Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിസ്റ്റുകളുടെ കോഹിനൂർ

kohinoor-movie-review

പ്രേക്ഷകനെ അധികം രസിപ്പിക്കാത്ത ആദ്യ പകുതിയും ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നമായ രണ്ടാം പകുതിയും ചേർ‌ന്ന കാണാൻ കൊള്ളാവുന്ന സിനിമയാണ് കോഹിനൂർ. തുടക്കം ചെറുതായി മടുപ്പിക്കുമെങ്കിലും ഇടവേളയ്ക്ക് ശേഷം പ്രേക്ഷകനെ കയ്യിലെടുക്കുന്ന ചിത്രത്തെ അടുത്തിറങ്ങിയ കൊള്ളാവുന്ന ത്രില്ലർ സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുത്താം.

1988-ൽ നടക്കുന്ന കുറച്ച് സംഭവവികാസങ്ങൾ. തട്ടിപ്പും വെട്ടിപ്പുമൊക്കെയായി നടക്കുന്ന കുറച്ചാളുകൾ. അവർ ചേരിതിരിഞ്ഞ് ഒരു ദൗത്യം ഏറ്റെടുക്കുന്നു. ഒടുവിൽ വിജയം ആർക്ക് ? കോഹിനൂരിന്റെ രത്നച്ചുരുക്കം ഇതാണ്.

ഇക്കാലത്ത് അണിയറക്കാരുടെ ക്രിയേറ്റിവിറ്റി ഏറ്റവും കൂടുതൽ പ്രകടമാകുന്നത് സിനിമയുടെ ടൈറ്റിൽ കാർഡുകളിലാണ്. അക്കൂട്ടത്തിൽ പെട്ട മികച്ചതും വ്യത്യസ്തവുമായ ടൈറ്റിലിനു ശേഷം സിനിമയെത്തുന്നത് കുറെ കള്ളന്മാരുടെ ഇടയിലേക്കാണ്. കള്ളന്മാരെന്ന് ആരെയും സംബോധന ചെയ്യുന്നില്ലെങ്കിലും അങ്ങനെയാണെന്ന് പ്രേക്ഷകൻ മനസ്സിലാക്കണം.

asif-ali-kohinoor

ഇവർക്കിടയിലേക്ക് ഒരു പെരുങ്കള്ളൻ കൂടി എത്തുന്നതോടെ അലസരായി പല വഴിക്ക് നടന്ന ഇവർക്ക് ഒരു ലക്ഷ്യമുണ്ടാകുന്നു. കളവിലേക്ക് സിനിമയെ നേരിട്ട് കയറ്റി വിടാതിരിക്കാനാവണം കുറച്ച് കോമഡിയും റോമാൻസും ഒക്കെ ചേർത്ത് ഒരു അടിസ്ഥാന ശില ആദ്യ പകുതിയിൽ ഒരുക്കാൻ അണിയറക്കാർ ശ്രമിച്ചത്. എന്നാൽ അത് പൂർണമായി വിജയിച്ചില്ല.

അതിന്റെ ക്ഷീണം തീർക്കാനുതുകന്ന തരത്തിൽ ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞതാണ് ചിത്രത്തിന്റെ രണ്ടാം പകുതി. സിബിഐ ചിത്രങ്ങൾ മുതൽ ട്വിസ്റ്റുകളും ട്വസ്റ്റുകളുടെ ട്വിസ്റ്റും കണ്ടു മടുത്ത മലയാളി പ്രേക്ഷകന് പക്ഷേ കൊഹിനൂരിലെ ട്വിസ്റ്റുകൾ അത്ര ബോറായി തോന്നില്ല. എന്നിരുന്നാലും ലോജിക്കില്ലാത്ത പല സന്ദർഭങ്ങളും ചിത്രത്തിലുണ്ട്. മൂന്ന് ഷട്ടറുകളുള്ള ഒരു തുണിക്കടയുടെ പിന്നിൽ കുളിമുറിയുടെ അത്ര പോലും ബലമില്ലാത്ത വാതിൽ വച്ചിരിക്കുന്നതിലെ യുക്തി ദഹിക്കുന്നതല്ല. എന്നിരുന്നാലും ചിന്തിച്ച് കാടുകയറാനല്ല നാം സിനിമ കാണുന്നത് എന്ന വസ്തുത മനസ്സിൽ വച്ചാൽ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാവുന്നതേയുള്ളു.

aparna-kohinoor

നായകനായെത്തിയ ആസിഫ് അലി തന്റെ അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. പ്രതിനായകനായെത്തിയ ഇന്ദ്രജിത്തും, വിനയ് ഫോർട്ടും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ചിരി പടർത്തുന്നതിൽ തന്റെ മുൻ സിനിമകളിലെപ്പോലെ ചെമ്പന് വിജയിക്കാനായില്ല. മാത്രമല്ല കള്ളൻ കഥാപാത്രങ്ങളിൽ സ്വയം തളച്ചിടപ്പെടാതിരിക്കാൻ അദ്ദേഹം ഇനി ശ്രദ്ധക്കണമെന്ന് പ്രേക്ഷകര് പറഞ്ഞേക്കാം. അജു വർഗീസ് പതിവു പോലെ ഇൗ ചിത്രത്തിലും തന്റെ റോൾ ഭംഗിയാക്കി.

vinay-aju

രാഹുൽ രാജിന്റെ പാട്ടുകൾ മികച്ചു നിന്നു. പശ്ചാത്തല സംഗീതവും സിനിമയ്ക്ക് യോജിച്ചതായി. ചിലയിടങ്ങളിലെ പ്രതീഷിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ കോഹിനൂർ ഒരു ഫീൽ ഗുഡ് സിനിമയോ കോമഡി എന്റെർടെയിനറോ എന്നല്ല പറയേണ്ടത്. ‌മറിച്ച് ഇത് സസ്പെൻസുകൾ നിറഞ്ഞ ഒരു ത്രില്ലർ സിനിമയാണ്. അത്തരം സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ തീർച്ചയായും കയ്യിലെടുക്കാനും ഇൗ ചിത്രത്തിനു കഴിയും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.