Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറഞ്ഞു തുള്ളി "കലി"

kali

ക്ഷമ എന്നൊരു കാര്യം നിഘണ്ടുവിലില്ലാത്ത, ദേഷ്യമെന്ന വികാരം മാത്രം പുറത്തുകാണിക്കുന്ന നായകൻ. എല്ലാ പ്രശ്നങ്ങളേയും വാർത്തിങ്കൾ ചിരിയോടെ നേരി‍ടുന്ന നായകന്റെ നല്ലപാതി. ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന' കലിയും' കലിക്കപ്പുറമുള്ള ജീവിത യാഥാർഥ്യങ്ങളുടെയും നേർക്കാഴ്ചയാണ് ദുൽഖർ സൽമാൻ നായകനാകുന്ന കലി പറയുന്നത്.

മൂക്കിന്റെ തുമ്പത്താണ് സിദ്ധാർഥിന് ദേഷ്യം. സിദ്ധാർഥിന് ദേഷ്യം വരാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യമാണ്. ഭർത്താവിന്റെ ഈ മുൻകോപം കാരണം കഷ്ടത്തിലാകുന്നതോ ഭാര്യയായ പാവം അഞ്ജലിയും. ദുല്‍ഖറും സായി പല്ലവിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന കലി ആകഷനും പ്രണയവും കോർത്തിണക്കിയ സസ്പെൻസ് ത്രില്ലറാണ്. ഒരു സമീർ താഹിർ ചിത്രത്തിന്റെ എല്ലാ ചേരുവകളുമൾക്കൊള്ളുന്ന കലിയുടെ ആദ്യ പകുതി പ്രേക്ഷകനെ ചിരിപ്പിച്ച് നർമരസത്തോടെ മുന്നേറുന്നു. എന്നാൽ രണ്ടാം പകുതിയിലെത്തുമ്പോൾ ചിത്രം പ്രേക്ഷകനെ ത്രസിപ്പിച്ച് ത്രില്ലർ മൂഡിലേക്ക് വഴിമാറുന്നു.

ബാങ്കിലെ കസ്റ്റമർ കെയർ ഓഫിസറായ സിദ്ധാർഥിന് കോപം വിട്ടൊരു കളിയില്ല. ഈ കലി മൂലം ഒരു യാത്രക്കിടെ സിദ്ധാർഥും അഞ്ജലിയും കുഴപ്പത്തിൽ ചെന്ന് ചാടുന്നു. തുടർന്ന് ഇവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രത്തിലൂടെ സംവിധായകൻ കാഴ്ചവയ്ക്കുന്നത്. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളുമായി കലിപ്പോടെ കലി മുന്നോട്ട് പോകുന്നു.

യുവാക്കളുടെ ചിന്തകൾക്കനുസരിച്ച് സഞ്ചരിക്കുന്ന ചിത്രമാണിത്. ഒരു ദിവസത്തെ സംഭവങ്ങളുടെ ദൃശ്യാവിഷ്കരം. കഥയിലെ ആഴമില്ലായ്മ ഒരു പോരായ്മയായി പറയാം‌‌മെങ്കിലും മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണ ശൈലിയിലാണ് രാജേഷ് ഗോപിനാഥൻ തിരക്കഥയെഴുതിയിരിക്കുന്നത്. തിരക്കഥയെ അതിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ടും ആവഷ്കരിക്കുന്നതിൽ സംവിധായകൻ സമീർ താഹിരർ വിജയിച്ചു. സാങ്കേതികപരമായി കലി കലിയോടെ തന്നെ മുന്നിട്ടുനിൽക്കുന്നു.

ദുൽഖറും സായി പല്ലവിയും ഉൾപ്പെടുന്ന കഥാപാത്രങ്ങളുടെ സ്വാഭാവിക അഭിനയ പ്രകടനം തന്നെ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. തീവ്രത്തിന് ശേഷം തീവ്രത നിറഞ്ഞ ദുൽഖറിനെ കൺ നിറയെ കാണാം . മലരിൽ നിന്നും അഞ്ജലിയിലേക്കെത്തുമ്പോൾ പക്വതയാർന്ന അഭിനയത്തോടെ സായി പല്ലവി മികച്ചു നിൽക്കുന്നു. സായി പല്ലവി തന്നെയാണ് അഞ്ജലിക്ക് ശബ്ദമായതും. തമിഴും മലയാളവും ഇടകലർന്ന സംസാരം കഥാപാത്രത്തിന് അധികമിണങ്ങുന്നില്ലെന്നതും പറയണം.

കുറച്ചു നേരമേയുള്ളുവെങ്കിലും സൗബിൻ പ്രേക്ഷകരെ ചിരിപ്പിക്കുവാൻ മറന്നില്ല. ചക്കര എന്ന പേരുള്ള ചെമ്പൻ വിനോദിന്റെ കഥാപാത്രം പ്രേക്ഷകന് മറക്കാനാകില്ല. തനത് ശൈലിയിലുള്ള ചിരിയുമായി നിങ്ങളെ പേടിപ്പിക്കുമെന്നുറപ്പ്. വിനായകനും തന്റെ കഥാപാത്രം ഭംഗിയാക്കി. ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും കലിയോട് ഇഴചേർന്ന് നിൽക്കുന്നു. വിവേക് ഹർഷന്റെ ചിത്രസംയോജനം എനടുത്ത് പറയണം. ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ട ചടുലതയോടു കൂടി ഹർഷൻ ദൃശ്യങ്ങളെ കോർത്തിണക്കി. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും മികവ് പുലർത്തുന്നു. പ്രത്യേകിച്ച് രാത്രിയിലുള്ള ഒരു കാർ ചേസിങ് രംഗം.

kali-movie5

കലി എല്ലാവരിലുമുണ്ട്. എപ്പോഴാണ് അത് പുറത്തു വരുന്നതെന്നു പറയാനും പറ്റില്ല. കോപം അണപൊട്ടുന്ന സമയത്ത് അതിനെ നിയന്ത്രണവിധേയമാക്കിയാൽ എത്രമാത്രം സന്തോഷപൂർണമാകുമെന്ന ഒരു സന്ദേശം കൂടി ഈ ചിത്രം പ്രേക്ഷകനോട് പങ്കുവയ്ക്കുന്നു. അമിത പ്രതീക്ഷകളോടെയാണ് ചിത്രമെത്തിയത്. ആ പ്രതീക്ഷകളുടെ നിറം തെല്ലും കെടുത്തുന്നില്ല ഈ കുഞ്ഞു ചിത്രം. ആക്ഷൻ ത്രില്ലർ ചിത്രങ്ങളിഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഈ വേനൽക്കാലത്ത് കലി കാണാൻ ധൈര്യമായി ‌ടിക്കറ്റെടുക്കാം.

Your Rating: