Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതമില്ലാത്ത കിസ്മത്ത്; റിവ്യു വായിക്കാം

kismaht-movie

ഇതു വരെ നാം കണ്ടിട്ടുള്ള പ്രണയസിനിമകളിൽ‌നിന്ന് അൽപം വഴി മാറി സഞ്ചരിക്കുന്ന ചിത്രമാണ് കിസ്മത്ത്. ഒരു പ്രണയവും അതേ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവവികാസങ്ങളും കോർത്തിണക്കിയ ഒരു കൊച്ചു ചിത്രം.

Kismath | Official Trailer | Vinay Forrt, Shruthi Menon, Shane Nigam | Manorama Online

പ്രമേയം പ്രണയമാണെങ്കിലും അത് മറ്റൊരു തട്ടത്തിൽ മറയത്തോ എന്നു നിന്റെ മൊയ്തീനോ അല്ല. ഇരുപത്തെട്ടുകാരിയായ കാമുകി. ഇരുപത്തിമൂന്നുകാരനായ കാമുകൻ. ഇരുവരും രണ്ടുമതത്തിൽ പെട്ടവർ. അവർ തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. ട്രെയിലറിൽ കണ്ടതൊക്കെത്തന്നെയാണ് സിനിമയുടെ കഥയും. ഒപ്പം ഇൗ കമിതാക്കളെ ബാധിക്കുന്നതും അല്ലാത്തതുമായ കുറച്ചു സംഭവങ്ങളും.

kismath-movie

ഇൗ ചിത്രത്തിന് ആദ്യാവസാനം ഒരു താളവും വേഗവുമുണ്ട്. ഒരിക്കൽപോലും ആ താളത്തിനു പിഴവോ ആ വേഗത്തിനു കുറവോ കൂടുതലോ സംഭവിക്കുന്നില്ല. ഒന്നാം പകുതി, രണ്ടാം പകുതി എന്നൊരു വേർതിരിവിനൊന്നും കിസ്മത്തിന്റെ കാര്യത്തിൽ പ്രസക്തിയേയില്ല‌. ഒരു റിയലിസ്റ്റിക്ക് പ്രണയകഥയാണ് കിസ്മത്ത് പറയുന്നതെങ്കിലും സാധാരണ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന സിനിമാറ്റിക്ക് ഘടകങ്ങൾ ചിത്രത്തിലില്ല. പക്ഷേ ഒന്നേമുക്കാൽ മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുള്ള സിനിമ മടുക്കാതെ കണ്ടിരിക്കാനാവും.

അടുത്ത കാലത്തിറങ്ങിയ സിനിമകളിൽ വ്യക്തമായ രാഷ്ട്രീയമുള്ള സിനിമയാണ് കിസ്മത്ത്. വർഗീയ ശക്തികൾ വേരുറപ്പിക്കാൻ ശ്രമിക്കുന്ന നമ്മുടെ നാട്ടിൽ കാലിക പ്രസക്തിയുള്ള ചിത്രമായി കിസ്മത്ത് വാഴ്ത്തപ്പെടുമെങ്കിലും വ്യാപകമായ കച്ചവടസ്വീകാര്യത ലഭിക്കുമോ എന്നതു കണ്ടറിയണം.

vinay-kismath

അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും പ്രകടനത്തിലുമാണ് കിസ്മത്ത് ഏറ്റവും മികവു പുലർത്തുന്നത്. എസ്ഐയുടെ വേഷത്തിലെത്തിയ വിനയ് ഫോർ‌ട്ട് സത്യത്തിൽ അമ്പരപ്പിച്ചു. ഒരു പൊലീസുകാരന്റെ മാനറിസങ്ങളും സംസാരവും ഒക്കെ അതിസൂക്ഷ്മവും മനോഹരവുമായി വിനയ് അഭിനയിച്ചു ഫലിപ്പിച്ചു. നായകവേഷത്തിലെത്തിയ ഷെയ്ൻ നിഗവും പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള പ്രകടനമാണ് കാഴ്ച വച്ചത്. നായികയായ ശ്രുതി മേനോൻ, അലൻസിയർ തുടങ്ങി ആസാമിയുടെ വേഷം ചെയ്തയാൾ വരെ നൂറു ശതമാനം നീതി പുലർത്തി.

kismath

കന്നി സംവിധാനസംരംഭത്തിൽ ഷാനവാസ് ബാവുക്കുട്ടിക്ക് പിഴവു പറ്റിയിട്ടില്ല. ശ്രുതിമധുരമായ പാട്ടും പശ്ചാത്തലസംഗീതവും കിസ്മത്തിനെ കൂടുതൽ മൊഞ്ചത്തിയാക്കി. ഛായാഗ്രഹണം, എഡിറ്റിങ് എന്നിവയിൽ പരാമർശിക്കപ്പെടേണ്ട അസാധാരണത്വങ്ങളൊന്നുമില്ല.

ഒരു കൂട്ടം പുതുമുഖങ്ങളുടെ കന്നി സംരഭമെന്ന നിലയിൽ മാത്രമല്ല, അവർ കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ച പ്രമേയത്തിന്റെ പേരിലും കിസ്മത്ത് അഭിനന്ദനം അർഹിക്കുന്നു. കച്ചവട സിനിമയുടെ ചട്ടക്കൂട്ടിലേക്കു കടക്കാതെ പ്രണയത്തെ യാഥാർഥ്യങ്ങളുടെ ചുറ്റുപാടുകളിലേക്കിറക്കിവിട്ട സംവിധായകൻ തന്റെ സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം കൂടുതൽ വ്യക്തമാക്കി. അതിനോടു യോജിക്കുന്നവർക്ക് കിസ്മത്ത് മികച്ച അനുഭവമായിരിക്കും.

Your Rating: