Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകർക്കായി കസബ

kasaba-movie

ആരാധകരെ ആവേശത്തിലാഴ്ത്തുന്ന മാസ് സിനിമയാണ് കസബ. നീണ്ട ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രം ആരാധകവൃന്ദത്തിനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

എന്തിനോടും ഏതിനോടും കയറി പ്രതികരിക്കുന്ന പോലീസുകാരനല്ല രാജൻ സക്കറിയ. അയാൾക്ക് എല്ലാത്തിനും അയാളുടേതായ രീതികളുണ്ട്, തനിക്ക് ശരി എന്നു തോന്നുന്ന രീതികൾ. അതിപ്പോൾ സ്വന്തം ഡിപ്പാർട്ടുമെന്റിലെ സഹപ്രവർത്തകനായാലും ശരി,  പ്രതികരിക്കും. നടത്തത്തിലും, പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നതിലും പെരുമാറ്റത്തിലുമെല്ലാം ആ വ്യത്യസ്ഥത കാണാം. കേരള കര്‍ണാടക ബോര്‍ഡറിലെ കാളീപുരത്ത് ഒരു കൊലപാതക കേസ് അന്വേഷിക്കാൻ രാജന്‍ സക്കറിയ എത്തുന്നതാണ് സിനിമയുടെ പ്രമേയം.

kasaba-mammootty

കച്ചവട സിനിമയ്ക്കാവശ്യമായ ചേരുവകളൊക്കെ വേണ്ടുവോളം ചേർന്ന എന്റർടൈനറാണ് ചിത്രം. അടിക്ക് അടി, ഇടിക്ക് ഇടി, ഡയലോഗിന് ഡയലോഗ്. തന്റെ ചിത്രത്തിനെ ട്രോളിയ ട്രോളൻമാർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ആരാധകർ ആഗ്രഹിക്കുന്ന മാസ് എൻട്രിയുമായി രാജൻ സക്കറിയ എത്തുന്നു. പിന്നീട് വർണ്ണക്കാഴ്ച്ചകളുടെ പൂരം തന്നെയാണ്. ഇൻസ്പെക്ടർ ബലറാമിനെ ഓർമിപ്പിക്കുന്നുണ്ട് ചില സമയങ്ങളിൽ രാജൻ സക്കറിയ.

സുൽത്താൻ; റിവ്യു വായിക്കാം

mammootty

ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട് ആദ്യ പകുതി. രണ്ടാം പകുതിയിലാണ് സിനിമയ്ക്ക് കൂടുതൽ ഗൗരവം കൈവരുന്നു. അൽപം ഇഴച്ചിലുമുണ്ട്. ചില സീനുകൾ അവശ്യമില്ലാത്തതായിരുന്നെന്നു തോന്നിയെങ്കിലും മമ്മൂട്ടിയുടെ തകർപ്പൻ പെർഫോമൻസും, കഥയിലെ ട്വിസ്റ്റും, ആക്ഷനും ചേരുമ്പോൾ സിനിമ മോശമല്ലാത്ത രീതിയിൽ അവസാനിക്കും.

kasaba-varalaxmi

മമ്മൂട്ടിയോട് എതിരിട്ടു നിൽക്കുന്ന കമല എന്ന കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട് ശരത്ത് കുമാറിന്റെ മകൾ വരലക്ഷ്മി. സമ്പത്ത് രാജ് അവതരിപ്പിച്ച വില്ലൻ വേഷവും മികച്ചു നിൽക്കുന്നു. മമ്മൂട്ടിയുടെ കൂടെ ആദ്യമായി അഭിനയിക്കാൻ കിട്ടിയ അവസരം മക്ബുൽ സല്‍മാൻ ശരിക്കും ഉപയോഗിച്ചു. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയാലും ജഗനെ നാം മറക്കില്ല. രാജൻ സക്കറിയയുടെ സുപ്പീരിയർ ഓഫീസറായി എത്തുന്ന സിദ്ദിക്കും അവസ്മരണീയ പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.

മലയാളിക്ക് തീപ്പൊരി ഡയലോഗും പോലീസ് വേഷങ്ങളും സമ്മാനിച്ച രൺജി പണിക്കരുടെ മകന്റെ അരങ്ങേറ്റം മോശമായില്ല. മലയാള സിനിമയുടെ ഭാവിയിൽ നിതിന് വലിയ പങ്കുണ്ടെന്ന് കസബ തെളിയിക്കും. എന്നെന്നും ഓർത്തിരിക്കുന്ന നെടുനീളൻ ഡയലോഗുകളാണ് രൺജി പണിക്കരുടെ രീതിയെങ്കില്‍ ദൈർഘ്യം കുറഞ്ഞ ഡയലോഗുകളാണ് മകന്റെ പ്രത്യേകത. മികച്ച കഥയുടെ അടിത്തറ അവകാശപ്പെടാനില്ലെങ്കിലും കസബ പോലൊരു സിനിമയാകുമ്പോൾ അതത്ര കാര്യമാക്കേണ്ടതില്ല.

mammootty

സിനിമയുടെ മൂഡിനനുസരിച്ച് പശ്ചാത്തല സംഗീതം ഒരുക്കുന്നതിൽ രാഹുൽ രാജ് വിജയിച്ചിട്ടുണ്ട്. സമീർ ഹക്കിന്റെ ഛായാഗ്രഹണം സിനിമയോട് നീതി പുലർത്തി.

കസബ ഒരു മമ്മൂട്ടി ഷോ ആണ്. മാസും മമ്മൂട്ടിയും കൂടി ചേർന്നാൽ കസബയായെന്ന് ചുരുക്കം. കുടുംബ പ്രേക്ഷകരെ എത്ര കണ്ട് ചിത്രം രസിപ്പിക്കുമെന്ന് കാത്തിരുന്ന് കാണാമെങ്കിലും ആരാധകർക്കും യൂത്തിനും ഇൗ ചിത്രം ഒരാഘോഷം തന്നെയായിരിക്കും.  

റിവ്യു നിങ്ങൾക്കും എഴുതാം–കേരളാ ടാക്കീസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആൻഡ്രോയിഡ്

വിൻഡോസ്

ഐഒഎസ്

Your Rating: