Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭയപ്പെടുത്തുന്ന ‘മായാ’ജാലം

maya-nayanthara

ലോകത്തിലെ സകലരും മരണമടഞ്ഞ ആ രാത്രി. ഒരു മുറിയിൽ നിങ്ങളൊറ്റയ്ക്ക്. അന്നേരമാണ് കേട്ടത്; വാതിലിൽ ആരോ മുട്ടുന്നു...

ലോകത്തിലെ ഏറ്റവും ചെറിയ അപസർപ്പകകഥയെന്ന വിശേഷണത്തോടെ പ്രചരിപ്പിക്കുന്നതാണിത്. ആലോചിക്കുമ്പോൾ ഒരുനിമിഷമെങ്കിലും പേടിയുടെ മിന്നൽക്കണത്തെ സമ്മാനിക്കുന്ന വരികൾ. യാതൊരു ശബ്ദവുമില്ല, വിഷ്വലുകളില്ല, ഒരു പ്രേതം പോലുമില്ല...എന്നിട്ടും ഈ നാലു വരികളിൽ നിന്ന് മനസ്സ് വിരിയിച്ചെടുക്കുന്നത് ഭയമെന്ന വികാരം. കണ്മുന്നിലൊന്നും കാണണമെന്നില്ല, പേടിക്കണമെങ്കിൽ വെറുതെ ചിന്തകളെ പ്രേതലോകത്തേയ്ക്കൊന്ന് അയച്ചുവിട്ടാൽ മാത്രം മതിയെന്നർഥം. അങ്ങനെ ചിന്തിപ്പിച്ചു കൊണ്ട് പേടിപ്പിക്കുന്ന സിനിമകൾ പക്ഷേ അധികമൊന്നും നമ്മൾ കണ്ടിട്ടില്ല. പ്രത്യേകിച്ച് തമിഴിൽ. നിശബ്ദമായ അന്തരീക്ഷത്തിൽ അപ്രതീക്ഷിതമായെത്തുന്ന അലർച്ചകൾ, അല്ലെങ്കിൽ സ്ക്രീനിൽ നിന്ന് നമുക്കുനേരെ ചാടിവീഴുന്ന ചോരയിറ്റുവീഴുന്ന നാവും കണ്ണുകളുമുള്ള പ്രേതങ്ങൾ...ഇതെല്ലാമാണ് നമ്മുടെ പരമ്പരാഗത ഹൊറർചിത്രങ്ങൾ.

nayan-maya

അശ്വിൻ ശരവണന്റെ ‘മായ’ എന്ന കന്നിച്ചിത്രത്തിലും ഇതെല്ലാമുണ്ട്. പേടിപ്പിക്കാനായി ആൽഫ്രഡ് ഹിച്ച്കോക്ക് ‘സൈക്കോ’യിലെ കൊലപാതക സീനിലുപയോഗിച്ച അതിഭീകര സൗണ്ട് ട്രാക്ക് പോലും അൽപം മാറ്റത്തോടെ ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം കോൺജുറിങ് പോലുള്ള ചിത്രങ്ങളിൽ കണ്ട പ്രേതമില്ലാത്ത തരം പേടിപ്പിക്കലുകളും. പക്ഷേ ഇതൊക്കെയുണ്ടായിട്ടും മായയെ ഒരു കോപ്പിയടി ചിത്രമായി വിലയിരുത്താനാകില്ല. കാരണം അശ്വിൻ അത്ര മനോഹരമായി കഥയെയും കഥാപാത്രങ്ങളെയും തന്റെ വരുതിയിൽ നിർത്തുകയും തമിഴ് സിനിമ ഇന്നേവരെ കാണാത്ത തരം ഷോട്ടുകളിലേക്കും സീനുകളിലേക്കും എന്തിന് ശബ്ദവിന്യാസത്തിലേക്കു വരെ നമ്മെ നയിക്കുകയും ചെയ്യുന്നു. അവസാന സീൻ വരെ പ്രേതത്തിന്റെ മുഖം കാണിക്കാത്ത ചിത്രം. പക്ഷേ ആദ്യസീൻ മുതൽ ഞെട്ടിലിന്റെയും പേടിയുടെയും പുത്തൻ സിനിമാറ്റിക് അനുഭവം സമ്മാനിക്കും ‘മായ’. പിസയ്ക്കും പിസാസിനും ഡി മാൻഡി കോളനിയ്ക്കും ശേഷം തമിഴ് ഹൊറർ ചിത്രങ്ങളിൽ പുതിയൊരു പരീക്ഷണത്തിനൊരുങ്ങി വിജയിപ്പിച്ചതിൽ അശ്വിനെ അഭിനന്ദിച്ചേ മതിയാകൂ.

ഹൊറർ ചിത്രങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ച തകാഷി മിക്കെ എന്ന ജാപ്പനീസ് സംവിധായകന്റെ കഴിഞ്ഞ വർഷമിറങ്ങിയ ചിത്രമായിരുന്നു ‘ഓവർ യുവർ ഡെഡ്ബോഡി’. ഒരു ഹൊറർ നാടകസംഘം. അവരുടെ പുതിയ നാടകത്തിനു സമാനമായി അതിലെ അഭിനേതാക്കളുടെ ജീവിതത്തിലും പേടിപ്പെടുത്തുന്ന, അവിശ്വസനീയമായ പലതും സംഭവിക്കുകയാണ്. ചിന്തിപ്പിച്ചു പേടിപ്പിക്കുന്ന തകാഷി തന്ത്രമായിരുന്നു ചിത്രത്തിലുടനീളം. (ചിത്രത്തിൽ സംവിധായകൻ പ്രയോഗിച്ച രക്തപങ്കിലമായ കാഴ്ചകളുടെ സ്വാധീനം വിസ്മരിക്കുന്നില്ല). അത്തരമൊരു ചിത്രം ഇനിയെന്നു കാണാനാകുമെന്നതിന്റെ ഉത്തരമായിട്ടായിരുന്നു മായ കണ്മുന്നിലെത്തിയത്. രണ്ട് കഥകളുടെ സമാന്തര സഞ്ചാരമാണ് മായ. ഏതാണ് സത്യം, ഏതാണ് മിഥ്യ എന്നു തിരിച്ചറിയാനാകാതെയുള്ള യാത്ര. പക്ഷേ പ്രേക്ഷകന് തന്റേതായ നിഗമനങ്ങളിലേക്കെത്താനുള്ള ഒട്ടേറെ അവസരങ്ങൾ സംവിധായകൻ ഒരുക്കുന്നുണ്ട്.

മായാവനം എന്ന കാട്ടിലെ ഒറ്റപ്പെട്ട ഭ്രാന്താശുപത്രി. ഉറ്റവരാൽ ഒഴിവാക്കപ്പെട്ടവരാണവിടെ നിറയെ. അത് മുതലെടുത്ത് കൊടിയ പീഡനങ്ങളും മരുന്നു പരീക്ഷണങ്ങളുമൊക്കെയാണ് അന്തേവാസികൾക്കു നേരെ നടക്കുന്നത്. എത്തിപ്പെട്ടവരൊന്നും ഒരിക്കലും തിരിച്ചുപോകാത്ത മായാവനം. വർഷങ്ങൾക്കിപ്പുറം, നഗരത്തിരത്തിൽ നിന്നു മാറിയുള്ള ആ വനത്തിലേക്കും അതിനകത്തെ ഇടിഞ്ഞുപൊളിഞ്ഞ ഭ്രാന്താശുപത്രിയിലേക്കും ആരും പോകാറില്ല. പോയവരാരും തിരിച്ചു വന്നിട്ടുമില്ല. മായാവനത്തിലെ മരങ്ങളെപ്പോലെ നിഗൂഢമാണ് ചിത്രത്തിലെ ഓരോ കഥാപാത്രവും. അവരിലൂടെ സൗഹൃദവും പ്രണയവും വൈവാഹികബന്ധവും അന്ധവിശ്വാസങ്ങളുമെല്ലാം സംവിധായകൻ കീറിമുറിക്കുകയാണ്.

nayanthara-maya

കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലുമായാണ് ചിത്രത്തിന്റെ യാത്ര. സത്യൻ സൂര്യന്റേതാണ് ഛായാഗ്രഹണം. 141 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിലെ ഓരോ ഇഞ്ചിലും ഞെട്ടലുകൾ ഒളിപ്പിച്ചു വയ്ക്കുന്ന വിധത്തിൽ വിഷ്വലുകൾ കൊണ്ട് ‘ഭയപ്പെടുത്താൻ’ ഛായാഗ്രാഹകനായിട്ടുണ്ട്. എടുത്തുപറയേണ്ടത് ടി.എസ്.സുരേഷിന്റെ എഡിറ്റിങ്ങും സൗണ്ട് ഡിസൈനിങ്ങുമാണ്. ഒരു ഘട്ടത്തിൽ സിനിമ കാണുന്ന നമ്മളും അതിൽ അഭിനയിക്കുന്നവരും ഒരു തിയേറ്ററിനകത്താകുന്ന അവസ്ഥയുണ്ട്. മികച്ച ശബ്ദസംവിധാനങ്ങളുള്ള തിയേറ്ററിലാണ് പ്രേക്ഷകനെങ്കിൽ കിടുങ്ങിപ്പോകുമെന്നത് ഉറപ്പ്. കൊടുങ്കാട്ടിൽ ഒറ്റയ്ക്ക് അസാധാരണമായ സാഹചര്യത്തിൽ ഒറ്റപ്പെട്ടുപോയാൽ എങ്ങനെയുണ്ടാകും? അതും കണ്മുന്നിൽ പേടിപ്പെടുത്തുന്ന കാഴ്ചകൾ മാത്രമേ ഉണ്ടാകൂ എന്ന കാര്യം ഉറപ്പായ സാഹചര്യത്തിൽ...!! അത്ര പെരുത്ത് മനോധൈര്യമില്ലാത്ത ഒരാളാണെങ്കിൽ തിയേറ്ററിൽ തന്റെ ഇരുവശത്തേയ്ക്കും അറിയാതെയെങ്കിലും ഭീതിയോടെ ഒന്നു നോക്കിപ്പോകും. അത്തരം ഭയപ്പാടുകൾ കൃത്യമായെത്തിക്കുന്ന വിധമാണ് ചിത്രത്തിലെ ശബ്ദവിന്യാസം.

ആരി, അംസദ് ഖാൻ, ലക്ഷ്മി പ്രിയ, ശരത്, റോബോ ശങ്കർ, ജി.എം.കുമാർ എന്നിങ്ങനെ തമിഴിലെ അത്ര പ്രശസ്തരല്ലാത്ത അഭിനേതാക്കളാണ് ചിത്രത്തിൽ. ഒപ്പം നയൻതാരയുടെ അപ്സരയെന്ന കഥാപാത്രവും. അഭിനയത്തിൽ ഒരാൾ പോലും ചീത്തപ്പേരു കേൾപ്പിക്കില്ല. റോൺ ഏഥൻ യോഹൻ ആണ് ചിത്രത്തിന്റെ സംഗീതം. ഐറ്റം ഡാൻസും എന്തിനോ വേണ്ടി തിരുകിക്കയറ്റുന്ന കോമഡിയും ക്ലീഷ സ്റ്റണ്ടും ഒന്നുമില്ലാതെ സ്ഥിരം തമിഴ് മസാല ഫോർമാറ്റിൽ നിന്നു മാറിയാണ് ഈ ഹൊറർ ചിത്രം പ്രേക്ഷകനിലേക്കെത്തുന്നത്. മുഴുവൻ സമയവും നമ്മളെ പേടിപ്പിച്ചിരുത്തുമെന്നു പറയുന്നില്ല, പക്ഷേ പേടിപ്പിക്കേണ്ടയിടത്ത് കൃത്യമായി ‘മായ’ പേടിപ്പിക്കുന്നുണ്ട്.

സിനിമയിലെ ആദ്യസീൻ മാത്രം മതി സംവിധായകന്റെ മിടുക്ക് തെളിയിക്കാൻ. ജീവിതത്തെ ഫിക്‌ഷനിൽ നിന്നു മാറ്റാതെ അതിനോടൊപ്പം കൊണ്ടു പോകാനുള്ള ഒരു ശ്രമം. ചിലയിടത്തെല്ലാം അത് പാളിയെങ്കിലും ആകെത്തുകയിൽ ‘മായ’ മികവുറ്റ സിനിമാറ്റിക് അനുഭവമാണ്. ഹൊറർ ചിത്രങ്ങളിൽ അലർച്ചയും നിലവിളിയും നിശബ്ദതയും ചോരയൊലിപ്പിക്കുന്ന കാഴ്ചകളും മാത്രമല്ല, കഥയും, ഒരുപക്ഷേ ചിത്രം കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകൻ പോലും നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് കാണിച്ചു തരും ഈ സിനിമ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.