Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എരിഞ്ഞടങ്ങാതെ കനൽ

kanal-movie-review

പ്രതികാര കഥ പറയുന്ന മലയാളത്തിലെ എണ്ണമറ്റ സിനിമകളുടെ ഗണത്തിലെ ഇളമുറക്കാരനാണ് കനൽ. മോശമല്ലാത്ത സസ്പെൻസും ചില വലിച്ചു നീട്ടലുകളുമുള്ള വലിയ തോതിലുള്ള ത്രില്ലിങ് നിമിഷങ്ങൾ ഇല്ലാത്ത ക്ഷമയോടെ കണ്ടിരിക്കേണ്ട ചിത്രം.

ലോകമെങ്ങും പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയും തുടർന്ന് ചില കുടുംബങ്ങളിൽ അതുണ്ടാക്കുന്ന പ്രശ്നങ്ങളും സംഭവവികാസങ്ങളുമാണ് കനൽ ചർച്ച ചെയ്യുന്നത്. ‘‘കാട്ടിലെ നിയമമാണ് സത്യം. വിശക്കുമ്പോൾ നായാടിക്കൊല്ലുന്നത് പാപമല്ല.’’ എന്ന കാട്ടാളൻ നീതി സത്യമെന്ന് വിശ്വസിച്ച് അതനുസരിച്ച് പ്രവർത്തിച്ച കുടുംബങ്ങളുടെ കഥ.

ദുരൂഹതകൾ ഒരുപാട് അവശേഷിപ്പിച്ചാണ് ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നത്. കഥയോ കഥാഗതിയോ പ്രേക്ഷകന് വ്യക്തമാകില്ലെങ്കിലും അത് പക്ഷേ പ്രവചനാതീതവുമാകുന്നില്ല. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ സിനിമയുടെ മന്ദഗതിക്ക് മാറ്റമൊന്നും ഉണ്ടാകുന്നില്ല, എന്നാൽ ആദ്യ പകുതി ഉയർത്തിയ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരങ്ങൾ പ്രേക്ഷകന് ലഭിക്കും. അപ്പോഴും ഒരു റിവഞ്ച് സിനിമ നൽകുന്ന അനിർവചനീയമായ അനുഭവം കാഴ്ചക്കാരന് പകർന്നു കൊടുക്കാൻ കനലിന് സാധിക്കുന്നില്ല.

atul

മോഹൻലാൽ ജോൺ ഡേവിഡ് എന്ന കഥാപാത്രമായി അനായാസം മാറി. എടുത്തു പറയേണ്ടത് അദ്ദേഹത്തോടൊപ്പം നിൽക്കുന്ന പ്രകനം നടത്തിയ അതുൽ കുൽക്കർണിയുടേതാണ്. കനൽ എന്ന സിനിമയുടെ മൂഡിനനുസരിച്ച് മിതത്വത്തോടെയും തന്മയത്വത്തോടെയും അദ്ദേഹം കുരുവിളയായി അഭിനയിച്ചു. അനൂപ് മേനോൻ‌, നികിത, പ്രതാപ് പോത്തൻ, ഷീലു, ഇന്നസെന്റ് അങ്ങനെ നീളുന്ന അഭിനയനിര തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയെങ്കിലും ഇവരിരവരും വെറിട്ടു തന്നെ നിൽക്കുന്നു.

വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണമികവ് എടുത്തു പറയേണ്ടതാണ്. ഡ്രോണും ഹെലിക്യാമും പോലുള്ള ആധുനിക ഉപകരണങ്ങൾ സിനിമകളുടെ ലുക്കിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ട്രെയിനിലെ രംഗങ്ങൾ മികവോടെ തന്നെ കാണിച്ചിരിക്കുന്നു. എഡിറ്റിങ് ടൈറ്റാക്കി സിനിമയുടെ ദൈർഘ്യം കുറച്ചിരുന്നെങ്കിൽ നന്നായേനെ. പലയിടത്തും പ്രേക്ഷകന്റെ ക്ഷമയെ സിനിമ പരീക്ഷിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ചിലയിടങ്ങിൾ സിനിമയുമായി ഒത്തു പോകുന്നതായപ്പോൾ ഇടയ്ക്ക് കാതടപ്പിക്കുന്നതായി.

moanlal-nikita

സാധാരണ റിവഞ്ച് സിനിമകളിൽ കാരണങ്ങൾ ഫ്ലാഷ്ബാക്കിൽ അവതരിപ്പിച്ച ശേഷം പിന്നീട് പ്രതികാരം ചെയ്യുന്നതായാണ് കാണിക്കാറ്. എന്നാൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നതിനാവണം ആദ്യം പ്രതികാരവും പിന്നീട് ഒടുക്കം കാരണവും കാണിക്കുന്നത്. അതു പോലെ തന്നെ ചിത്രത്തിന്റെ മൊത്തത്തിലുള്ള സ്ലോ മൂഡും അണിയറക്കാർ അറിഞ്ഞു തന്നെ കൊണ്ടു വന്നതായിരിക്കണം. പക്ഷേ രണ്ടും വേണ്ട വിധത്തിൽ വർക്കൗട്ട് ആയോ എന്ന് കണ്ടിരുന്ന് കാണണം.

anoop-menon

സമീപകാലത്ത് വലിയ പ്രതീക്ഷകളൊന്നും കൂടാതെയിറങ്ങിയ മോഹൻലാൽ സിനിമയാണ് കനൽ. ആ പ്രതീക്ഷയില്ലായ്മ ചിത്രത്തിന്റെ ആസ്വാദനത്തെ പോസിറ്റീവായി തന്നെ സ്വാധീനിക്കുന്നുമുണ്ട്. ആരാധകർക്കാണോ, യുവാക്കൾക്കാണോ കുടുംബങ്ങൾക്കാണോ കനൽ ഇഷ്ടപ്പെടുക എന്ന് തരംതിരിച്ച് പറയുക സാധ്യമല്ല. എണ്ണം പറഞ്ഞ റിവഞ്ച് സിനിമകൾക്കൊപ്പം നിൽക്കില്ലെങ്കിലും ക്ഷമയോട കണ്ടാൽ ആസ്വദിക്കാവുന്ന ചിത്രമാണ് കനൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.