Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചം കെട്ടാൽ മരണം ഉറപ്പ്

lights-out-review

ഇരുട്ടിനെയാണോ നാം പേടിക്കുന്നത്, അതോ ഇരുട്ടിൽ ഒളിച്ചിരിക്കുന്നവരെയോ? ഇരുട്ടിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ, ഇരുളിൽ നിന്നുയരുന്ന മുരൾച്ചകൾ, ഇരുട്ടിൽ നിന്നു നമുക്കു നേരെ നീണ്ടു വരുന്ന കൈകൾ, ഇരുട്ടിൽ നമ്മുടെ ചെവിയോരത്തു കേൾക്കുന്ന ആത്മാക്കളുടെ ശബ്ദം... സത്യമല്ലേ? ഇരുട്ടിന്റെ കൈപിടിച്ചാണ് എല്ലായിപ്പോഴും ഭയം എന്ന ആ വികാരം നമ്മളിലേക്ക് അരിച്ചിറങ്ങുന്നത്. ഹൊറർ സിനിമകൾക്കും അതിനാൽത്തന്നെ പ്രിയം ഇരുട്ടിനോടാണ്. ഇരുളും വെളിച്ചവും ചേർന്ന് സൃഷിക്കുന്ന അത്തരമൊരു സിനിമാറ്റിക് ഭീതിയുടെ പേരാണ് ‘ലൈറ്റ്സ് ഔട്ട്’. ഡേവിഡ് എഫ്.സാൻഡ്ബെർഗിന്റെ ആദ്യ ഫീച്ചർ ഫിലിം.

ക്ലാസിലിരുന്ന് തുടർച്ചയായി ഉറക്കംതൂങ്ങുന്ന മാർട്ടിന്റെ വിവരം പറയാനാണ് ചേച്ചി റെബേക്കയെ സ്കൂളിലേക്ക് വിളിപ്പിക്കുന്നത്. മാർട്ടിന്റെ അർധസഹോദരിയാണ് റെബേക്ക. അവന്റെ അച്ഛൻ പോൾ ഏതാനും മാസം മുൻപേ ദുരൂഹസാഹചര്യത്തിൽ ജോലിസ്ഥലത്തു വച്ച് കൊല്ലപ്പെട്ടിരുന്നു. ഇതെല്ലാം സംഭവിക്കുന്നതിന് വർഷങ്ങൾക്കു മുൻപേ തന്നെ അമ്മ സോഫിയെ വിട്ട് റെബേക്ക ഒറ്റയ്ക്കൊരു അപാർട്മെന്റിലേക്കു മാറിയതാണ്. അമ്മയെപ്പറ്റി ആലോചിക്കുന്നതു പോലും ഇഷ്ടമല്ല അവൾക്ക്. അനിയന്റെ കാര്യത്തില്‍ പക്ഷേ അവൾക്ക് ഇപ്പോൾ ഇടപെട്ടേ മതിയാകൂ. കാരണം ഒരിക്കൽ മാർട്ടിന്റെ അതേ അവസ്ഥയിലായിരുന്നു റെബേക്കയുടെയും രാത്രികൾ.

lights-out-review-1

ഉറക്കമില്ലാതെ, പേടിയോടെയാണവൾ സ്വന്തം വീട്ടിൽ ബാല്യം ചെലവഴിച്ചിരുന്നത്. ഇത്തവണ അമ്മയിൽ നിന്നു മാർട്ടിനെ തട്ടിപ്പറിച്ച് സ്വന്തം അപാർട്മെന്റിലേക്ക് കൊണ്ടുവന്നതുമാണവൾ. പക്ഷേ അന്നു രാത്രി നിയോൺ വെളിച്ചത്തിന്റെ ചുവപ്പൻ പ്രകാശത്തിൽ ആ രൂപത്തെ അവളുടെ അപാർട്മെന്റിലും കണ്ടു. അല്ല, പ്രകാശത്തിലല്ല, ഇരുട്ടിൽ. വെളിച്ചത്തിൽ അപ്രത്യക്ഷമാകും ആ രൂപം, ഇരുട്ടിന്റെ ആത്മാവിനെപ്പോലെ...!

മാർട്ടിൻ പറഞ്ഞു: ‘അത് ഡയാനയാണ്. അമ്മയുടെ പുതിയ കൂട്ട്...’

