Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നൊന്നര പുലിമുരുകൻ;റിവ്യു

pulimurugan-lal2

അതിഗംഭീരം. ഒറ്റവാക്കിൽ പുലിമുരുകനു കൊടുക്കാവുന്ന ഏറ്റവും നല്ല വിശേഷണമിതാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാം വിധം, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ. കുട്ടികൾക്കും കുടുംബങ്ങൾക്കും ആരാധകർക്കുമൊക്കെ ധൈര്യമായി കാണാവുന്ന ഫുൾടൈം എന്റർടെയ്നർ.

പുലിയൂർ എന്ന ഗ്രാമത്തിന്റെ രക്ഷകനാണു മുരുകൻ. നാട്ടിലിറങ്ങുന്ന നരഭോജികളായ വരയൻപുലികളെ വേട്ടയാടിപ്പിടിക്കുന്ന വീരൻ. മുരുകന്റെയും അവൻ ഏറെ സ്നേഹിക്കുന്ന കുടുംബത്തിന്റെയും കഥയാണ് ‘പുലിമുരുകൻ’. മനുഷ്യരിൽനിന്നും മൃഗങ്ങളിൽനിന്നും അവർക്കുനേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് സിനിമ പറയുന്നത്.

വെൽ പാക്ക്ഡ് എന്റർടെയ്നറാണ് ‘പുലിമുരുകൻ’. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ കൂടെ നിർത്തുന്ന സിനിമ. ഫ്ലാഷ്ബാക്കിലാണു ചിത്രം ആരംഭിക്കുന്നത്. മോഹൻലാലിന്റെ ചെറുപ്പം അഭിനയിക്കുന്ന കുട്ടിയും കടുവയും തമ്മിലുള്ള പോരാട്ടം അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ഇൗ രംഗങ്ങൾ മോഹൻലാലിന്റെ ഇൻട്രൊഡക്‌ഷനു മുമ്പു തന്നെ ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കും. പീന്നീടു കടുവയും മനുഷ്യരുമായി മുരുകൻ നടത്തുന്ന പോരാട്ടമാണ്. ആദ്യ പകുതിയിൽ മുരുകന്റെ പ്രകടനം കാട്ടിലാണെങ്കിൽ രണ്ടാം പകുതിയിൽ അതു നാട്ടിലാണെന്നു മാത്രം.

പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്‌ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മാസ്മരികം എന്നു മാത്രമേ സംഘട്ടനരംഗങ്ങളെപ്പറ്റി പറയാനാകൂ. ഇതുവരെ ഒരു മലയാള സിനിമയിലും കാണാത്ത, മോഹൻലാലിന്റേതായി നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ചുവടുകൾ. മനുഷ്യനോടും മൃഗത്തിനോടും മല്ലു പിടിക്കുന്ന മുരുകനെ പീറ്റർ അവിസ്മരണീയമായി ഒരുക്കിയിരിക്കുന്നു.

സുൽത്താനിൽ സൽമാൻഖാൻ കൈ കൊണ്ട് ആളെ മറിച്ചിടുന്നുണ്ടെങ്കിൽ ഇവിടെ മോഹൻലാൽ കാലുപയോഗിച്ചാണ് അതു ചെയ്യുന്നത്. 56 വയസ്സുള്ള ഒരു മനുഷ്യനാണോ ഇങ്ങനെ ചാടിമറിയുന്നതെന്നു കാഴ്ചക്കാരനു തോന്നും. ഡ്യൂപ്പുണ്ടെന്ന സംശയത്തിനു പോലും ഇടം കൊടുക്കാത്തവണ്ണം സംവിധായകൻ വൈശാഖ് അതൊക്കെ അവതരിപ്പിച്ചിട്ടുമുണ്ട്. റോപ്പിന്റെയും മറ്റും സഹായമുണ്ടെങ്കിലും മോഹൻലാൽ എന്ന നടൻ മനസ്സും ശരീരവും ഒരുപോലെ അർപ്പിച്ചാണ് ആക്‌ഷൻരംഗങ്ങൾക്കു ജീവൻ പകർന്നതെന്നു നിസ്സംശയം പറയാം.

Pulimurugan-lal

ഇങ്ങനെയൊരു ആശയം ആലോചിച്ച് കഥയും തിരക്കഥയും രൂപപ്പെടുത്തിയെടുത്ത ഉദയ്കൃഷ്ണ തനിച്ചുള്ള തന്റെ വരവു മികച്ചതാക്കി. കഥയെ കാര്യമാക്കിയ വൈശാഖ് എന്ന സംവിധായകനാണ് പുലിമുരുകനിലെ യഥാർഥ പുലി. ഒരുപക്ഷേ ഒരു മലയാളി സംവിധായകനും ആലോചിക്കുക പോലും ചെയ്യാനിടയില്ലാത്ത സംഭവങ്ങളെ വെല്ലുവിളികൾ അതിജീവിച്ചു വെള്ളിത്തിരയിലെത്തിച്ച അദ്ദേഹത്തെ പുകഴ്ത്താൻ വാക്കുകൾ  മതിയാവില്ല. തട്ടുപൊളിപ്പൻ ചിത്രങ്ങൾ മാത്രം ചെയ്ത് ഒതുങ്ങിപ്പോകേണ്ട ആളല്ല വൈശാഖെന്നു പുലിമുരുകൻ തെളിയിക്കുന്നു. വാണിജ്യ വിജയം നേടിയ ഒരുപാടു സിനിമകൾ നേരത്തെയും ചെയ്തിട്ടുണ്ടെങ്കിലും ഇൗ ഒറ്റച്ചിത്രം കൊണ്ട് അദ്ദേഹം മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരുടെ നിരയിലേക്കുയരും.

ഛായാഗ്രാഹകനായ ഷാജി കാടിന്റെയും നാടിന്റെയും ഭംഗി ഒരുപോലെ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു. എഡിറ്റിങ് നിർവഹിച്ച ജോൺകുട്ടി ദൈർഘ്യമേറെയുള്ള ചിത്രം പ്രേക്ഷകനു മടുപ്പുതോന്നാതെ അണിയിച്ചൊരുക്കി. ഗോപി സുന്ദർ ഒരുക്കിയ പാട്ടും പശ്ചാത്തലസംഗീതവും സിനിമയോടു നൂറുശതമാനം നീതി പുലർത്തി. ചിത്രത്തിന്റെ മൂഡിനെ അതിന്റെ പാരമ്യത്തിലേക്കെത്തിക്കാൻ ഗോപിയുടെ സംഗീതത്തിനായി.

pulimurugan-fans1

മോഹൻലാ‍ൽ നന്നായി അഭിനയിച്ചു എന്ന പ്രയോഗം ക്ലീഷേയാണെന്നറിഞ്ഞു കൊണ്ടുതന്നെ പറയട്ടെ, അദ്ദേഹം എല്ലാം മറന്ന് അഭിനയിച്ചിരിക്കുന്നു. മോഹൻലാലും ഒപ്പം ലാലും തകർത്തഭിനയിച്ചിരിക്കുന്നുവെന്നതാണു പുലിമുരുകന്റെ പ്രധാന പ്രത്യേകത. ഹാസ്യരംഗങ്ങളിലും വൈകാരിക രംഗങ്ങളിലുമൊക്കെ ഇവരുടെ കെമിസ്ട്രി നന്നായി വർക്ക് ചെയ്തിരിക്കുന്നു. കമാലിനി മുഖർജി, വിനു മോഹൻ, ബാല, ജഗപതി ബാബു, നമിത, കിഷോർ തുടങ്ങിയ വലിയ താരനിരയും ഇവർക്കൊപ്പമുണ്ട്.

PULIMURUGAN-LAL4

അതിഗംഭീരമായ ആക്‌ഷൻ രംഗങ്ങൾ തന്നെയാണ് പുലിമുരുകന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സാധാരണ മാസ് സിനിമകളിൽ കാണുന്ന സ്ലോ മോഷൻ നടത്തമോ പഞ്ച് ഡയലോഗുകളോ പുലിമുരുകനിൽ അധികമില്ല. നല്ല നർമരംഗങ്ങളും മോഹൻലാലിന്റെ കുസൃതി നിറഞ്ഞ അഭിനയമുഹൂർത്തങ്ങളും കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന ചില വൈകാരിക രംഗങ്ങളുമെല്ലാം ചേരുമ്പോൾ, മുരുകൻ വെറുമൊരു ആക്‌ഷൻ സിനിമയിൽനിന്നു മാറി കാമ്പുള്ള ചിത്രമാകുന്നു. ഗ്രാഫിക്സ്, വിഎഫ്‌എക്സ് മേഖലകളിൽ ചില പോരായ്മകൾ തോന്നാമെങ്കിലും ബോളിവുഡിൽപോലും ഉണ്ടാകാനിടയില്ലാത്ത ഒരു ചിത്രം മലയാളത്തിലെത്തുമ്പോൾ അതൊന്നും ഒരു കുറവായി കാണാനാവില്ല.

പുലിമുരുകൻ മലയാളസിനിമയുടെ ചരിത്രത്തിലിടം കണ്ടെത്തുന്ന സിനിമയാണ്. കാരണം ഇതുപോലൊന്ന് ഇന്ത്യൻ സിനിമയിൽത്തന്നെ അപൂർവമാണെന്നതുതന്നെ. ബോക്സ്ഒാഫിസ് റെക്കോർഡുകളുടെ നേരേ ഇനി പല പേരുകൾ എഴുതേണ്ടി വരുമെന്നും തോന്നുന്നില്ല. ഇന്ത്യയിലെതന്നെ മികച്ച സിനിമകൾ ഒരുങ്ങുന്ന മലയാളത്തിൽ ഇങ്ങനെയൊരു ചിത്രവും ഉണ്ടായതിൽ അഭിമാനിക്കാം.

Your Rating:
നിങ്ങൾക്കും റിവ്യൂ എഴുതാം