Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാത്തുക്കും മീതെ 'ഐ'

ai-tamil-review

സാങ്കേതിക നിലവാരത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രം. ഒപ്പം വിക്രം എന്ന അഭിനയപ്രതിഭാസത്തിന്റെ എല്ലാം മറന്നുള്ള സമര്‍പ്പണം. ഇതു രണ്ടും മാത്രം മതി 'ഐ സിനിമയെ ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്താന്‍. ഇന്ത്യന്‍ സിനിമയിലെ പുതിയ അനുഭവം എന്നു തന്നെ മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ഇൌ ശങ്കര്‍ ചിത്രത്തെ വിശേഷിപ്പിക്കാം.

'സുന്ദരിയായ രാജകുമാരി വിരൂപനായ രാക്ഷസനെ കല്യാണം കഴിച്ചപ്പോള്‍ അയാള്‍ക്ക് ശാപമോക്ഷം കിട്ടുകയും സുന്ദരനായ രാജകുമാരനായി മാറുകയും ചെയ്തു. ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് എന്ന ഇൌ കെട്ടുകഥയ്ക്ക് നേര്‍വിപരീതമാണ് ഐയുടെ കഥ. രാജകുമാരിയെ കിട്ടിയെങ്കിലും ശാപമോക്ഷം കിട്ടാതെ പ്രതികാരത്തിനായി അലയുന്ന വിരൂപ രൂപിയായ കൂനന്റെ കഥയാണ് ഐ.

മിസ്റ്റര്‍ ഇന്ത്യയാകുന്നത് സ്വപ്നം കണ്ടു അതിനായി അധ്വാനിക്കുന്ന ഒരു ബോഡി ബില്‍ഡറാണ് ലിങ്കേശന്‍. ദിവ്യ എന്ന സൂപ്പര്‍മോഡലാണ് ലിങ്കേശന്റെ സ്വപ്നനായിക. ബോഡിബില്‍ഡറില്‍ നിന്നും പ്രശ്സതനായ ഒരു മോഡലായി തീരുന്ന ലിങ്കേശന്‍ ദിവ്യയുമായി പ്രണയത്തിലാകുന്നു. എന്നാല്‍ പിന്നീട് ലിങ്കേശന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് 'ഐയില്‍ ദൃശ്യവത്കരിക്കുന്നത്.

vikram-in-i

ഒരു റൊമാന്റിക് ത്രില്ലറായ ചിത്രത്തില്‍ ഒരു ശങ്കര്‍ സിനിമയില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പതിവ് ചേരുവകള്‍ ഇല്ല. മൂന്ന് മണിക്കൂറിന് മുകളിലേക്ക് ചിത്രം നീളുന്നത് ഒരു പോരായ്മയാണെങ്കിലും ഈ സമയദൈര്‍ഘ്യം പ്രേക്ഷകരുടെ ക്ഷമയെ ഒട്ടും പരീക്ഷിക്കുന്നതല്ല എന്നതാണ് വലിയ രസം. എന്നാല്‍ ആവശ്യമില്ലാത്ത ചില ഭാഗങ്ങളുടെ വിശദാംശങ്ങളിലേക്ക് കൂടുതല്‍ കടക്കേണ്ടിയിരുന്നില്ല. സാധാരണ സമകാലിക വിഷയങ്ങള്‍ കഥാതന്തുവാക്കി സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ ഒരുക്കിയിരുന്ന ശങ്കറിന്റെ ഇൌ ചിത്രം അത്തരം ഒരു പ്രമേയമല്ല കൈകാര്യം ചെയ്യുന്നത്.

അന്യനിലെ പോലെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സന്ദര്‍ഭങ്ങള്‍ ചിത്രത്തിലില്ല. അത് ഈ ചിത്രത്തില്‍ ശങ്കര്‍ ഉപയോഗിച്ച പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം. ആദ്യ പകുതി പ്രേക്ഷകരെ കുറച്ച് മുഷിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ കഥയുടെ വേഗത കൂടുന്നു. എന്നാല്‍ കഥയുടെ ഒാരോ ഘട്ടങ്ങളും പ്രേക്ഷകന് വളരെ എളുപ്പം ഉൌഹിക്കാന്‍ സാധിക്കും. അന്യനിലേതു പോലെ വ്യത്യസ്മായ രീതിയിലുള്ള നായകന്റെ പ്രതികാരം തന്നെയാണ് 'ഐയുടെയും ഹൈലൈറ്റ്.

shankar-amy

ബോഡിബില്‍ഡറായും മോഡലായും വിരൂപനായ കൂനനായും വിക്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. മനസും ശരീരവും അര്‍പ്പിച്ചുള്ള ഒരു നടന്റെ പ്രകടനം. ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ലിനെ വാഴ്ത്തിപ്പാടുന്ന സിനിമാപ്രേക്ഷകരുടെ മനസ്സില്‍ വിക്രമാകണം ഇനി ആദ്യം വരേണ്ടത്.

'പാട്ടും പാടി അഭിനയിച്ചു പോകുന്ന സാധാരണ നായികമാരില്‍ നിന്ന് വ്യത്യസ്തമായി പ്രധാനപ്പെട്ട വേഷം തന്നെ എമി ജാക്സണും അവതരിപ്പിക്കുന്നു. സുരേഷ് ഗോപി ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.  ഡോ:വാസുദേവനായി സുരേഷ് ഗോപി തകര്‍ത്ത് അഭിനയിച്ചിരിക്കുന്നു. ഐ എന്ന വാക്കിന്റെ അര്‍ഥം പോലും പറഞ്ഞു തരുന്നത് മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ ഹീറോയാണ്്. കോമഡി കൈകാര്യം ചെയ്യുന്നതില്‍ സന്താനം പതിവ് തെറ്റിക്കുന്നില്ല.

മെന്‍ ഇന്‍ ബ്ളാക്ക് സീരിസിലൂടെ ശ്രദ്ധേയയായ മേരി വോഗ്ടാണ് ചിത്രത്തിന് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ പീറ്റര്‍ ജാക്സന്റെ ഉടമസ്ഥതയിലുള്ള വെറ്റാ ഡിജിറ്റല്‍സാണ് ഐയുടെ മേക്ക്അപ്പ് വിഭാഗം കൈകാര്യം ചെയ്തത്. അതുകൊണ്ട് തന്നെ മേയ്ക്ക് അപ്പിലും കലാസംവിധാനത്തിലും ഹോളിവുഡ് നിലവാരം ഐ പുലര്‍ത്തുന്നുണ്ട്.

vikram-movie

വിഷ്വല്‍ ഇഫക്റ്റ്സ് കൈകാര്യം ചെയ്തത് ശ്രീനിവാസ് മോഹനാണ്. എന്നാല്‍ എന്തിരന്‍ പോലെ ഗ്രാഫിക്സിന് അത്രയ്ക്കങ്ങ് പ്രാധാന്യം ശങ്കര്‍ ഇത്തവണ നല്‍കിയിട്ടില്ല. ഐ ഒരു വര്‍ണ വിസ്മയമാക്കുന്നത് ഛായാഗ്രാഹകനായ പി. സി ശ്രീറാമാണ്. ഓരോ സീനും കണ്ണഞ്ചപ്പിക്കുന്നതാണ്. പ്രത്യേകിച്ച് ചൈനയില്‍ ചിത്രീകരിച്ചിരുന്ന രംഗങ്ങള്‍. ഇതുവരെ ഇന്ത്യന്‍ സിനിമയില്‍ കാണാനാത്ത ഗാനരംഗങ്ങളും സംഘട്ടനരംഗങ്ങളുമാണ് ഐയുടെ ഏറ്റവും പ്രധാന പ്രത്യേകത. ഗാനചിത്രീകരണത്തിലെ ഇൌ ശങ്കര്‍ ടച്ച് പക്ഷേ സിനിമയിലുടനീളം കാണാനാകുന്നില്ല.

പാട്ടുകളിലും പശ്ചാത്തലസംഗീതത്തിലും റഹ്മാന്‍ മാന്ത്രികത കേള്‍ക്കാം. ദൈര്‍ഘ്യം കുറയ്ക്കുന്നതില്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച ആന്റണിയ്ക്ക് കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു. ചൈനീസ് സൈക്കിളിസ്റ്റ് പീറ്റര്‍ മിങിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന സൈക്കിള്‍ സംഘട്ടനം ഗംഭീരം. അനല്‍ അരശ്, പീറ്റര്‍ ഹെയ്ന്‍, ആല്‍ഫ്രഡ് എന്നിവരാണ് മറ്റ് സംഘട്ടനരംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ആകാശംമുട്ടേ പ്രതീക്ഷകളുമായി പോകുന്ന പ്രേക്ഷകരെ 'ഐ അത്ര സന്തോഷിപ്പിക്കില്ല. പക്ഷേ അവര്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്നത് നിശ്ചയം. എന്തൊക്കെയാണെങ്കിലും ഇതുക്കും മേലെ മറ്റൊരു ഇന്ത്യന്‍ ചിത്രം ഇല്ലെന്നു നിസംശയം പറയാം.

വാല്‍ക്കഷ്ണം: ഒരുപാട് വെല്ലുവിളികള്‍ അതിജീവിച്ച് ഇൌ സിനിമ ഇത്ര ഭംഗിയായി ചിത്രീകരിച്ച് പുറത്തിറക്കിയ ശങ്കറും വിക്രവും തീര്‍ച്ചയായുംഅഭിനന്ദനം അര്‍ഹിക്കുന്നു. ആ ഭംഗി ശരിക്കാസ്വദിക്കാന്‍ ദയവ് ചെയ്ത് ഇൌ സിനിമ ഡൌണ്‍ലോഡ് ചെയ്തു കാണാതെ തീയറ്ററില്‍ തന്നെ പോയി കാണുക.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.