Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓടിക്കോ...പ്രേതം, ആക്ഷൻ, ഡ്രാമ...

mass-review

സൂപ്പർനാച്വറൽ കോമഡി ത്രില്ലർ എന്ന ലേബലുമായാണ് ‘മാസു എൻകിറ മാസിലാമണി’ അഥവാ മാസ് എന്ന തമിഴ് ചിത്രം തിയേറ്ററുകളിലെത്തിയത്. പറഞ്ഞപോലെത്തന്നെ ചിത്രം നിറയെ സൂപ്പർനാച്വറൽ പ്രേതങ്ങളുണ്ട്, കോമഡിയുണ്ട്, ത്രില്ലിങ് ആക്ഷനുമുണ്ട്. പക്ഷേ പ്രേതങ്ങളെ കണ്ടാൽ ചിരി വരും, കോമഡിയാകട്ടെ കണ്ടുപഴകിപ്പരിചയിച്ചു തേഞ്ഞതും. തമിഴ് സിനിമാലോകത്ത് ഹാസ്യവും ആക്ഷനും ഡ്രാമയുമെല്ലാം ചേരുംപടി ചേർത്ത് പുതിയൊരു ട്രെൻഡ് തന്നെ സൃഷ്ടിച്ച സംവിധായകന്റെ ആറാം ചിത്രം ‘മാസ്’ പ്രേക്ഷകനെ പാടെ നിരാശനാക്കുമെന്നു ചുരുക്കം.

തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന മാസ് എന്ന ചെറുപ്പക്കാരന് മരിച്ചുപോയവരെ കാണാനും അവരോട് സംസാരിക്കാനുമുള്ള അമാനുഷിക ശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ഒരു അപകടത്തിനിടയിലാണ് ആ കഴിവ് മാസിന് ലഭിക്കുന്നത്. പിന്നീടൊരിക്കൽ തലയ്ക്കടിയേൽക്കുമ്പോൾ ആ കഴിവ് പോകുന്നുമുണ്ട് (വിസ്മയത്തുമ്പത്ത് ഓർമ വരുന്നെങ്കിൽ തെറ്റുപറയാനാകില്ല). പല ലോകോത്തര ഹൊറർ സിനിമകളെയും പൊളിച്ചടുക്കാനുള്ള ശ്രമവും ഇത്തവണ വെങ്കട് പ്രഭു നടത്തി. എന്നാൽ അതിനിടെ സൂര്യയെപ്പോലെ ഒരു സൂപ്പർസ്റ്റാറിനു പോറലേൽക്കാതെ മുന്നോട്ടു നയിക്കേണ്ട ഗതികേടും സംവിധായകനുണ്ടായി.

mass-tamil-movie

കള്ളും കഞ്ചാവും കാശും ഐറ്റം ഡാൻസും വരെ നിറഞ്ഞാടുന്ന രീതിയിലായിരുന്നു വെങ്കട് പ്രഭുവിന്റെ സിനിമകൾ. യുവാക്കളായിരുന്നു അവയുടെ പ്രധാന ലക്ഷ്യവും. പക്ഷേ സൂര്യയുടെ ചിത്രങ്ങൾ കുടുംബപ്രേക്ഷകർക്കു കൂടി രസിക്കണം. അതിനൊരു കഥ വേണം. അയർലൻഡിലെ തമിഴനായ പൊലീസുകാരനിലൂടെ ആ കഥയുമുണ്ടാക്കി. അതുവഴി ഒരു പ്രതികാരത്തിലേക്കുള്ള വഴിവെട്ടിയിട്ടു. പ്രതികാരത്തിലേക്ക് നയിക്കാനായി വെങ്കട് പ്രഭു സൃഷ്ടിച്ചെടുത്ത ഹൊറർ പശ്ചാത്തലവും രസകരം തന്നെയാണ്. പക്ഷേ പ്രേതസിനിമകളെ കളിയാക്കണോ അതോ റിയലായി കഥ പറഞ്ഞു പോകണോ എന്ന കൺഫ്യൂഷനിടയിൽ എല്ലാം കൈവിട്ടുപോയി എന്നു തന്നെ പറയേണ്ടി വരും. പതിവിനു വിപരീതമായി യുവാൻ ശങ്കർ രാജയുടെ പാട്ടുകൾ പോലും നിരാശപ്പെടുത്തിക്കളഞ്ഞു. ആക്ഷൻ സീനുകളിൽ പരമാവധി പുതുമയ്ക്ക് ശ്രമിച്ചിട്ടുണ്ട് വെങ്കട് പ്രഭു. അതിലും പക്ഷേ കല്ലുകടിക്ക് കുറവില്ല. (ധൂം സിനിമ മൂന്ന് ഭാഗങ്ങളാക്കി വരെ ഇറങ്ങിയ കാര്യം വെങ്കട് പ്രഭു അറിഞ്ഞിരിക്കില്ലേ!!) പക്ഷേ പ്രേതങ്ങളെക്കൊണ്ട് ചെയ്യിക്കുന്ന ചെയ്തികൾ അസഹനീയമാണ്. ആർ.ഡി.രാജശേഖറാണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിങ് കെ.എൽ.പ്രവീണ്‍.

Masss - Official Teaser

ആദ്യസംരംഭത്തിൽത്തന്നെ പുതുമുഖങ്ങളെ ഉൾപ്പെടുത്തി ചെന്നൈ 600028 പോലൊരു തകർപ്പൻ ചിത്രമൊരുക്കിയ വെങ്കട് പ്രഭു, സൂര്യയെന്ന സൂപ്പർ സ്റ്റാറിന്റെ മുന്നിൽ തന്റെ കഴിവുകൾ മുഴുവനും വച്ച് കീഴടങ്ങിയ അവസ്ഥയായിപ്പോയി ഇത്തവണ. സരോജ, ഗോവ, മങ്കാത്ത, ബിരിയാണി തുടങ്ങിയ വെങ്കട് ചിത്രങ്ങളിലുണ്ടായിരുന്ന എന്റർടെയിൻമെന്റ് ചേരുവകൾ പോലും കാണാനില്ല മാസിൽ. സൂപ്പർനാച്വറൽ എന്ന ലേബലില്ലെങ്കിലും ഗോവയിലും മങ്കാത്തയിലുമെല്ലാം നാം അത്തരം കാഴ്ചകൾ കണ്ടതാണ്. പറന്നു വരുന്ന കത്തി വായുവിൽ നിൽക്കുക, മിന്നല്‍ പോലെ കാർ വളച്ച്, ഒന്നു നിർത്തുക പോലും ചെയ്യാതെ ഒരുത്തന്നെ അടിച്ചെടുത്ത് പാഞ്ഞുപോകുക തുടങ്ങിയ ‘അമാനുഷിക’ സംഗതികളെല്ലാം പക്ഷേ അന്നു പ്രേക്ഷകർ ക്ഷമിച്ചു. കാരണം അത് വെങ്കട് പ്രഭു സ്റ്റൈലായിരുന്നു. മറ്റുസിനിമകളെയും സ്വന്തം സിനിമകളെത്തന്നെയും വിമർശനാത്മകമായി സമീപിച്ച് അതിൽ നിന്ന് രസകരമായ സിനിമാറ്റിക് കാഴ്ചകളും ഡയലോഗുകളും കൊണ്ടുവന്ന് തിയേറ്ററുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു ഈ സംവിധായകൻ. എന്നാൽ വെങ്കടിന്റെ മുൻ ചിത്രങ്ങളുടെ മികവ് നൽകിയ ആത്മവിശ്വാസത്തിൽ മാസിനു വന്നാൽ നിരാശയായിരിക്കും ഫലം. അതേസമയം ആദ്യമായി ഒരു വെങ്കട് പ്രഭു ചിത്രം കാണാനെത്തുന്ന പ്രേക്ഷകനും രക്ഷയില്ല–കാരണം മുൻചിത്രങ്ങൾ കണ്ടാൽ മാത്രമേ മാസിലെ പല കോമഡികളും മനസ്സിലാവുകയുള്ളൂ.

mass-stills

നിർബന്ധമായും തന്റെ സിനിമയിലുണ്ടായിരിക്കണമെന്ന വാശിയോടെ ഇത്തവണയും വെങ്കട് പ്രഭു സഹോദരൻ പ്രേംജി അമരനെയും വിജയ് വസന്തിനെയും ജയ്നെയും അരവിന്ദിനെയുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ചിത്രത്തിലെ മനോഹരമെന്നു പറയാവുന്ന സെന്റിമെന്റ്സ് നിറഞ്ഞൊരു സീനിൽ ജയ്‌യുടെ ‘എങ്കേയും എപ്പോതും’ എന്ന ചിത്രത്തിലെ ചില ഭാഗങ്ങൾ ചേർത്തു നടത്തിയ പരീക്ഷണം അസഹനീയമാണ്. അത്തരത്തിൽ പല പരീക്ഷണങ്ങൾക്കും ശ്രമമുണ്ടായെങ്കിലും വിജയിക്കാതെ പോവുകയായിരുന്നു.

ചിത്രത്തിലെ നായിക നയന്‍‌താരയ്ക്കു പോലും കാര്യമായൊന്നും ചെയ്യാനില്ലാത്ത സാഹചര്യത്തിൽ ബാക്കിയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. മറ്റ് അഭിനേതാക്കളായ സമുദിരക്കനിയും പാർഥിപനും റിയാസ് ഖാനുമെല്ലാം തങ്ങളുടെ കഴിവിന്റെ മൂന്നിലൊന്നു പോലും പുറത്തെടുക്കേണ്ടി വന്നില്ല. ആകെത്തുകയിൽ മാസ് ഗുണം ചെയ്തിട്ടുണ്ടാകുക സൂര്യ എന്ന നടന്റെ സൂപ്പർസ്റ്റാർ ഇമേജിനു മാത്രമായിരിക്കും. (ഇനി ഒരു സൂര്യയ്ക്ക് ഗുണകരമായില്ലെങ്കിൽ പ്രശ്നം തീർക്കാനായി രണ്ടാമതൊരു സൂര്യയെയും ചിത്രത്തിൽ വെങ്കട് പ്രഭു ഇറക്കുന്നുണ്ട്.) സിങ്കത്തിലും മാട്രാനിലും ഏഴാം അറിവിലുമെല്ലാം തമിഴ് വികാരം ആളിക്കത്തിച്ച ഡയലോഗുകളടിച്ച് തിളങ്ങാനൊരു ശ്രമം നടത്തിയിരുന്നു സൂര്യ. അതേ നീക്കം മാസിലും നടത്തി നോക്കി. ഇത്തവണ ശ്രീലങ്കൻ തമിഴും തമിഴ്നാടൻ തമിഴും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. പക്ഷേ പതിവുപോലെ സംഗതി പാളി. സംവിധാനത്തിലും തിരക്കഥയിലും പല ‘നടുവളയ്ക്കലുകൾ’ക്കും വിധേയനായിട്ടാണോ വെങ്കട് പ്രഭു ‘മാസ്’ ഒരുക്കിയതെന്നു പ്രേക്ഷകൻ സംശയിച്ചാൽ അതിനെ ‘തികച്ചും സ്വാഭാവിക’മെന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.