Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്മിണി ‘ചെറിയ’ കുഞ്ഞിരാമായണം

kunji-ramayanam-review

കുഞ്ഞിരാമായണം ഒരു പിള്ളേര് കളി സിനിമയാണ്. ഗൗരവമുള്ള കഥയോ കഥാപാത്രങ്ങളോ ഇല്ലാത്ത വളരെക്കുറച്ച് ‘നല്ല’ തമാശകൾ ഉള്ള സിനിമ. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ലെങ്കിലും യുവാക്കളെ കയ്യിലെടുക്കാൻ വിനീതിനും കൂട്ടുകാർക്കും കഴിഞ്ഞേക്കും.

ദേശം എന്ന ഗ്രാമത്തിന്റെയും അവിടുത്തെ നിഷ്ക്കളങ്കരായ ഗ്രാമവാസികളുടെയും കഥയാണ് സിനിമ. അന്നാട്ടിൽ നടക്കുന്ന ചെറുതും വലുതുമായ സംഭവങ്ങൾ നർമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. അതിൽ പ്രണയവും പ്രതിഷേധവും പകപോക്കലും ഒക്കെ ഉൾപ്പെടും. പക്ഷേ എല്ലാം നർമത്തിൽ ചാലിച്ചാണ് പ്രേക്ഷകനു മുന്നിലെത്തുന്നതെന്നു മാത്രം.

srindha-vineeth

ട്രെയിലറും പോസ്റ്ററുകളും കുഞ്ഞിരാമായണം ഒരു വ്യത്യസ്ത സിനിമയായിരിക്കുമെന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. പക്ഷേ കോസ്റ്റ്യൂമിലും മേക്കപ്പിലും ആർട്ടിലും മാത്രമായി ആ വ്യത്യസ്തത ഒതുങ്ങി എന്നു പറയുന്നതാവും ശരി. രചനാപരമായി യാതൊരു മേന്മയും എടുത്തു പറയാനില്ലെങ്കിലും ബേസിൽ ജോസഫ് എന്ന നവാഗത സംവിധായകന്റെ ട്രീറ്റ്മെന്റാണ് സിനിമയെ പ്രേക്ഷകരിലേക്കടുപ്പിക്കുന്നത്. ചില രംഗങ്ങൾ ചിറകൊടിഞ്ഞ കിനാവുകളെയും ഒാർമപ്പെടുത്തും.

നല്ല തമാശകളുടെ മേമ്പൊടിയോടെയാണ് സിനിമ തുടങ്ങുന്നത്. ഇടയ്ക്കെപ്പോഴോ ആ നർമം കൈമോശം വന്ന് വഴി മാറി സഞ്ചരിക്കുന്ന ചിത്രത്തെ ഒടുക്കം വല്യ കേടുപാടുകൾ കൂടാതെ അണിയറക്കാർ നന്നായി അവസാനിപ്പിക്കുന്നു. സൽസാ ഗാനം ഉൾപ്പടെയുള്ള പാട്ടുകൾ മികച്ചതായിരുന്നു. പക്ഷേ പല സീനുകളിലും പശ്ചാത്തല സംഗീതത്തിന്റെ കുറവ് പ്രേക്ഷകന് അനുഭവപ്പെടും. ‌പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളിലും മറ്റും പശ്ചാത്തല സംഗീതത്തിന്റെ അഭാവം നന്നായി അനുഭവപ്പെടുന്നു.

dhyan-aju-neeraj

കുഞ്ഞിരാമായണത്തിലെ നായകനാരാണെന്ന് സിനിമയ്ക്കുള്ളിൽ തന്നെ തർക്കമുണ്ടെങ്കിലും അജു വർഗീസാണ് മികച്ചു നിന്നത്. ഒപ്പം ധ്യാൻ ശ്രീനിവാസനും. ഇവരാണ് പല ഘട്ടത്തിലും ചിത്രം മുന്നോട്ട് കൊണ്ട് പോകുന്നത് പോലും. വിനീത് ശ്രീനിവാസന് 80-കളിലെ ശ്രീനിവാസന്റെ കെട്ടും മട്ടും നൽകിയിട്ടുണ്ട്. നീരജ് മാധവ്, മാമുക്കോയ, ദീപക് പറമ്പോൽ, സ്രിന്ദ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു.

ഗൗരവമുള്ള പ്രമേയമൊന്നുമല്ലെങ്കിലും കുഞ്ഞിരാമായണം സിനിമയെ ഗൗരവത്തോടെ കാണുന്നവരുടെ സൃഷ്ടി തന്നെയാണ്. കലാമൂല്യത്തോടെ അത്യാവശ്യം കച്ചവട സാധ്യതകൾ ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കലും മികച്ച കഥാതന്തുവിന്റെ അഭാവം സിനിമയെ പിന്നോട്ട് വലിക്കും. നവാഗതരുടെ സൃഷ്ടയിയെന്ന നിലയിൽ കുഞ്ഞിരാമായണം ശ്രദ്ധിക്കപ്പെടേണ്ടതാണ് അഭിനന്ദനമർഹിക്കുന്നതുമാണ്. പക്ഷേ സംവിധായകൻ ആരായാലും സിനിമ നന്നായാൽ മതിയെന്ന മനോഭാവത്തോടെ എത്തുന്നവരെ എല്ലാ രീതിയിലും തൃപ്തിപ്പെടുത്താൻ ഇൗ ചിത്രത്തിന് കഴിഞ്ഞെന്നു വരില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.