Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടം സ്വർഗമാണ്, ഈ സിനിമയും

jacobinte-swargarajyam

ലോകത്തിന്റെ ഏതറ്റത്ത് പോയാലും അവിടെയുണ്ടാകും മലയാളി. പ്രാരാബ്ധങ്ങൾക്കും കഷ്ടപ്പാടുകൾക്കും യാത്ര പറയുവാൻ കടൽകടന്നുപോയ മലയാളി. ജീവിതത്തെക്കുറിച്ചുള്ള കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ നെയ്തുകൂട്ടി, അന്യനാട്ടിൽ വിയർപ്പൊഴുക്കി അവിടെ സ്വന്തം സാമ്രാജ്യം െകട്ടിപ്പൊക്കുന്നു.

‘പണിയെടുക്കുന്നവന്റെ പടച്ചോൻ’ എന്ന് അറിയപ്പെടുന്ന ദുബായ് നഗരത്തിലെ ജേക്കബിനും കുടുംബത്തിനും നമ്മളോട് പറയാനുള്ളതും ഇങ്ങനെയൊരു കഥയാണ്.സ്നേഹത്തിൽ ചാലിച്ച നൊമ്പരങ്ങളുടെ, വിശ്വാസത്തിന്റെ ഒരു കുടുംബകഥ.

ദുബായിയിൽ സ്വന്തം അദ്ധ്വാനം കൊണ്ട് കെട്ടിപ്പടുത്ത സ്വപ്നസാമ്രാജ്യത്തിൽ സ്വർഗതുല്യമായ ജീവിതം നയിക്കുകയാണ് ജേക്കബും കുടുംബവും. തൊഴിൽമേഖലയിൽ പെട്ടന്നുണ്ടാകുന്ന സാമ്പത്തിക തളർച്ച ഇവരുെട കുടുംബത്തെയും ബാധിക്കുന്നു. കഷ്ടപ്പാട് എന്തെന്ന് പോലും അറിയിക്കാതെ മക്കളെ വളർത്തിയ ജേക്കബിന്റെ കുടുംബം അങ്ങനെ തകർച്ചയുടെ വക്കിലെത്തുന്നു. പിന്നീട് ഇവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

jacobinte-swargarajyam

സസ്പെൻസോ ട്വിസ്റ്റോ ഇല്ലാത്ത ലളിതമായ കഥ. വിനീതിന്റെ ആദ്യ കുടുംബചിത്രമാണിത്. വിനീതിന്റെ തന്നെ കൂട്ടുകാരനായ ഗ്രിഗറിയുടെ ജീവിതമാണ് സിനിമയ്ക്ക് പ്രചോദനമായത്. ഈ ചിത്രം വിനീത് സമർപ്പിച്ചിരിക്കുന്നതും ഗ്രിഗറിക്കും കുടുംബത്തിനുമാണ്. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകി എഴുതിയിരിക്കുന്ന തിരക്കഥ കഥയോട് പൂർണമായും നീതിപുലർത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ നടന്ന കഥയായതുകൊണ്ട് തന്നെ കുറച്ച് ഇഴച്ചിൽ ചിത്രത്തിന് അനുഭവപ്പെടും.

നിലവാരം കുറഞ്ഞ തമാശകൾക്കോ അസഹനീയമായ ദ്വയാർത്ഥപ്രയോഗങ്ങൾക്കോ പ്രാധാന്യം കൊടുക്കാതെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന കുറെ നല്ല നിമിഷങ്ങൾ സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. ‘ഡിജിറ്റൽ കാമറയിൽ നൂറോ മുന്നൂറോ ഫോട്ടോ എടുക്കാനാകും എന്നാൽ ഒരു ഫിലിം കാമറിയിൽ‍ നാമെടുക്കുന്ന ഒന്നോ രണ്ടോ ചിത്രങ്ങളാകും പിന്നീടുള്ള ജീവിതത്തിലെ മനോഹരമായ ഓർമകൾ സമ്മാനിക്കുക’...കുടുംബത്തിനൊപ്പം ചിലവഴിക്കുന്ന ഓരോനിമിഷങ്ങൾ അതു തന്നെയാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ജെറി പറയുന്നുണ്ട്. ഒരു പൊസിറ്റീവ് ചിന്താഗതി , പ്രചോദനം അതാണ് വിനീത് ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ പങ്കുവയ്ക്കുന്നത്.

jacobinte-swargarajyam-1

എന്നത്തെയും പോലെതന്നെ ഈ ചിത്രത്തിലും രഞ്‌ജി പണിക്കർ തന്റെ വേഷം അതിഗംഭീരമായിത്തന്നെ അവതരിപ്പിച്ചു. ജെറിയായി നിവിൻ പോളി തിളങ്ങി. പൗരുഷം നിറഞ്ഞ ബിജുവില്‍ നിന്ന് മീശയില്ലാത്ത ജെറിയിലെത്തിയപ്പോൾ നിവിൻ കൂടുതൽ സുന്ദരനായി തോന്നി. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിവിൻ കാണിക്കുന്ന കൃത്യത ഇത്തവണയും തെറ്റിയില്ല.

സായി കുമാർ, ടി.ജി രവി , ദിനേശ് പണിക്കർ തുടങ്ങിയവരൊക്കെ ഒന്നോ രണ്ടോ രംഗങ്ങൾകൊണ്ടു തന്നെ പ്രേക്ഷകനെ ഈറനണിയിക്കും. നിവിൻ പോളിയുടെ അമ്മയായി എത്തിയ ലക്ഷ്മി രാമകൃഷ്ണൻ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി അഭിേനതാവ് മാത്രമല്ല നല്ലൊരു ഗായകൻ കൂടിയാണെന്ന് വീണ്ടും തെളിയിക്കുന്നു. സ്രൈസൺ, ഐമ, അശ്വിൻ കുമാർ, റീബ മോണിക്ക ജോൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

jacobinte-song.jpg.image.784.410 copy

ദുബായ് പട്ടണത്തെ അതിമനോഹരമായി ദൃശ്യവത്കരിക്കാൻ ജോമോൻ ടി.ജോണിന് സാധിച്ചു. ഷാൻ റഹ്മാന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് ഫീൽ പകർന്നിട്ടുണ്ട്. രഞ്ജൻ എബ്രഹാമിന്റെ ചിത്രസംയോജനവും ചിത്രത്തെ ഒരേഒഴുക്കില്‍ കൊണ്ടുപോയി.

പകിട്ടുകൾക്കപ്പുറമുള്ള, പ്രവാസ ലോകത്തെ കഥ പറയുമ്പോൾ വ്യത്യസ്തതകൾ വേണമെന്ന വാദങ്ങൾക്ക് പ്രസക്തിയുണ്ട്. പക്ഷേ ജീവിതത്തെ ഒട്ടും കലർപ്പില്ലാതെ അവതരിപ്പിക്കുമ്പോൾ വ്യത്യസ്തതയേക്കാളുപരി അത് എത്രമാത്രം സിനിമാറ്റിക് ആകുന്നു, സാധാരണ പ്രേക്ഷകനോട് എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്നതിലാണ് കാര്യം. ഇന്നലെകളിൽ നടന്ന ഇന്നും തുടരുന്ന നാളെകളിലും അങ്ങനെ തന്നെയാകുന്ന യാഥാർഥ്യത്തെ സിനിമയുടെ കണ്ണുകളിലൂടെ വിനീത് നന്നായി അവതരിപ്പിച്ചിരിക്കുന്നു ഇവിടെ.

വിനീത്‌ ശ്രീനിവാസൻ-നിവിൻ പോളി കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളുമായി ഒരുപാട് വ്യത്യാസമുണ്ട് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്. നല്ലൊരു കുടുംബ ചിത്രം കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകനെ വിനീത് ഒട്ടും നിരാശപ്പെടുത്തുന്നില്ല. പ്രണയമോ തട്ടുപൊളിപ്പൻ തമാശകളോ ഒന്നുമില്ലെങ്കില്‍ പോലും ഈ ചിത്രം നമ്മോട് ചേർന്നുനിൽക്കും. നാം ചേർത്തുനിര്‍ത്തും.

Your Rating: