Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമം, അന്നും ഇന്നും പൈങ്കിളിയാ !

ബി.കെ.എൻ എന്ന ബാലൻ കെ നായരുടെ 100 ദിവസത്തെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് 100 ഡെയ്സ് ഓഫ് ലവ്. മലയാളത്തിന്റെ ഓൾഡ് ജനറേഷൻ വില്ലൻ ബാലൻ കെ നായരും നായിക ഷീലയും ന്യൂജനറേഷൻ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തുമ്പോൾ കണ്ടു ശീലിച്ച ക്ളീഷെ പ്രണയം തന്നെ പ്രമേയം. എങ്കിലും പുതുമുഖത്തിന്റെ പരിമിതികളൊന്നുമില്ലാതെ ആവിഷ്കാരരീതിയിൽ ചിത്രത്തെ കൂടുതൽ മനോഹരമാക്കിയത് സംവിധായകൻ ജെനൂസ് മുഹമ്മദാണ്.

ബംഗലൂരുവിലെ ഒരു പ്രമുഖ മാധ്യമത്തിലെ ജേർണലിസ്റ്റാണ് ബാലൻ. ദുബായിൽ ജീവിക്കുന്ന മാതാപിതാക്കളിൽ നിന്നും മാറി സ്വന്തം ഇഷ്ടത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാഗ്രഹിക്കുന്ന യുവാവ്. അങ്ങനെ ഒരു രാത്രിയിൽ വളരെ അവിചാരിതമായി ടാക്സിയിൽ വച്ച് ഷീലയെ കണ്ടു മുട്ടുന്നതോടെ പ്രണയത്തിന്റെ ആദ്യദിനം ആരംഭിക്കുകയായി.

പ്രണയചിത്രങ്ങളുടെ ഉസ്താദായ കമലിന്റെ മകൻ ജനൂസ് മുഹമ്മദിന്റെ ആദ്യ ചിത്രം ഒരു പ്രണയകഥയായി മാറിയതിൽ യാതൊരു അത്ഭുതവുമില്ല. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്. അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. നായികയുടെ ആദ്യചിരിയിൽ തന്നെ പ്രണയത്തിൽ വീഴുന്ന നായകനും പിന്നീട് അവളെ അന്വേഷിച്ചുള്ള യാത്രയുമാണ് ആദ്യപകുതിയിൽ. ആ യാത്രയിൽ അവർ കണ്ടുമുട്ടുന്നു. എന്നാൽ അവിടെയും ബാലന് വില്ലനായി ഒരാൾ കാത്തിരിക്കുന്നുണ്ടായിരുന്നു.

nithya and dulqer

പ്രേക്ഷകരെ അൽപ്പം മുഷിപ്പിച്ചു മുന്നോട്ട് പോകുന്ന ആദ്യ പകുതിയിൽ ഇടവേളയ്ക്ക് തൊട്ടുമുൻപുള്ള അപ്രതീക്ഷിത ട്വിസ്റ്റിൽ കഥ കൂടുതൽ ആസ്വാദ്യകരമാകുന്നു. ഇടവേളയിൽ കൊണ്ടു വരുന്ന ആ പഞ്ച് പിന്നീട് നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടില്ല. രണ്ടാം പകുതിയിലും കഥ വിരസമായി തന്നെ മുന്നോട്ട് പോകുന്ന കാഴ്ചയാണ് കാണാനാകുക. കഥയിലെ ചില പ്രത്യേക സന്ദർഭങ്ങൾ മാത്രമാണ് പ്രേക്ഷകനെ കുറച്ചെങ്കിലും സിനിമയിലേക്ക് ആകർഷിക്കുന്നത്. പുതുമകളില്ലാത്ത തിരക്കഥ തന്നെയാണ് പ്രധാനപോരായ്മ. കെട്ടിച്ചമച്ച സംഭാഷണങ്ങളും അരോചകമായി തോന്നാം. ഒരു സാദാ സിംപിൾ ലവ് സ്റ്റോറി. അതിൽ കൂടുതൽ അവകാശപ്പെടാൻ ചിത്രത്തിനാകുന്നില്ല.

ബാലൻ ആയി ദുൽക്കർ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. മിതത്വമുള്ള അച്ചടക്കത്തോടെയുള്ള അഭിനയം. ഏത് വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിക്കുകയാണ് മലയാളത്തിന്റെ ഇൗ യുവതാരം. പുഞ്ചിരി കൊണ്ടും, നോട്ടങ്ങൾ കൊണ്ടും നിത്യ മേനോൻ ഷീലയെ കൂടുതൽ സുന്ദരിയായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ദുൽഖർ—നിത്യ ജോഡികളുടെ കെമിസ്ട്രി നന്നായി തന്നെ സ്ക്രീനിൽ കൊണ്ടുപോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

ഉമ്മർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശേഖർ മേനോൻ നല്ലൊരു തിരിച്ചുവരവ് തന്നെ നടത്തിയിരിക്കുന്നു. തന്റെ ആദ്യ സീൻ കൊണ്ടു തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച് മികച്ച അഭിനയമാണ് രാഹുൽ മാധവ് നടത്തിയിരിക്കുന്നത്. വിനീത്, പ്രവീണ എന്നിവരും അവരവരുടെ വേഷം ഭംഗിയാക്കി. സംവിധായകൻ വി.കെ പ്രകാശ്, അജു വർഗീസ് എന്നിവരുടെ അതിഥിവേഷവും മോശമായില്ല.

ഓരോ കഥാപാത്രങ്ങളുടെ പേരുകളും, അവ വെളിപ്പെടുത്തുന്ന രീതിയും വളരെ രസകരമായാണ് ചിത്രത്തിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അത് കണ്ടുതന്നെ ആസ്വദിക്കണം. ഒരു നവാഗതസംവിധായകനെന്ന നിലയിൽ ജെനൂസിനെ അഭിനന്ദിക്കാതെ വയ്യ. അച്ഛന്റെ പാരമ്പര്യം ജെനൂസ് തീർച്ചയായും കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഗോവിന്ദ് മേനോന്റെ സംഗീതം ശരാശരിയിൽ ഒതുങ്ങുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതം ചിത്രത്തിനൊപ്പം ഒഴുകി നീങ്ങുന്നതായി തോന്നി.

എടുത്തുപറയേണ്ടത് പ്രദീഷ് വർമയുടെ ഛായാഗ്രഹണമാണ്. ഓരോ ഫ്രെയിമും അത്ര മനോഹരമായാണ് ദൃശ്യവൽകരിച്ചിരിക്കുന്നത്. സിനിമയിലെ ചില മോശം രംഗങ്ങൾ പോലും ഛായാഗ്രഹണത്തിന്റെ പിൻബലത്തിൽ നന്നായിരിക്കുന്നതായി തോന്നും. ലൈറ്റിങും അതിമനോഹരം. ഇത്രഭംഗിയുള്ള ഫ്രെയിമുകൾ ഈ അടുത്തിടെ ഒരു മലയാളചിത്രത്തിലും കണ്ടതായി തോന്നിയില്ല. സന്ദീപ് കുമാറിന്റെ എഡിറ്റിങും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും മികവുപുലർത്തുന്നതാണ്.

പൈങ്കിളി പ്രണയത്തെ വ്യത്യസ്തമായി അവതരിപ്പിക്കുമ്പോഴാണ് അത് പ്രേക്ഷകനെ ആകർഷിക്കുന്നത്. ഒരു പുതുമുഖ സംവിധായകനിൽ നിന്ന് പ്രതീക്ഷിക്കുന്നതിനുമപ്പുറം ലഭിക്കുന്ന ഈ ചിത്രം , മനസ്സിന്റെ ഉള്ളിൽ പ്രണയത്തിന്റെ ഓർമകൾ കാത്തുസൂക്ഷിക്കുന്നവർക്ക് കുറച്ച് നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നു. എന്നാൽ പുതുമകളും വ്യത്യസ്തമായ കഥാഗതികളും ആഗ്രഹിച്ച് തിയറ്ററുകളിലെത്തുന്ന പ്രേക്ഷകർക്ക് 100 ഡെയ്സ് ഓഫ് ലവ് കേവലം ദൃശ്യ ഭംഗിയിൽ ഒതുങ്ങുന്ന ചിത്രം മാത്രമാകുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.