Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളായാൽ ‘ജിലേബി’ രുചിക്കും

jilebi-poster

കുട്ടികളെ ഉദ്ദേശിച്ചുള്ള കുട്ടികളുടെ കഥ പറയുന്ന സിനിമയാണ് ജിലേബി. ജയസൂര്യ പറഞ്ഞതു പോലെ ആനയും ചേനയുമൊന്നും പ്രതീക്ഷിക്കാതിരുന്നാൽ കുട്ടികളുടെ മനസ്സോടെ ചിത്രം കണ്ടാൽ ജിലേബി മധുരിക്കും. അല്ലാത്തവർക്ക് സിനിമ മധുരിച്ചില്ലെങ്കിലും അത്ര കയ്ക്കില്ല. ‌ പറയത്തക്ക കഥയൊന്നും ഇൗ സിനിമയ്ക്കില്ല. എന്നിരുന്നാലും വല്യ ബോറടിയൊന്നും ഇല്ലാതെ ഇൗ സിനിമ കാണാം. ‌തമാശകൾ നിറഞ്ഞതാണ് ചിത്രത്തിന്റെ ആദ്യ പകുതി. ഗ്രാമത്തിന്റെ ‘ഹരിതാഭയും പച്ചപ്പും’ വേണ്ടുവോളം സ്ക്രീനിൽ നിറയുന്നു. ചില പ്രിയദർശൻ സിനിമകളെ അനുസ്മരിപ്പിക്കും വിധം ഗ്രാമാന്തരീക്ഷം സിനിമയിൽ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.

നവ്യാനുഭവും അല്ലെങ്കിലും നന്മയുടെ അനുഭവം പകർന്നു തരുന്ന ഒന്നാം പകുതിയിൽ നിന്ന് താരതമ്യേന വിരസമെന്നു പറയാവുന്ന രണ്ടാം പകുതിയിലേക്കാണ് ചിത്രം പോകുന്നത്. കുട്ടികളും ജയസൂര്യയുടെ കഥാപാത്രവും പ്രധാനമായ നിറഞ്ഞു നിൽക്കുന്ന അവസാന പകുതി എല്ലാവർക്കും രസിച്ചേക്കില്ല. കുട്ടികളുടെ മനസ്സോടെ കാണുന്നവർക്ക് ഇഷ്ടപ്പെടും. അല്ലാത്തവർക്ക് കാര്യങ്ങൾ അത്ര ശുഭകരമാവില്ല.

jayasurya-jilebi

നല്ലൊരു ആശയമാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നതെങ്കിലും അതിനു യോജിച്ച തിരക്കഥ ഇല്ലെന്നതു തന്നെയാണ് പ്രധാന പോരായ്മ. സിനിമയുടെ അവസാന മിനിറ്റുകളിലാണ് യഥാർത്ഥത്തിലുള്ള പ്രമേയം വെളിവാകുന്നത് തന്നെ. അതു പക്ഷേ വിശ്വാസ്യമാംവണ്ണം അവതരിപ്പിക്കുന്നതിൽ അണിയറക്കാർ പരാജയപ്പെട്ടു. പറയാനുദ്ദേശിച്ച പ്രമേയത്തെ അവസാന സീനുകളിലേക്കൊതുക്കാതെ രണ്ടാം പകുതി മുഴുവനെങ്കിലുമായി വിന്യസിക്കാൻ സാധിച്ചിരുന്നെങ്കിൽ ചിത്രം കുറച്ചു കൂടി ആസ്വാദ്യകരമായേനെ.

നിഷ്ക്കളങ്കനായ നായകന്റെ കഥാപാത്രം ജയസൂര്യയുടെ കയ്യിൽ ഭദ്രമായിരുന്നു. അദ്ദേഹത്തിന്റെ തമാശകളും ഒപ്പം തൃശൂർ സ്ലാംഗ് കൂടിയായപ്പോൾ സംഗതി പൊളിച്ചു. കുട്ടികളായി അഭിനയിച്ച മാസ്റ്റർ ഗൗരവും സയൂരിയും കുസൃതിക്കുരുന്നുകളായി മികച്ച പ്രകടനം കാഴ്ച വച്ചു. വിജയരാഘവൻ, ശാരി, രമ്യാ നമ്പീശൻ, ധർമജൻ, ശശി കലിംഗ തുടങ്ങിയ താരനിരയും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി.

ramya-jayasurya

പുതുമുഖമായ അരുൺ ശേഖർ അരങ്ങേറ്റം മോശമാക്കിയില്ല. ഛായാഗ്രഹണം നിർവഹിച്ച ആൽവിൻ തീയറ്ററിനുള്ളിൽ ഒരു ഗ്രാമാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ബിജിബാലിന്റെ സംഗീതവും സിനിമയോട് യോജിച്ചു നിന്നു.

കുട്ടികളുടെ മനസ്സോടെ കുട്ടികൾക്കൊപ്പം ഇരുന്നു കാണാവുന്ന നന്മയുള്ള ചിത്രമാണ് ജിലേബി. സ്വന്തം മക്കളെ ഹോസ്റ്റലുകളിൽ നിർത്തി വിദേശത്ത് കിടന്ന് ‘കഷ്ടപ്പെടുന്ന’ മാതാപിതാക്കൾക്കും ഒരു പാഠമാണ് ഇൗ സിനിമ. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിലും ഒരിക്കലും ഒരു ചവറ് സിനിമയായി ഇതിനെ വിലയിരുത്തരുത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.