Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാങ്സ് ഓഫ് കമ്മട്ടിപ്പാടം; റിവ്യു

kammattipadam

ആര്‍ഭാടങ്ങളുടെയും അധീശത്വങ്ങളുടെയും ഏച്ചുകെട്ടലില്ലാതെ ചങ്കൂറ്റം മാത്രം ആയുധമാക്കി ജീവിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് രാജീവ് രവിയുടെ കമ്മട്ടിപ്പാടം. ചോരയുടെ മണം നിറഞ്ഞ വഴിയോരങ്ങളിലൂടെയുള്ള പച്ചയായ ജീവിതങ്ങളുടെ ആവിഷ്കാരം യാഥാർത്ഥ്യത്തോട് നൂറു ശതമാനം നീതി പുലർത്തി ഇൗ ചിത്രത്തിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നു.

കമ്മട്ടിപ്പാടം കഥ പറയുന്ന ചിത്രമല്ല. മറിച്ച് കഥാപാത്രങ്ങളെ കാണിച്ച തരുന്ന സിനിമയാണ്. അവരാണ് ഇതിലെ നായകന്മാർ. ഒരു റിയലിസ്റ്റിക് ഗാങ്സ്റ്റർ ചിത്രം. ചോരക്ക് ചോര...പകരത്തിന് പകരം...

ബസ് അല്ല വേണമെങ്കില്‍ തീവണ്ടി വരെ പിടിച്ച് നിർത്താൻ ചങ്കൂറ്റമുള്ള പിള്ളേരാണ് കമ്മട്ടിപ്പാടത്തുള്ളത്. കള്ളവാറ്റും ക്വട്ടേഷനുമൊക്കെയായി ജീവിക്കുന്ന ബാലന്റെയും ഗംഗയുടെയും കൃഷ്ണന്റെയും കഥ. കൊച്ചിയുടെ ഏതോഒരു മൂലയിൽ നാട്ടിൻപ്രദേശത്ത് ജീവിക്കുന്നവർ.

KAMMATIPAADAM (Malayalam) - OFFICIAL TEASER - Starring Dulquer, Directed by Rajeev Ravi

പുറംലോകവുമായി അധികം ബന്ധമൊന്നുമില്ലാത്തതിനാല്‍ നഗരത്തിന്റെ വികസനമൊന്നും ഇവർക്ക് അറിയില്ല. എണീറ്റ് നടക്കാറുകുമ്പോൾ തന്നെ പിച്ചാത്തി പിടിച്ചു തുടങ്ങുന്ന ഒരുപറ്റം ജന്മങ്ങൾ.

നഗരത്തിന്റെ വളർച്ചയെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്ന ആരാലും അറിയപ്പെടാത്ത കുറേയേറെ ജന്മങ്ങളുടെ കഥ. കൊച്ചിയുടെ നഗരത്തിന്റെ വളർച്ചക്ക് കമ്മട്ടിപ്പാടത്തിന്റെ ചോരയുടെ മണം കൂടിയുണ്ട്.

കത്തിക്കുത്തിൽ മുറിവേറ്റ കൃഷ്ണനെ കാണിക്കുന്നിടത്താണ് കമ്മട്ടിപ്പാടത്തിന്റെ തുടക്കം. വർഷങ്ങൾക്ക് മുൻപ് നാടുവിട്ട് മുംബൈയിൽ ജോലി ചെയ്തിരുന്ന കൃഷ്ണൻ എന്തിനാണ് കമ്മട്ടിപ്പാടത്ത് വീണ്ടുമെത്തുന്നത്. ആരാണ് കൃഷ്ണനെ കുത്തിയത്?

kammattipadam-vinayakan

മൂന്ന് കാലഘട്ടങ്ങളിലൂടെയുള്ള കഥ പറച്ചിലും നോൺ ലീനിയര്‍ സ്വാഭാവത്തിലുമുള്ള ആവിഷ്കാരരീതിയിലുമാണ് സിനിമയുടെ സഞ്ചാരം. രണ്ട് മണിക്കൂർ അൻപത്തിയഞ്ച് മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് പതിഞ്ഞ താളമാണ്. വയലൻസും ആക്ഷനും മസാലയുമുള്ള ഒരു ഗാങ്സ്റ്റർ സിനിമയെന്ന മുൻധാരണയിൽ കാണാൻ പോകരുത്. കാരണം അത്തരമൊരു കൊമേഴ്സ്യൽ ചിത്രത്തിന്റെ ആടയാഭരണങ്ങളൊന്നും കമ്മട്ടിപ്പാടത്തിനില്ല.

കാലത്തിനനുസരിച്ചു സിനിമയ്ക്കു അത് പ്രതിനിധാനം ചെയ്യുന്ന കാലത്തിന്റെ സ്വഭാവ സവിശേഷതകള്‍ വരും എന്നു പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഏതു കാലഘട്ടത്തിലെയും ചിത്രങ്ങള്‍ നമുക്ക് ഒരുക്കാം, അതെങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് പ്രത്യേകത. കമ്മട്ടിപ്പാടവും ഒരു കാലത്തേയും പ്രതിനിധാനം ചെയ്യുന്നില്ല. ആ അർത്ഥത്തിൽ കമ്മട്ടിപ്പാടം മികച്ച ആവിഷ്കാരം തന്നെയാണ്.

സ്വാഭാവികത അത് സംവിധാനം , അഭിനയം, ഛായാഗ്രഹണം എന്നീ മൂന്ന് തലങ്ങളിലും ആവോളമുണ്ട്. ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നതും ഈ സ്വാഭാവികതയാണ്. ഒരു ഘട്ടത്തിൽ പോലും ഇതിലൊരു വിട്ടുവീഴ്ചയക്ക് സംവിധായകൻ പോയിട്ടില്ല. പി ബാലചന്ദ്രന്റെ തിരക്കഥയോട് സംവിധായകൻ നീതിപുലർത്തി. ചുറ്റുപാടുകളോട് പൊരുതിക്കയറുന്നവന്റെ ജീവിതമെഴുതുമ്പോൾ വെട്ടലും തിരുത്തലും സൂക്ഷിച്ചു വേണമല്ലോ. അത് ആവോളം കാത്തുസൂക്ഷിച്ചിട്ടുണ്ട് രാജീവ് രവി.

vinayakan

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ കാണിച്ച സൂക്ഷമത എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മൂന്ന് കാലഘട്ടങ്ങളെയും അതിന് അനിവാര്യമായ മാറ്റങ്ങൾ വരുത്തിമികവുറ്റ പ്രകടനമാണ് ദുൽക്കർ കാഴ്ച‌വച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ് ദുൽക്കർ അഭിനയിച്ചിരിക്കുന്നു. ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠൻ പലഘട്ടങ്ങളിൽ പ്രേക്ഷകനെ അത്ഭുതപ്പെടുത്തും. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഗംഗ. അവതാരകനായി കാമറയ്ക്ക് മുന്നിലെത്തിയ അനിലിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരിക്കും സുരേന്ദ്രൻ എന്ന കഥാപാത്രം. ഡയലോഗ് ഒന്നുമില്ലാതെ എത്തിയ സൗബിനും കലക്കി.

ഷോണ്‍ റോമി (അനിത), ഷൈൻ ടോം ചാക്കോ, അലൻസിയർ, പി ബാലചന്ദ്രൻ, വിനയ്‍ ഫോർട്ട്, സുരാജ് വെഞ്ഞാറമൂട്, മുത്തുമണി, അഞ്ജലി, ഷൈൻ തുടങ്ങി പരിചിത മുഖങ്ങളല്ലാത്ത ഒരുപാട് അഭിനേതാക്കളുണ്ട്. ഇവരെല്ലാം തങ്ങളുടെ വേഷം അതിമനോഹരമാക്കി.

manikandan മണികണ്ഠൻ

സ്വാഭാവികമായ ലൈറ്റിംഗാണ് പലയിടത്തും ഉപയോഗിച്ച് കണ്ടത്. പ്രമേയത്തിന്റെ ഉള്‍ക്കരുത്തിനെ പ്രതിനിധീകരിച്ച മധുനീലകണ്ഠന്റെ ഛായാഗ്രാഹണവും ആഴമുളളതാണ്. കെ (കൃഷ്ണകുമാർ), ജോൺ പി വർക്കി, വിനായകൻ എന്നിവരുടെ സംഗീതം സിനിമയുടെ പരുക്കൻ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്നു. എടുത്തുപറയേണ്ടത് പശ്ചാത്തലസംഗീതമാണ്. ദിലീപ് സുബ്ബരായൻ നിർവ്വഹിച്ച സംഘട്ടനരംഗങ്ങൾ ഈ ആക്ഷൻ ചിത്രത്തിനു മുതൽക്കൂട്ടായിരുന്നു.

തപസ് നായിക്കാണ് ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി അജിത് കുമാറെന്ന എഡിറ്ററുടെ പ്രസക്തിയും വൈദഗ്ധ്യവും തിരിച്ചറിയാം സിനിമയിലുടനീളം. എങ്കിലും സിനിമയുടെ നീളക്കൂടുതൽ ആസ്വാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തെ ഒരുപക്ഷേ രണ്ട് ഭാഗങ്ങളിലായി അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ കുറച്ചുകൂടി പ്രേക്ഷകരിലേക്ക് അടുത്തുനിൽക്കാൻ സാധിച്ചേനേ.

സിനിമയെ ആസ്വാദനോപാധിയായി മാത്രം കാണാതെ അതിന്റെ കലാമൂല്യത്തെ ഗൗരവമായി കാണുന്നവർ തീർച്ചയായും കമ്മട്ടിപ്പാടം കണ്ടിരിക്കണം. റിലാക്സ് ചെയ്യാനും സമയം പോകാനും ചിരിച്ചുല്ലസിക്കാനുമൊക്കെ സിനിമയ്ക്ക് പോകുന്നവരുടെ ഇഷ്ടത്തിന് കിട്ടുന്നതല്ല കമ്മട്ടിപ്പാടം. അതൊരു പരുക്കൻ യാത്രയാണ്. യാഥാർഥ്യങ്ങൾ എപ്പോഴും അങ്ങനെ തന്നെയായിരിക്കും.

Your Rating: