Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിസ്റ്റില്ല എന്നാല്‍ ലൈഫ് ഉണ്ട് ജോസൂട്ടിക്ക്

life-of-josutty-review

സിനിമയുടെ ടാഗ് ലൈന്‍ പോലെ ട്വിസ്റ്റോ സസ്പെന്‍സോ ഒന്നുമില്ലെങ്കിലും തലക്കെട്ടില്‍ പറയുന്നതുപോലെ ജീവിതമുണ്ട്, സുഖവും ദുഖവും നിറഞ്ഞ ജോസുട്ടിയുടെ ജീവിതം മാത്രം....ജോസൂട്ടിയുടെ ജീവിതമാകുന്ന പാഠപുസ്കമാണ് ജീത്തു ജോസഫ് ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ പറയുന്നത്.

കുടുംബപ്രേക്ഷകര്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കാവുന്ന നര്‍മ നിമിഷങ്ങളും തീവ്രമായ വികാരരംഗങ്ങളും സമം ചേര്‍ത്ത് അണിയിച്ചൊരുക്കിയിരിക്കുന്നു. രണ്ടു മണിക്കൂര്‍ 45 മിനിട്ടുള്ള ചിത്രത്തിന്‍റെ ദൈര്‍ഘ്യം ഒരു ഘട്ടത്തിലും പ്രേക്ഷകന്‍റെ ക്ഷമയെ പരീക്ഷിക്കുന്നില്ല. ജോസൂട്ടിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതുപോലുള്ള ഇഴച്ചിലുകള്‍ സിനിമയിലും കാണാനാകും. എന്നാല്‍ തന്നെയും ശുഭപര്യവസാനിയായ ചിത്രം പ്രേക്ഷകനെ പൂര്‍ണമായും തൃപ്തിപ്പെടുത്തും.

ജീവിതത്തെ ഗൗരവപൂര്‍വം കാണുന്ന നിഷ്കളങ്കനായ ഒരാളാണ് ജോസൂട്ടി. ഇടുക്കിയിലെ ഒരു സാധാരണകര്‍ഷക കുടുംബത്തില്‍ ജനിച്ച ജോസൂട്ടിയ്ക്ക് ചെറുപ്പത്തിലേ പള്ളീലച്ചന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ അതിനിടയിലാണ് അയല്‍ക്കാരി ജെസി ജോസൂട്ടിയുടെ ജീവിതത്തിലെത്തുന്നത്. അങ്ങനെ പള്ളീലച്ചനാകാതെ ജെസിയുടെ പിള്ളേരുടെ അച്ഛനാകാന്‍ ജോസൂട്ടി തീരുമാനിക്കുന്നു.

അവിടെയും സാമ്പത്തികം ജോസൂട്ടിയ്ക്ക് തിരിച്ചടിയായി. അങ്ങനെ ജെസി വേറെ വിവാഹം കഴിച്ചു. കുടുംബത്തിലെ കഷ്ടപ്പാടും കടബാധ്യതകളും ജോസൂട്ടിയെ മറ്റൊരു തീരുമാനത്തിലേക്കെത്തിക്കുന്നു. എന്നാല്‍ ആ തീരുമാനം മാറ്റിമറിച്ചത് ജോസൂട്ടിയുടെ ജീവിതം തന്നെയാണ്.

suraj-saju-dileep

ജീവിതം ഒരു പാഠപുസ്തകം പോലെയാണെന്ന് അപ്പന്‍, ജോസൂട്ടിയോട് പറയാറുണ്ട്. എന്നാല്‍ ആ പാഠം എങ്ങനെ പഠിക്കണമെന്ന് മാത്രം അപ്പന്‍ പറഞ്ഞുകൊടുത്തിട്ടില്ല. അങ്ങനെ ജീവിതമാകുന്ന പാഠപുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളും ജോസൂട്ടി മനസ്സിലാക്കുന്നിടത്താണ് പ്രേക്ഷകനും ഈ സിനിമ ഒരു അനുഭവമായി മാറുന്നത്.

പച്ചയായ നര്‍മരംഗങ്ങളിലൂടെ പ്രേക്ഷകനെ ചിരിപ്പിച്ച് കൈയിലെടുത്ത നടനാണ് ദിലീപ്. എന്നാല്‍ ജോസൂട്ടി അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും. ചിരിപ്പിക്കാന്‍ മാത്രമല്ല പ്രേക്ഷകനെ കരയിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് ലൈഫ് ഓഫ് ജോസൂട്ടിയിലൂടെ തെളിയിച്ചു. മികച്ച അഭിനയം തന്നെയാണ് ദിലീപ് സിനിമയില്‍ കാഴ്ചവച്ചിരിക്കുന്നത്. വികാരരംഗങ്ങളില്‍ പ്രേക്ഷകന്‍റെ കണ്ണു നനയ്ക്കുന്ന മുഹൂര്‍ത്തങ്ങള്‍ ദിലീപിന്‍റേതായുണ്ട്.

Jeethu Joseph | I Me Myself | Manorama Online

അച്ഛനോട് സ്നേഹമുള്ള ഏതൊരു മക്കളുടെ കണ്ണും ജോസൂട്ടി കണ്ടാൽ നിറയും. ഒരു അച്ഛനോട് മകനുള്ള വാത്സല്യം, ജീവിതത്തില്‍ അച്ഛന്‍ എന്ന വ്യക്തിയുടെ പ്രാധാന്യം ഇവയെല്ലാം വളരെ മനോഹരമായി സംവിധായകന്‍ ആവിഷ്കരിച്ചിരിക്കുന്നു. ‌ഹരീഷ് പേരാടിയുടെ അച്ഛൻ കഥാപാത്രം ഒരു മക്കളുടെ മനസ്സില്‍ നിന്നും മായില്ല. ജെസിയായി എത്തിയ രചന, ജ്യോതികൃഷ്ണ, കൃഷ്ണപ്രഭ, സുരാജ് വെഞ്ഞാറമൂട്, സാജു നവോദയ, നോബി, ചെമ്പില്‍ അശോകന്‍ ഇവരെല്ലാം തങ്ങളുടെ വേഷം മനോഹരമാക്കി.

hareesh-dileep

ജീത്തു ജോസഫ് എന്ന സംവിധായകന്‍റെ കഴിവ് ഒന്നുകൂടി പ്രകടമാക്കുന്ന മറ്റൊരു ചിത്രം. മെഗാഹിറ്റായിരുന്ന ദൃശ്യം പോലെയോ ഇതിന് മുന്‍പ് ദിലീപുമായി ഒന്നിച്ച മൈ ബോസ് പോലെയോ അല്ല ജോസൂട്ടി. ജീവിതമാകുന്ന യാഥാര്‍ഥ്യത്തെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു ഈ സിനിമയിലൂടെ. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങള്‍ക്കും അതിന്‍റേതായ പ്രാധാന്യം കൊടുത്താണ് തിരക്കഥയും തയാറാക്കിയിരിക്കുന്നത്.

വ്യത്യസ്തമായൊരു കഥപറച്ചിലാണ് ഈ സിനിമയിലൂടെ സംവിധായകന്‍ കൊണ്ടുവന്നിരിക്കുന്നത്. നന്മയെയും തിന്മയെയും വേര്‍തിരിച്ച് രണ്ട് മാലാഖമാരിലൂടെ പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നു.

തുടക്കത്തില്‍ പ്രേക്ഷകനെ തെല്ല് അലോസരപ്പെടുത്തുമെങ്കിലും പതിയെ പതിയെ സിനിമ അതിന്‍റെ ട്രാക്കിലെത്തുന്നു. രണ്ടാം പകുതിയിലെ ജോസൂട്ടിയുടെ ജീവിതത്തില്‍ കുറച്ചു സിനിമാറ്റിക് എസന്‍സ് സംവിധായകന്‍ നല്‍കിയിട്ടുണ്ട്. കൂടാതെ സിനിമയുടെ അവസാനഭാഗത്തെ ഒരു രംഗം അനാവശ്യമായെന്ന് തോന്നി. എന്നാല്‍ ഒരു ഹാപ്പി എന്‍ഡിങ് പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക് അത് ഇഷ്ടമാകും.

dileep-jeethu

ജയലാല്‍ മേനോന്‍റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് വര്‍മയാണ്. തിരക്കഥയുടെ ഒരു മികവ് സിനിമയിലുടനീളം കാണാം. മറ്റൊരാളുടെ തിരക്കഥയില്‍ ആദ്യമായി സംവിധാനം ചെയ്ത ജീത്തുവിന് രാജേഷിന്‍റെ കാര്യത്തില്‍ ഒരു തെറ്റും പറ്റിയിട്ടില്ല.

രവിചന്ദ്രന്‍റെ ഛായാഗ്രഹണവും ജോസൂട്ടിയുടെ ജീവിതത്തിന് കൂടുതല്‍ അഴക് പകരുന്നു. ഇടുക്കി, കട്ടപ്പന ലൊക്കേഷനുകളും ന്യൂസിലാന്‍റിന്‍റെ വശ്യതയും അതിമനോഹരമായി പകര്‍ത്തിയിരിക്കുന്നു. അനില്‍ ജോണ്‍സന്‍റെ സംഗീതമാണ് മറ്റൊരു പ്രത്യേകത. ശ്രേയ ഘോഷാല്‍ ആലപിച്ചിരിക്കുന്ന മെല്ലെ മെല്ലെ എന്ന ഗാനം മികച്ചു നില്‍ക്കുന്നു. പശ്ചാത്തലസംഗീതവും ഒന്നിനൊന്നുമെച്ചം. ചിത്രസംയോജകനായ അയൂബ് ഖാന്‍, ശബ്ദമിശ്രണം ചെയ്തിരിക്കുന്ന ഡാന്‍, കലാസംവിധായകന്‍ സാബു റാം ഇവരെല്ലാം ജോസൂട്ടിയുടെ ജീവിതത്തിന് കരുത്ത് പകരുന്നവരാണ്.

ജോസൂട്ടിയുടെ നിഷ്കളങ്കത പ്രേക്ഷകന്റെ ഹൃദയത്തെ തൊട്ട് അത് കണ്ണുനീരാക്കി മാറ്റാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്...കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ കഥയാണെങ്കിലും എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കുടുംബചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.