Lights Out Official Trailer #1 (2016) Teresa Palmer, Gabriel Bateman Horror Movie HD

റെബേക്കയ്ക്ക് വിശ്വസിച്ചേ മതിയാകുമായിരുന്നുള്ളൂ. ഡയാനയുടെ അടയാളപ്പെടുത്തലുകൾ അപാർട്മെന്റിലും സ്വന്തം വീട്ടിലുമെല്ലാം അവൾ കണ്ടു.

ആരാണീ ഡയാന? മറ്റാർക്കും കാണാനാകാത്ത ആ രൂപത്തിനെ അമ്മ മാത്രം കാണുന്നതെങ്ങനെ? അമ്മയുടെ പ്രിയപ്പെട്ടവരെല്ലാം ഒന്നൊന്നായി മരിച്ചൊടുങ്ങുന്നതെങ്ങനെയാണ്? ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടി ഒരു രാത്രിയിൽ സ്വന്തം വീട്ടിൽ അമ്മയ്ക്കൊപ്പം തങ്ങുകയാണ് റെബേക്കയും കാമുകൻ ബ്രെറ്റും മാർട്ടിനും. ഇരുൾ വീണുതുടങ്ങി, ആ വീട്ടിലെ ലൈറ്റുകളെല്ലാം തനിയെ അണയാൻ തുടങ്ങി...

രണ്ടരമിനിറ്റ് മാത്രം ദൈർഘ്യമുള്ള തന്റെ തന്നെ ഹ്രസ്വചിത്രത്തിൽ നിന്നാണ് സാൻഡ്ബെർഗ് ‘ലൈറ്റ്സ് ഔട്ടി’നെ 80 മിനിറ്റ് ഫീച്ചർ ലെങ്തിലേക്ക് വലിച്ചു നീട്ടിയത്. പക്ഷേ ആ സമയമത്രയും പ്രേക്ഷകൻ കണ്മുന്നിലെ കാഴ്ചകളുടെ കൈപിടിച്ച് ഭയത്തിന്റെ ലോകത്തേക്ക് നിരന്തരം സഞ്ചരിക്കുകയായിരുന്നു. 2013ലിറങ്ങിയ ആന്ദ്രെ മസ്കിയാറ്റിയുടെ ‘മമാ’യെ ഓർമിപ്പിക്കും ‘ലൈറ്റ്സ് ഔട്ട്’. മരിച്ചിട്ടും പ്രിയപ്പെട്ടവരെ തന്നോടൊപ്പം ചേർത്തുനിർത്താനുള്ള കൊതി കൊണ്ട് ഭൂമിയിൽത്തന്നെത്തുടരുന്ന ആത്മാവിന്റെ കഥയെന്ന വിദൂരമായൊരു സാമ്യം മാത്രമേ പക്ഷേ അതിലുള്ളൂ.

lights-out-review-2

‘ലൈറ്റ്സ് ഔട്ട്’ വ്യത്യസ്തമാകുന്നത് ഇരുട്ടിനോടുള്ള നമ്മുടെ പേടിയിലേക്ക് വെളിച്ചത്തെ കൂടി സന്നിവേശിപ്പിച്ചു കൊണ്ടാണ്. ചിത്രത്തിൽ ഏറിയ സമയവും സ്ക്രീനിൽ നിറയുന്നത് ഇരുട്ടാണ്. പക്ഷേ പ്രേക്ഷകന് അലോസരമുണ്ടാകാതെ കാഴ്ചകൾ കാണാനായി ചുവപ്പും നീലയുമെല്ലാമായി പലവിധ പ്രകാശവിന്യാസങ്ങൾ പ്രയോഗിച്ചിരിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന സൗന്ദര്യം കാണാം സ്ക്രീനിൽ. റെബേക്കയുടെ അപാർട്മെന്റിൽ നിറയുന്നത് ചുവപ്പൻ നിയോൺ വെളിച്ചമാണെങ്കിൽ അവളുടെ വീട്ടിലെ ഭൂഗർഭ നിലവറയിൽ നമ്മെ പേടിപ്പിക്കാനെത്തുന്നത് നീലവെളിച്ചമാണ്. ഇരുട്ടിനോളം തന്നെ പേടി തോന്നും നമുക്കീ വെളിച്ചങ്ങളോട്. ആ വെളിച്ചക്കാഴ്ചയിൽ കഥാപാത്രങ്ങളെപ്പോലും ഭീതിയോടെയേ നോക്കാനാകൂ. ഇത്തരത്തിൽ മനുഷ്യനെപ്പോലും ‘പ്രേത’രൂപമാക്കുന്ന മാർക് സ്പൈസറിന്റെ ഛായാഗ്രഹണ സൗന്ദര്യത്തെക്കുറിച്ച് പരാമർശിക്കാതെ വയ്യ.

ഇരുട്ടിൽ മാത്രം രക്ഷപ്പെടുന്ന പ്രേതത്തിൽ നിന്നു രക്ഷപ്പെടാൻ കഥാപാത്രങ്ങൾ നടത്തുന്ന ശ്രമങ്ങൾ പല ഘട്ടങ്ങളിലും അവിശ്വസനീയതയുടെ ഉള്ളാന്തൽ പോലും സൃഷ്ടിച്ചു. പ്രത്യേകിച്ച് റെബേക്കയുടെ കാമുകൻ ബ്രെറ്റിന്റെ ക്ലൈമാക്സിലെ പ്രകടനത്തിൽ. പ്രേതപടങ്ങളിൽ ഇങ്ങനെയേ സംഭവിക്കൂ എന്നുള്ള പ്രേക്ഷകന്റെ ചിന്തയ്ക്കു മേൽ കൂടിയാണ് പല രംഗങ്ങളിലും സംവിധായകൻ അവിശ്വസനീയമായ ട്വിസ്റ്റുകൾ കൊണ്ടുവരുന്നത്. ഒരു രണ്ടാംഭാഗത്തിനു പോലും സാധ്യത നൽകാതെ ചിത്രം അവസാനിപ്പിക്കുന്നുമുണ്ട്. (പക്ഷേ ഹോളിവുഡാണ്, ലൈറ്റ്സ് ഔട്ട് 2 വന്നുകൂടെന്നില്ല). തെരേസ പാമെർ, ഗബ്രിയേൽ ബേറ്റ്മെൻ, അലെക്സാണ്ടർ ഡിപെർസിയ, മരിയ ബെയ്‌യോ തുടങ്ങി വിരലിലെണ്ണാവുന്ന അഭിനേതാക്കൾക്കൊപ്പം ഇരുട്ടിനെയും വെളിച്ചത്തെയും കഥാപാത്രങ്ങളാക്കിയിരിക്കുകയാണ് സാൻഡ്സ്ബെർഗ്. പേടിക്കുന്നവരും പേടിപ്പെടുത്തുന്നവരും സ്ക്രീനിലെ അവരുടെ ജോലി ഭംഗിയാക്കുകയും ചെയ്തു.

lights-out

എറിക് ഹൈസെറിന്റേതാണ് തിരക്കഥ. കണ്ടു കണ്ണുതള്ളാൻ മാത്രമല്ല ചിന്തിക്കാനുള്ള ഇടം കൂടിയൊരുക്കുന്നുണ്ട് ചിത്രത്തിലെ ചില രംഗങ്ങൾ. ഉന്മാദം അല്ലെങ്കിൽ ഭ്രാന്ത് പാരമ്പര്യമായി ലഭിക്കുന്നതാണെന്ന ചിന്ത പാശ്ചാത്യലോകത്തും ശക്തമാണ്. മലയാളത്തിൽപ്പോലും ‘തനിയാവർത്തന’ത്തിലൂടെ അത്തരമൊരു അവസ്ഥയുടെ ഏറ്റവും ഭീതിദമായ പര്യവസാനം നമ്മൾ കണ്ടു. ‘ലൈറ്റ്സ് ഔട്ടി’ന്റെ കഥയെ വേണമെങ്കിൽ ഒരു ഹൊറർ ചിത്രത്തിന്റെ തലത്തിൽ നിന്നു മാറ്റി നിർത്തിയും കാണാം. സോഫി പണ്ട് മാനസികരോഗ ചികിത്സ തേടിയിരുന്നതായി റെബേക്ക കണ്ടെത്തുന്നുണ്ട്. ഒരു സംസാരത്തിനിടെ മാർട്ടിനെന്ന ആ കുരുന്നു പോലും അവളോട് ചോദിക്കുന്നുണ്ട്: ‘അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടായിരുന്നില്ലേ ചേച്ചീ, നമുക്കും അങ്ങനെത്തന്നെയാകുമോ?’ എന്ന്. പ്രേക്ഷകന് സംവിധായകൻ നൽകുന്ന ആദ്യസൂചനകളിലൊന്നാണത്. അമ്മയുടെ പ്രശ്നം തന്നിലേക്ക് പകർന്നുവെന്നു വിശ്വസിക്കാനായിരുന്നു റെബേക്കയ്ക്കും ഇഷ്ടം. മാർട്ടിനും അതു പ്രതീക്ഷിക്കുന്നു. അതിനാലാണ് അവനങ്ങനെ ചോദിച്ചതും.

lights-out-review-4

കാരണം, മൂവരുടെയും പ്രശ്നം ഒന്നു തന്നെയാണ്. വെളിച്ചം കെട്ടാൽ മുന്നിൽ വരുന്ന ആ രൂപം. മാർട്ടിന്റെ കൊല്ലപ്പെട്ട അച്ഛൻ പോൾ പക്ഷേ ഇതത്ര കാര്യമാക്കിയിരുന്നില്ല. ‘അമ്മയ്ക്ക് നമുക്ക് മാനസികമായി കരുത്ത് പകരണം’ എന്നാണയാൾ മാർട്ടിനോട് പറഞ്ഞത്. പക്ഷേ ആ നേരവും മാർട്ടിൻ പറഞ്ഞ ഒരു കാര്യത്തിന്റെ ഭീതി പോളിനെ പിടികൂടുന്നുണ്ട്. തൊട്ടുപിറകെയാണ് അയാൾ കൊല്ലപ്പെടുന്നതും. സിനിമയിലുടനീളമുള്ള ബ്രെറ്റും ഒരുസമയത്ത് റെബേക്കയോട് ചോദിക്കുന്നുണ്ട്: ‘അമ്മയ്ക്ക് ഇങ്ങനെയൊരു മാനസിക പ്രശ്നമുണ്ടെന്ന് നേരത്തെ പറയാതിരുന്നത് എന്തുകൊണ്ടാണ്’ എന്ന്.

ബ്രെറ്റും വിശ്വസിക്കുന്നുണ്ട് ഭ്രാന്തിന്റെ പരമ്പരാഗത കൈമാറ്റത്തിലെന്നത് ആ വാക്കുകളിൽ നിന്നു വ്യക്തം. അന്നേരം അവിശ്വസനീയതയാണ് റെബേക്കയുടെ കണ്ണുകളിൽ. ഒരു കുടുംബത്തിന്റെ ഇരുൾപേടിയിലേക്ക് ഇങ്ങനെ ബ്രെറ്റും കൂടെ ചേരുന്നതോടെ അയാൾക്കു മുന്നിലേക്കും എത്തുന്നു ‘ഡയാന’യെന്ന രൂപം. കൃത്യമായിപ്പറഞ്ഞാൽ ഡയാനയെന്ന പേടിയുടെ നിഴലിലായിക്കഴിഞ്ഞിരിക്കുന്നു സോഫിയും റെബേക്കയും മാർട്ടിനും ബ്രെറ്റുമെല്ലാം.

lights-out-review-3

മറ്റുള്ളവരുടെ ‘തലച്ചോറിൽ’ കയറിയിരുന്ന് അവിടം സ്വന്തം ചിന്തകളെക്കൊണ്ട് ദുഷിപ്പിക്കാൻ കഴിവുള്ള ദുഷ്ടാത്മാവായാണ് മാനസികാരോഗ്യകേന്ദ്രത്തിൽ കഴിയുമ്പോൾ പോലും പലരും ഡയാനയെ കുറിച്ച് പറഞ്ഞിരുന്നത്. അതുകൂടി അറിയുന്നതോടെ ഡയാനയെന്നത് ഒരു ‘തോന്നൽ’ മാത്രമാണോയെന്നും ചിന്തിച്ചു പോകുന്നു. സോഫിയുടെ മനസ്സിലൂടെ ആ കുടുംബത്തിലേക്കു കുടിയേറിയ, വർഷങ്ങളായി അവരുടെ ‘തല തിന്നുന്ന‌’ ദുരാത്മാവ്. കുറച്ച് കഥാപാത്രങ്ങളുടെ തോന്നലായിരിക്കാം ഒരുപക്ഷേ പ്രേക്ഷകൻ കണ്മുന്നിൽ കണ്ടത്. പാതിരാവിലും പകലിലും വീട്ടിൽ വെളിച്ചം തനിയെ കെടുന്നതും കൂർത്ത വിരലുകളുള്ള ആരോ തങ്ങളെ വേട്ടയാടാൻ വരുന്നതുമെല്ലാം അവരുടെ തോന്നലുകളായിരിക്കാം. ആ തോന്നലുകൾക്ക് പ്രേക്ഷകനു മനസ്സിലാകും വിധം സംവിധായകൻ ഒരുക്കിനൽകിയ സിനിമാറ്റിക് പരിവേഷമാകാം ‘ലൈറ്റ്സ് ഔട്ട്’!  

Your Rating: