Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷകളുടെ അമിതഭാരവുമായി ലോഹം

loham-review

പഞ്ച് ഡയലോഗുകൾ, കിടിലൻ ആക്‌ഷൻ, എല്ലാറ്റിലുമുപരി മോഹൻലാലിന്റെ മീശപിരി, അങ്ങനെ പ്രതീക്ഷകളുടെ അമിത‌ഭാരവുമായെത്തിയ ലോഹം പക്ഷേ പ്രതീക്ഷകളേതുമില്ലാതെ കാണേണ്ട ഒന്നാണ്. രഞ്ജിത് - മോഹൻലാൽ കൂട്ടുകെട്ടിന്റെ മറ്റു സിനിമകളുമായി താരതമ്യം ചെയ്യാതെ ലോഹം കണ്ടാൽ നിങ്ങൾക്ക് ഇഷ്ടപ്പെടും. അല്ലാത്ത പക്ഷം ചിലപ്പോൾ ലോഹത്തിന് മാറ്റ് അത്ര പോരെന്ന് തോന്നിയേക്കാം.

കള്ളം കടത്തുന്ന കഥയെന്ന ടാഗ് ലൈനുമായെത്തിയ ചിത്രം കൈകാര്യം ചെയ്യുന്നത് സ്വർണക്കടത്തിന്റെ കഥയാണ്. സ്വർണക്കടത്തും അതിലെ ചതിയും വഞ്ചനയുമൊക്കെ സിനിമ പ്രമേയമാക്കിയിരിക്കുന്നു. കാലികമായ വിഷയം തിരക്കഥയിലാക്കി ശക്തമായ കഥാപാത്രങ്ങളുടെ അകമ്പടിയോടെ വെള്ളിത്തിരയിലെത്തിച്ചിരിക്കുന്നു രഞ്ജിത്തും സംഘവും.

ആക്‌ഷൻ ചിത്രമാണെങ്കിലും പതിഞ്ഞ താളത്തിലാണ് സിനിമ ആരംഭിക്കുന്നത്. അധികം ഒച്ചപ്പാടൊന്നുമില്ലാത്ത നായകന്റെ ഇൻട്രൊഡക്‌ഷൻ സീനും, സിറ്റ്വേഷൻ കോമഡികളും കൊണ്ട് ആദ്യ പകുതി സമ്പന്നം. ഇടവേളയ്ക്ക് തൊട്ടു മുൻപുള്ള സീനിൽ ചിത്രം അതിന്റെ വിശ്വരൂപം പുറത്തെടുക്കുന്നു. രണ്ടാം പകുതിയിലേക്കെത്തുമ്പോൾ സിനിമ പൂർണമായി ആക്‌ഷൻ ട്രാക്കിലേക്ക് മാറും. എന്നാൽ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സീനുകൾ അധികമില്ലെന്നത് ഒരു പോരായ്മയാണ്. അനവധി കഥാപാത്രങ്ങളും കഥാ സാഹചര്യങ്ങളും ട്വിസ്റ്റുകളുമൊക്കെ ഉണ്ടെങ്കിലും ക്ലൈമാക്സിലേക്കെത്തുമ്പോൾ ചിത്രത്തിന് പഞ്ച് കുറയുന്നു.

andria-loham

മോഹൻലാൽ നന്നായി അഭിനയിച്ചു എന്നു പറയുന്ന ക്ലീഷെ ആവർത്തിക്കാൻ താൽപര്യമില്ലാത്തതിനാൽ പറയാം, അദ്ദേഹം മിന്നിച്ചു. വായാടിയായ തീർത്തും സാധാരണക്കാരനായ ടാക്സി ഡ്രൈവറായി ആദ്യ പകുതിയിലും ആക്ഷൻ ഹീറോയായി മീശ പിരിച്ച് രണ്ടാം പകുതിയിലും അദ്ദേഹം കസറി. ഒപ്പം ആൻഡ്രിയയും രഞ്ജി പണിക്കരും അബു സലിമും വിജയരാഘവനും അജ്മലും സൗഭിൻ സാഹിറും സുരേഷ് കൃഷ്ണയും അജു വർഗീസും ജോജവും ഇർഷാദും ഹരീഷ് പേരാടിയും അങ്ങനെ ഒരുപാട് നീണ്ട താരനിര അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി. എങ്കിലും കൂട്ടത്തിൽ തകർത്തത് സിദ്ദിഖാണെന്ന് പറയാതെ വയ്യ. ചിരി പടർത്തുന്ന വില്ലൻ കഥാപാത്രമായി അനായാസം മാറിയെന്നു മാത്രമല്ല അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു ട്രാക്ക് മാറ്റം കൂടിയായി അത്. സിദ്ദിഖിന്റെയും ഒപ്പമുള്ള ബാബുവെന്ന കഥാപാത്രത്തിന്റെയും പല ഡയലോഗുകളും തീയറ്ററിൽ കൂട്ടച്ചിരി പടർത്തി.

