Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്‍ ലാസ്റ്റ് റൈഡ് വിത്ത് വാക്കര്‍

furiousss

ഒരു നാള്‍ വേഗത എന്നെ കൊലപ്പെടുത്തിയാല്‍ നിങ്ങള്‍ കരയരുത് കാരണം ഞാന്‍ അപ്പോള്‍ ചിരിക്കുകയായിരിക്കും. വാക്കറിന്റേതാണോയെന്ന് ഉറപ്പില്ലെങ്കിലും ഇൌ വാക്കുകള്‍ക്ക് പോള്‍ വാക്കറിന്റെ ജീവിതവുമായി ഏറെ അടുപ്പമുണ്ട്. നീലക്കണ്ണുള്ള വേഗതയുടെ രാജകുമാരനെ ആരാധിക്കുന്നവര്‍ ഒരുതുള്ളി കണ്ണുനീരെങ്കിലും പൊഴിക്കാതെ ഈ ചിത്രം കണ്ടിറങ്ങാനാവില്ല. ഒരു ബ്രഹ്മാണ്ഡ ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമെന്നതിലുപരി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7 പോള്‍ വാക്കറിന്റെ ചിത്രമാണ്. അദ്ദേഹത്തിനു വേണ്ടി മാത്രമുള്ള സിനിമ.

സിനിമയിലേക്ക് കടക്കാം. കാശു മുടക്കി തിയറ്ററിലെത്തുന്ന പ്രേക്ഷകന് അത് പൂര്‍ണമായും മുതലാക്കാവുന്ന തകര്‍പ്പന്‍ പടം. തുടക്കം മുതല്‍ ഒടുക്കം വരെ ആക്ഷന്‍. പാറമേക്കാവും തിരുവമ്പാടിയും നിറഞ്ഞാടുന്ന തൃശൂര്‍ പൂരത്തിന്റെ നടുവില്‍ എത്തിപ്പെട്ട വിദേശിയെപ്പോലെയാവും സാധാരണ പ്രേക്ഷകന്റെ അവസ്ഥ.

Furious 7 - Extended First Look

2013ല്‍ പുറത്തിറങ്ങിയ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 6 ന്റെ തുടര്‍ഭാഗമാണ് ഫ്യൂരിയസ് 7. ആറാം ഭാഗത്തിലെ വില്ലന്‍ ഓവെന്‍ ഷോയെ ജീവശവമാക്കുന്ന ടൊറൊറ്റോയും കുടുംബത്തെയും നശിപ്പിച്ച് പ്രതികാരം വീട്ടാന്‍ വരുന്ന സഹോദരന്‍ ഡെക്കാര്‍ഡ് ഷോയിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്.

വിന്‍ ഡീസലാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒപ്പം കലിപ്പ് പ്രകടനവുമായി ഡ്വെയ്ന്‍ ജോണ്‍സണും എത്തുന്നു. എങ്കിലും ശ്രദ്ധാകേന്ദ്രം പോള്‍ വാക്കര്‍ തന്നെ. വില്ലനായി എത്തുന്നത് സൂപ്പര്‍ ആക്ഷന്‍ ഹീറോ ട്രാന്‍സ്പോര്‍ട്ടര്‍ ജേസണ്‍ സ്റ്റാതം. നേരത്തെ എക്സ്പെന്‍ഡബിള്‍സ് 3യില്‍ മെല്‍ ഗിബ്സണ്‍ വില്ലനായി എത്തി ഞെട്ടിച്ചിട്ടുണ്ടെങ്കിലും ഇത് ഐറ്റം വേറെയാണ്. നായകനെ വെല്ലുന്ന മാസ്സ് ഇന്‍ട്രോ രംഗത്തോടെയാണ് വില്ലനായി സ്റ്റാതം എത്തുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ കാറുകള്‍ ഇറക്കുന്ന രംഗം. ഡാര്‍ക് നൈറ്റ് റൈസസിലെ വിമാനരംഗത്തേക്കാള്‍ ഒരുപിടി മുന്നില്‍ നില്‍ക്കുന്ന ഈ രംഗം ഒറിജിനലായി ചിത്രീകരിച്ചിരിക്കുന്നതാണ്. അതായത് ക്യാമറയും കാറുകള്‍ക്ക് ഒപ്പം ചാടിയതാണെന്ന്.

കട്ടയ്ക്കു നില്‍ക്കുന്ന വില്ലന്മാരെയാണ് ഡൊമിനിക് ടൊററ്റോയ്ക്കും ബ്രയാനും ഇത്തവണ നേരിടേണ്ടി വരുന്നത്. തായ് ലന്‍ഡ് ആക്ഷന്‍ ഹീറോ ടോണി ജാ, അമിസ്താദ്, ഗാഡിയേറ്റര്‍, ബ്ളഡ് ഡൈമണ്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡിജിമോണ്‍ ഹൌന്‍സോ എന്നിവരുടെ അതിഥി വേഷവും ഗംഭീരമാക്കി.

പോള്‍ വാക്കറിന്റെ അകാലമരണത്തില്‍ സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ വരെ തീരുമാനിച്ചിരുന്നു. പോളിന്റെ നഷ്ടത്തില്‍ ഈ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ വിന്‍ ഡീസലാണ് ഫ്യൂരിയസ് കുടുംബത്തെ ഒരുമിച്ച് ചേര്‍ത്ത് ഇത് പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. പോളിന്റെ സ്വപ്നമാണ് ഈ ചിത്രമെന്നും അവന് വേണ്ടി ഇത് പൂര്‍ത്തിയാക്കണമെന്നും വിന്‍ പറയുമായിരുന്നു. 2001 ലാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആദ്യഭാഗം വരുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇവര്‍ ഒരു കുടുംബം പോലെയാണ് കഴിയുന്നത്. അത് ഇന്നും അങ്ങനെ തന്നെ.

tonyjaa

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ മുഴുവന്‍ ആളുകളും ഈ സിനിമയ്ക്ക് വേണ്ടിഒത്തുചേര്‍ന്നതും പോളിന് വേണ്ടി തന്നെ. വിന്‍, മിഷെല്ലേ, ജോര്‍ദാന്‍ നിര്‍മാതാവ് നീല്‍ ഇവരെല്ലാം ആദ്യംമുതല്‍ക്കെ ഒരുമിച്ചായിരുന്നു. പിന്നീട് വന്ന ഡ്വെയ്ന്‍, ടൈറസ്, ലുഡ, ലുകാസ്, തിരക്കഥാകൃത്ത് ക്രിസ്, പുതിയ ഭാഗത്തിലെ താരങ്ങളായ ജേസണ്‍ സ്റ്റാതന്‍, കര്‍ട്ട് റസല്‍, ടോണി ജാ, നതാലീ സംവിധായകന്‍ ജയിംസ് , പോളിന്റെ സഹോദരങ്ങളായ കലേബ്, കോഡി ഇവരെല്ലാവരും പോളിന് വേണ്ടി ഒത്തുചേര്‍ന്നു.

ചിത്രത്തില്‍ പട്ടാളക്കാരനായി എത്തിയ ജോണ്‍ ബ്രദര്‍ടണ്‍ തന്നെയാണ് പോള്‍ വാക്കറിന്റെ ചില ബോഡി ഡബിള്‍ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. വെറ്റാ ഡിജിറ്റല്‍സ് ആണ് ഈ ഭാഗങ്ങളില്‍ പോളിന്റെ മുഖത്തിന് സിജിഐ ഗ്രാഫിക്സ് ചെയ്തിരിക്കുന്നതും.

ഇന്‍സിഡിയസ്, കണ്‍ജറിങ്, സോ തുടങ്ങിയ ഹൊറര്‍ ത്രില്ലറുകളിലൂടെ ശ്രദ്ധേയനായ ജയിംസ് വാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ സീനുകള്‍ ഒരുപാട് ഉണ്ടെങ്കിലും ചിത്രത്തിലെ ഏറ്റവും ഹൃദയത്തില്‍ തട്ടുന്ന രംഗം മിയയും പോളും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണെന്ന് സംവിധായകന്‍ പറയുന്നു. ബ്രയാന്‍ ടൈലറിന്റെ സംഗീതവും സ്റ്റീഫന്‍ വിന്‍ഡണിന്റെ ഛായാഗ്രഹണവും ഒന്നിനൊന്ന് മെച്ചം.

vindiesel

രണ്ടരമണിക്കൂര്‍ നീണ്ട വെടിക്കെട്ടിന് വിരാമമാകുമ്പോള്‍ നമുക്ക് മനസ്സിലാകും വാക്കറിന് ഇതിലും മികച്ചൊരു വിടവാങ്ങല്‍ നല്‍കാനാവില്ലെന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് ഒരുക്കിയ അവസാന രംഗങ്ങള്‍ കാണുമ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞ് നാം പറഞ്ഞു പോകും. 'വീ മിസ് യൂ വാക്കര്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.