Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയെപ്പറ്റി ഒരു കുമ്പസാരം

സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം പാപിയായി രൂപന്താരപ്പെടുന്ന ഒരു നിസഹായനായ മനുഷ്യന്‍റെ കഥയാണ് അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത കുമ്പസാരം എന്ന ചിത്രം പറയുന്നത്. നിസഹായനായ പിതാവിന്‍റെയും പാപിയായ മനുഷ്യന്‍റെയും ഉള്‍പെരുക്കങ്ങളെ തീവ്രത നഷ്ടപ്പെടാതെ സ്ക്രീനിലേക്ക് പകര്‍ത്തിയ ജയസൂര്യയുടെ ഓട്ടോഡ്രൈവര്‍ ആല്‍ബി എന്ന കഥാപാത്രമാണ് ചിത്രത്തിന്‍റെ കരുത്ത്. ഇതിനെ വിശ്വസിനീയമായ രീതിയില്‍ അവതരിപ്പിക്കാനും സംവിധായകനു കഴിയുന്നുണ്ട്.

ആദ്യപകുതി ഒരു പരിധിവരെ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകളെ കാക്കുന്നുമുണ്ട്. മിശ്രവിവാഹിതരായ ദമ്പതികളുടെ ജീവിതത്തിലേക്കു മകന്‍റെ രോഗത്തിന്‍റെ രൂപത്തില്‍ ദുരിതങ്ങള്‍ കടന്നുവരുന്നു. ദുരിതകള്‍ തുടര്‍ക്കഥയാകുമ്പോള്‍ വിധിക്കു മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വരുന്നു അവര്‍ക്ക്. മകന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ സ്വന്തം അഭിമാനവും ജീവനും വരെ ബലികൊടുക്കാന്‍ അവര്‍ തയ്യാറാകുന്നു. ഈ മരണപാച്ചിലിനിടെ ആല്‍ബി എത്തിപ്പെടുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അപ്പോത്തിക്കിരിക്കു ശേഷം നിസഹായനും സാധാരണക്കാരനുമായ ഒരുവന്‍റെ ശരീരഭാഷക്കു ഒരിക്കല്‍കൂടി പൂര്‍ണത നല്‍കാന്‍ ജയസൂര്യക്കു കഴിയുന്നു.

ജയസൂര്യയുടെ മകന്‍ ജെറിയായി വേഷമിട്ട മാസ്റ്റര്‍ ആകാശ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ദൈവത്തിന് ജെറി എഴുതുന്ന കത്തുകള്‍ കഥാഗതിയില്‍ ഹൃദ്യമായി ഉപയോഗിച്ചിട്ടുണ്ട്. റസൂലിനെ അവതരിപ്പിച്ച മാസ്റ്റര്‍ ഗൗരവും കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നുണ്ട്. എന്നാല്‍ പലപ്പോഴും മറ്റു ബാലതാരങ്ങളില്‍ നിന്ന് സ്വാഭവികമായ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Kumbasaaram Movie Trailer

സക്കറിയുടെ ഗര്‍ഭിണികളില്‍ അതിഥിതാരമായി എത്തിയ ഷാനാവാസ് ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ നിറഞ്ഞ സാന്നിധ്യമാകുന്നു. ടിനി ടോം, വിനീത്, പ്രിയങ്ക എന്നിവരും ചെറുതെങ്കിലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് ഹണി റോസിനു മോചനം നല്‍കുന്നു മീരയുടെ അമ്മ വേഷം. ക്യാമറമാന്‍ ആല്‍ബിയുടെ ഫ്രെയിമുകള്‍ ചിത്രത്തിനു കൂടുതല്‍ ജീവന്‍ പകരുന്നു. ഓട്ടോ ട്യൂണ്‍ ചെയ്ത പോലെ അനുഭവപ്പെടുന്ന വിഷ്ണു മോഹന്‍സിത്താരയുടെ ഗാനങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. അതേസമയം പശ്ചാത്തല സംഗീതത്തില്‍ വിഷ്ണു ഈ കുറവ് ഒരുപരിധി വരെ മറികടക്കുന്നു.

പ്രശ്നങ്ങളില്‍ നിന്ന് കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങളിലേക്ക് എത്തപ്പെടുമ്പോള്‍ ആല്‍ബിയുടെ താളം തെറ്റുന്നു. ഇവിടെ സിനിമയുടെയും താളം തെറ്റുന്നു. സക്കറിയുടെ ഗര്‍ഭിണികളില്‍ പുലര്‍ത്തിയ കയ്യടക്കം ഈ ചിത്രത്തില്‍ കാണാനാകില്ല. രണ്ടാംപകുതിയില്‍ അവിശ്വസിനീയവും പ്രേക്ഷകരുടെ യുക്തി വല്ലാതെ പരീക്ഷിക്കുകയും ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

Kumbasaaram

സങ്കീര്‍ണതയില്‍ നിന്ന് സങ്കീര്‍ണതയിലേക്ക് കടന്ന് ഇഴപിരിച്ചെടുക്കാന്‍ ആകാതെ സംവിധായകന്‍ കഷ്ടപ്പെടുമ്പോള്‍ പ്രേക്ഷകരും വിഷമവൃത്തത്തിലാകുന്നു. ഒരു സസ്‍പെന്‍സ് സ്വഭാവം ഉണ്ടെങ്കില്‍കൂടി സിനിമയില്‍ അധികമായ ഇഴച്ചില്‍ അനുഭവപ്പെടുന്നതാണ് പ്രധാനമായ ന്യൂനത. വൈകാരികതയുടെ ആധിക്യം അലോസരപ്പെടുത്തുന്നു.

കുടുംബം, ബന്ധങ്ങള്‍ എന്നിവക്കൊക്കെ ചിത്രം പ്രധാന്യം നല്‍കുന്നുണ്ട്. പാപം, കുമ്പസാരം, നിസഹായത, പ്രതീക്ഷ, നന്മ, തിന്മ എന്നിങ്ങനെ പല ബിംബങ്ങളെയും സിനിമയിലുടനീളം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന സന്ദര്‍ഭങ്ങളും ചിത്രത്തില്‍ കാണാനാകും. ശുഭപര്യവസായി ആയിട്ടാണ് കഥ അവസാനിക്കുന്നത് എന്നതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഗുരുതരമായ പരുക്കുകളില്ല എന്നു മാത്രം. വേഗത കുറഞ്ഞ , സസ്പന്‍സ് നിറഞ്ഞ , തീക്ഷ്ണമായ വൈകാരിക രംഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഒരു കുടുംബ ചിത്രമാണ്‌ കുമ്പസാരം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.