ഇടവേളയ്ക്ക് മുമ്പുള്ള രംഗം, ആക്സിഡന്റ് സീക്വെൻസ്, സംഘട്ടനരംഗം, ആദ്യപകുതിയിലെ വിവാഹരംഗങ്ങൾ അങ്ങനെ ഒാർത്തിരിക്കാൻ പോന്ന ഒരുപാട് സീനുകൾ ചിത്രത്തിലുണ്ട്. പ്രതാപകാലത്തിനൊത്തതല്ലെങ്കിലും സിനിമയ്ക്കനുയോജ്യമായ പശ്ചാത്തല സംഗീതമൊരുക്കിയ രാജാമണിയും ഛായാഗ്രാഹകനായ കുഞ്ഞുണ്ണിയും ലോഹത്തെ കൂടുതൽ തിളക്കമുള്ളതാക്കി. രചനയിലും സംവിധാനത്തിലും രഞ്ജിത്തിൽ നിന്ന് മലയാളി പ്രതീക്ഷിക്കുന്ന നിലവാരവും ഗുണമേന്മയും ലോഹത്തിനുണ്ട്. എന്നാൽ മുൻകാല സിനിമകളോട് താരതമ്യം ചെയ്താൽ ലോഹം ചോര തിളച്ചിരുന്ന എഴുത്തുകാരനിൽ നിന്ന് പക്വതയെത്തിയ സംവിധായകനിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റമാണെന്ന് മനസ്സിലാക്കാനാകും.

Loham Movie First Day First Show Review

ചില സാമൂഹിക വിപത്തുകൾക്കെതിരായി തനിക്ക് പറയാനുള്ള കാര്യങ്ങൾ രഞ്ജിത്ത് ചിത്രത്തിൽ ചിലയിടങ്ങളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതിൽ സംശയമുണ്ട്. ആവശ്യമില്ലാത്ത ചില കഥാപാത്രങ്ങൾ തീർത്തും അപ്രധാന റോളുകളിൽ വന്നു പോകുന്നതും കാണാം. ഇൗ അനാവശ്യ സാഹചര്യങ്ങളെയും കഥാപാത്രങ്ങളെയുമൊക്കെ വെട്ടി ഭംഗിയാക്കി കാഴ്ചക്കാരനെ ആവേശം കൊള്ളിക്കുന്ന ചില രംഗങ്ങൾ കൂടി ഉൾപ്പെടുത്തി ഒരുക്കിയിരുന്നെങ്കിൽ ലോഹം ഇരട്ടി മിന്നിച്ചേനെ. മലയാളത്തിൽ ഇപ്പോൾ കത്തി നിൽക്കുന്ന ന്യൂജെൻ തലമുറക്കാർക്കിട്ടുള്ള ചില ഒളിയമ്പുകളും ചിത്രത്തിൽ കാണാനാകും.

തുടക്കം മുതൽ ഒടുക്കം വരെ കോലാഹലങ്ങൾ നിറഞ്ഞ ഒരു മുഴുനീള ആക്‌ഷൻ സിനിമയല്ല ലോഹം. മോഹൻലാലും രഞ്ജിത്തും രഞ്ജി പണിക്കരും അങ്ങനെ പ്രതിഭാധനർ ഒരുപാട് ഒന്നിക്കുന്ന സിനിമ പ്രതീക്ഷ ഇല്ലാതെ പോയി കാണൂ എന്നു പറയുന്നതും ശരിയല്ല. പക്ഷെ നിങ്ങളുടെ ആ അമിത പ്രതീക്ഷ ഒരു പക്ഷേ ആസ്വാദനത്തെയും ബാധിച്ചേക്കാം. തൃശൂർ പുരത്തിലെ മഠത്തിൽ വരവ് പഞ്ചവാദ്യം കണക്കെ പതികാലത്തിൽ തുടങ്ങി ത്രിപുട കൊട്ടി, ഇടഞ്ഞ്, കൊട്ടിക്കലാശം നടത്തി അവസാനിക്കുന്ന താരതമ്യങ്ങളില്ലാത്ത ചിത്രമാണിത്. ചെറിയ ചില താളപ്പിഴകൾ ഒഴിച്ചു നിർത്തിയാൽ പൂരപ്പറമ്പിലെ മേളം പോലെ കൊട്ടിക്കയറുമ്പോൾ ആവേശവും അല്ലാത്തപ്പോൾ താളനിബന്ധനയുടെ ഗുണമേന്മയും പകർന്നു നൽകുന്നു സിനിമ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.