Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് പെരിയ ‘കാക്കമുട്ടൈ’

kaka-muttai

ചേരിയിൽ ജനിച്ചവന്‍, ചേരിക്കാരുടെ നേതാവ്, ചേരിത്തരവുമായി നടക്കുന്നവൻ, ചേരിപ്പിള്ളേർ...ഇങ്ങനെ എന്തിനോടു ചേർന്നാലും ചേരിയെന്ന രണ്ടക്ഷരം ആരെയും, എന്തിനെയും മോശക്കാരനാക്കിക്കളയും. ബില്യനെയർ എന്ന വാക്കിനോടൊപ്പം പോലും സ്‌ലം എന്ന വാക്കു ചേർന്നതോടെ കോടീശ്വരൻ എന്ന വാക്കിന്റെ വില പോലും ഒലിച്ചുപോകുന്നത് നാം കണ്ടതാണല്ലോ! ചേരിയിൽ നടക്കുന്നതെല്ലാം മോശം കാര്യങ്ങളാണെന്ന രീതിയിലൊരു സന്ദേശം ഇന്ത്യൻ–വിദേശ മാധ്യമങ്ങളെന്ന തരംതിരിവില്ലാതെ ലോകത്തിനു മുന്നിലെത്തിക്കുന്നുമുണ്ട്. സിനിമ പോലും അക്കാര്യത്തിൽ പിന്നിലല്ല. ചേരിക്കാരെ ഗുണ്ടകളും വൃത്തിയില്ലാത്തവരും വേശ്യകളുമെല്ലാമായി മുദ്രകുത്തി പുറത്തിറങ്ങുന്ന ചിത്രങ്ങളാണ് നാം ഇതുവരെ കണ്ടവയിലേറെയും.

എന്നാൽ മാനം മുട്ടുന്ന ഫ്ലാറ്റിൽ, എസി മുറിയിലെ കുളിരിലിരുന്ന് ജനാലയിലൂടെ പുറത്തേക്കു നോക്കിയാൽ കാണുന്ന, പരന്നു കിടക്കുന്ന, ചേരിക്കാഴ്ച നോക്കി കഥയെഴുതിയാൽ അതിന് ആത്മാവുണ്ടാവില്ല, അതു വെറും പുറംകാഴ്ചയാണ്. ആ ചേരിയിൽ നിറയെ ദുരിതങ്ങളും അക്രമങ്ങളുമാകും. എന്നാൽ ചേരിയിലേക്കിറങ്ങി, അവരുടെ ചുറ്റുപാടിൽ, അവരുടെ കഥ കാണുമ്പോഴറിയാം പരാതികളേറെയുണ്ടെങ്കിലും തങ്ങളുടേതായ ലോകത്ത് അവരെത്ര സന്തോഷത്തിലാണു ജീവിക്കുന്നതെന്ന്. ചേരിയിലെ സ്ഥിരം തട്ടിപ്പുകാഴ്ചകളോ പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള ക്ലീഷേ സംഘട്ടനക്കാഴ്ചകളോ ഒന്നുമില്ലാതെ രണ്ട് കുട്ടിപ്പയ്യന്മാരുടെ കഥ പറഞ്ഞ കാക്ക മുട്ടൈ എന്ന തമിഴ്ചിത്രം അതുകൊണ്ടുതന്നെയാണ് പ്രേക്ഷകന് ഏറെ പ്രിയപ്പെട്ടതാകുന്നതും.

Kaakka Muttai Official Theatrical Trailer

ചെന്നൈ നഗരത്തിനു നടുവിലെ ചേരികളിലൊന്നിൽ അമ്മൂമ്മയോടും അമ്മയോടുമൊപ്പം ജീവിക്കുകയാണ് വിഗ്നേഷും രമേഷും. പക്ഷേ രണ്ടുപേർക്കും അവരുടെ പേരിനോട് വലിയ മതിപ്പില്ല, അവർ സ്വയം വിളിക്കുന്നത് പെരിയ കാക്കമുട്ടൈയെന്നും ചിന്ന കാക്കമുട്ടൈയെന്നുമാണ്. നാലുവയറുകൾ നിറയാൻ പകലന്തിയോളം ജോലിയെടുക്കുകയാണ് ആ അമ്മയും രണ്ട് കുട്ടfികളും. ട്രെയിനിൽ നിന്ന് കൽക്കരി അടിച്ചുമാറ്റിക്കൊണ്ടുവന്ന് വിൽക്കുകയാണ് കാക്കമുട്ടൈ സഹോദരങ്ങളുടെ പ്രധാന തൊഴിൽ. അതിനിടെ ഇടയ്ക്കവർ നഗരത്തിലേക്കിറങ്ങും. അവിടെയെല്ലാം മിന്നുന്ന കാഴ്ചകൾ. നഗരത്തിൽ അവർക്കൊരു കൂട്ടുകാരനുണ്ട്. സ്ഥിരം സിനിമകളിലെപ്പോലെ ചേരിക്കാരെ ഓടിച്ചുവിടുന്ന പണക്കാരൻ ചെക്കനല്ല, ഒരു സാധാരണക്കാൻ ലോകേഷ്. പണക്കാരുടെ വിശേഷങ്ങൾ അവരോടു പറയുന്നത് ലോകേഷാണ്. അവന്റെ വാക്കുകൾ േകട്ട് കൊതിപറ്റി പലപ്പോഴും ഇരുവരും അമ്മയെയും അമ്മൂമ്മയെയും ശല്യപ്പെടുത്തും–ഞങ്ങൾക്ക് ടിവി വേണം, പുതിയ ഡ്രസ് വേണം, സെൽഫോൺ വേണം...അപ്പോഴെല്ലാം അമ്മ പറയും: ‘ജീവfിക്കാൻ പെടുന്ന പാട് എനിക്കേ അറിയൂ...’

അതൊന്നും പക്ഷേ ആ കുട്ടികൾക്കു കേൾക്കേണ്ട. നഗരത്തിൽ പുതുതായി വന്ന പീസ സ്റ്റോറാണ് അവരെയിപ്പോൾ കൊതിപ്പിക്കുന്നത്. അവിടെ നിന്നുള്ള ആവിപറക്കുന്ന, കൊതിയൂറുന്ന പീസയുടെ പരസ്യം അവർ ടിവിയിൽ കണ്ടതാണ് (അവരുടെ വീട്ടിലിപ്പോൾ രണ്ടു ടിവിയുണ്ട്, ജയലളിതയ്ക്ക് നന്ദി) എന്തായാലും പിന്നീടുള്ള അവരുടെ ലക്ഷ്യം ഒരു പീസ കഴിക്കുകയെന്നതായിരുന്നു. അതിനു പക്ഷേ പണം മാത്രം മതിയായിരുന്നില്ലെന്നു മാത്രം.

kaka-muttai-still

കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങൾ എങ്ങനെയാണ് ഒരേസമയം പ്രേക്ഷകന്റെ കണ്ണുകൾ മൂടിക്കെട്ടുന്നതെന്നും കാണിച്ചുതരും കാക്കമുട്ടൈ. ഓരോരുത്തരും അവർക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്. അതും വൻകിട ബ്രാൻഡുകളാണെന്ന ഒരൊറ്റപ്പേരുകൊണ്ട് മാത്രം. തങ്ങൾക്ക് പുത്തൻ ബ്രാൻഡഡ് വസ്ത്രങ്ങൾ വേണ്ടെന്നും റോഡ് സൈഡിലെ പാനി പൂരി മതിയെന്നും പറഞ്ഞു കരയുന്ന പണക്കാർപിള്ളേരെയും അവരെ കണ്ണുരുട്ടിപ്പേടിപ്പിക്കുന്ന അച്ഛനെയും കാണാം ഈ ചിത്രത്തിൽ. വീട്ടിൽ രണ്ടു ടിവിയുണ്ട്, പക്ഷേ ആവശ്യത്തിനു ചാനലില്ല. ‘പിച്ചക്കാശിന് ഇത്രയും ചാനലുകളേ കിട്ടുകയുള്ളൂ എന്ന ഡയലോഗിലുമുണ്ട് സാധാരണക്കാരെ കൊതിപ്പിക്കുന്ന രാഷ്ട്രീയക്കാരന്റെയും കച്ചവടമുതലാളിമാരുരെയും യഥാർഥ മുഖം. റേഷൻ കാർഡ് കൊടുത്താല്‍ ടിവി കിട്ടും പക്ഷേ അരി സ്റ്റോക്കില്ല എന്നു പറഞ്ഞാൽ മനുഷ്യന്റെ അടിസ്ഥാന ആവശ്യം എന്താണെന്ന് രാഷ്ട്രീയക്കാർ പോലും സൗകര്യപൂർവം മറക്കുകയാണെന്നു വേണ്ടേ മനസിലാക്കാൻ.

ടിവിയിലെ മായക്കാഴ്ചകൾക്കു മുന്നിലിരുന്ന് നേരം കളഞ്ഞ് ചുറ്റിലുമുള്ള യാഥാർഥ്യങ്ങൾക്കു നേരെ കണ്ണടയ്ക്കാനും പറയുന്നു അവർ. മൈക്കുമായി തനിക്കു നേരെ വരുന്ന മാധ്യമപ്രവർത്തകരോട് ചോദ്യങ്ങൾ വരും മുൻപേ‘എനിക്കിപ്പോ പ്രണയമൊന്നും ഇല്ല’ എന്നു പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്ന ചലച്ചിത്രതാരവും ചൂണ്ടിക്കാണിക്കുന്നത് മറ്റൊന്നുമല്ല. അത്തരം യാഥാർഥ്യക്കാഴ്ചകളെ ആക്ഷേപഹാസ്യമായിത്തന്നെ പ്രേക്ഷകനു മുന്നിലെത്തിക്കുകയാണ് എം. മണികണ്ഠൻ എന്ന പുതുമുഖ സംവിധായകൻ. ഒരൊറ്റ ഹ്രസ്വചിത്രത്തിന്റെ ബലത്തിൽ ഈ ചിത്രം സംവിധാനം ചെയ്യാനായി മണികണ്ഠന് നിർമാണപിന്തുണ നൽകിയ ധനുഷിനോടും വെട്രിമാരനോടും നന്ദി പറയാതെ വയ്യ.

kaka-muttai-img

മികച്ച ബാലതാരങ്ങൾക്കുള്ള ദേശീയ പുരസ്കാരം നേടിയെടുത്തിരുന്നു ഈ ചിത്രത്തിൽ പെരിയ–ചിന്ന കാക്കമുട്ടൈകളായെത്തിയ വിഗ്നേഷും രമേഷും. കരച്ചിലും ചിരിയും വഴക്കുമെല്ലാമായി അദ്ഭുതപ്പെടുത്തുന്ന അഭിനയമാണ് ഈ കുട്ടിത്താരങ്ങൾ കാഴ്ച വച്ചിരിക്കുന്നതും. കാശുണ്ടാക്കാൻ േവണ്ടി ഈ ചേട്ടാനിയന്മാർ കാട്ടിക്കൂട്ടുന്ന വേലത്തരങ്ങൾ മാത്രം മതി പ്രേക്ഷകന്റെ മനസ്സുനിറയ്ക്കാന്‍. തങ്ങളുടെ ചുറ്റിലുമുള്ള വലിയവരുടെ ലോകത്തിനു നേരെ നോക്കി ഇരുവരും നടത്തുന്ന ‘പഞ്ച്’ ഡയലോഗുകൾക്ക് മണികണ്ഠന്റെ തിരക്കഥയുടെ ശക്തമായ പിന്തുണയും. ഐശ്വര്യ രാജേഷ്, രമേഷ്തിലക് എന്നിങ്ങനെ തമിഴിലെ ലോബജറ്റ് (എന്നാൽ ഗുണമേന്മയിൽ ഹൈ ആണ്) സിനിമാത്താരങ്ങൾ കാക്കമുട്ടൈയിലും തങ്ങളുടെ പ്രകടനം അവിസ്മരണീയമാക്കുന്നുണ്ട്. ബാബു ആന്റണിയുമുണ്ട് ഒരു കഥാപാത്രമായി. ഇതിലാർക്കും അമാനുഷിക ശക്തികളില്ല. ചുറ്റിലുമൊന്നു കണ്ണോടിച്ചാൽ കാണുന്ന കാഴ്ചകളെ അതിന്റെ എല്ലാ സ്വാഭാവികതകളോടെയും അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചതും, വിജയം കണ്ടതും. അതിന് പിന്തണ പകർന്ന് ജി.വി.പ്രകാശ് കുമാറിന്റെ നല്ല സംഗീതവും മണികണ്ഠന്റെ ഛായാഗ്രഹണവും കിഷോറിന്റെ എഡിറ്റിങ്ങും.

ചേരിയുടെ നേരും നോവുമുള്ള കാഴ്ചകളുണ്ടെങ്കിലും മനസ്സുനിറയ്ക്കുന്ന നന്മയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ അടിയും ഇടിയുമൊന്നുമില്ലാതെ സ്വസ്ഥമായിരുന്നൊരു പടം കണ്ട്, ചിരിച്ച് ആസ്വദിച്ച്, ഒടുക്കം സന്തോഷത്തോടെ തിയേറ്റർ വിടാൻ ആഗ്രഹിക്കുന്നെങ്കിൽ കാക്കമുട്ടൈ കാണാം. അല്ല, ഈ ചിത്രം എല്ലാവരും തീർച്ചയായും ഒരിക്കലെങ്കിലും ഒന്നു കാണണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.