Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശം തൊടുന്ന കുഞ്ഞിഷ്ടങ്ങൾ; റിവ്യു

kpac-movie

ആർക്കാണ് ആഗ്രഹങ്ങളില്ലാത്തത്? ചിലപ്പോളതൊരു കുപ്പായത്തിനു വേണ്ടിയാകാം, ഒരു അപ്പൂപ്പൻ താടിക്കോ കടൽചിപ്പിക്കോ സൈക്കിളിനോ കളർ പെൻസിലിനോ വേണ്ടിയാകാം. എന്തുതന്നെയായാലും ആ ആഗ്രഹം തീവ്രമാണെങ്കിൽ അതു യാഥാർഥ്യമാക്കുവാൻ ലോകം മുഴുവന്‍ നമുക്കൊപ്പം നിൽക്കും; നമ്മുടെ പൗലോ കൊയ്‍ലോ പറഞ്ഞതു പോലെ.

ലോകത്തെ സ്വാധീനിച്ച മനോഹരമായ ചിന്തകളിൽ ചിലതു പങ്കുവച്ച ഈ ബ്രസീലിയൻ എഴുത്തുകാരന്റെ പേരു കൂട്ടിയുള്ള സിനിമയുടെ കഥാതന്തു ബന്ധിക്കപ്പെട്ടിരിക്കുന്നതും അത്തരമൊരു ആഗ്രഹത്തിലാണ്. ഒരു കുട്ടിയുടെ കുഞ്ഞു മോഹത്തിനൊപ്പം നടക്കുന്ന നന്മയുള്ള കുറേ മനുഷ്യരുടെ കഥ പറയുന്ന, യാഥാർഥ്യ തലങ്ങളുള്ള സിനിമ. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‍ലോ’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രം പറയുന്നത് അക്കഥയാണ്.

Kunchacko Boban | Exclusive Interview | I Me Myself | Manorama Online

ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തിലാണ് കൊച്ചൗവ എന്നു വിളിപ്പേരുള്ള അജയന്റെയും അപ്പു എന്ന അയ്യപ്പയുടെയും വീട്. അപ്പുവിനു ജീവിതത്തിൽ വലിയൊരു ആഗ്രഹമുണ്ട്. സൈക്കിളോ പുത്തനുടുപ്പോ വേണമെന്നല്ല, കക്ഷിക്കു വിമാനത്തിൽ കയറണം. ഈ ആഗ്രഹവും മനസ്സിൽ സൂക്ഷിച്ചാണ് അപ്പുവിന്റെ നടപ്പ്.

kpac-songs.jpg.image.784.410

പ്രയാഭേദമന്യേ നാട്ടിലുള്ള എല്ലാവരെയും സഹായിച്ചു നടപ്പാണ് കൊച്ചൗവയുടെ ജോലി. അതിനിടെ സ്വന്തം ജീവിതം കെട്ടിപ്പൊക്കാനൊന്നും കൊച്ചൗവയ്ക്കു യാതൊരു ആഗ്രഹവുമില്ല. സഹായം തേടി എത്തുന്നവരോട് ഒരു കാര്യം മാത്രം കൊച്ചൗവ എപ്പോഴും പറയും; പൗലോ കൊയ്‌ലോയെയും അദ്ദേഹത്തിന്റെ നോവലായ ആൽക്കമിസ്റ്റിനെയും പറ്റി. മനസ്സിൽ ഒരാഗ്രഹം തോന്നിയാൽ, അതു സത്യസന്ധമാണെങ്കിൽ, അതു സാധിച്ചു തരാൻ ഈ ലോകം മുഴുവൻ കൂടെ നിൽക്കുമെന്നാണു കൊച്ചൗവ പറയുന്നത്.

അങ്ങനെയിരിക്കെ ഗൾഫിലുള്ള അച്ഛനെ കാണാന്‍ അമ്മയ്ക്കും ചേട്ടനും അപ്പുവിനും ഒരവസരം വരുന്നു. കപ്പലിലാണു ഗൾഫിൽ പോകുന്നതെന്ന ധാരണയോടെ ഇരുന്ന അപ്പു, യാത്ര വിമാനത്തിലാണെന്ന് അറിഞ്ഞതോടെ തുള്ളിച്ചാടാൻ തുടങ്ങി. എന്നാൽ അപ്പുവിന് ആ യാത്ര പോകാനായില്ല. അതോടെ വിമാനയാത്ര ആഗ്രഹമായി അവശേഷിക്കുന്നു.

kpac-movie-1

അപ്പോഴും പ്രതീക്ഷ കൈവിടാൻ അപ്പു തയാറായിരുന്നില്ല. തന്റെ വലിയ ആഗ്രഹത്തിനൊപ്പം നിൽക്കാനും പിന്തുണയ്ക്കാനും അപ്പുവിനു കൂട്ടായി കൊച്ചൗവയും എത്തുന്നതോടെ അവന്റെ ജീവിതം തന്നെ മാറിമറിയുകയാണ്. വെല്ലുവിളികൾ എത്രയുണ്ടായാലും നിശ്ചയദാർഢ്യവും പ്രയത്നവും കൊണ്ടു വേണമെങ്കിൽ എന്തും നേടാം എന്ന സന്ദേശം കൂടി സിനിമയിലുണ്ട്.

101 ചോദ്യങ്ങൾ എന്ന ചിത്രത്തിനു ശേഷം ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാർഥ് ശിവ ഒരുക്കിയ കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ മികച്ച ചിത്രം തന്നെയാണ്. ലളിതമായ കഥയും കഥപറച്ചിലും; അതേസമയം ചിന്തിപ്പിക്കുന്നതും പ്രചോദനമേകുന്നതും. ഉള്ളിൽ തട്ടുന്ന രംഗങ്ങളും അർഥവത്തായ സംഭാഷണങ്ങളുമുള്ള ചിത്രം കുടുംബബന്ധങ്ങളുടെ തീവ്രത മനോഹരമായി അവതരിപ്പിക്കുന്നു. ആദ്യ പകുതിക്ക് അൽപം വേഗക്കുറവുണ്ടെങ്കിലും രണ്ടാം പകുതിയിൽ സിനിമയ്ക്കു കൂടുതൽ കരുത്തുവരുന്നു. കഥയും തിരക്കഥയും സംവിധായകന്റേതു തന്നെയാണ്. തിരക്കഥയിൽ കുറച്ചുകൂടി ഒതുക്കം വരുത്താമെന്നു തോന്നി. സിനിമയുടെ ദൈർഘ്യവും ഒരു പോരായ്മയാണ്.

രുദ്രാക്ഷ് എന്ന കൊച്ചുകുട്ടിയുടെ പ്രകടനമാണ് ഈ സിനിമയുടെ നട്ടെല്ലെന്നു പറയാം. ആദ്യ ചിത്രമായിട്ടും വളരെ അനുഭവപരിചയമുള്ള അഭിനേതാവിനെപ്പോലെയാണ് രുദ്രാക്ഷിന്റെ പ്രകടനം. തനി നാട്ടിൻപുറത്തുകാരനായ കൊച്ചൗവയായി ചാക്കോച്ചനും തിളങ്ങി. നെടുമുടി വേണു, കെപിഎസി ലളിത, അനുശ്രീ, മണിയൻ പിള്ള രാജു, മുത്തുമണി, ഇർഷാദ്, സുധീഷ്, അജു, അമ്പിളിയായി എത്തിയ അബനി ആദി, മറ്റു കുട്ടിത്താരങ്ങൾ തുടങ്ങിവരെല്ലാം തങ്ങളുടെ വേഷം മികച്ചതാക്കി.

kpac-song.jpg.image.784.410

ഷാൻ റഹ്മാനും സൂരജ് കുറുപ്പും ചേർന്നൊരുക്കിയിരിക്കുന്ന സംഗീതം സിനിമയോട് ഇഴചേർന്നു നിൽക്കുന്നു. ഗ്രാമീണഭംഗി അതിമനോഹരമായി ക്യാമറയിലാക്കിയ നീൽ ഡിക്കുഞ്ഞയുടെ ഛായാഗ്രഹണ മികവ് എടുത്തുപറയേണ്ടതാണ്. കുഞ്ചാക്കോ ബോബന്റെ എഴുപത്തിയഞ്ചാം ചിത്രം, മുപ്പതു വർഷത്തിനു ശേഷം മടങ്ങിയെത്തുന്ന ഉദയയുടെ എൺപത്തിയേഴാമത്തെ സിനിമ അങ്ങനെ ഏറെ പ്രത്യേകതകളുണ്ട് കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോയ്ക്ക്. കേട്ടിരിക്കുവാൻ കൗതുകവും ഇഷ്ടവും തോന്നുന്നൊരു കുഞ്ഞു പ്രമേയത്തോടൊപ്പം നടന്ന ചാക്കോച്ചൻ ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ ഏറ്റെടുത്ത ധൈര്യത്തെ പ്രശംസിച്ചേ മതിയാവൂ.
 

Your Rating: