Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎൽ 10 എന്ന 8-ന്റെ പരീക്ഷണം

Follow Facebook
kl10-1

കെ എൽ 10 ഒരു പരീക്ഷണ സിനിമയാണ്. ഒരു പ്രണയകഥയെ വ്യത്യസ്തമായി അവതരിപ്പിക്കാനുള്ള ശ്രമം. ക്യാമറയ്ക്ക് മുന്നിലും പിന്നിലും യുവതലമുറ അണി നിരന്ന ഇൗ ചിത്രം ഏറ്റെടുക്കണോ വേണ്ടയോ എന്ന് പ്രേക്ഷകന് തീരുമാനിക്കാം.

പുതുമുഖ സംവിധായകനായ മുഹ്സിൻ പരാരി തന്റെ ആദ്യ സിനിമയ്ക്കായി തിരഞ്ഞെടുത്തത് ഒരു സാധാരണ പ്രണയകഥയാണെങ്കിലും അത് വെറുമൊരു ക്ലീഷെ ആവാതിരിക്കാൻ ആവുന്ന വിധം ശ്രമിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ വിവരണത്തിന്റെ അകമ്പടിയോടെയാണ് ഇൗ ഫുട്ബോൾ-സൗഹൃദ-പ്രണയകഥ വികസിക്കുന്നത്.

അഗ്യൂറോയുടെയും ഒാസിലിന്റെയും റോബന്റെയും ജഴ്സികളിട്ട കഥാപാത്രങ്ങൾ സിനിമയിലുടനീളം. നായകന്റെ ജീവിതാനുഭവങ്ങളെ ഫുട്ബോളിനോട് ചേർത്തവതരിപ്പിക്കുന്നു. നാട്ടുംപുറത്തെ താര ലേലം. പേരിനു ചില കളികൾ. മൊത്തത്തിൽ ഒരു ഫുട്ബോൾ ആവേശം ചിത്രത്തിൽ കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് തീരെ തണുപ്പനായി പോകുന്നു.

ക്ലൈമാക്സിലെ ഫുട്ബോൾ മത്സരം പ്രേക്ഷകനിൽ ഒരു തരി ആവേശം പോലും ഉയർത്തില്ല. നെവർ ബാക്ക് ഡൗൺ, ചക്ദേ ഇന്ത്യ തുടങ്ങി ഇങ്ങ് മലയാളത്തിലെ മഹാസമുദ്രവും 1983-യും വരെയുള്ള സിനിമകൾ ഉയർത്തുന്ന മത്സരാവേശവും ഒാളവും പ്രേക്ഷകനിൽ ഉയർത്താൻ കെ എൽ 10-നായില്ല. കെ എൽ 10 ആ ഗണത്തിൽ പെടുന്ന സിനിമയല്ലെങ്കിൽ കൂടി അത്തരം സീനുകളോട് നീതി പുലർത്തേണ്ടതായിരുന്നു.

എടുത്തു പറയേണ്ടത് ഇൗ ചിത്രത്തിന്റെ ഛായാഗ്രഹണമാണ്. വിഷ്ണു നാരായൺ വളരെ ഭംഗിയോടെ കാഴ്ചകൾ ഒപ്പിയെടുത്തിരിക്കുന്നു. പ്രത്യേകിച്ച് കാറിലെ സീനുകളും മറ്റും വളരെ വ്യത്യസ്തമായി കൃത്രിമത്വം ഒട്ടും തോന്നിക്കാത്ത വിധം ചെയ്തിരിക്കുന്നു. ആ കാഴ്ചകളാണ് സിനിമയെ പ്രക്ഷകനിലേക്ക് ചേർത്തു പിടിക്കുന്നതും.

അഭിനയനിരയുടെ കാര്യമെടുത്താൽ നായകനായ ഉണ്ണി മുകുന്ദന് സ്ഥിരം കഥാപാത്രങ്ങളിൽ നിന്നുള്ള മോചനമാണ് ഇതിലെ വേഷം. നായികയായെത്തിയ ചാന്ദ്നി ശ്രീധരൻ ഒത്ത മൊഞ്ചത്തി നായികയായി. അജു വർഗീസ്, നീരജ് മാധവ്, അനീഷ് ജി മേനോൻ, മാമുക്കോയ, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.

കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന തിരക്കഥയാണ് ചിത്രത്തിന്റേത്. നേരത്തെ പറഞ്ഞ വ്യത്യസ്തതയ്ക്കു വേണ്ടി ഒരു പക്ഷേ അങ്ങനെ എഴുതിയതുമാവാം. ഫ്ലാഷ്ബാക്കും അതിന്റെ ഫ്ലാഷ്ബാക്കും എല്ലാം കൂടി ചേർന്ന് പ്രേക്ഷകന്റെ ചിന്താശേഷി പരീക്ഷിക്കും. എന്നാൽ ഒടുവിലെത്തുമ്പോൾ ഇൗ കുഴച്ചിലുകൾ ഒരു പരിധി വരെ ഇല്ലാതാക്കൻ കഴിഞ്ഞുവെന്നതും പറയേണ്ടതുണ്ട്.

kl-10

ടീസറും ട്രെയിലറും പോലെ വളരെ പതിയെയാണ് സിനിമയും മുന്നോട്ട് പോവുന്നത്. തുടക്കത്തിൽ ഇൗ മെല്ലപ്പോക്ക് സിനിമയെ അധികം ബാധിക്കുന്നില്ലെങ്കിലും രണ്ടാം പകുതിയിൽ ഇൗ ഇഴച്ചിൽ പ്രേക്ഷകന് വല്ലാതെ അനുഭവപ്പെടും. തൃശൂർ സ്ലാംഗ് പോലെ അത്ര ജനകീയമല്ലാത്ത മലബാർ ഭാഷ ഉപയോഗിച്ചതും വിനയായി.

കെ എൽ 10 സിനിമയുണ്ടാക്കാൻ വേണ്ടി എടുത്ത സിനിമയൊന്നുമല്ല. വ്യത്യസ്തമായ ഒരു ചിത്രത്തിനായുള്ള കഠിന ശ്രമത്തിന്റെ ഫലമാണ്. ആ ശ്രമത്തിന് അർഹിക്കുന്ന ബഹുമാനം കൊടുക്കുമ്പോൾ തന്നെ അത് എത്രത്തോളം ആസ്വാദകന് രസിക്കും എന്നതിൽ സംശയവുമുണ്ട്. ചിത്രത്തിൽ പറയുന്ന പോലെ ഇതിന്റെ അന്തർധാര കാണുന്നവർക്ക് മനസ്സിലാവണുണ്ടോ ആവോ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.