Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുകളെ ചൂഴ്ന്നെടുക്കുന്ന ത്രില്ലർ

lens-movie-1

ഒരു ത്രില്ലറാണ് ലെൻസ്. നമ്മിൽ പലരും പലപ്പോഴും പങ്കാളികളാകുന്ന ഒരു കൊടുംകുറ്റകൃത്യത്തിന്റെ പിന്നാമ്പുറത്തേക്കുള്ള യാത്ര. വിർച്വൽ ഉലകത്തിൽ മാനായും മനുഷ്യനായും അപ്പുറത്തു കാത്തിരിക്കുന്നവളുടെ / അവന്റെ ചുണ്ടത്തെ മുത്തമായും നിമിഷാർധം കൊണ്ടു രൂപം മാറുന്ന മാരീചന്മാരുടെ ലീലകളിൽ പിടഞ്ഞുവീഴുന്ന പാവങ്ങളുടെ നിസ്സഹായമായ കരച്ചിലാണ് ലെൻസിന്റെ പശ്ചാത്തലശബ്ദം. ജയപ്രകാശ് രാധാകൃഷ്ണൻ എന്ന ഫിലിംമേക്കറെ അടയാളപ്പെടുത്തുന്ന ഈ ചിത്രം സൈബർജീവികളായ പുതിയ തലമുറ ഉറപ്പായും കാണണം. എൽജെ ഫിലിംസാണ് ലെൻസ് വിതരണത്തിനെടുത്തത്. മികച്ച സിനിമകൾ പ്രേക്ഷകർ കാണാതെപോകരുതെന്ന ലാൽജോസിന്റെ നിർബന്ധം അഭിനന്ദനീയമാണ്.

പ്രണയവും പ്രതികാരവും ആസക്തിയും ഇഴചേരുന്നതാണ് ലെൻസ്. ഭാര്യയെ പറ്റിച്ച് രാത്രി കാമുകിമാരുമായി കള്ളപ്പേരിൽ ചാറ്റ് ചെയ്യുന്നതാണ് അരവിന്ദിന്റെ ലഹരി. സൽമാൻ ബോയ് എന്നാണ് അയാളുടെ ഫേക് ഐഡി. സൽമാൻഖാന്റെ മുഖംമൂടിയുമായി സൈബർസ്പേസിൽ വേട്ടയ്ക്കിറങ്ങുന്ന അരവിന്ദിനെത്തേടി ഒരുദിവസം ഫേസ്ബുക്കിൽ ഒരു പെൺകുട്ടിയുടെ ഫ്രണ്ട്റിക്വസ്റ്റ് എത്തുന്നു. ചാറ്റിനിടെ അതൊരു പുരുഷനാണെന്ന് അയാൾ തിരിച്ചറിയുന്നു.

"Lens" a multi-lingual thriller Movie Trailer

പിൻമാറാനൊരുങ്ങുന്ന അരവിന്ദിനെ അജ്ഞാതൻ ഭീഷണിപ്പെടുത്തുന്നത് തലേരാത്രി കാമുകിയുമായി അയാൾ നടത്തിയ സെക്സ്ചാറ്റിന്റെ വിഡിയോ പരസ്യപ്പെടുത്തുമെന്നുപറഞ്ഞാണ്. അയാൾക്കു വേണ്ടത് ചെറിയൊരു സഹായം മാത്രമാണ്. ആവശ്യം കേട്ട് അരവിന്ദ് ഞെട്ടുന്നു. അത് ഹീനമായൊരു കുറ്റകൃത്യത്തിന്റെ രഹസ്യത്തിലേക്കുള്ള താക്കോലായിരുന്നു. താനൊരു കുരുക്കിലാണെന്നു തിരിച്ചറിയുന്ന അരവിന്ദ് രക്ഷപ്പെടാൻ നടത്തുന്ന ശ്രമവും അജ്ഞാതന്റെ ഐഡന്റിന്റി കണ്ടെത്താനുള്ള അരവിന്ദിന്റെ സുഹൃത്തിന്റെ ശ്രമവുമാണ് സിനിമ.

ഒരൊഴുക്കൻ മട്ടിൽ തുടങ്ങുന്ന സിനിമയുടെ ഇഴകൾ ഇതോടെ മുറുകിത്തുടങ്ങുകയാണ്. പെട്ടെന്നു ജീവിതത്തിലേക്കു കയറിവരുന്ന, ഇതിനുമുൻപ് കണ്ടിട്ടേയില്ലാത്ത ഒരജ്ഞാതന് ഒരാളുടെ ജീവിതത്തിൽ എന്താണുകാര്യം? അയാളെച്ചുറ്റിയുള്ള ദുരൂഹതയുടെ മൂടൽമഞ്ഞ് മെല്ലെ മാഞ്ഞുതുടങ്ങുന്നതോടെ കഥാപാത്രങ്ങളനുഭവിക്കുന്ന വൈകാരികസംഘർഷം പ്രേക്ഷകനിലേക്കു‌ം പടരുന്നു.

lens-team

മികച്ചൊരു ത്രില്ലറാണ് ലെൻസ്. ആക്‌ഷൻ രംഗങ്ങളോ ചേസോ ഡിറ്റക്ടീവുകളോ ഒന്നുമില്ലാതെ കാണികളുടെ പിരിമുറുക്കം കൂട്ടുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് സംവിധായകന്റെ കയ്യടക്കവും അഭിനേതാക്കളുടെ പ്രകടനവുമാണ്. കുറച്ചു കഥാപാത്രങ്ങൾ മാത്രമേ സിനിമയിലുള്ളൂ. രണ്ടുപേരെച്ചുറ്റിയാണ് കഥ പ്രധാനമായും മുന്നോട്ടുപോകുന്നത്. നായകൻ, വില്ലൻ എന്നിങ്ങനെയുള്ള തരംതിരിവുകളോടെയാണ് ലെൻസ് തുടങ്ങുന്നതെന്ന് ആദ്യമിനിറ്റുകളിൽ തോന്നാമെങ്കിലും പിന്നീടത് തകിടം മറിയുന്നു.

സംവിധായകൻ ജയപ്രകാശ് രാധാകൃഷ്ണൻ, രഞ്ജിത് ശങ്കർ - ദിലീപ് ചിത്രമായ പാസഞ്ചറിലൂടെ മലയാളികൾക്ക് പരിചിതനായ ആനന്ദ്സ്വാമി, മിഷ ഘോഷാൽ, വിനുത ലാൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരും നല്ല പ്രകടനമാണ് നടത്തുന്നത്. ചെന്നൈയിലെ പ്രശസ്ത നാടകസംഘം കൂത്തുപട്ടറൈയിലെ നടനായ ആനന്ദ്സ്വാമിയുടെ അഭിനയമികവ് എടുത്തുപറയാം. പാവം മനുഷ്യനായും ഉന്മാദിയായ ഒരു കുറ്റവാളിയായും അയാൾ സിനിമയിൽ നിറഞ്ഞുനിൽക്കുന്നു.

ചിത്രത്തിന്റെ നിർമാതാവ് ജയപ്രകാശ് രാധാകൃഷ്ണനാണ്. എസ്.ആർ.കതിർ ആണ് ഛായാഗ്രാഹകൻ. അടുത്തകാലത്തിറങ്ങിയ സിനിമകൾക്കിടയിൽ ലെൻസിനെ വേറിട്ടുനിർത്തുന്നത് അതിന്റെ ചോര കിനിയുന്ന സത്യസന്ധതയാണ്. അതുകൊണ്ടുതന്നെ അതു കാണാതെപോകരുത്.
 

Your Rating: