Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവറസ്റ്റ്: കീഴ്പ്പെടുത്തലിന്റെയല്ല, കീഴടങ്ങലിന്റെ കഥ...

Everest - Movie Review

എന്തെല്ലാമായിരിക്കും ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതം കീഴടക്കുന്നതിന് ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ? തന്നേക്കാളും വലുതായതെന്തും കാൽക്കീഴിലാക്കുമെന്ന അഹന്തയോ, അതോ ഉയരങ്ങൾ കീഴടക്കാനാഗ്രഹിക്കുന്ന സാഹസികതയോ, അതുമല്ലെങ്കിൽ ഒരു എടുത്തുചാട്ടക്കാരന്റെ മണ്ടത്തരമോ...? ഇതൊന്നുമല്ല.

‘ആ ഗിരിശിഖരം അവിടെ തലയുയർത്തി നിൽക്കുന്നു’ എന്നതു തന്നെ. ആ തലപ്പൊക്കത്തിന്റെ പ്രലോഭനത്തിൽ മയങ്ങി ഈയാംപാറ്റകളെപ്പോലെ പാറിയെത്തിയവരിൽ പലരും ചിറകറ്റു വീണു. മറ്റു ചിലർ നെഞ്ചുറപ്പോടെ എവറസ്റ്റിന്റെ നെഞ്ചിൽ ചവിട്ടി നിന്നു. വിജയിച്ചവരെ ലോകം ഓർത്തു,പക്ഷേ അവിടെ മരവിച്ചു മരിച്ചു വീണവരിൽ പലരുടെയും ശരീരം ഇന്നെവിടെയാണെന്നു പോലുമറിയില്ല. ചിലരുടെയെങ്കിലും മൃതശരീരം കണ്ടെത്തി, അവ പക്ഷേ താഴേക്ക് കൊണ്ടുവരാനാകാത്തതിനാൽ ഇന്നും തണുത്തുറഞ്ഞ് അവിടെത്തന്നെ കിടക്കുന്നു. എവറസ്റ്റ് കീഴടക്കാനെത്തിയ 250ഓളം പേരിൽ പകുതിയോളം പേരുടെയും മൃതദേഹങ്ങൾ ഇത്തരത്തിൽ ആ പർവതത്തിന്റെ മാറിൽ ചേർന്നുറങ്ങുന്നുണ്ട്. മഞ്ഞുകാറ്റു കൊണ്ട് ആഞ്ഞടിച്ചിട്ടും മഞ്ഞുമലകളെ പിളർത്തിപ്പേടിപ്പിച്ചിട്ടും ഒന്നിനെയും കൂസാതെ ആ പർവത ഭീമനെ കീഴടക്കാനെത്തിയവരുടെ കഥയാണ് ബൽതാസർ കൊർമേകുവിന്റെ എവറസ്റ്റ്. അതും യഥാർഥത്തിൽ സംഭവിച്ചത്.

Everest - Trailer

ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞയാൾ, ഏറ്റവും പ്രായം കൂടിയ ആൾ, ഒരു കാലുള്ളയാൾ, ഇരുകാലും നഷ്ടപ്പെട്ടയാൾ ഇങ്ങനെ വിശേഷണങ്ങളേറെയുണ്ട് റെക്കോർഡ് ബുക്കിൽ. പക്ഷേ ആ നാലുവരി കുറിപ്പിനു വേണ്ടി അവർ താണ്ടിയത് 29029 അടി ദൂരമാണ്. പറയും പോലെ എളുപ്പമല്ല അത്. ഈ യാത്രയുടെ ഭീകരത ഇതാദ്യമായി പ്രേക്ഷകനു മുന്നിലെത്തിക്കുകയാണ് എവറസ്റ്റ്. സ്പെഷൽ എഫക്ടുകളെയും ത്രീഡി സാങ്കേതികതയെയും കൂട്ടുപിടിച്ചിട്ടാണെങ്കിലും എവറസ്റ്റിലേക്കുള്ള യാത്രയിലെ തനതുകാഴ്ചകൾ പകർത്താൻ ഈ ചലച്ചിത്ര സംഘം നേരിടേണ്ടി വന്ന യാതനകൾ ചെറുതല്ലെന്നു കാണിച്ചു തരും ഓരോ ദൃശ്യവും. ഇറ്റലിയിലെ ആൽപ്സ് പർവത നിരകളിൽ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും എവറസ്റ്റോളം കൊടുംതണുപ്പിലായിരുന്നു അവി‍ടെയും ചിത്രീകരണം. ഏറ്റവും വലുതിനെ അതിന്റെ ഏറ്റവും ഗാംഭീര്യത്തോടെ തന്നെ കാണിക്കണമെന്നത് അലിഖിത ചലച്ചിത്ര നിയമം–അതിന്റെ ചുവടുപിടിച്ച് ചിത്രത്തിലെ ഏറിയ ഭാഗവും വൈഡ് ഷോട്ടുകളാൽ സമ്പന്നമാണ്. മഞ്ഞ് മുഖം മറയ്ക്കുന്ന വൈകാരിക രംഗങ്ങളിൽ മാത്രമേ നമുക്ക് ക്ലോസ് അപ്പ് ഷോട്ടുകൾ കാണാനാകൂ. Salvatore Totino ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ചീറിയടിക്കുന്ന മഞ്ഞുകാറ്റിന്റെ ഭീകരതയും മരണത്തിന്റെ നിശബ്ദതയുമെല്ലാം ഒരിറ്റു പോലും ചോരാതെ പകർത്തിയ ശബ്ദലേഖന സംഘത്തെ അഭിനന്ദിക്കാതെ വയ്യ. ജയിംസ് ക്ലാർക്ക്, എമിലി വാട്സൺ എന്നിവരുൾപ്പെടെ ഹോളിവുഡിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ വൻ താരനിര തന്നെ എവറസ്റ്റേറാനെത്തുന്നുണ്ട്. 121 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലെ ആദ്യ അരമണിക്കൂർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് പോകുന്നത്. പിന്നീട് ബേസ് ക്യാംപ്, ക്യാംപ് 1, 2, 3, 4 എന്നിങ്ങനെയുള്ള യാത്ര. അവിടെ നിന്ന് ഡെത്ത് സോണിലേക്ക്. ഓക്സിജനില്ലെങ്കിൽ ജീവൻ കൈവിട്ടുപോകുന്ന 26000 അടി മുകളിലാണ് ആ ഇടം. അതും കടന്നാൽ എവറസ്റ്റിന്റെ ശിരസ്സിൽത്തൊടാം. എവറസ്റ്റിനെ കീഴ്പ്പെടുത്തുന്നയിടത്തല്ല ഈ ചിത്രം അവസാനിക്കുന്നത്, അവിടെ നിന്ന് ഇറങ്ങുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് പ്രേക്ഷകന്റെ ശ്വാസമിടിപ്പേറ്റുന്നത്. പിന്നെ പതിയെപ്പതിയെ കണ്ണുകളെ ഈറനണിയിച്ച് അവസാനിക്കുന്നതും.

Everest - Movie Review

1953ൽ ആദ്യമായി മനുഷ്യനു മുന്നിൽ കീഴടങ്ങിയതിനു ശേഷം എവറസ്റ്റിലേക്ക് പർവതാരോഹകരുടെ പ്രവാഹമായിരുന്നു. ആദ്യം പ്രഫഷണലുകൾക്കു മുന്നിൽ മാത്രം വഴങ്ങുമായിരുന്ന എവറസ്റ്റിനെ ഒരു ടൂറിസം മേഖലയാക്കി മാറ്റിയത് ചില പാശ്ചാത്യ അഡ്വഞ്ചർ സംഘങ്ങളാണ്. അഡ്വഞ്ചർ കൺസൽട്ടന്റ്സ് എന്ന പേരിൽ 1992ൽ ആരംഭിച്ച ബോബ് ഹാൾ എന്ന ന്യൂസിലൻഡുകാരന്റെ സംരംഭമാണ് അതിലെ ആദ്യഹിറ്റ്. 1992 മുതൽ നാലുവർഷക്കാലത്തിനിടെ ബോബിന്റെ നേതൃത്വത്തിൽ എവറസ്റ്റിനു നെറുകയിലെത്തിയത് 39 പേരും. ആ ആത്മവിശ്വാസത്തിന്റെ കൈപിടിച്ചാണ് ബോബ് വീണ്ടും 1996 മെയ് മാസത്തിൽ നേപ്പാളിലേക്ക് യാത്ര തിരിച്ചത്. ഭാര്യ ജെയ്ൻ ഗർഭിണിയാണ്. അല്ലെങ്കിൽ കക്ഷിയും കൂടെ വരാനിരുന്നതാണ്.

വർഷങ്ങൾക്കു മുൻപേ ഒരു എവറസ്റ്റ് യാത്രയ്ക്കിടെയാണ് ഡോക്ടറായ ജെയ്നെ ബോബ് പരിചയപ്പെടുന്നതും പിന്നീട് വിവാഹിതരാകുന്നതും. ബോബ് അവൾക്ക് വാക്കുകൊടുക്കുന്നുണ്ട്–കുഞ്ഞിന്റെ ജനന സമയത്ത് താൻ അടുത്തുണ്ടാകും. പക്ഷേ എവറസ്റ്റിനെത്തൊട്ട് ബോബ് തിരിച്ചു വരേണ്ട രാത്രിയിൽ സന്ദേശങ്ങളൊന്നും കാണാതായപ്പോൾ ബേസ് ക്യാംപിലേക്ക് ഫോൺ ചെയ്ത ജെയ്ൻ കേട്ടത് ബോബിന്റെ തണുത്തുറഞ്ഞ വാക്കുകളായിരുന്നു. ലോക ചരിത്രത്തിൽ പിന്നീട് ‘1996ലെ എവറസ്റ്റ് ദുരന്തം’ എന്ന പേരിൽ അറിയപ്പെട്ട സംഭവത്തിലെ കഥാനായകനായി മാറിയിരുന്നു അപ്പോഴേക്കും ബോബ്. അദ്ദേഹം മാത്രമല്ല, സാധാരണക്കാരനും അസാധാരണമായ സ്വപ്നം കാണാമെന്നു ലോകത്തിനു കാണിച്ചുകൊടുക്കാനിറങ്ങിയ ഒരു ‘മെയിൽ മേൻ’, ആറ് വൻകൊടുമുടികളും കീഴടക്കി ഏഴാമനായ എവറസ്റ്റിനെ തേടിയെത്തിയ ജപ്പാൻകാരി, ഒട്ടേറെതവണയായി എവറസ്റ്റിനു മുന്നിൽ പരാജയപ്പെട്ട ഒരു ധനികൻ, ഒരു പത്രപ്രവർത്തകൻ, ഡോക്യുമെന്ററി നിർമാതാവ്, ബോബിന്റെ എതിർഗ്രൂപ്പായ മൗണ്ടൻ മാഡ്നസിനെ അംഗങ്ങൾ, ഷെർപ്പകൾ...ദുരന്തത്തിലെ ശേഷിപ്പുകാർ ഒട്ടേറെയാണ്. ഇവരിൽ രണ്ടു പേർ രക്ഷപ്പെട്ട് തിരിച്ചെത്തിയ ശേഷം എഴുതിയ ‘ഇൻ ടു തിൻ എയർ’, ‘ദ് ക്ലൈംബ്’ എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ബൽതാസർ ചിത്രമൊരുക്കിയത്. യഥാർഥ സംഭവങ്ങളോട് അങ്ങേയറ്റം നീതിപുലർത്തിയതുകൊണ്ടാകണം ചിത്രത്തിന്റെ ആദ്യ പകുതിയിൽ വലിയ ഇഴച്ചിൽ നേരിടുന്നുണ്ട്. Mick Audsley ആണ് എഡിറ്റിങ്. എന്നാൽ സിനിമാറ്റിക് അനുഭവങ്ങളാൽ സമ്പന്നമായ അവസാന നിമിഷങ്ങൾ അതേപടി മുന്നിലെത്തുമ്പോൾ ചിലപ്പോഴൊക്കെ ആ ദുരന്ത നിമിഷങ്ങളെ യഥാർഥത്തിൽ നേരിട്ടവരെയോർത്ത് കാഴ്ചയും മനസ്സും മരവിച്ചു പോകും.

Everest - Movie Review

മരിച്ചെന്നുറപ്പായവർ തിരിച്ചു വരുന്നതു കാണാം ചിത്രത്തിൽ. ഇല്ല, ഞാൻ മരിക്കില്ല, നിന്നരികിലേക്ക് തിരിച്ചെത്തുമെന്നു വാക്കു പറഞ്ഞവർ മഞ്ഞിന്റെ മരണക്കയ്യിൽ ഞെരിഞ്ഞമരുന്നതും കാണാം. അതാണ് എവറസ്റ്റ്. അവിടത്തെ നീതി നിശ്ചയിക്കുന്നത്, ആ പർവതഭീമനാണ്. ആരോഹണത്തിനെത്തുന്നവരുടെ മുന്നിലെ ദൈവം. ആ താഴ്‌വാരത്തിലെ പോരാട്ടം മനുഷ്യനും ആ ദൈവവും തമ്മിലാണ്. പിന്നെയെന്താണ് അതിൽ ചിലർ മാത്രം ജയിക്കുന്നത്? അതിന്റെ ഉത്തരവും അതിനിഗൂഢമായ ഒരു നിശബ്ദതയിൽ ഒളിപ്പിച്ചു വച്ച് തന്നിലേക്ക് കയറിവരുന്നവരെ കാത്തിരിക്കുകയാണിപ്പോഴും എവറസ്റ്റ്. ആ നിഗൂഢതയുടെ കാഴ്ചകൾ കണ്ടാസ്വദിക്കാം ഈ ചിത്രത്തിൽ. അഡ്വഞ്ചർ ത്രില്ലറിനേക്കാൾ ഡിസാസ്റ്റർ ഡ്രാമയെന്ന ലേബലായിരിക്കും ഇതിനു ചേരിക എന്ന കാര്യം മനസ്സിൽ വച്ചുകൊണ്ടുതന്നെ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.