Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്ര പ്യാരിയല്ല ജമ്നാ

jamna-pyari-movie-review

ജമ്നാ പ്യാരി! എന്താണ് സംഭവം? തൽക്കാലം അതവിടെ നിൽക്കട്ടെ. വളരെ ലളിതമായ പശ്ചാത്തലത്തിൽ രസകരമായ സംഭവങ്ങൾ കോർത്തിണക്കി ആവിഷ്കരിച്ചിരിക്കുന്ന ചിത്രമാണ് ജമ്നാപ്യാരി. പ്രേക്ഷകനെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നില്ലെങ്കിലും ഒരുവിധം ആസ്വാദ്യകരമായ ശൈലിയിൽ മുന്നോട്ടുപോകുന്ന ഈ ഓണ ചിത്രം ഒന്നു കാണാവുന്നതാണ്.

പ്രാദേശികഭാഷാ ശൈലികൾ സിനിമകളില്‍ യഥേഷ്ടം പരീക്ഷിച്ചിട്ടുള്ളതാണെങ്കിലും തൃശൂർ ശൈലിയിൽ മെനഞ്ഞെടുത്ത സംഭാഷണങ്ങളും കഥാസാരങ്ങളും തെല്ലും വിരസതയുണ്ടാക്കുന്നില്ല. കഥയോടിഴകിച്ചേർന്ന് അത് പശ്ചാത്തലത്തിന്റെ ഭാഗമായിത്തീരുന്നു. മാത്രമല്ല തിരുവനന്തപുരവും കോഴിക്കോടുമൊക്കെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ വന്നു ചേരുമ്പോൾ കഥാപശ്ചാത്തലത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു

പ്രധാന വിഷയത്തിന്റെ അടിസ്ഥാനപരമായ കാര്യകാരണങ്ങൾ അൽപം അവ്യക്തവും അശക്തവുമാണ്. എന്നാൽ അതിന്റെ നൂതനത്വവും അതിൽ നിന്ന് ഉരുത്തിരിയുന്ന പ്രശ്നങ്ങളും പരിഹാരങ്ങളുമൊക്കെ ചടുലമായി കടന്നു പോകുമ്പോൾ പ്രേക്ഷകർ അതിന്റെ യുക്തിയെപ്പറ്റി അന്വേഷിക്കുന്നില്ല. പ്രമേയത്തിന്റെ പുതുമയും കഥാപശ്ചാത്തലത്തിന്റെ ലാളിത്യവുമാണ് ചിത്രത്തിന്റെ പ്രത്യേകത. ചില പാകപ്പിഴകൾ അവിടവിടെയായി കടന്നുവരുണ്ടെങ്കിലും ആകമാനം ആസ്വാദ്യകരമായ ചിത്രമാണ് ജമ്നാപ്യാരി.

jamna-pyari-still

ഓട്ടോക്കാരൻ വാസൂട്ടനായി കുഞ്ചാക്കോ ബോബൻ വളരെ പക്വതയോടെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തൃശൂർ ഭാഷണത്തിലും കഥാപാത്രത്തിലും ലയിച്ചു ചേർന്ന് കുഞ്ചാക്കോ ബോബൻ അതിഗംഭീകമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പുതുമുഖമെങ്കിലും ചിത്രത്തിലെ നായിക ഗായത്രി സുരേഷ് കഥാപാത്രത്തിന്‍റെ ലാളിത്യം പൂർണമായും ഉൾക്കൊണ്ടിട്ടുണ്ട്. സാധാരണമായുള്ള സംസാര പ്രയോഗങ്ങളും ശൈലിയും അവലംബിച്ച് പാർവതി എന്ന കഥാപാത്രത്തെ ഗായത്രി പൂർണതയിലേക്കെത്തിച്ചു

കഥയുടെ ഗതിവേഗങ്ങളെ ചടുലമാക്കുന്നതിൽ ചിത്രത്തിൽ അണിനിരന്ന മറ്റുള്ള അഭിനേതാക്കളും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരു ഹാസ്യകഥാപാത്രമെന്നതിലുപരി അഭിനയകലയെ ഉയർത്തിക്കാട്ടുന്നതാണ് സുരാജ് വെഞ്ഞാറമൂടിന്റെ സാബു എന്ന കഥാപാത്രം. ഒരിക്കൽ ഗുണ്ടായായിരുന്ന എന്നാൽ ഇപ്പോൾ മനസുമാറി സാധാരണക്കാരനായ ഭാര്യയെ ഭയക്കുന്ന യുവാവായി സുരാജ് തിളങ്ങുന്നു. എന്നാൽ ചില സന്ദർഭങ്ങൾ നർമ്മത്തിന്റെയും ഗൗരവത്തിന്റെയും ഇടയിൽ കുടുങ്ങി പതറിപ്പോകുന്നു. മണിയൻപിള്ള രാജു, റോജാ സെർവമണി, ജോയി മാത്യു, സുധീർ കരമന, അജു വർഗീസ്, മുത്തുമണി, രഞ്ജി പണിക്കർ തുടങ്ങി എല്ലാ തരനിരകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചടുലമായ ഗാനങ്ങളും തമിഴ് തട്ടകത്തേക്കുള്ള സന്ദർശനവും ചെറിയ തമാശകളുമൊക്കെ ചിത്രത്തെ രസകരമാക്കുന്നു.

kunchako-gayathri

മനസ്സിനെ ഉദ്ബോധിപ്പിക്കാവുന്ന ചിലസന്ദേശങ്ങളും വിരസതതോന്നാത്തവിധം കഥയിൽക്കൂടി പ്രകടിപ്പിക്കുന്നുണ്ട്. പ്രകമ്പനം കൊള്ളിക്കുന്നതല്ലെങ്കിലും പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്ന മുഹൂര്‍ത്തങ്ങളെ യഥാക്രമം കോര്‍ത്തിണക്കിയ ഒരു ലളിതമായ ചിത്രമാണ് ജമ്നാപ്യാരി. ഇനി ജമ്നാപ്യാരി എന്താണന്നല്ലേ? സംവിധായകൻ തോമസ് സെബാസ്റ്റ്യന്റെയും തിരക്കഥാക‍ൃത്ത് പി. ആർ അരുണിന്റെയും കഥാവിഷ്ക്കാരത്തെ ഇവിടെ അനാവരണംചെയ്യുന്നത് ഒട്ടും ശരിയല്ല. തല്കാലം അതവിടെത്തന്നെ നില്ക്കട്ടെ. ഇൗ ഒാണക്കലാത്ത് ഒന്നു കാണാവുന്ന ചിത്രമാണ് ജമ്നാപ്യാരി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.