Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുമുഖന്റെ ദുർമുഖം; റിവ്യു

iru-murgan-review

വിക്രം ചിത്രം അതെപ്പോൾ വന്നാലും പ്രതീക്ഷകൾ ഏറെയാണ്. എത്രയൊക്കെ പരാജയങ്ങളുണ്ടായാലും ചിത്രത്തിൽ പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത എന്തെങ്കിലുമൊക്കെ ഉണ്ടാകും. ഇതുപോലെ പ്രേക്ഷക പ്രതീക്ഷ ഏറെ നൽകിയ ചിത്രമാണ് ഇരുമുഖൻ.

വിക്രം ഡബിൾ റോളിൽ എത്തുന്നു. ഒരു ജെയിംസ് ബോണ്ട് ചിത്രം കണ്ടിരിക്കുന്ന പോലെ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ച ചിത്രം, തെന്നിന്ത്യയിലെ ഹിറ്റ് നടിമാരുടെ സാന്നിധ്യം. ഇതെല്ലാമാണ് വിക്രം എന്ന നടന് പുറമേ ഇരുമുഖൻ ഉയർത്തികാട്ടിയത്. എന്നാൽ 'അരിമനമ്പി' എന്ന തന്റെ ഹിറ്റ് ചിത്രത്തിന് പിന്നാലെ വിക്രമിന്റെ ചിത്രവുമായി എത്തിയ ആനന്ദ് ശങ്കറിന് ദുർബലമായ തിരക്കഥയിൽ തന്നെ പിഴച്ചുവെന്ന് പറയാം.

vikram-movie

സയൻസ് ഫിക്ഷനിൽ പൊതിഞ്ഞെടുക്കാൻ ശ്രമിച്ച ഒരു ആക്ഷൻ ത്രില്ലർ ആണ് ഉദ്ദേശിച്ചതെങ്കിലും പലപ്പോളും പ്രേക്ഷകരുടെ ലോജിക്കിനെ ചോദ്യം ചെയ്യുന്ന രീതിയിലേക്കായിരുന്നു സിനിമയുടെ പോക്ക്. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഊഹിക്കാം. അതിനാൽ സസ്പെൻസുകളിലും പാളിച്ചകൾ ഉണ്ടായി.

അഭിനയത്തിനായി നിരവധി ഹോം വർക്കുകൾ ചെയ്യുന്ന നടനാണ് വിക്രം. ഈ സിനിമയ്ക്ക് വേണ്ടിയും അതുണ്ടായിട്ടുണ്ട്. അഖിലൻ വിനോദ് എന്ന നായക കഥാപാത്രം മികച്ചതാക്കിയപ്പോൾ 'ലൗ' എന്ന എക്‌സന്‍ഡ്രിക്കായ ശാസ്ത്രജ്ഞൻ ഉഗ്രനായി. പലപ്പോഴും നായകനെ വെല്ലുന്ന അഭിനയ പാടവം വില്ലൻ കഥാപാത്രത്തിന് നൽകാൻ വിക്രമിന് കഴിഞ്ഞു.

nayanthara-irumugan

തെന്നിന്ത്യയിലെ സെലക്ടീവായ രണ്ട് നടിമാർ നയൻതാരയും നിത്യമേനോനും. രണ്ടുപേർക്കും ഏകദേശം ഒരേ പ്രാധാന്യം ലഭിക്കുന്ന ചിത്രത്തിൽ അധികം ഇവർക്ക് ചെയ്യാൻ ഒന്നുമില്ലായിരുന്നുവെന്നും പറയാം. തന്റെ ഗ്ലാമറസ് പരിവേഷം വീണ്ടെടുത്ത് നയൻതാരയെത്തുന്ന ചിത്രമാണ് ഇരുമുഖൻ. നിത്യയും തന്റെ ഭാഗം ഭംഗിയാക്കി. വിക്രമിനുള്ള സപ്പോർട്ടിങ് കഥാപാത്രങ്ങളായി നായികമാർ ഒതുങ്ങി.

ചിയാന്റെ സ്റ്റൈലിഷ് ലുക്കുകളും നയൻതാരയുടെ ഗ്ലാമറസ് വേഷവും പാട്ടുകളെ കൂടുതൽ ആകർഷകമാക്കുന്നു. പശ്ചാത്തല സംഗീതം മികച്ചതായി. എന്നാൽ സിനിമയിൽ പാട്ടുകൾ സന്ദർഭവശാൽ യോജിക്കുന്നുണ്ടോയെന്ന് കാണുന്ന പ്രേക്ഷകർക്ക് സംശയം തോന്നും. ഹാരിസ് ജയരാജ് ആണ് സംഗീതം.

ഭ്രാന്തൻ ശാസ്ത്രഞ്ജന്റെ കണ്ടുപിടുത്തത്തിൽ ‘സ്പീഡ്’ എന്ന ഒരു അത്ഭുത മരുന്ന് ഉണ്ടാകുകയും ഇത് തീവ്രവാദആക്രമണങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. കൂടുതൽ ഭീകരരിലേക്ക് ഈ മരുന്ന് എത്തുന്നത് തടയുന്നതിനുള്ള മിഷനു വേണ്ടിയാണ് നായകൻ എത്തുന്നത്. പ്രേക്ഷകനെ വിശ്വസിപ്പിക്കാൻ പ്രയാസമുള്ള സന്ദർഭങ്ങൾ കഥയിൽ ഒരുക്കിയത് തന്നെയാണ് കഥയുടെ ദുർബലതയ്ക്ക് മുഖ്യ കാരണം. ഇടയ്ക്ക് സിനിമ അവസാനിച്ചുവെന്ന് തോന്നിക്കും.

ക്യാമറ ഉൾപ്പെടെ എല്ലാ സാങ്കേതികതയും നിറഞ്ഞ ആശുപത്രിയിൽ വില്ലനെ കണ്ടുപിടിക്കാൻ കഴിയാത്ത പൊലീസ് വൃത്തം. സ്പീഡ് അടിച്ച് മയക്കത്തിലാകുന്ന നയൻതാരയെ വില്ലന്റെ തട്ടകത്തിൽ ഒളിപ്പിക്കുന്ന നായകൻ. നയൻതാര അതിന്റെ മയക്കത്തിൽ നിന്നു മാറുന്നതിന് മുമ്പ് തന്നെ മുടിവെട്ടി ഷേവ് ചെയ്ത് കുട്ടപ്പനായി ചിയാൻ വിക്രം എങ്ങനെയെത്തി എന്നതും ചോദ്യചിഹ്നമായി നിൽക്കുന്നു. അങ്ങനെ തുടർച്ച നഷ്ടപ്പെടുന്നതും ലോജിക്കില്ലാത്തതുമായ സീനുകൾ സിനിമയെ അരോജകമാക്കുകയാണ്.

സാങ്കേതികതികവിൽ ചിത്രം മുന്നിട്ടു നിൽക്കുന്നു. ആർ.ഡി രാജശേഖറിന്റെ ഛായാഗ്രഹണം മികച്ചതാണ്. ഭുവൻ ശ്രീനിവാസിന്റെ ചിത്രസംയോജനും പ്രശംസനീയം. അടിത്തറ ഇല്ലാത്ത അവതരണവും കഥയും തന്നെയാണ് പ്രധാനപോരായ്മ.

ചുരുക്കത്തിൽ വികൃത മുഖവുമായി പ്രേക്ഷകവൃന്ദത്തെ നിരാശപ്പെടുത്തുന്നതാണ് ഇരുമുഖൻ. വിക്രമിന്റെ ശുക്രൻ തെളിയാൻ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം.  

Your Rating: