Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷിന്റെ കലക്കൻ പ്രതികാരം

movie-review

കീരിക്കാടനെ മലർത്തിയടിച്ച് ഗുണ്ടയായി മാറിയ സേതുമാധവന്റെ പ്രതികാരമല്ല ഇടുക്കിക്കാരൻ മഹേഷിന്റേത്. നോവിന്റെ ചെറുമധുരത്തിന്റെ മണമുള്ള ഒരുഗ്രൻ പ്രതികാരം. നല്ല കഥയും കരുത്തുറ്റ അഭിനയവും മികച്ച ഛായാഗ്രഹണവും ഒത്തുചേർന്ന മിടുമിടുക്കൻ സിനിമയാണ് മഹേഷിന്റെ പ്രതികാരം.

ഒരു നാടിന്റെ വിശുദ്ധിയും ഭംഗിയുമെല്ലാം സിനിമയിലുമുണ്ട്. ലളിതമായ കഥ, ഒരു പ്രണയം, പ്രതികാരം. മലയോരഗ്രാമമായ ഇടുക്കിയിൽ സ്റ്റുഡിയോ നടത്തുന്ന മഹേഷിന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കുട്ടിക്കാലം തൊട്ടെ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത പഞ്ചപാവമാണ് മഹേഷ്. സ്കൂൾകൂട്ടുകാരിയായ സൗമ്യയാണ് മഹേഷിന്റെ കാമുകി.

Fahadh Faasil | Exclusive Interview | I Me Myself | Manorama Online

വെള്ള ലൂണാർ ചെരുപ്പ് തേച്ച് കഴുകി തൂവെള്ളയാക്കി കൊണ്ടുനടക്കുന്ന മഹേഷിന് ഫോട്ടോഗ്രഫിയിൽ ആകെ അറിയാവുന്നത് ടിൽറ്റ് അപ്പും ടിൽറ്റ് ഡൗണുമാണ്! അങ്ങനെയിരിക്കെ വഴിയെ പോണ വയ്യാവേലി കേറിപിടിപ്പിച്ച് വലിയൊരു കുഴപ്പത്തിലകപ്പെടുകയാണ് മഹേഷ്. അതൊരു പ്രതികാരത്തിലേക്കാണ് മഹേഷിനെകൊണ്ടെത്തിക്കുന്നത്. ആ പ്രതികാരത്തിലെ വ്യത്യസ്തത തന്നെയാണ് ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്.

നാടൻ സംഭാഷണങ്ങളും ലൊക്കേഷനുകളും സിനിമയുടെ മാറ്റ് കൂട്ടുന്നു. ഓരോ സീനുകളിലും ഗ്രാമത്തിന്റെ നിഷ്കളങ്കതയും നന്മയും പകർന്നുതരുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം ചിലപ്പോൾ നമ്മളുമായി ബന്ധപ്പെട്ട് കിടക്കുന്നവരോ സുഹൃത്തുക്കളോ ഒക്കെയായി തോന്നിയേക്കാം. ലളിതമായ അവതരണശൈലി തന്നെയാണ് ഈ സിനിമയുടെ പ്രധാനപ്രത്യേകത. നല്ല നർമവും വികാരതീവ്രരംഗങ്ങളും പ്രണയവും സമംചേർത്ത് ഒരുക്കിയിരിക്കുന്ന രസക്കൂട്ട് നന്നായി രുചിക്കാനാകും.

FAHAD-SAHIR

ചിത്രം കണ്ടിറങ്ങുന്നവർ സിനിമയുടെ അവസാനത്തെക്കുറിച്ചായിരിക്കും കൂടുതൽ ചർച്ച ചെയ്യുക. ആരും പ്രതീക്ഷിക്കാത്തൊരു അവസാനം. ആ അപ്രതീക്ഷിത അവസാനം തന്നെയാകും സിനിമയെ വേറിട്ടതാക്കുന്നതും. രണ്ടര മണിക്കൂർ മനംനിറഞ്ഞ് ആസ്വദിക്കാം.

ദിലീഷ് പോത്തന്റെ ആദ്യസംവിധാനസംരംഭമെങ്കിലും ഒരു നല്ല സിനിമ മലയാളത്തിന് സമ്മാനിച്ചു നിലയിൽ അദ്ദേഹത്തിന് എന്നും അഭിമാനിക്കാം. ആഷിക് അബുവിന്റെ അസോഷ്യേറ്റായും സഹസംവിധായകനായും നടനായും മലയാളസിനിമയിൽ എത്തിയ ദിലീഷ് സംവിധാനവും തനിക്ക് നന്നായി വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കുകയാണ്.

Dileesh Pothan | Exclusive Interview | I Me Myself | Manorama Online

കഥയ്ക്കും കഥാപാത്രങ്ങൾക്കും ചേർന്ന അഭിനേതാക്കളെ തിരിഞ്ഞെടുക്കുന്നതിലും അണിയറപ്രവർത്തകർ മികവുകാണിച്ചു. ഇരുപതോളം പുതുമുഖങ്ങളെ സിനിമയിലൂടെ സംവിധായകൻ പരിചയപ്പെടുത്തുന്നു. മാത്രമല്ല ഇടുക്കിക്കാരുടെ സ്വഭാവവും സംഭാഷണശൈലികളുമൊക്കെ അതേപടി പകർത്തുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്.

അതിഭാവുകത്വമോ, നാടകീയതയോ ഒട്ടുമില്ലാതെ മികച്ച തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്കരനാണ്. ഫഹദ് എന്ന നല്ല നടന്റെ പിൻബലത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നതാണ് സിനിമയുടെ നട്ടെല്ല്. അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രം. മഹേഷിനൊപ്പം നമ്മളെയും ഈ ചിത്രത്തിനൊപ്പം ഇഴചേർന്നുകൊണ്ടുപോകുന്നത് ഫഹദ് എന്ന അഭിനയപ്രതിഭയുടെ കഴിവ് തന്നെയാണ്.

നർമം വിതറി ജിപ്സിൻ അല്ല ക്രിസ്പിൻ ആയി എത്തിയ സൗബിനും ബേബിച്ചായന്റെ വേഷത്തിലെത്തിയ അലൻസിയറും കൈയടിനേടി. സ്വാഭാവികമായ അഭിനയശൈലിയില്‍ പുതുമുഖങ്ങളായ അപർണ ബാലമുരളി, ലിജോമോൾ എന്നിവരും അരങ്ങേറ്റം ഗംഭീരമാക്കി. അനു ശ്രീ, ദിലീഷ് പോത്തൻ, ഫഹദിന്റെ അച്ഛനായി എത്തിയ കെ ജെ ആന്റണി എന്നിവരാണ് മറ്റുതാരങ്ങൾ. ഞാൻ സ്റ്റീവ് ലോപ്പസിൽ ഹരി ആയി എത്തി സുജിത്ത് ശങ്കർ ഈ ചിത്രത്തിലും തിളങ്ങുന്നു.

Maheshinte Prathikaaram | Fahad Faasil, Dileesh Pothan, Aashiq Abu | Manorama Online

ഓരോ ചിത്രങ്ങളിലും വ്യത്യസ്ത കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ആഷിക് അബു ഇത്തവണ നിർമാതാവായി ഈ സിനിമയിലൂടെ. നമ്മെ വിട്ടുപിരിഞ്ഞ വിൻസന്റ് മാഷ് മുതല്‍ പ്രിയനടി കൽപനയ്ക്ക് വരെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഈ ചിത്രമാരംഭിക്കുന്നത്

ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദാണ്. ഇടുക്കി കുറച്ചുകൂടി സുന്ദരിയായോ എന്നു തോന്നിപ്പോകും ഖാലിദിന്റെ ക്യാമറയില്‍ അവളെ കാണുമ്പോള്‍. അത്ര മനോഹരമായാണ് ഒരോ ഫ്രെയിമും അദേഹം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

FAHAD-ANU

ബിജിബാലിന്റെ സംഗീതവും പ്രത്യേകിച്ച് ടൈറ്റിൽ സോങ് ആയ ഇടുക്കിപാട്ടും സിനിമയ്ക്ക് മൊഞ്ച് കൂട്ടും. ഇടുക്കിയുടെ അളവറിഞ്ഞ് മനമറിഞ്ഞ് എഴുതിയിരിക്കുന്ന ഗാനത്തിന്റെ വരികൾക്കൊപ്പം അതിന്റെ പശ്ചാത്തലവും ആ ഗാനത്തിന്റെ പ്രത്യേകതയാണ്. വസ്ത്രാലങ്കാരം നിർവഹിച്ച സമീറയും ശബ്ദമിശ്രണം നൽകിയ ‍ഡാൻ ജോസും പ്രശംസ അർഹിക്കുന്നു. ൈസജു ശ്രീധരന്റെ ചിത്രസംയോജനവും കളറിങ്ങും മഹേഷിന്റെ പ്രതികാരത്തിന് മൂർച്ചകൂട്ടുന്നു.

പ്രായഭേദമന്യേ കുടുംബത്തിനൊപ്പമോ കുട്ടികൾക്കൊപ്പമോ കാമുകിക്കോ കൂട്ടുകാർക്കോ അല്ല ഇനി ഒറ്റയ്ക്കോ ധൈര്യമായി ടിക്കറ്റെടുക്കാനാകുന്ന നല്ല സിനിമയാണ് മഹേഷിന്റെ പ്രതികാരം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.