Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ ഗംഭീരമാക്കി; പക്ഷേ ജസ്ബാ...?

jazbaa-movie-review

അഭിനയത്തിൽ മികവിന്റെ ഫ്രഞ്ച് പരമോന്നത പുരസ്കാരം വരെ നേടിയ നടി- എണ്ണിയെടുക്കാവുന്നത്ര സിനിമകളിലേ അഭിനയിച്ചുള്ളൂവെങ്കിലും അതിലെല്ലാം എണ്ണംപറഞ്ഞ അഭിനയം കാഴ്ചവച്ച് പേരെടുത്തിരുന്നു ഐശ്വര്യറായ്. 2010ൽ ഗുസാരിഷിലെ നഴ്സായും പിന്നെ യന്തിരനിലെ നായികയായും കണ്ടതതിനു ശേഷം പിന്നീട് അഞ്ചു വർഷം വേണ്ടിവന്നു ഐശ്വര്യയ്ക്ക് ബോളിവുഡിന്റെ തിളക്കത്തിലേക്ക് തിരികെയെത്താൻ. സഞ്ജയ് ഗുപ്തയുടെ ജസ്ബാ(passion)യിലൂടെ ആ മടങ്ങിവരവ് അവർ ഗംഭീരമാക്കിയെന്നു തന്നെ പറയാം. പക്ഷേ മറ്റൊരു രാജ്യത്തെ നടി തന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് അഭിമാനിക്കുന്ന ഒരു റോൾ അതേപടി പകർത്തിയെടുത്തിട്ടു വേണമായിരുന്നോ ഈ മടങ്ങിവരവെന്നതാണ് ചോദ്യം. ഈ ചോദ്യം പക്ഷേ ഐശ്വര്യയോടല്ല, ചിത്രത്തിന്റെ സംവിധായകനോടാണ്.

aishwarya-rai-in-jazbaa-1

ഒൻപത് വർഷം മുൻപിറങ്ങിയ മുസാഫിർ, സിന്ദാ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നെ കോപ്പിയടിക്ക് ഏറെ വിമർശനമേൽക്കേണ്ടി വന്ന സംവിധായകനാണ് സഞ്ജയ് ഗുപ്ത. കൊറിയൻ ചിത്രമായ ഓൾഡ് ബോയിയുടെ വികലാനുകരണമായിരുന്നു സിന്ദാ. ഓൾഡ് ബോയിയുടെ റീമേക്ക് അവകാശം നേരത്തെത്തന്നെ മറ്റൊരു കമ്പനിക്ക് വിറ്റിരുന്നതിനാൽ സഞ്ജയ് നിയമനടപടി വരെ നേരിടേണ്ടിയിരുന്ന അവസ്ഥയായിരുന്നു. പക്ഷേ അവകാശം വാങ്ങിയ സ്റ്റുഡിയോ പൂട്ടിയത് രക്ഷയായി. ജസ്ബാ ചിത്രീകരിക്കുമ്പോൾ ഇക്കാര്യം തീർച്ചയായും സഞ്ജയ്‌യുടെ മനസിലുണ്ടായിരുന്നിരിക്കണം. കാരണം, ചിത്രത്തെപ്പറ്റിയുള്ള വാർത്തകൾ വന്നയുടനെത്തന്നെ ഇത് 7 ഡേയ്സ് എന്ന കൊറിയൻ ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണെന്നു പറഞ്ഞിരുന്നു. മാത്രവുമല്ല അതിന്റെ സംവിധായകന് തുടക്കം തന്നെ ക്രെഡിറ്റും നൽകുന്നുണ്ട്.

