Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനശ്വരപ്രണയത്തിന്റെ ഗോൾഡ് ജനറേഷൻ

ennu-ninte-moideen-review

ഓള്‍ഡ് ജനറേഷനോടും ന്യൂജനറേഷനോടും ജനറേഷന്‍ ഗ്യാപില്ലാതെ അനശ്വരപ്രണയത്തിന്‍റെ കഥപറയുന്ന ഒരു ഗോള്‍ഡ് ജനറേഷന്‍ സിനിമയാകുന്നു ‘എന്ന് നിന്‍റെ മൊയ്തീൻ‍’ . പ്രണയമെന്നും സിനിമയെന്നും പറഞ്ഞ് ക്ഷമയെ പരീക്ഷിക്കുന്ന സമീപകാല കോപ്രായങ്ങളില്‍ നിന്ന് പ്രേക്ഷകനെ മോചിപ്പിക്കുന്ന ചിത്രം, പ്രേക്ഷകന് വേറിട്ടൊരു ചലച്ചിത്ര അനുഭവമായി മാറുന്നു. ആദ്യാവസാനം മഴയായി പെയ്തുകൊണ്ടിരിക്കുന്ന ചിത്രം പ്രേക്ഷകന്‍റെ കണ്ണിലും മനസ്സിലും നനവ് പടര്‍ത്തുന്നു.

കാഞ്ചനമാലയുടെയും മൊയ്തീന്‍റെയും അനശ്വര പ്രണയത്തെ വികാര തീവ്രത നഷ്ടപ്പെടുത്താതെ വെള്ളിത്തിരയിലേക്ക് പകര്‍ത്തിയെന്നു ആര്‍. എസ്. വിമലിന് അഭിമാനിക്കാം. നവാഗത സംവിധായകന്‍റെ പതര്‍ച്ചകളില്ലാതെ കയ്യടക്കത്തോടെയാണ് വിമല്‍ ‘എന്ന് നിന്‍റെ മൊയ്തീനു‘ ചലച്ചിത്രഭാഷ ചമച്ചിരിക്കുന്നത്. കാഞ്ചനയുടെയും മൊയ്തീന്‍റെയും സഹനത്തിനും ത്യാഗനിര്‍ഭരമായ പ്രണയത്തിനും എല്ലാ അര്‍ഥത്തിലും ഒരു സമര്‍പ്പണമാകുന്നു ചിത്രം.

parvathy-menon

ആര്‍ട്ട് സിനിമയെന്നോ പീരിഡ് സിനിമയെന്നോ ഒരു ടാഗില്‍ ഒതുങ്ങി പോകുമായിരുന്ന കഥാതന്തുവിനെ വിദഗ്ദമായി കൊമേഴ്സ്യല്‍ സിനിമയ്ക്കുകൂടി അനുഗുണമായ രീതിയില്‍ പുനര്‍നിര്‍മിക്കാന്‍ സംവിധായകനു കഴിയുന്നു. സിനിമയെന്ന മാധ്യമത്തിന്‍റെ എല്ലാ സാധ്യതകളെയും കൃത്യമായി വിമല്‍ ഉപയോഗപ്പെടുത്തുന്നു. ഉസ്താദ് ഹോട്ടലിനു ശേഷം കലാമൂല്യവും കച്ചവടമൂല്യവും ഒരുപോലെ സമന്വയിപ്പിക്കാനും ചിത്രത്തിനു കഴിയുന്നു.

നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത വികാരനിര്‍ഭരമായ ഒരു കഥയ്ക്കു ചലച്ചിത്രഭാഷ തീര്‍ക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. പല ഘട്ടങ്ങളിലും കയ്യില്‍ നിന്ന് വഴുതി പോയേക്കാവുന്ന ഒരു പ്ലോട്ടിനെ സമര്‍ഥമായി ഉപയോഗപ്പെടുത്താനും സിനമയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ വൈകാരിക മൂഹുര്‍ത്തങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നത്. എന്നാല്‍ഒരിക്കലും നാടകീയതയോ അതിഭാവുകത്വമോ കുത്തിനിറച്ച് ഈ രംഗങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുത്താതെ ഇരിക്കാന്‍ സംവിധായകന്‍ ജാഗ്രതപുലര്‍ത്തുന്നു.

കരിയറിലുടനീളം കയറ്റിറക്കങ്ങളുള്ള നടനാണ് പൃഥ്വിരാജ്. എന്നാല്‍ ഓരോ തവണയും കൂടുതല്‍ കരുത്താര്‍ജിച്ചിച്ച് തിരികെ എത്തുന്നതാണ് പൃഥിയുടെരീതി. ആ പതിവിനു മാറ്റം വന്നിട്ടില്ലെന്നു അദ്ദേഹം അടിവരയിടുന്നു. മെമ്മറീസിനു ശേഷം ഒറ്റനായക വിജയത്തിലൂടെ പൃഥ്വി വീണ്ടും തന്‍റെ ഇടം കണ്ടെത്തുന്നു എന്ന് സ്വന്തം മൊയ്തീനിലൂടെ. പൃഥ്വിയുടെ അഭിനയജീവിതത്തിലെമികച്ച കഥാപാത്രങ്ങളിലൊന്നാണ് മൊയ്തീന്‍റെ കഥാപാത്രമെന്നു സംശയിക്കാതെ പറയാം.

prithviraj-moideen

ബാംഗ്ലൂര്‍ ഡേയിസിലെ ആര്‍ജെ സൈറയ്ക്കു ശേഷം പാര്‍വതി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. കാഞ്ചനയുടെ വേഷം പാര്‍വതിയുടെ കൈകളില്‍ സുരക്ഷിതമായിരുന്നു. നായികമാര്‍ വന്നും പോയും നില്‍ക്കുന്ന മലയാള സിനിമയില്‍ ഓരോ ചിത്രങ്ങള്‍ കഴിയുമ്പോഴും അഭിനേത്രി എന്ന നിലയില്‍ ഗ്രാഫ് ഉയര്‍ത്തി കൊണ്ടുവരുന്ന പാര്‍വതിക്കു അഭിമാനിക്കാന്‍ ഏറെ വകനല്‍കുന്ന വേഷമാണ് കാഞ്ചനയുടേത്.

പാര്‍വതിയേക്കാളും പൃഥ്വിരാജിനേക്കാളും വിസ്മയിപ്പിച്ചത് സായ്കുമാര്‍ എന്ന അതുല്യ നടനാണ്. മലയാള സിനിമ ഇപ്പോഴും ഈ നടന്‍റെ സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉണ്ണിമൊയ്തീന്‍ സാഹിബിനെ അക്ഷരാര്‍ഥത്തില്‍ അന്വശരമാക്കിയിരിക്കുകയാണ് സായി. അഭിനയത്തിന്‍റെ കാര്യത്തില്‍ കൊട്ടരക്കരയുടെ മകനെന്ന തുടര്‍ച്ച അവകാശപ്പെടാന്‍ എന്തുകൊണ്ടും യോഗ്യനാണ് താന്നെന്നു അടിവരയിടുന്നു സായി.

parvathy-prithvi-vimal

സംവിധായകന്‍റെ മനസ്സ് തൊട്ടറിഞ്ഞ് ക്യാമറ ചലിപ്പിച്ച ജോമന്‍ ടി. ജോണിനും ഒരു ബിഗ് സല്യൂട്ട്. സംഭാഷണങ്ങളില്ലാതെ ഫ്രെയിമുകള്‍ കഥപറയുന്ന ഒട്ടേറെരംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഈ രംഗങ്ങളിലെല്ലാം ജോമന്‍ ടി. ജോണെന്ന ഛായാഗ്രാഹകന്‍റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ജോമോന്‍ പകര്‍ത്തിയ മഴചിത്രങ്ങള്‍ തിയറ്റര്‍ വിട്ടിറങ്ങുമ്പോഴും മനസ്സില്‍ മായാതെ അവശേഷിക്കുന്നു. രമേശ് നാരായണനും എം. ജയചന്ദ്രനും സിനിമയ്ക്കു യോജിച്ച രീതിയില്‍ പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. റീറെക്കര്‍ഡിങില്‍ ഒരിക്കല്‍ കൂടി ഗോപിസുന്ദര്‍ തന്‍റെ പ്രതിഭ തെളിയിക്കുന്നു. പ്രണയവും വിരഹവും കാത്തിരിപ്പുമെല്ലാം മനസ്സിലേക്കു പെയ്തിറങ്ങുന്നു ഗോപിയുടെ പശ്ചാത്തല സംഗീതത്തിലൂടെ.

jomon-vimal ജോമോന്‍ ടി. ജോണും ആര്‍.എസ് വിമലും

ലെന, സുധീര്‍ കരമന, ശിവജി ഗുരുവായൂര്‍, സുരഭി, ബാല തുടങ്ങി ഓരോരുത്തരും കേന്ദ്രകഥാപാത്രങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്നു.ടൊവീനോ തോമസിന്‍റെ കഥാപാത്രം ഏറെ ഹൃദ്യമായി അനുഭവപ്പെടുന്നു. മുക്കം ഗ്രാമവും മഴയും ഇരിവഴിഞ്ഞിപ്പുഴയുമെല്ലാം കഥാപാത്രങ്ങളാകുന്നു സിനിമയില്‍. പെരുമഴക്കാലത്തിനു ശേഷം മഴയുടെ വേറിട്ടഭാവങ്ങള്‍ ഇത്രമേല്‍ അടയാളപ്പെടുത്തിയ മറ്റൊരു ചിത്രവും ഉണ്ടാവില്ല.

കേവലമൊരു പ്രണയാഖ്യാനമല്ല എന്ന് നിന്‍റെ മൊയ്തീന്‍. കൃത്യമായ ബോധ്യങ്ങളും നിലപാടുകളും രാഷ്ട്രീയവുമുണ്ട് സിനിമയ്ക്ക്. ബി.പി. മൊയ്തീന്‍റെയും കാഞ്ചനമാലയുടെയും പ്രണയത്തിനു ഇപ്പോഴും പ്രസക്തി നഷ്ടപ്പെടുന്നില്ല. വര്‍ഗീയചിന്തകള്‍ നാടിനെ അലോസരപ്പെടുത്തുന്ന കാലഘട്ടത്തില്‍ മൊയ്തീന്‍റെയും കാഞ്ചനയുടെയും പ്രണയം ഒരു പ്രതിരോധം കൂടിയാകുന്നു. അന്നയുടെയും റസൂലിന്‍റെയും കാഞ്ചനയുടെയും മൊയ്തീന്‍റെയും പ്രണയങ്ങള്‍ അനശ്വരമായി അവശേഷിക്കട്ടെ. യുവതലമുറക്കൊപ്പം വയോധികരായ ദമ്പതിമാരുംമൊയ്തീനെയും കാഞ്ചനയും കാണാന്‍ ക്യൂ നില്‍ക്കുന്ന കാഴ്ച ഏറെ സന്തോഷം പകരുന്നു. ഇത് വിശുദ്ധ പ്രണയത്തിന്‍റെ കഥയാണ്. മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.