Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺ നിറയെ ‘കാണാനുണ്ട്’ കണ്ടി

ll7k-review

കൺ നിറയെ ‘കാണാനുള്ള’ സിനിമയാണ് ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി. കാടിനുള്ളിലെ കാണാക്കാഴ്ചകൾ അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്ന ചിത്രം കാട് കയ്യേറി, മൃഗങ്ങളെ കൊന്ന്, മരങ്ങൾ വെട്ടി പ്രകൃതിയെ നശിപ്പിക്കുന്നവർക്കുള്ള താക്കീതാണ്. മലയാള സിനിമ ഇന്നേ കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായൊരു ദൃശ്യ വിസ്മയം.

7000 കണ്ടി എന്ന ഗ്രാമത്തെ കാടു കയ്യേറുന്ന വ്യാവസായികളിൽ നിന്ന് രക്ഷിക്കാൻ 8 പേർ നടത്തുന്ന പരിശ്രമങ്ങളുടെ കഥയാണ് ഇൗ ചിത്രം പറയുന്നത്. വിവിധ നാടുകളിൽ നിന്നുള്ള ഇവർ ഇൗ ലക്ഷ്യത്തിനായി ഒന്നിക്കുന്നു. ആദ്യ പകുതി ഇവർ കാടിനുള്ളിലേക്ക് നടത്തുന്ന സാഹസിക യാത്രയുടെ കഥ പറയുമ്പോൾ അടുത്ത പകുതി ഇവർ നടത്തുന്ന ചെറുത്ത് നിൽപാണ് കാണിക്കുന്നത്.

ll7k-movie

ലോർഡ് ലിവിങ്സ്റ്റൺ ഒരു മലയാള സിനിമയാണെന്ന് നാം മനസ്സിലാക്കുക ഒരുപക്ഷേ അതിലെ ഡയലോഗുകൾ കേൾക്കുമ്പോഴോ അല്ലെങ്കിൽ അഭിനേതാക്കളെ കാണുമ്പോഴോ ആവും. അപ്പോകാലിപ്റ്റോ പോലെ അവതാർ പോലെ കാടും, കാട്ടുചോലകളും, കാടിന്റെ ശബ്ദവും അങ്ങനെ ഒാരോന്നും അതി സൂക്ഷ്മമായി ഒപ്പിയെടുത്തിരിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സിനിമ.

ഒരിക്കലും ബോറടിക്കാത്ത സിനിമയായിരിക്കും ഇതെന്ന സംവിധായകന്റെ ഒരേയൊരു അവകാശവാദം അക്ഷരം പ്രതി ശരിയാണെന്ന് സിനിമ കാണുന്നവർക്ക് തോന്നിയാൽ അത്ഭുതപ്പെടാനില്ല. കൺമുന്നിൽ ക്യാമറ മായാജാലം തീർക്കുമ്പോൾ മറ്റെല്ലാം മറന്നു പോകുന്ന അവസ്ഥയാണ് ഇൗ ചിത്രം കാണുമ്പോഴും ഉണ്ടാവുക. ടൈറ്റിലിൽ തുടങ്ങി അവസാന സീൻ വരെ ഒരു ഹോളിവുഡ് ലുക്ക് ആൻഡ് ഫീൽ തോന്നുന്ന ചിത്രം.

Lord Livingstone 7000 Kandi | Exclusive Making Video | Manorama Online

ലോർഡ് ലിവിങ്സ്റ്റൺ ഒരു സംവിധായകന്റെയോ, ഛായാഗ്രാഹകന്റെയോ, കുറച്ച് താരങ്ങളുടെയോ മാത്രം സിനിമയല്ല. ഇൗ ചിത്രത്തിനായി ചെറുതും വലുതുമായി അധ്വാനിച്ച എല്ലാവരുടയും കഷ്ടപ്പാടിന്റെ ഫലമാണ് ഇൗ ചിത്രം. ഇത്രയേറെ ബുദ്ധിമുട്ടുകൾ സഹിച്ച് പ്രതിബന്ധങ്ങൾ താണ്ടി ഇൗ വിസ്മയമൊരുക്കാൻ കൂട്ട് നിന്ന ഏവർക്കും അഭിനന്ദനങ്ങൾ.

അനിൽ രാധാകൃഷ്ണ മേനോൻ തന്റെ രചനാപാടവത്തിനപ്പുറം സംവിധായക പ്രതിഭ തെളിയിച്ചിരിക്കുന്ന ചിത്രം. ജയേഷ് നായരുടെ അതിമനോഹരമായ ഛായാഗ്രഹണം. അതു കഴി‍ഞ്ഞാൽ ഏറ്റവും കൂടുതൽ അഭിനന്ദനമർഹിക്കുക ഇൗ ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ച ജ്യോതിഷ് ശങ്കർ ആണ്. അദ്ദേഹം 7000 കണ്ടി എന്ന ഗ്രാമത്തിനായി ഒരുക്കിയിരിക്കുന്ന സെറ്റ് അതിമനോഹരം തന്നെ. 7000 കണ്ടിയിലെ ഗ്രാമവാസികളെ ഒരുക്കിയെടുത്ത കോസ്റ്റ്യൂം ഡിസൈനറും, മേക്കപ്പ് ടീമും അഭിനന്ദനമർഹിക്കുന്നു.

അഭിനേതാക്കളുടെ നിരയെടുത്താൽ കുഞ്ചാക്കോ ബോബൻ പതിവിൽ നിന്ന് വ്യത്യസ്തനായെത്തി. റീനു മാത്യൂസ്, നെടുമുടി വേണു, ഗ്രിഗറി, സുധീർ കരമന, സണ്ണി വെയ്ൻ, ചെമ്പൻ വിനോദ്, ഭരത് എന്നിവർ ഒപ്പത്തിനൊപ്പം നിന്ന് തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. ഒപ്പം എണ്ണമറ്റ മറ്റ് അഭിനേതാക്കളും.

lord-livingstone-poster

കാഴ്ചയ്ക്ക് അതിഗംഭീരമാണെങ്കിലും ചിത്രത്തിൽ അധികം തമാശയോ, ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളോ ഇല്ല. സിനിമ ബോറടിപ്പിക്കില്ലെങ്കിലും പ്രേക്ഷകനെ എൻഗേജ് ചെയ്യിക്കുന്ന രംഗങ്ങൾ കുറവാണ്. ലോർഡ് ലിവിങ്സ്റ്റൺ ഒരു മുഴുനീള എന്റർടെയിനറല്ല. പക്ഷേ ഇൗ സിനിമ ഒരു വിളിച്ചു പറയലാണ്. കാട് കയ്യേറരുതെന്നും പ്രകൃതിയെ നശിപ്പിക്കരുതെന്നുമുള്ള വിളിച്ചു പറച്ചിൽ.

Anil Radhakrishnan Menon in I Me Myself - PT 1/2

വിദേശസിനിമകൾ കണ്ട് വിസ്മയിക്കുന്നവരോടും ബാഹുബലിയെ വാനോളും പുകഴ്ത്തുന്നവരോടും ഒന്നേ പറയാനുള്ളൂ. ഇൗ ചിത്രം നിങ്ങൾ കാണണം. അതും തീയറ്ററിൽ പോയി തന്നെ കാണണം. 250 കോടിയൊന്നും മുടക്കാതെ അതിനോടൊക്കെ കിട പിടിക്കുന്ന സിനിമ മലയാളികൾക്കുണ്ടാക്കാമെന്നതിന്റെ തെളിവാണ് ഇൗ ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.