Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നച്ചിറകേറി ജോയും ബോയിയും

jo-and-the-boy പോസ്റ്റർ

‘വാൾട്ട് ഡിസ്നിക്ക് മിക്കി മൗസിനെ അറിയാം, മിക്കി മൗസിന് വാൾട്ട് ഡിസ്നിയെ അറിയാമോ’? ഇങ്ങനെ ഒരു കുസൃതിചോദ്യം അച്ഛനോട് ചോദിച്ച് അത് തന്റെ സ്വപ്നമാക്കി നെഞ്ചിലേറ്റി പിന്നീട് യാഥാര്‍ഥ്യമാക്കുന്ന ജോ എന്ന പെൺകുട്ടിയുടെ കഥയാണ് ജോ ആൻഡ് ദ് ബോയ്.

മിക്കി മൗസിനെ കുട്ടിക്കാലത്ത് കണ്ടപ്പോൾ മുതൽ മനസ്സിൽ കയറിക്കൂടിയ സ്വപ്നം യാഥാർഥ്യമാക്കാൻ നടക്കുന്ന ജോ എന്ന പെൺകുട്ടി. അനിമേഷൻ ഒരുപാട് ഇഷ്ടപ്പെടുന്ന ജോയുടെ സ്വപ്നം സ്വന്തമായി ഒരു കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിക്കുക എന്നതാണ്. അതിനിടെയാണ് അപ്രതീക്ഷിതമായി ജോയുടെ ജീവിതത്തിലേക്ക് ക്രിസ് എന്ന എട്ടുവയസുകാരൻ കടന്നുവരുന്നത്. ക്രിസിന്റെ കടന്നുവരവ് ജോയുടെ ജീവിതം തന്നെ മാറ്റുന്നു.

Jo and the boy

അങ്ങനെ മനുഷ്യവികാരങ്ങളെ മനസ്സിലാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്ന സൂപ്പർ കംപാനിയൻ അനിമേഷൻ കഥാപാത്രത്തെ സൃഷ്ടിക്കുന്ന ജോയുടെയും അവളുടെ സൂപ്പർഹീറോ ആയി മാറുന്ന ക്രിസിന്റെയും കഥയാണ് റോജിൻ തോമസ് ജോ ആൻഡ് ദ് ബോയിയിലൂടെ പ്രേക്ഷകർക്ക് നൽകുന്നത്.

Jo And The Boy | Manju Warrier & Sanoop Santhosh | Exclusive Interview | Manorama Online

ഫിലിപ്സ് ആൻഡ് ദ് മങ്കിപെന്നിലൂടെ ശ്രദ്ധേയനായ റോജിൻ തോമസിന്റെ രണ്ടാമത്തെ സിനിമയിലും മാജിക് ഉണ്ട്. പുതുമയുടെ ഉണര്‍വിന്റെ നന്മയുടെ സന്ദേശം. കുട്ടികളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനുമൊക്കെയാണ് കാർട്ടൂൺ കഥാപാത്രങ്ങൾ. എന്നാൽ കുട്ടികളെ മനസ്സിലാക്കുന്ന അവരോട് സംസാരിക്കുന്ന സൂപ്പർഹീറോ കഥാപാത്രമുണ്ടായാലോ ! ആർട്ടിഫിഷൽ ഇന്റലിജെന്റ് അനിമേറ്റഡ് ക്യാരക്ടർ.

jo-and-the-boy

മലയാളത്തിൽ ഇതുവരെ ചിന്തിക്കാത്തതോ കാണാത്തതോ ആയ പുതുമനിറഞ്ഞ കഥ. അതുതന്നെയാണ് ജോ ആൻഡ് ദ് ബോയിയെ വ്യത്യസ്തമാക്കുന്നത്. ഷാരൂഖ് ഖാൻ ചിത്രമായ റാ വണിലും ഇതുപോലൊരു ആശയമായിരുന്നു സംവിധായകൻ നൽകിയത്.

ഹൃദയത്തോട് ചേർന്നുനിൽക്കുന്ന സംഭാഷണങ്ങളും രംഗങ്ങളും ജോയെയും ബോയിയെയും പ്രിയപ്പെട്ടതാക്കുന്നു. ‘ദേഷ്യവും വെറുപ്പുമൊക്കെ മനസ്സിലെ വികാരങ്ങളാണ്. ഇതിനെ സങ്കടവും സന്തോഷവുമൊക്കെയാക്കി മാറ്റുന്നിടത്താണ് വിജയമുണ്ടാകുന്നത്’. അങ്ങനെ മനസ്സിൽ തട്ടുന്ന ഒരുപാട് നിമിഷങ്ങളും ഡയലോഗുകളും ചിത്രത്തിലുണ്ട്.

ആദ്യ പകുതി അൽപ്പം പതുക്കെയാണ് മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ ഹാസ്യരംഗങ്ങളും അതുമായി ബന്ധപ്പെട്ട കഥാസന്ദർഭങ്ങളും കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. എന്നാൽ രണ്ടാം പകുതി ഇൗ പോരായ്മകളെ മറികടക്കുന്നു.

rojin-sanoop

സമ്മർ ഇൻ ബത്‌ലഹേമിലെ അഭിരാമിയെപ്പോലെ കുട്ടിത്തവും കുസൃതിയും നിറഞ്ഞ ജോ ആയി മഞ്ജു തിളങ്ങി. മഞ്ജു വാരിയർ എന്ന നടിയ്ക്ക് അഭിനയത്തോട് തോന്നുന്ന ആ പ്രസരിപ്പ് തന്നെയാണ് ജോയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. ഒരുപക്ഷേ മഞ്ജു ചെയ്ത കഥാപാത്രങ്ങളിൽ കുട്ടികൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കഥാപാത്രമാകും ജോ.

മങ്കിപെന്നിലെ റയാനെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കൊണ്ട് മികച്ചതാക്കിയ സനൂപ് ക്രിസിന്റെ കാര്യത്തിലും പതിവ് തെറ്റിച്ചില്ല. ഓരോ ചലനങ്ങളിലും ഭാവങ്ങളിലും ക്രിസിനെ മികവുറ്റതാക്കാൻ സനൂപിന് സാധിച്ചു. ലാലു അലക്സ്, കലാരഞ്ജിനി, പേളി മാനി, സുധീർ കരമന തുടങ്ങിയ താരനിരയും മികച്ചു നിന്നു.

Manju Warrier On Jo And the Boy | Exclusive Interview | Manorama Online

സിനിമയുടെ ലൊക്കേഷനുകളെല്ലാം മനോഹരമാണ്. നീലിന്റെ ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. സിനിമയുടെ എല്ലാ മൂഡും ക്യാമറയിൽ ഉൾക്കൊള്ളിക്കാൻ നീലിന് കഴിഞ്ഞിട്ടുണ്ട്. ജോ ആൻഡ് ദ് ബോയിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ രാഹുൽ‌ സുബ്രഹ്മണ്യത്തിന്റെ സംഗീതവും സിനിമയോട് ഇഴചേർന്ന് നിൽക്കുന്നു.

അശ്ലീലങ്ങളോ ന്യൂജനറേഷൻ ‘ജാഡകളോ’ മദ്യപാന–പുകവലി രംഗങ്ങളോ ഇല്ലാത്ത കുട്ടികൾക്കും ഒപ്പം മുതിർന്നവർക്കും ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു കുഞ്ഞു സിനിമയാണ് ജോ ആൻഡ് ബോയ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.