാഴ്ച ഇവിടെ നേരെ തിരിഞ്ഞ്, പതിയെ തുടങ്ങി ഒടുവിൽ കൊട്ടിക്കലാശത്തിൽ അവസാനിക്കുന്നതായി നമുക്ക് കാണാം. കൈയ്യടിക്കാതെ ഒരു നല്ല പ്രേക്ഷകന് തീയറ്റർ വിട്ടു പോകാൻ കഴിയാത്ത അവസ്ഥ.

കുട്ടിത്തം തുളുമ്പുന്ന മുഖവുമായി ആ പഴയ ലാലേട്ടൻ ദൃശ്യത്തിലൂടെ പുനർജനിച്ചപ്പോൾ കൃത്യതയാർന്ന തിരക്കഥയും ഫ്രെയിമുകളുമായി ജീത്തു ജോസഫും മികച്ചു നിന്നു. കേബിൾ ടിവി നടത്തിപ്പുകാരായ കഥാപാത്രങ്ങളായി ഭാഗ്യദേവതയിൽ ജയറാമും മിസ്റ്റർ ബ്രഹ്മചാരിയിൽ ലാലേട്ടൻ തന്നെയും വേഷമിട്ടിട്ടുണ്ട്. പക്ഷെ ഇൗ കഥാപാത്രങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേകത ജീത്തു ജോർജ്കുട്ടിയ്ക്ക് ചാർത്തിക്കൊടുത്തു. ജോർജുകുട്ടിക്ക് കേബിൾ ടിവി നടത്തി ലഭിച്ച സിനിമാക്കമ്പം ഒടുവിൽ സിനിമയുടെ കഥയിൽ തന്നെ സ്വാധീനം ചെലുത്തുന്നു.

drishyam-family

മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ ഒപ്പം തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ നായികയായ മീനയ്ക്ക് കഴിഞ്ഞു. ഇരുവരുടെയും മക്കളായി എത്തിയ അൻസിബയും എസ്തേറും തങ്ങളുടെ കഴിവിനൊത്തവണ്ണം അഭിനയിച്ചു പ്രതിഫലിപ്പിച്ചു. കലാഭവൻ ഷാജോൺ എന്ന നടനെ മലയാളികൾ ദൃശ്യത്തിൽ കാണുക പുതിയൊരു മുഖത്തോടെയാവും. പലരും വില്ലൻ വേഷങ്ങൾ വിട്ടു കോമഡിയിലേക്ക് തിരിയുന്ന ഇൗ കാലത്ത് തിരിച്ചൊരു പരീക്ഷണം നടത്തുകയാണ് ഷാജോൺ.

ഇർഷാദും, കുഞ്ചനും മറ്റു നടന്മാരുമൊക്കെ തങ്ങളുടെ ഭാഗം മികച്ചതാക്കി. ഇതിനൊക്കെ പുറമെ നർമത്തിൽ ചാലിച്ച് തന്റെ ചെറിയ കഥാപാത്രത്തെ മികച്ചതാക്കിയ നീരജ് മാധവ് എന്ന പുതുമുഖവും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ദൃശ്യ ഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും, അനുയോജ്യവും അതിമനോഹരവുമായ അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതവും ദൃശ്യത്തിന് മാറ്റ് കൂട്ടുന്നു.

എണ്ണത്തിന്റെ കാര്യത്തിൽ റെക്കോർഡ് ഇട്ടെങ്കിലും മലയാള സിനിമയ്ക്ക് അത്രയൊന്നും നല്ല വർഷമായിരുന്നില്ല 2013. പക്ഷെ ദൃശ്യം എന്ന സിനിമ 2013—ന്റെ ക്ലൈമാക്സിലെ ഗംഭീര ട്വിസ്റ്റ് ആയി മാറുന്നു. ഏറ്റവും മികച്ച രണ്ടു ചിത്രങ്ങളൊരുക്കി ജീത്തു ജോസഫ് എന്ന സംവിധായകൻ തന്റേതായ സ്ഥാനം മലയാള സിനിമാലോകത്ത് ഉറപ്പിക്കുന്നതിനും ഇൗ വർഷം സാക്ഷി. ദൃശ്യം കാണാതിരുന്നാൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് ഒരു പക്ഷെ ഇൗ വർഷത്തെയെന്നല്ല എക്കാലത്തെയും നല്ല സിനിമകളിൽ ഒന്നായിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.