ജസ്ബാ കണ്ടതിനു ശേഷം മാത്രമേ 7 ഡേയ്സ് കാണുകയുള്ളൂവെങ്കിൽ സഞ്ജയ്ഗുപ്തയും സംഘവും ഒരുപരിധി വരെ മികച്ച സിനിമാഅനുഭവമാണു സമ്മാനിച്ചതെന്നു പറയാം. പക്ഷേ 7 ഡേയ്സ് കണ്ട ഒരു പ്രേക്ഷകനാണെങ്കിൽ ജസ്ബായോട് അൽപമെങ്കിലുമുള്ള ഇഷ്ടം അതോടെ പോകും. ഇന്ത്യയിൽ ബലാൽസംഗത്തിനു വിധേയരാകുന്ന പെൺകുട്ടികളിൽ പകുതിയിലേറെപ്പേർക്കും നീതി കിട്ടുന്നില്ലെന്നതാണ് ചിത്രത്തെ പ്രമോട്ട് ചെയ്യാനായി സംവിധായകൻ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ. അതിനോടു ചേർന്നുതന്നെയാണ് ചിത്രം നീങ്ങുന്നതും. കൊറിയയുടെ 7 ഡേയ്സിൽ നിന്ന് തികച്ചും വ്യത്യസ്തവുമായിരുന്നു ഈ കൺസെപ്റ്റ്. എന്നാൽ ചിത്രീകരണത്തിലും അഭിനയത്തിൽപ്പോലും കട്ട് ആൻഡ് പേസ്റ്റ് രീതി വന്നുകഴിഞ്ഞാൽ എന്തു ചെയ്യാനാകും? വിഷയത്തോടു നീതി പുലർത്താൻ പോലുമാകാതെ ജസ്ബാ വലഞ്ഞു പോകുന്നതായിരുന്നു അതിന്റെ അന്തിമഫലം.

aishwarya-rai-in-jazbaa

ഒരു കേസിലും തോൽവിയറിയാത്ത, മുംബൈ നഗരത്തിലെ പ്രശസ്ത അഭിഭാഷകയാണ് അനുരാധ വർമ. മകളായ സനായയോടൊപ്പമാണ് ജീവിതം. ദിവസവും ജോലിത്തിരക്ക്. പക്ഷേ ഒരുപകലിൽ കൺമുന്നിൽ നിന്ന് കാണാതായ മകൾ അനുരാധയുടെ ജീവിതത്തെ നയിക്കുന്നത് അപ്രതീക്ഷിത അനുഭവങ്ങളിലേക്കായിരുന്നു. നാലു ദിവസത്തിനകം ജീവിതത്തിൽ നിർണായകമായ ഒരു ജോലി ചെയ്തു തീർക്കേണ്ടി വരുന്നു അവർക്ക്. ഒപ്പം യൊഹാൻ എന്ന പൊലീസ് ഇൻസ്പെക്ടർ കൂടി ചേരുന്നതോടെ കഥയാകെ മാറിമറയുന്നു.

കേട്ടാൽ ത്രില്ലടിപ്പിക്കുന്ന ഈ കഥയ്ക്ക് അനുയോജ്യമായ വിധം ഒരു നഗരത്തിന്റെ ‘ടോൺ’ തന്നെ മാറ്റിക്കളയുന്നതു കാണാം ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അഭിനേതാക്കളുടെ വസ്ത്രധാരണത്തിൽ തുടങ്ങി ആകാശത്തിന്റെ നിറംമങ്ങിയ കാഴ്ചയിലും ഇരുണ്ട ഗലികളുടെയും കെട്ടിടങ്ങളുടെയും മുറികളുടെയും കടൽത്തീരത്തിന്റെയും വരെ ചിത്രീകരണത്തിൽ കാണാം ഈ നിഗൂഢത. ഇതെല്ലാം സഞ്ജയ് ഗുപ്ത മുൻചിത്രങ്ങളിലും പ്രയോഗിച്ചതുമാണ്. ആദ്യമായാണ് ഈ സംവിധായകന്റെ ഒരു ചിത്രം കാണുന്നതെങ്കിലും ഇത്തരം കാഴ്ചകൾ പ്രേക്ഷകനെ അൽപമൊന്ന് സന്തോഷിപ്പിക്കും. പക്ഷേ ജസ്ബായിലെ തുടക്കം മുതൽ നിർണായകരംഗങ്ങളിലെ സീനുകൾ പോലും അതേപടി 7 ഡേയ്സിൽ നിന്നു പകർത്തിയിരിക്കുന്നതു കാണുമ്പോൾ കാഴ്ചകളെ വിലയിരുത്താനാകാത്ത വിധം പ്രേക്ഷകൻ ആശയക്കുഴപ്പത്തിലാകും. ജസ്ബാ എന്ന ചിത്രത്തെ 7 ഡേയ്സിന്റെ നിഴിലിൽ നിന്നു മാറ്റിനിർത്തി കാണുമ്പോൾ പക്ഷേ സമീർ ആര്യയുടെ ഛായാഗ്രഹണം മികച്ചതാണെന്നു പറയാം. വൈകാരിക രംഗങ്ങളിലുൾപ്പെടെ സ്ക്രീനിൽ നിറഞ്ഞുനിൽക്കുംവിധമുള്ള അഭിനയം ഐശ്വര്യറായ് പുറത്തെടുക്കുമ്പോൾ അതിനൊട്ടും കോട്ടംതട്ടാത്ത വിധം തന്നെ ആ കാഴ്ചകൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. സ്‌ലോമോഷൻ രംഗങ്ങളിലാകട്ടെ ആ ചിത്രീകരണത്തിന്റെ ഭംഗി പൊലിമയോടെ അനുഭവവേദ്യമാകുന്നുമുണ്ട്.

irrfan-khan-in-jazbaa

പൊതുവെ വയലൻസിനു പേരുകേട്ടതാണ് കൊറിയൻ ത്രില്ലറുകൾ. ഒപ്പം വല്ലാതെ പൊലിപ്പിച്ചെടുക്കും വിധമാണ് അവരുടെ ഇമോഷനൽ രംഗങ്ങൾ. കഥാപാത്രത്തിന്റെ അവസ്ഥ പ്രേക്ഷകനെക്കൊണ്ടും അനുഭവിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലുള്ള അഭിനയമാണ് അവിടെയുണ്ടാവുന്നത്. അക്കാര്യം പക്ഷേ ഇന്ത്യൻ സിനിമാഅവസ്ഥയിലേക്ക് പറിച്ചുനടും മുൻപ് ഏറെ ശ്രദ്ധിക്കണമായിരുന്നു. അത്തരം അവസ്ഥകൾ ഹിന്ദി സിനിമയ്ക്ക് പരിചയമില്ലെന്നതുതന്നെ കാരണം. കുഞ്ഞിനെ കയ്യകലത്തിൽ നിന്നു നഷ്ടപ്പെടുന്ന അവസരത്തിൽ ഐശ്വര്യറായ് അനുഭവിക്കുന്ന സങ്കടം അവതരിപ്പിക്കാൻ സംവിധായകൻ കൂട്ടുപിടിച്ച കൊറിയൻ തന്ത്രം പക്ഷേ കൈവിട്ടു പോകുന്നതും കാണാം. ജസ്ബായിലെ നിർണായകമായ ഈ രംഗത്തിൽ ഇർഫാൻ ഖാന്റെ ദേഷ്യപ്രകടനത്തിൽ പോലും പ്രകടമാവും എന്തോ ഒരു ‘മിസിങ്’. എന്നിരുന്നാലും ശേഷമുള്ള എല്ലാ രംഗങ്ങളിലും ഇരുവരും മികച്ചു നിൽക്കുക തന്നെ ചെയ്തു.

അഭിഭാഷകയും പൊലീസുകാരനും ചേർന്നല്ല, ഒരമ്മ നടത്തുന്ന അന്വേഷണമാണ് ജസ്ബായുടെ അടിത്തറ. പക്ഷേ ആ അമ്മ–മകൾ ബന്ധംവ്യക്തമാക്കുന്ന കാഴ്ചകൾ വളരെ കുറഞ്ഞതും പിന്നീടുള്ള വൈകാരിക രംഗങ്ങൾ അതിന്റെ പൂർണതയോടെ പ്രേക്ഷകനിലേക്കെത്തുന്നതിന് തടസ്സമായി. നിർണായകമായ കേസിലേക്ക് നയിക്കുന്ന ഒരൊറ്റ രംഗത്തെ പല ആംഗിളുകളിൽ പല തവണ കാണാം ചിത്രത്തിൽ. അത്തരത്തിൽ ആരായിരിക്കും കുറ്റവാളിയെന്നറിയാനുള്ള ആകാംക്ഷ ഓരോ നിമിഷത്തിലും സൃഷ്ടിക്കപ്പെടുന്നുമുണ്ട്. കോടതിമുറിയിലെ വാദത്തിനിടയിലുമുണ്ട് ട്വിസ്റ്റുകളുടെ പൂരം. പക്ഷേ അതിനനുസരിച്ചുള്ള ഒരു ത്രില്ലിങ് അന്ത്യം ക്ലൈമാക്സിൽ സംഭവിക്കുന്നുമില്ല.

