Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പോളം വരില്ല ഉപ്പിലിട്ടത്

jurrasic-world-review

ജുറാസിക് പാർക്ക് സീരീസ്സിലെ ആദ്യ ഭാഗങ്ങളോട് ചിലപ്പോഴെങ്കിലും കിടപിടിക്കാത്ത എന്നാൽ പുതിയ സാങ്കേതിക വിദ്യകൾ ആവോളം ഉപയോഗിച്ചിരിക്കുന്ന, പ്രമേയത്തിലും ഒൽപം വ്യത്യസ്തത പുലർത്തുന്ന സിനിമയാണ് ജുറാസിക് വേൾഡ്. പ്രതീക്ഷ ഒരുപാട് വേണ്ട. എങ്കിൽ നിരാശപ്പെടേണ്ടി വരില്ലെന്ന അവസ്ഥ. ഉപ്പോളം ഒരിക്കലും വരില്ലല്ലോ ഉപ്പിലിട്ടത്.

ഭീമന്മാരായ ദിനോസറുകളുടെ സാന്നിധ്യം കൊണ്ട് വെള്ളിത്തിരയില്‍ ചരിത്രമെഴുതിയ ചിത്രമായിരുന്നു 1993 ല്‍ പുറത്തിറങ്ങിയ ജുറാസിക് പാര്‍ക്ക്. സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് ഒരുക്കിയ ചിത്രം ഹോളിവുഡിലെ എക്കാലത്തെയും മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന്‍റെ തുടര്‍ച്ചയായി രണ്ട് ഭാഗങ്ങള്‍ പിന്നീട് ഇറങ്ങിയെങ്കിലും ആദ്യ ചിത്രത്തിന് കിട്ടിയ സ്വീകാര്യത കിട്ടിയില്ല. 1997 ല്‍ പുറത്തിറങ്ങിയ ദ ലോസ്റ്റ് വേള്‍ഡ് എന്ന ചിത്രം സംവിധാനം ചെയ്തത് സ്പീല്‍ബെര്‍ഗ് തന്നെ ആയിരുന്നു. പിന്നീട് 2001 ല്‍ ജോയ് ജോണ്‍സ്റ്റണ്‍ ഒരുക്കിയ ചിത്രത്തിന്‍റെ മൂന്നാം ഭാഗം പുറത്തിറങ്ങി.

jurrasic-world-still

ഹോളിവുഡിലെ പുതിയ ടെക്‌നോളജികള്‍ ചിത്രത്തിന് ഗുണകരമാകുന്നുണ്ടെങ്കിലും സ്പീല്‍ബര്‍ഗിന്‍റെ ജുറാസിക് പാര്‍ക്കില്‍ കണ്ട ആ സ്വാഭാവികത ഈ ചിത്രത്തില്‍ കൊണ്ടുവരാന്‍ സംവിധാകനായിട്ടില്ല. ജുറാസിക് പാര്‍ക് സീരിസില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ മികച്ച ചിത്രമാകുന്നു ജുറാസിക് വേള്‍ഡ്. ശരിക്കും ജുറാസിക് പാര്‍ക്കിന്‍റെ ഒരു റീമേയ്ക്ക് പതിപ്പെന്ന് തന്നെ പറയാം.

പ്രമേയത്തിലുള്ള വ്യത്യാസം തന്നെയാണ് ജുറാസിക് വേള്‍ഡിനെ ഈ സീരിസിലുള്ള മറ്റുചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. കാശുവാരിയെറിഞ്ഞ് കണ്‍നിറയെ വിഭവസമൃദ്ധമായ കാഴ്ചകളുള്ള ഒരു മെഗാബഡ്ജറ്റ് ചിത്രം ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ലോകമൊട്ടുക്കുമുള്ള സിനിമാ ആസ്വാദകരുടെ പള്‍സ് മനസ്സിലാക്കി അത് കൃത്യമായി ആവിഷ്കരിക്കാന്‍ സ്പീല്‍ബര്‍ഗ് എന്ന മഹാനായ സംവിധായകനേ സാധിക്കൂ.

jurrasic-world-stills

ഇരുപത് വര്‍ഷം മുന്‍പ് പൂട്ടിയ ജുറാസിക് പാര്‍ക്ക് സൈമന്‍ മസ്രാനി എന്ന കോടീശ്വരന്‍ വീണ്ടും തുറക്കുകയാണ്. കോസ്റ്റ റിക്കയിലെ ഇസ്ല നൂബ്ളാര്‍ ദ്വീപ് ഇപ്പോള്‍ ഒരു ഡൈനോസര്‍ തീം പാര്‍ക്ക് ആണ്. ദിനോസറുകള്‍ക്കൊപ്പം കളിക്കാം, ഭീകരന്മാരായ ദിനോസറുകളെ തൊട്ടടുത്ത് കാണാം. ഒരു ഡിസ്നി വേള്‍ഡ് പോലെ ഫണ്‍പാര്‍ക്ക്. ഇരുപത്തിഅയ്യായിരം കാണികളുള്ള ആ പാര്‍ക്ക് പിന്നീട് മരണക്കളമായി മാറുന്നതാണ് സിനിമയുടെ പ്രമേയം.

സംവിധാനശൈലിയില്‍ സ്പീല്‍ബര്‍ഗിന്‍റെ അതേപാത തന്നെയാണ് ട്രെവോറയും പിന്തുടരുന്നത്. എന്നാല്‍ സിജിഐ ഗ്രാഫിക്സുകള്‍ക്കും സ്പെഷല്‍ ഇഫക്ടിനും അമിതമായ പ്രാധാന്യം നല്‍കിയത്. ഇത്തവണയും സഹനിര്‍മാതാവിന്‍റെ കുപ്പായത്തില്‍ സ്പീല്‍ബര്‍ഗ് ഉണ്ട്.

നായകനായി എത്തുന്ന ക്രിസ് പാറ്റ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. വസ്ത്രധാരണത്തില്‍ ഇന്ത്യാന ജോണ്‍സിനെയും ഇടക്ക് ഓര്‍മിപ്പിക്കുന്നു. ക്ലെയര്‍ ആയി എത്തിയ ബ്രിസ് ഡല്ലാസ് , ബാരിയായി ഒമര്‍ സൈ എന്നിവര്‍ അവരുടെ വേഷം ഭംഗിയാക്കി. ഇര്‍ഫാന്‍ ഖാന്‍ എന്ന നടന്‍റെ അഭിനയപ്രകടനമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങള്‍. ഹോളിവുഡില്‍ അദ്ദേഹത്തിനുള്ള പ്രാധാന്യം സംവിധായകര്‍ മനസിലാക്കുന്നതു കൊണ്ടാകാം അദ്ദേഹത്തിന് ഇത്തരം വേഷങ്ങള്‍ തേടിവരുന്നത്.

Jurassic World Official Extended First Look (2015)

ശ്വാസമടക്കി പിടിച്ച് കാണേണ്ട ആവേശകരമായ രംഗങ്ങളും ജുറാസിക് വേള്‍ഡിലുണ്ട്. സ്പെഷല്‍ ഇഫക്ടുകളുടെ അനന്തമായ സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആസ്വാദകരെ പൂര്‍ണമായും ആകര്‍ഷിക്കാന്‍ ജുറാസിക് വേള്‍ഡിന് ആകുന്നില്ല.

കിങ് കോങ്, ഗോഡ്സില്ല തുടങ്ങിയ സിനിമകൾ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ഈ പാര്‍ക്കില്‍ കയറാം. ത്രീഡി സാങ്കേതിക വിദ്യ ആയതുകൊണ്ട് ജുറാസിക് വേള്‍ഡ് പ്രേക്ഷകരെ കുറച്ചൊക്കെ വിറപ്പിക്കുമെന്ന് തീര്‍ച്ച. മുതിര്‍ന്നവരെ എത്രത്തോളം ആകര്‍ഷിക്കുമെന്ന് പറയാനാകില്ലെങ്കിലും കുട്ടികള്‍ ഈ ചിത്രം തീര്‍ച്ചയായും ആസ്വദിക്കും. ദിനോസറുകളുടെ ലോകം അവർക്ക് അമ്പരപ്പിന്റെയും ആകാക്ഷയുടെയും നിമിഷങ്ങൾ സമ്മാനിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.