Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ടി മധുരം ഇൗ നാരങ്ങയ്ക്ക്

madhura-naranga-reivew

ഒരു സംഭവകഥ ഇതിലും നന്നായി സിനിമയാക്കാമോ എന്നറിയില്ല. കാരണം അത്ര മനോഹരമാണ് മധുരനാരങ്ങ. Based on a True Story എന്ന ടാഗ് ലൈനുമായെത്തിയ ചിത്രം ആ സത്യ കഥയുടെ എല്ലാ തീവ്രതയും അതേ പടി പ്രേക്ഷകന് പകർന്നു നൽകുന്ന ഒന്നാണ്.

3 മലയാളി പ്രവാസി യുവാക്കളുടെ ‌ജീവിതത്തിലേക്ക് ഒരു ശ്രീലങ്കൻ യുവതി കടന്നു വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പിന്നീട് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും വഴിത്തിരിവുകളുമാണ് സിനിമ പറയുന്നത്. ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തിരക്കഥയും അതിനൊത്ത അവതരണവും.

ആദ്യ കുറച്ച് ഭാഗങ്ങളിലെ ചെറിയ ചില കല്ലുകടികൾ (കണ്ടു പിടിക്കാൻ വേണ്ടി നോക്കിയാൽ മാത്രമുള്ളവ) ഒഴിച്ചാൽ തമാശയും പ്രമേയവും സൗഹൃദവും ഒക്കെ ചേർന്നുള്ള ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയിലേക്കെത്തുമ്പോഴാണ് കഥ അതിന്റെ ഗൗരവ തലങ്ങളിലേക്കെത്തുന്നത്. ഒരു സസ്പെൻസ് ത്രില്ലറൊന്നുമല്ലെങ്കിലും അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന ആകാംക്ഷ പ്രേക്ഷകനുണ്ടാകും. സിനിമയാണെന്നത് മറന്ന് താമരയ്ക്കും ജീവനും നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിച്ചു പോകും പ്രേക്ഷകർ.

അഭിനേതാക്കളാണ് ഇൗ ചിത്രത്തിന്റെ പ്രധാന ശക്തി. അതിൽ തന്നെ പുതുമുഖ നായികയായെത്തിയ പാർവതിയാണ് മികച്ചു നിന്നത്. തന്റെ അഭിനയപാരമ്പര്യം അച്ഛന്റെ പേരിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് കാണിച്ചു തരുന്ന പ്രകടനം. താമരയെന്ന ശ്രീലങ്കൻ പെൺകുട്ടിയായി പാർവതി ജീവിക്കുകയായിരുന്നു. പക്വതയെത്തിയ പ്രണയനായകനായി ആദ്യ പകുതിയിൽ തിളങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ രണ്ടാം പകുതിയിൽ അതിലും മികച്ച അഭിനയം കാഴ്ച വച്ചു. ബിജു മേനോനും നീരജ് മാധവും മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. ഒരു ഘട്ടത്തിൽ അവരാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നതു പോലും.

neeraj-biju-menon

സുഗീത് എന്ന സംവിധായകൻ തീർച്ചയായും കയ്യടി അർഹിക്കുന്നു. ശക്തമായ കഥയെയും ഒത്ത തിരക്കഥയെയും അതിലെ തീവ്രത ഒട്ടും ചോരാതെ ആസ്വാദകരിലേക്കെത്തിച്ചതിന്. ഇതിലും നന്നായി മധുരനാരങ്ങ അവതരിപ്പിക്കാനാകില്ല എന്നു വേണമെങ്കിൽ പറയാം. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമ ഒാർഡിനറി അല്ലെന്നും ഇൗ ചിത്രം തെളിയിക്കും.

രചന നിർവഹിച്ച നിഷാദ് കോയ ഒരു സംഭവകഥയെ സിനിമയ്ക്കൊത്തവണ്ണം പരുവപ്പെടുത്തുന്നതിൽ 100% വിജയിച്ചു. എടുത്തു പറയേണ്ടത് ചിത്രത്തിന്റെ സംഗീതമാണ്. സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പശ്ചാത്തല സംഗീതവും മനോഹര ഗാനങ്ങളും മധുരനാരങ്ങയുടെ മാധുര്യം കൂട്ടുന്നു. എണ്ണത്തിൽ കൂടുതലാണെങ്കിലും ഗുണത്തിൽ കുറവില്ലാത്തതിനാൽ പാട്ടുകൾ ബോറടിപ്പിക്കില്ല.

parvathy

ഛായാഗ്രഹണം നിർവഹിച്ച ഫൈസൽ‌ അലി കാഴ്ചകൾ (പ്രത്യേകിച്ച് ഗാനരംഗങ്ങളിലെ) മനോഹരമായി ഒപ്പിയെടുത്തു. ചെറിയ ചില തെറ്റുകുറ്റങ്ങളും പാളിച്ചകളും ഒരൽപം നാടകീയതയും ഇല്ലെന്നല്ല. പക്ഷേ അതൊക്കെ ഏതു ചിത്രത്തിനും ഉള്ളതാണ്. എന്നാൽ അത്തരം പാളിച്ചകളെ നിഷ്പ്രഭമാക്കുന്ന അവതരണമാണ് മധുരനാരങ്ങയുടേത്.

ബ്രഹ്മാണ്ഡ ചിത്രങ്ങളും വൈറൽ ഹിറ്റ് സിനിമകളുമൊക്കെ തീയറ്ററിൽ നിറഞ്ഞോടുമ്പോൾ ഇൗ ഇത്തിരിക്കുഞ്ഞൻ നാരങ്ങയെ കാണാതിരിക്കരുത് പ്രേക്ഷകരായ നാം. കാരണം നല്ല സിനിമകൾ അന്യം നിന്നു പോയിട്ടില്ല എന്ന് ഒാർമപ്പെടുത്തുകയാണ് മധുരനാരങ്ങ. കഥയുള്ള, കാമ്പുള്ള സിനിമകൾ ഇറങ്ങുന്നില്ല എന്നു പരാതിപ്പെടുന്നവരെ കണ്ണു നിറഞ്ഞല്ലാതെ നിങ്ങൾക്ക് തീയറ്റർ വിട്ടു പോരാനാവില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.