Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ത മാതിരി രജനിന്ന് നെനച്ചിയാടാ... ഇതു കബാലി ഡാ...

kabali-img1

രജനികാന്തിന്റെ അമാനുഷിക പ്രകടനങ്ങളിൽ മാത്രമൊതുങ്ങുന്ന മാസ് മസാല സിനിമയല്ല കബാലി. മറിച്ച് കുടുംബ ബന്ധങ്ങൾക്കും സ്നേഹബന്ധങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്ന ഇമോഷനൽ ആക്ഷൻ ത്രില്ലറാണ് ഇൗ സിനിമ. 

കബലീശ്വരന്റെയും അയാളുടെ ഭാര്യ കുമുദവല്ലിയുടെയും കഥയാണ് കബാലി. രജനി ഉള്ളപ്പോൾ കഥ എന്തിന് എന്ന ചോദ്യം കബാലി കണ്ടവരാരും ചോദിക്കില്ല. ഇൗ സിനിമയ്ക്ക് നല്ലൊരു കഥയുണ്ട്. പലയിടത്തും കേട്ടിട്ടുള്ളതാണെങ്കിലും അതിനെ വ്യത്യസ്തമായി അവതരിപ്പിക്കാൻ പാ രഞ്ജിത് എന്ന സംവിധായകന് കഴിഞ്ഞിട്ടുമുണ്ട്. രജനിയുടെ ഗെറ്റപ്പിൽ മാത്രമല്ല പാത്രാവതരണത്തിലും അഭിനയത്തിലുമൊക്കെ അടിമുടി മാറ്റം പ്രേക്ഷകന് അനുഭവപ്പെടും.

Kabali | Neruppuda | First Day First Show | Audience Theatre Response | Rajinikanth

പ്രതികാരമാണ് കബാലിയുടെയും കാമ്പ്. 25 വർഷങ്ങൾക്ക് മുമ്പ് തനിക്കും തന്റെ കുടുംബത്തിനും സംഭവിച്ച തകർച്ചയ്ക്ക് കാരണക്കാരായവരോട് കബലീശ്വരൻ നടത്തുന്ന പ്രതികാരമാണ് കബാലി. വില്ലന്റെ ക്രൂരത എത്ര വലുതായിരിക്കുമോ അത്രയും മധുരമായിരിക്കും നായകന്റെ പ്രതികാരവും. എന്നാൽ കബാലിയുടെ കഥാഗതിയിൽ ഇൗ ക്രൂരത അത്രമേൽ വിനാശകരമായിരുന്നില്ല എന്ന തിരിച്ചറിവിലേക്ക് നാം എത്തും. എങ്കിലും പ്രതികാരത്തിന്റെ കാഠിന്യം കുറയുന്നില്ല. 

kabali-img

ആരാധകർ പ്രതീക്ഷിക്കുന്ന മാസ് എൻട്രി തന്നെയാണ് രജനിക്ക് സിനിമയിൽ കൊടുത്തിരിക്കുന്നത്. എന്നാൽ ആ ഒാളത്തിനൊപ്പം പറന്നു പോകാതെ ആവേശം നിയന്ത്രിച്ച് പതിഞ്ഞ താളത്തിലേക്ക് സിനിമ ചുവട് മാറ്റുന്നു. കുടുംബചിത്രമായുള്ള ഇൗ പരകായപ്രവേശനത്തിന് ആദ്യത്തെ ആവേശം യോജിക്കുന്നതല്ല എന്ന സംവിധായകന്റെ തിരിച്ചറിവാണ് ഇതിനു പിന്നിൽ. ഇടവേളയോടടുക്കുമ്പോൾ ചിത്രം പിന്നെയും ആവേശക്കൊടുമുടിയിലെത്തും. രണ്ടാം പകുതിയിലും സമാനമായ വഴികളിലൂടെ തന്നെയാണ് ചിത്രം സഞ്ചരിക്കുന്നത്. മാസ് ആക്ഷൻ സീക്വൻസുകളുടെ നീണ്ട നിരയല്ല മറിച്ച് ആക്ഷനും ഇമോഷനും ചേർന്ന ആരാധകർക്ക് അത്ര ദഹിക്കാത്ത യാഥാർഥ്യത്തോട് ചേർന്ന സിനിമയാണ് രഞ്ജിത് ഒരുക്കിയിരിക്കുന്നതെന്ന് ചുരുക്കം. 

തന്റെ മുൻസിനിമകൾ പോലെ ഒരു റിയലിസ്റ്റിക് സിനിമ ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചു. രജനിയുടെ മാസും ആ മാസിനൊപ്പം കുറച്ച് മസാല കൂടി ചേർക്കുന്ന ശങ്കറിനെ പോലുള്ള സംവിധായകരുടെ കൊമേഴ്സ്യൽ സെൻസ് രഞ്ജിതിന് ഇല്ലാതെ പോയതാണോ അതോ അദ്ദേഹം മന:പൂർവം അത് ഒഴിവാക്കിയതാണോ എന്ന് സംശയം. 

kabali-img3

സന്തോഷ് നാരായണന്റെ സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് യോജിക്കുന്നതായി. ഒന്നു രണ്ട് മികച്ച രംഗങ്ങളൊഴിച്ചാൽ ഛായാഗ്രഹണത്തിലും അസാധാരണത്വമൊന്നുമില്ല. സാധാരണ രജനി ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആക്ഷൻ രംഗങ്ങൾ അതിഭാവുകത്വം കൂടാതെ കബാലിയിൽ അവതരിപ്പിച്ചിരിക്കുന്നു. മാസ് രംഗങ്ങൾ അടിക്കടി ഇല്ലെങ്കിലും ഉള്ളതൊക്കെ ആ ഇല്ലായ്മയുടെ ക്ഷീണം തീർക്കാനുതകുന്നവയാണ്. 

രജനികാന്തിന്റെ ഇതുവരെ കാണാത്ത ലുക്കും പ്രകടനവുമാണ് കബാലിയിലേത്. നായികമാർക്കൊപ്പം നിറഞ്ഞാടിയിരുന്ന അദ്ദേഹത്തിന് ഒറ്റ സിനിമ കൊണ്ട് പക്വത കൈവരിച്ചെന്ന് തോന്നിപ്പോകുന്ന പ്രകടനം. ഗ്യാങ്സ്റ്ററായും കുടുംബനാഥനായും ഒക്കെ അദ്ദേഹം നിറഞ്ഞു നിൽക്കുന്നു. ഇമോഷനൽ സീക്വൻസുകളിൽ രജനിയെക്കാൾ ഒരു പടി മുന്നിലുള്ള പ്രകടനം കാഴ്ച വച്ച രാധികാ ആപ്തെയും മോശമാക്കിയില്ല. ധൻസികയും തന്റെ കിടിലൻ ആക്ഷൻ റോൾ ഗംഭീരമാക്കി. രഞ്ജിതിന്റെ മുൻ സിനിമകളിലെ സ്ഥിരം സാന്നിധ്യങ്ങളായ മറ്റു അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ച വച്ചു. 

മാറുന്ന കാലത്തിനും സിനിമയ്ക്കും ഒപ്പം സ്വയം മാറാനുള്ള ആർജവം കാണിച്ച രജനിയുടെ ധൈര്യം എടുത്തു പറയേണ്ടതാണ്. ആരാധകരെ കോരിത്തരിപ്പിക്കാൻ‌ അവസാനമിറങ്ങിയ ലിങ്കയിൽ വരെ പറന്ന് നടന്ന അദ്ദേഹം ഭൂമിയിൽ കാലുറപ്പിച്ച് എടുത്ത യു ടേൺ മറ്റു ഭാഷകളിലെ സൂപ്പർ താരങ്ങൾക്ക് പോലും പാഠമാണ്. രജനിയുടെ തല രജനിയുടെ ഫുൾ ഫിഗർ എന്ന കൺസെപ്റ്റിലുള്ള സാദാ സിനിമയല്ല ഇത്. ഇതിൽ കബലീശ്വരനുണ്ട്. അയാളുടെ എല്ലാമെല്ലാമായ ഭാര്യയുണ്ട്. കുടുംബമുണ്ട്. കൂട്ടുകാരുണ്ട്. ആക്ഷനുണ്ട്. ഇമോഷനുണ്ട്. കമ്മട്ടിപ്പാടത്തെ വാനോളം പുകഴ്ത്തിയവരാണ് നമ്മളെങ്കിൽ കബാലിയെയും അതേ മനസ്സോടെ തന്നെ കാണേണ്ടതുണ്ട്. 

ചുരുക്കത്തിൽ കബാലി ആരാധകർക്കു വേണ്ടിയോ അല്ലാത്തവർക്കു വേണ്ടിയോ മാത്രമായി ഒരുക്കിയിരിക്കുന്ന ചിത്രമല്ല. രജനി എന്ന സൂപ്പർ ഹീറോയ്ക്ക് നാം കൽപിച്ചു കൊടുത്തിരിക്കുന്ന അമാനുഷിക കഴിവുകളൊക്കെ വേണ്ടെന്നു വച്ച് അദ്ദേഹത്തെ ഒരു പച്ച മനുഷ്യനാക്കി അവതരിപ്പിച്ചിരിക്കുന്ന സിനിമ. രജനികാന്ത് എന്ന താരത്തെ കാണാനാണ് അല്ലാതെ സിനിമയുടെ മേന്മ നോക്കിയല്ല പ്രേക്ഷകർ തീയറ്ററിലേക്ക് വരുന്നതെന്ന ധാരണ കബാലി തെറ്റിക്കും. 

കൂളിങ് ഗ്ലാസ് പോട്ട്്ക്കിട്ട്, സ്റ്റൈലാ നടന്ത് വന്ത്, എതിരികളെ സുമ്മാ വെരട്ടി വെരട്ടി അടിച്ച്, ‘‘കബാലി അണ്ണേ........"അപ്പിടിന് കൂപ്പിട്ട ഉടനെ, അപ്പിടി പറന്ത് വന്ത് നിപ്പാനെ അന്ത മാതിരി രജനിന്ന് നെനച്ചിയാടാ... കബാലി ഡാ. 

Your Rating: