Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതി വെന്ത ഫാൻ

fan-movie

ആരാധകർ ഇല്ലെങ്കിൽ താരങ്ങൾക്ക് നിലനിൽപ്പുണ്ടോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും താരങ്ങളുടെ പുറകെയാണ് സാധാരണ ആരാധകർ നടക്കാറ്. എന്നാൽ ആരാധകന്റെ പുറകെ ഓടുന്ന സൂപ്പർതാരത്തിന്റെ കഥയാണ് ഫാൻ പറയുന്നത്.

സൂപ്പര്‍താരം ആര്യൻ ഖന്നയാണ് തന്റെ ദൈവമെന്ന് വിശ്വസിക്കുന്ന ഗൗരവിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ആര്യനെപ്പോലെ നടക്കുക, സംസാരിക്കുക, വസ്ത്രം ധരിക്കുക, ഭ്രാന്തമായ ആരാധനാണ് ഗൗരവിന്. ഇങ്ങനെയൊരു ആരാധകൻ വേണെന്ന് താരങ്ങൾക്ക് പോലും തോന്നിപ്പോകും.

shahrukh-fan

കുട്ടിക്കാലം മുതൽ ആര്യന്റെ ചിത്രങ്ങൾ കണ്ടുവളർന്ന ഗൗരവിന്റെ ജീവിതാഭിലാഷം തന്റെ ആരാധനാപുരുഷനെ ഒന്ന് നേരിൽ കണ്ട് തന്റെ സ്നേഹം ബോധ്യപ്പെടുത്തണമെന്നത് മാത്രമാണ്. അതിനായി ആര്യൻ ആദ്യകാലത്ത് മുംബൈയിൽ പോയതുപോലെ ടിക്കറ്റില്ലാതെ രാജധാനിയിൽ കയറി അവിടെയെത്തി അദ്ദേഹം പണ്ട് താമസിച്ച ഹോട്ടലിലെ അതേ റൂമിൽ ഗൗരവ് മുറിയെടുക്കുന്നു.

ആര്യനെ കാണുമ്പോൾ കൊടുക്കാൻ ഒരു പിറന്നാൾ സമ്മാനവും ഗൗരവിന്റെ കൈയിലുണ്ട്. അങ്ങനെ ഗൗരവ് തന്റെ ദൈവത്തെ കാണുന്നു. എന്നാൽ ആ കൂടിക്കാഴ്ചയിൽ എല്ലാം തകിടം മറിയുന്നു. അത് ഇരുവരുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്ന കൂടിക്കാഴ്ചയായി തീരുന്നു.

fan-trailer

അഭിനയിക്കാന്‍ അറിയില്ലെന്ന് പറയുന്ന വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഫാനിൽ ഷാരൂഖ് കാഴ്ചവെക്കുന്നത്. സൂപ്പർതാരം ആര്യൻ ഖന്നയായും ഗൗരവ് ആയും ഷാരൂഖ് തിളങ്ങുന്നു. കഥാഗതി കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഷാരൂഖിന്റെ അഭിനയപ്രകടനം കൊണ്ടും ആദ്യപകുതി നിറയുമ്പോൾ രണ്ടാം പകുതി പ്രേക്ഷകനെ നിരാശയിലാഴ്ത്തുന്നു. ഇത്രയും മികച്ച കഥ ഉണ്ടായിട്ടും തിരക്കഥയിൽ ഇതിനെ ഒന്നുകൂടിമെച്ചപ്പെടുത്താൻ സംവിധായകൻ ശ്രമിച്ചില്ല.

gaurav

പ്രേക്ഷകനെ അക്ഷരാര്‍ത്ഥത്തിൽ പിടിച്ചിരുത്തുന്ന ആദ്യ പകുതി ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല. കൈയ്യടിച്ച് അവസാനിക്കുന്ന ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിൽ സിനിമ അമാനുഷിക തലത്തിലേക്ക് കടക്കുന്നു. യാഥാർ‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത രംഗങ്ങൾ ഉൾപ്പെടുത്തി നല്ലൊരു കഥയെ പിന്നീട് നശിപ്പിക്കുകയാണ് സംവിധായകൻ.

ആദ്യപകുതിയിൽ നിന്നുള്ള ഗൗരവ് എന്ന കഥാപാത്രത്തിന്റെ പരിണാമമാണ് സിനിമയെ മോശമായി ബാധിച്ചത്. സിനിമയുടെ ട്രെയിലറിൽ തന്നെ കഥമുഴുവൻ പറയാൻ ശ്രമിച്ചതും രസംകൊല്ലിയായി. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും സംവിധായകന് കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നെന്ന് തോന്നി. പുതുമുഖങ്ങളായ രണ്ടു നായികമാരും മോശം പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഗൗരവിന്റെ മാതാപിതാക്കളായി എത്തിയ യോഗേന്ദ്ര ടികു, ദീപിക അമിൻ എന്നിവരാണ് ഷാരൂഖിനെ കൂടാതെ ഭേദപ്പെട്ട അഭിനയം കാഴ്ചവെച്ചത്.

fan-film

സിനിമ അവസാനിച്ചാലും ഗൗരവ് എന്ന കഥാപാത്രം നമ്മുടെ മനസ്സിൽ നിന്നും മായില്ല. ഈ അടുത്തകാലത്തൊന്നും ഷാരൂഖ് ഇത്ര നന്നായി അഭിനയിച്ച് കണ്ടിട്ടില്ല. ഫബീബ് ഫൈസലിന്റേതാണ് കഥ. മനു ആനന്ദിന്റെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. ലണ്ടനിലെ മെഴുക് മ്യൂസിയത്തിൽ ചിത്രീകരിച്ച ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.

ആൻഡ്രിയ ഗുവേരയുടെ പശ്ചാത്തലസംഗീതം ഗംഭീരം. വിശാൽ–ശേഖറിന്റെ ഗാനങ്ങൾ ദൈര്‍ഘ്യക്കൂടുതൽ കൊണ്ടാണോ എന്നറിയില്ല, ചിത്രത്തിൽ കാണാനായില്ല. നമ്രത റാവുവിന്റെ ചിത്രസംയോജനവും നീതിപുലർത്തി‌. ഓക്‌സര്‍ ജേതാവ് ഗ്രെഗ് കാനോം ആണ് ഷാരൂഖിന് വ്യത്യസ്ത ഗെറ്റപ്പ് ഒരുക്കിയത്.

shahrukh

ഷാരൂഖ് ഖാന്റെ മികച്ച പ്രകടനമാണ് ഫാനിന്റെ ഏറ്റവും വലിയ പ്രത്യേകത. കലാപരമായും സാമ്പത്തികമായും വൻ വിജയമാകേണ്ടിയിരുന്ന ചിത്രം പക്ഷേ രണ്ടാം പകുതിയിലെ ‘അസാധാരണത്വം’ മൂലം ശരാശരിയിലൊതുങ്ങും. അങ്ങനെ നോക്കിയാൽ പാതി വെന്ത ഫാൻ എന്ന് ഇൗ ഷാരൂഖ് സിനിമയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. എന്നാൽ താരങ്ങളെ അന്ധമായി ആരാധിക്കുന്ന എല്ലാ ആരാധകർക്കുമുള്ള ഒരു പാഠം കൂടിയാണ് ഇൗ ചിത്രം.

വാൽക്കഷ്ണം: ട്രെയിലർ കാണാതെ സിനിമയ്ക്ക് പോകൂ...

Your Rating: