Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിയപ്പന്റെ ‘ലീലാ’വിലാസങ്ങൾ

leela-review

മലയാള സിനിമയുടെ നേർവഴിയിലൂടെ മാത്രമല്ല, ഇടവഴികളിൽ കൂടി സഞ്ചരിച്ചുള്ള ചലച്ചിത്രാവിഷ്കാരത്തിന്റെ പൊളിച്ചെഴുത്താണ് ലീല. ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥ വായിച്ചവന്റെ ചിന്തയെ കുത്തിനോവിച്ച കൊമ്പനെ, വെള്ളിത്തിരയിൽ കാണുമ്പോളും ആക്രമണവീര്യം ഒട്ടും വിടുന്നില്ല. കണ്ടിരിക്കുന്നവന്റെ ചിന്തയെയും ആവിഷ്കാരത്തോടുള്ള മുൻധാരണകളെയും അവൻ ചുഴറ്റിയെറിയുന്നുവെന്ന് നിസംശയം പറയാം.

‘ലീല’. മലയാള സിനിമാപ്രേമികൾ ഇത്രത്തോളം അക്ഷമയോടെ കാത്തിരുന്ന ചിത്രം അടുത്തുണ്ടായിട്ടില്ല. കോട്ടയം കുടമാളൂര്‍ സ്വദേശിയായ മുറിയാനിക്കൽ കുട്ടിയപ്പൻ. ‘ഹിന്ദുക്കൾ പിതാവിനെ അച്ഛനെന്നും ക്രിസ്ത്യാനികൾ അപ്പനെന്നുമാണ് വിളിക്കുന്നത്. ഗുരുവായൂരപ്പൻ, ഏറ്റുമാനൂരപ്പൻ, തൃക്കാക്കരയപ്പൻ, വൈക്കത്തപ്പൻ ഇങ്ങനെയാണല്ലോ ഹൈന്ദവദൈവങ്ങളെ വിളിക്കുക. അപ്പോൾ ഇതാണ് ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള അഭേദ്യബന്ധം, കേട്ടോ പിള്ളേച്ചാ.’ ഇതാണ് കുട്ടിയപ്പൻ.

VATTOLAM VANIYARE | LEELA Movie Song

രാവിലെ കട്ടൻചായ കൊണ്ടുവരുന്ന ഏലിയാമ്മ ചേട്ടത്തിക്ക് കോണിപ്പടിയ്ക്ക് പകരം ഏണി കൊടുത്ത കക്ഷിയാണ്. ഈ വക വട്ടൻ സ്വഭാവങ്ങളും വിചിത്രമായ ചിന്താഗതികൾക്കും ഉടമയാണ് കുട്ടിയപ്പൻ. മറ്റുള്ളവർക്ക് ഭ്രാന്തായി തോന്നുന്ന കുട്ടിയപ്പന്റെ ആഗ്രഹങ്ങളുടെ ആവിഷ്കാരമാണ് രഞ്ജിത്തിന്റെ ലീല.

കുട്ടിയപ്പന് സൈലൻസ് ഒരു സാത്താനാണ്. വയലൻസ് കക്ഷിയുടെ മാനിഫെസ്റ്റോയിലെ ഇല്ല. ഏറ്റവുമിഷ്ടം സ്ത്രീകളെയും. ഇങ്ങനെയുള്ള കുട്ടിയപ്പന്റെ തലയിൽ ഉദിക്കുന്ന ഭ്രാന്തൻ മോഹത്തിന് പിന്നാലെയുള്ള യാത്രയാണ് ലീല.

ആദ്യമായി മറ്റൊരാളുടെ തിരക്കഥയിൽ രഞ്‌ജിത്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രമാണ് ലീല. ഉണ്ണി ആർ രചിച്ച, 'ലീല' എന്ന ചെറുകഥയുടെ പുനരാഖ്യാനമാണ് ലീല‌. അക്ഷരങ്ങള്‍ ഫ്രയിമുകളാകുന്നത് ചിന്തിക്കുമ്പോള്‍ എളുപ്പമുള്ള സംഗതിയാണ്. പ്രത്യക്ഷത്തില്‍ പ്രയാസവും. എന്നാൽ മനോഹരമായ ഈ ചെറുകഥയെ വർത്തമാനകാലത്തെ സ്ഥിതിവിശേഷങ്ങളോട് ബന്ധപ്പെടുത്തി രഞ്ജിത് കഥയോട് മാത്രമല്ല പ്രേക്ഷകനോടും നീതിപുലർത്തി.

ranjith-leela

കുട്ടിയപ്പനെന്ന കഥാപാത്രത്തെയും അദ്ദേഹത്തിന്റെ വട്ടൻ രീതികളെയും ആദ്യ പകുതിയിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന സംവിധായകൻ രണ്ടാം പകുതിയിൽ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കുന്നു.

ഇങ്ങനെ പറഞ്ഞാൽ, അങ്ങനെ ചെയ്താൽ മറ്റുള്ളവർ എന്തുവിചാരിക്കുമെന്ന സദാചാരചിന്തകളുടെ പൊളിച്ചെഴുത്താണ് ഈ ചിത്രം. കഥയെ തിരക്കഥയാക്കിയപ്പോൾ തന്റെ എഴുത്തിൽ അതേ തീവ്രത നിലനിർത്താൻ ഉണ്ണി ആറിന് സാധിച്ചു. കുട്ടിയപ്പനിലൂടെ ഒരു പുരുഷന്റെ ആണധികാരത്തിന്‍റെ പേക്കൂത്തും കടിഞ്ഞാണില്ലാത്തെ ലൈംഗിക ചിന്താബോധവും ലീലയിലൂടെ പെൺകുട്ടിയുടെ നിസഹായാവസ്ഥയും പിള്ളാച്ചനിലൂടെ അച്ഛന്റെ ഭയവും തിരക്കഥാകൃത്ത് പ്രേക്ഷകന് നൽകുന്നു.

leela

കഥാപാത്രങ്ങളുടെ ആവിഷ്‌കാരത്തിലും കഥ കൊണ്ടു പോകുന്ന രീതിയിലും രഞ്ജിത് എന്ന സംവിധായകന്റെ മികവ് ചിത്രത്തിലുടനീളം കാണാനാകും. ഭ്രാന്തൻ ചിന്തകളുടെ കുട്ടിയപ്പനിലേക്ക് സ്വാഭാവിക അഭിനയത്തോടെ ബിജു മേനോൻ വേഷപ്പകർച്ച നടത്തിയപ്പോൾ അത് ആവരണങ്ങളില്ലാത്ത അഭിനയക്കരുത്തിന്റെ തെളിവായി. സങ്കൽപങ്ങളിൽ സഞ്ചരിക്കുന്ന കഥാപാത്രത്തിന് മജ്ജയും മാംസവും വന്നുചേർന്നതുപോലെ.

പെണ്ണിന്റെ നിസഹായാവസ്ഥയെ കൃത്യമായി അവതരിപ്പിക്കാൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി നമ്പ്യാർക്ക് കഴിഞ്ഞു. ‘അച്ഛാ’ എന്ന ഒറ്റ ഡയലോഗ് മാത്രമാണ് ഈ കഥാപാത്രത്തിന് സിനിമയിലുള്ളൂ. വെല്ലുവിളി നിറഞ്ഞ ഈ വേഷം അവതരിപ്പിക്കാൻ പാർവതി കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ.

leela-unni-r

കുട്ടിയപ്പന്റെ സന്തതസഹചാരിയായ പിള്ളാച്ചനെ വിജയരാഘവൻ അതിമനോഹരമാക്കി. വർഷങ്ങൾ നീണ്ട സിനിമാകരിയറിൽ ഓർത്തെടുക്കാൻ മറ്റൊരു വേഷം കൂടി. ശബ്ദത്തിലും രൂപഭാവത്തിലും ചേഷ്ടകളിലും വിജയരാഘവൻ പിള്ളാച്ചനായി മാറി.

ദാസപ്പാപ്പി എന്ന കഥാപാത്രമായി ഇന്ദ്രൻസും പ്രേക്ഷകർക്കൊപ്പം കൂടും. ജഗദീഷിദാണ് ഞെട്ടിക്കുന്ന മറ്റൊരു പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. കരിയറിൽ ആദ്യമായാണ് ജഗദീഷ് ഇത്തരമൊരു വേഷം ചെയ്യുന്നതും. വി.കെ ശ്രീരാമൻ, സുധീർ കരമന, പ്രിയങ്ക, സുരേഷ്‌ കൃഷ്ണ, കൊച്ചുപ്രേമൻ, കവിതാ നായർ, അമ്മച്ചി മാലാഖയായി എത്തിയ മുത്തുമണി തുടങ്ങിയവരും ചെറുതാണെങ്കിലും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

വശ്യതായാര്‍ന്ന ഛായാഗ്രഹണമാണ് മുഖ്യമായ ആകര്‍ഷണം. ചിത്രങ്ങളിലെ ഓരോ ഷോട്ടും, സ്വീകന്‍സും സംവിധായകന്റെ മനസ്സറിഞ്ഞ് ചെയ്യാൻ ഛായാഗ്രാഹകനായ പ്രശാന്ത് രവീന്ദ്രന് കഴിഞ്ഞു. എടുത്തുപറയേണ്ടത് സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ്. വയനാട്ടിൽ നിന്നുള്ള കണ്ണിനു കുളിര്‍മ്മയേകുന്ന അതിമനോഹര രംഗങ്ങള്‍ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ബിജിപാലിന്റെ പശ്ചാത്തലസംഗീതം ചിത്രത്തിന്‍റെ മുതല്‍ കൂട്ടാണ്‌. ക്ലൈമാക്സ് അടുക്കുമ്പോൾ പ്രേക്ഷക മനസ്സിൽ ഭയാനത നിലനിർത്തി കൊണ്ടുപോകാനും ബിജിപാലിന്റെ സംഗീതത്തിന് സാധിച്ചു. ഒരു മണിക്കൂർ നാൽപത് മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. കഥ വായിക്കുന്ന അതേഅനുഭവത്തോടെ സിനിമയെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതിൽ ചിത്രസംയോജകനായ മനോജ് കന്നോത്ത് വഹിച്ച പങ്കും ചെറുതല്ല.

biju-menon-leela

ലീല എന്ന കഥ സിനിമയാക്കാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്. കഥയുടെയും കഥാപാത്രത്തിന്റെയും ഉൾത്തലങ്ങളെ സിനിമയിലും പച്ചയായി അവതരിപ്പിച്ചിരിക്കുന്നു. ഒളിച്ചുവക്കാനും മറച്ചുപിടിക്കാനും ശ്രമിക്കാതെ മലയാളസിനിമയിൽ ഒരുപക്ഷേ ഇത്രയും യാഥാർത്ഥ്യത്തോടെ ആവിഷ്കരിച്ച സിനിമ ഈ അടുത്തകാലത്ത് ഉണ്ടായിട്ട് കാണില്ല. അതുകൊണ്ട് തന്നെ സിനിമയിലെ കുറച്ച് ഭാഗങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരിൽ ഒരുവിഭാഗത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ല. സാധാരണപ്രേക്ഷകന് ദഹിക്കാൻ പാടാണെങ്കിലും കലാപരമായാലും ആവിഷ്കാരപരമായും ഏറെ മുന്നിൽനിൽക്കുന്ന ഈ ചിത്രം നല്ല സിനിമകളെ ഇഷ്പ്പെടുന്നവർ നെഞ്ചോട് ചേർക്കും.

വാൽക്കഷ്ണം: കുട്ടിയപ്പന്‍ പിള്ളാച്ചനോട് ഇടക്കിടെ ചോദിക്കുന്ന ചോദ്യമുണ്ട് ‘കിട്ടിയോ?’. ചോദ്യം പ്രേക്ഷകനോട് കൂടിയാണ്.... ചിലര്‍ക്ക് കിട്ടും !

Your Rating: