Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ...

dileep-nikila

സ്ഥിരം ചേരുവകളില്‍ നിന്ന് മാറി നിൽക്കുന്ന ദിലീപ് ചിത്രമായ ലവ് 24x7 പേര് സൂചിപ്പിക്കുന്നതു പോലെ ടെലിവിഷന്‍ ന്യൂസ് റൂമുകളിലെ പ്രണയകഥയാണ് പറയുന്നത്. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ് ലൈനോടെയെത്തിയ ചിത്രം ചിലപ്പോഴൊക്കെ ആവര്‍ത്തന വിരസത കൊണ്ടും പുതുമയില്ലാത്ത അവതണശൈലി കൊണ്ടും ഒരു ആവറേജ് ചിത്രമായി ഒതുങ്ങുന്നു.

ഒരു പ്രമുഖ ടെലിവിഷൻ ചാനലിലെ വാർത്താ അവതാരകനാണ് രൂപേഷ് നമ്പ്യാർ (ദിലീപ്)​. സ്കൂപ്പുകളും ‌എക്സ്ക്ലൂസീവുകളുമാണ് രൂപേഷ് കൈകാര്യം ചെയ്യുന്നത്. ഈ വാര്‍ത്താ ചാനലിലേക്ക് പുതുതായി കബനി എന്ന പെണ്‍കുട്ടി എത്തുന്നതും പിന്നീട് ഇരുവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം.

പുതുതലമുറയിലെ ബന്ധങ്ങളുടെ പ്രാധാന്യവും പ്രണയമെന്ന പുറംചട്ടയുടെ ആഴവുമൊക്കെ സിനിമയില്‍ വിഷയമാകുന്നു. ഒരു നിർണായക സാഹചര്യത്തിൽ ഇരുവരുടെയും കരിയറും ജീവിതവും തമ്മിലുള്ള ഏറ്റമുട്ടലാണ് സിനിമ പറയുന്നത്. മാധ്യമ ലോകത്തെ അറിയപ്പെടാത്ത കാര്യങ്ങളെ കുറിച്ച് പറയുന്ന ചിത്രത്തില്‍ ചാനല്‍ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന കാര്യങ്ങളൊക്കെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.

suhasini-dileep

ആദ്യ പകുതി പ്രേക്ഷകരെ അല്‍പ്പമെങ്കിലും രസിപ്പിച്ച് മുന്നോട്ട് പോകുമെങ്കിലും രണ്ടാം പകുതി മെല്ലെ വിരസമായി മാറുന്നു. രൂപേഷിന്‍റെ കബനിയുടെയും പ്രണയകഥയ്ക്ക് പുറമെ മറ്റൊരു ഉപകഥ കൂടി വരുന്നതോടെ ചിലപ്പോഴൊക്കെ സിനിമയുടെ താളം തെറ്റുന്നു. സരയു, സതീഷ് എന്നീ മധ്യവയസ്കരായ രണ്ടു കഥാപാത്രങ്ങളുടെ അപ്രതീക്ഷിത കടന്നുവരവും ഈ രണ്ടു കഥകളും അനവസരത്തിൽ കൂട്ടിയോജിപ്പിക്കുന്നതും സിനിമയുടെ പോരായ്മയായി.

കോര്‍പ്പറേറ്റ് കമ്പനികള്‍ പോലെ തന്നെ ചാനൽ മേഖലയിലെയും തൊഴിൽ പ്രശ്നങ്ങളെ പറ്റി വിശദമായി സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകള്‍ മാത്രം കണ്ടിട്ടുള്ള പ്രേക്ഷകന് മാധ്യമ പ്രവര്‍ത്തകരുടെ തമ്മില്‍ക്കുത്തും ടി.വി ചാനലുകളുടെ ഉള്ളുകളികളും തുറന്ന് കാണിക്കാനും സംവിധായിക ശ്രമിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ ചില സംഭാഷണങ്ങളും വളരെ നന്നായിട്ടുണ്ട്.

അഞ്ജലി മേനോന് ശേഷം മുന്‍നിര സിനിമയിലേക്ക് ആദ്യമായി എത്തുന്ന ഒരു സ്ത്രീ സംവിധായിക എന്ന നിലയിൽ ശ്രീബാല മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. സംവിധാനത്തിന് പുറമെ ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീബാല തന്നെയാണ്.

രുപേഷായി ദിലീപ് മികച്ച പ്രകടനം തന്നെ കാഴ്‌വച്ചു. ദിലീപ് ഇതാദ്യമായല്ല ഒരു ടി.വി റിപ്പോർട്ടറുടെ വേഷത്തിലെത്തുന്നത്. കൽക്കട്ട ന്യൂസ് എന്ന സിനിമയിലും ചാനൽ റിപ്പോർട്ടറുടെ വേഷമായിരുന്നു ദിലീപിന്. മുമ്പ് പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയായും ഇൗ ചിത്രവും ഒക്കെ സൂചിപ്പിക്കുന്നത് ശരിയാണെങ്കിൽ ദിലീപ് പതിവ് വഴിയിൽ നിന്ന് വേറിട്ട് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കാം.

sudheeer-kopa-lena

കബനി എന്ന മാധ്യമ പ്രവർത്തകയുടെ വേഷത്തിലെത്തിയ പുതുമുഖം നിഖില തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്തി. മലയാള സിനിമയിലെ ഭാവി വാഗ്ദാനമായി ഇവരെ പോലുള്ളവർ കടന്നു വരും എന്നാശ്വസിക്കാം. ചാനൽ മേധാവിയുടെ വേഷത്തിലെത്തിയ ശ്രീനിവാസൻ, സുഹാസിനി, ശശികുമാർ, ലെന, ​സിദ്ധാർത്ഥ് ശിവ, സുധീര്‍ കോപ അതിഥി വേഷത്തിലെത്തിയ ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയാക്കി.

വിനീഷ് ബംഗ്ളാന്‍റെ കലാസംവിധാനം എടുത്തു പറയേണ്ടതാണ്. സിനിമയ്ക്കായി പ്രത്യേകം തയാറാക്കിയ ന്യൂസ് റൂം സ്റ്റുഡിയോ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ഒരിക്കല്‍ പോലും അനുഭവപ്പെടുന്നില്ല. സമീര്‍ ഹക്കിന്‍റെ ഛായാഗ്രഹണവും ബിജിപാലിന്‍റെ പശ്ചാത്തല സംഗീതവും ആസ്വാദ്യകരം. ചിത്രസംയോജനത്തില്‍ മഹേഷ് നാരായണന് കുറച്ച് കൂടി ശ്രദ്ധ പതിപ്പിക്കാമായിരുന്നു. സിനിമയില്‍ പല രംഗങ്ങളിലും ഒരു ബന്ധവുമില്ലാത്ത സീനുകള്‍ കട്ട് ചെയ്ത് വരുന്നത് കാണാം.

ഒരുപാട് പുതുമകൾ കഥയിൽ ഉണ്ടെങ്കിലും ലവ് 24x7 ന്റെ വലിയ ഇഴഞ്ഞ മേക്കിംഗ് ആണ്. ഒരു ഷോട്ടിൽ നിന്നും അടുത്ത ഷോട്ടിലെക്കുള്ള ദൂരം മടുപ്പുളവാക്കും. കുട്ടികള്‍ക്കൊപ്പം ചിരിച്ച് ആസ്വദിച്ച് കാണാന്‍ പറ്റുന്ന ഒരു ദിലീപ് സിനിമയല്ലിത്. പുതുമകൾക്കായി ശ്രമിച്ച് എന്നാൽ ലക്ഷ്യസ്ഥാനത്തെത്താനാവാതെ ഇടയ്ക്കെപ്പോഴോ ഇടറി വീഴുന്നു ഇൗ സിനിമ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.