jazbaa-ash-her-daughter

സഞ്ജയ് ഗുപ്തയും റോബിൻ ഭട്ടുമാണ് ചിത്രത്തിന്റെ തിരക്കഥ. സുനിൽ നായിക്കിന്റെതാണ് എഡിറ്റിങ്. അമർ മൊഹൈലാണ് പശ്ചാത്തല സംഗീതം. മ്യൂസിക് ചാനലുകളെ ഓർത്ത് ഒരുക്കിയതുകൊണ്ടാകാം ഒരുപാട്ടു പോലും പൂർണതയോടെ കാണാനാകില്ല ജസ്ബായിൽ. എന്നാൽ പല ചാനലുകളിലും മുഴുവനായും ഇതിനോടകം ആ പാട്ടുകളെല്ലാം എത്തുകയും ചെയ്തിട്ടുണ്ട്. ഐശ്വര്യറായിയെന്ന അഭിനേത്രിയുടെ കാര്യത്തിൽ ബോളിവുഡ് അവസ്ഥകൾക്ക് പാകപ്പെടുന്ന വിധത്തിൽ അഭിനയത്തിൽ മാത്രമല്ല ഫിറ്റ്നസിൽ പോലും അവർ ആ തിരിച്ചുവരവ് പ്രകടമാക്കുന്നുണ്ട്. അതുൽ കുൽക്കർണി, ശബാന ആസ്മി, ജാക്കിഷ്റോഫ് എന്നിങ്ങനെ അഭിനയത്തികവിന്റെ മികച്ച ബോളിവുഡ് ഉദാഹരണങ്ങളും ചിത്രത്തിലുണ്ട്. പക്ഷേ അവരെപ്പോലും പൂർണമായി ജസ്ബായോട് ചേർത്ത് നിർത്താനായോ എന്നതാണ് സംശയം. ഇവർക്കൊപ്പമുള്ള, അധികം പ്രശസ്തരല്ലാത്ത നടീനടന്മാരും മികവുറ്റ അഭിനയമായെത്തുന്നതും കാണാം. ഇങ്ങനെ അഭിനേതാക്കൾക്കു മാത്രമേ ചിത്രം കൊണ്ട് നേട്ടവുമുണ്ടാവുന്നുമുള്ളൂ.

ചിത്രത്തിന്റെ വൺലൈനിന് അനുയോജ്യമായ വിധം ഇന്ത്യൻ സാഹചര്യങ്ങൾ നിലവിൽ പോലും ഏറെയുണ്ടെന്നിരിക്കെ ചിത്രീകരണരീതിയിൽപ്പോലും കൊറിയൻ ചായ്‌വു പിടിച്ച് ഏത് വഞ്ചിയിൽ കാലുറപ്പിക്കണമെന്ന അവസ്ഥയിലായിപ്പോയി സഞ്ജയ് ഗുപ്ത. ബോറടിപ്പിക്കുന്ന നിമിഷങ്ങൾ അത്രയൊന്നുമില്ല ചിത്രത്തിൽ. പക്ഷേ കല്ലുകടിയാകുന്നവ ഏറെയുണ്ടു താനും. ഇത് ജസ്ബായെ ഒരു പുതിയ ബോളിവുഡ് ചിത്രമെന്ന അവസ്ഥയിൽ നിരീക്ഷിക്കുമ്പോൾ മാത്രമുണ്ടാകുന്ന അനുഭവമാണ്. പക്ഷേ ഇതൊരു കൊറിയൻ ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണെന്ന കാഴ്ചപ്പാടിൽ വീക്ഷിച്ചാൽ എന്തിനായിരുന്നു ഇങ്ങനെയൊരു ചിത്രമെന്നു പോലും ഓർത്തു പോയേക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.