Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്രന്റെ പ്രേമം കണ്ടു മടുത്തു !

premam

ഞാനും ഒന്നു പ്രേമിക്കാൻ പോകുവാ...ഞാനും ജ്യോതിയോടൊപ്പം പ്രേമിക്കുന്നു, ഫീലിങ് പ്രേമം വിത്ത് ജോബിൻ...ഈ പോസ്റ്റ് കണ്ടു മടുത്തു...ഈ യുവജനങ്ങൾക്കിതെന്തു പറ്റി? ഒരു സിനിമ ഇറങ്ങി. അത് കാണുന്നതിനു മുൻപും കണ്ടുകൊണ്ടിരിക്കുമ്പോഴും ഇങ്ങനെ നിലവിളിക്കുന്നതെന്തിനാണ്?

പൊതുവേ ഇഴകീറി പരിശോധിച്ച് ദളിത്, സ്ത്രീ, ഇടതു പക്ഷ വിരുദ്ധത പോലും പോസ്റ്റാക്കുന്ന ബുദ്ധിജീവികൾ വരെ പുത്രന്റെ പ്രേമത്തിൽ വീണു പോയി.. തട്ടത്തിൻ മറയത്ത് സിനിമയിലൂടെ തന്നെ നിവിൻ പോളി തന്റെ കയ്യിൽ എന്താണ് ഉള്ളത് എന്നു തുറന്നു സമ്മതിച്ചതാണ്. ‘നേരം’ എന്ന ഷോട്ട് ഫിലിം വലിച്ചു നീട്ടിയാണ് അൽഫോൻസ് പുത്രൻ നേരം സിനിമയാക്കിയത്. ഒരു സിനിമയുടെ അത്രയും നേരം ഷൂട്ടു ചെയ്തു കാണിക്കാൻ വളരെ കഷ്ടപ്പെട്ടു എന്നു സിനിമ കാണുമ്പോൾ മനസിലാവും. എന്നാൽ ആദ്യ സിനിമ എന്നതിലും, സമയം എന്ന ഏകകത്തെ അടിസ്ഥാനമാക്കി എഴുതിയ തിരക്കഥ എന്ന രീതിയിലും നേരം നല്ല സിനിമയായിരുന്നു. അൽഫോൻസ് എന്ന ചെറുപ്പക്കാരൻ ഒരു സെക്കുലർ കാഴ്ച്ചപ്പാടുള്ള ആളാണ് എന്നു തന്നെ കരുതുന്നു. ഒരിക്കൽപ്പോലും അത് സംശയിക്കാൻ പാകത്തിൽ ഒന്നും ഉണ്ടായിട്ടില്ല പക്ഷേ പ്രേമത്തിൽ ചില മതത്തിന്റെ ഇടപെലുകളെ വായിച്ചെടുക്കാൻ കഴിയുന്നുണ്ട്.

premam

കൃത്യമായി മതവും മതത്തിന്റെ ഇടപെടലുകളും സിനിമയിൽ കടന്നു വരുന്നുണ്ട്. അതെ പ്രേമത്തിൽ മതം വിദഗ്ദമായി ചേർത്തു വച്ചിട്ടുണ്ട്. നിവിൻ പോളി അവതരിപ്പിച്ച ജോർജ് ക്രിസ്ത്യാനിയാണ്. പള്ളിയിൽ പോകുന്ന ആളുമാണ്. ചിന്ത വിപുലപ്പെടാത്ത പ്രായത്തിൽ പതിനേഴാം വയസിൽ മേരി പള്ളിയിൽ വച്ച് ജോർജിന്റെ മനസിൽ കയറി ഒളിക്കുന്നു. ആ പ്രായത്തിൽ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി സ്വമതക്കാരി ആവണം എന്നു ജോർജ് വിചാരിക്കുന്നതിൽ അപകടം ഇല്ല. അത് മത ബോധം കൊണ്ടാവില്ല. അവളെ നഷ്ടപ്പെട്ടതിനു ശേഷം. കോളജിലെത്തുന്ന നായകൻ പള്ളിയിൽ പോവുന്നതോ കുരിശു വരയ്ക്കുന്നതോ കാണിക്കുന്നില്ല. അതു പോലെ തന്നെ കൃത്യമായി ഹിന്ദുമതക്കാരിയായ മലരിനെ പ്രായവും മതവും നോക്കാതെ പ്രണയിക്കുന്നു. കോളജിൽ നായകനു വിപ്ലവം. പക്ഷേ കല്ല്യാണ പ്രായത്തിൽ നായകൻ വീണ്ടും സ്വമതം തേടിപ്പോവുകയാണ്. വിവാഹം വേറെ, പ്രേമം വേറെ...അതു തന്നെ... ജീവിതം വേറെ പ്രേമം വേറെ.. . ജോർജ് മലരിനെ കല്ല്യാണം കഴിച്ചു എന്നു വയ്ക്കുക. തീർച്ചയായും മലരിന്റെ പ്രായക്കൂടുതലും, മതവും പ്രശനമായി കടന്നു വരും അതിൽ നിന്നൊക്കെ നായകനെ രക്ഷിച്ചു കൊണ്ടു പോവുകയാണ് സംവിധായകൻ.

Manorama Online | I Me Myself | Anupama Parameswaran

മതം കൊണ്ടുള്ള കളി അവിടെയും തീരുന്നില്ല. ജോർജിന്റെ സുഹൃത്തുക്കളുടെ പേര് ശംഭു, കോയ എന്നിങ്ങനെയാണ്. കൃത്യമായ ടോളറേഷൻ...എന്തിനാണത്? പ്രേമം ഒന്നിനെയും നിരസിക്കുന്നില്ല.നായകന്റെ മത മൈത്രി ഉള്ളവനാകണമെന്നും, വിവിധ മതത്തിൽപ്പെട്ടവരെ കൂടെ നിർത്തണമെന്നുമുള്ള സിനിമാശീലം.

നിവിൻ പോളിയുടെ സ്ക്രീൻ പ്രസൻസിനു മാർക്കു കൊടുക്കാമെങ്കിലും ശീലങ്ങളിൽ നിന്നു മുക്തി നേടാൻ സിനിമയ്ക്കു കഴിയുന്നില്ല. ലാലു അലക്സിനെ കിട്ടാത്തതു കൊണ്ടുമാത്രം രൺജി പണിക്കർ െചയ്യേണ്ടി വന്ന നിവിന്റെ അച്ഛൻ കഥാപാത്രം അതിന് ഉദാഹരണം. നായകൻ കോളജിലെ എതിരാളികളെ നോക്കുമ്പോഴേക്കും പേടിച്ചു പോകുന്നു.

premam

പ്രേമം അസുഖമായി കൊണ്ടു നടക്കുന്ന ജോർജിന് ഒരു പെൺ സുഹൃത്ത് പോലുമില്ലെന്നത് പലരും ശ്രദ്ധിച്ചതല്ലേ? േപ്രമത്തിനു കണ്ണും മൂക്കുമില്ല,ടിക്കറ്റുമില്ല പക്ഷേ... വാഴ്ത്തലുകൾ കൊണ്ട് നശിപ്പിക്കുന്നത് നല്ല സിനിമകൾ എടുക്കാൻ കഴിവുള്ള ഒരു യുവാവിനെയാണ്. പ്രേമമാണ് മഹത്തായ സിനിമ എന്നു കരുതി അയാൾ ഇനി ചെയ്തു കൂട്ടാൻ പോകുന്ന ഗിമ്മിക്കുക്കൾക്കൊക്കെയും നമ്മളാവും ഉത്തരവാദി... പ്രേമം കാണണം, കണ്ടിരിക്കണം, കൂക്കിവിളിക്കുകയും ചെയ്യാം... മലരും അവലും കുഴച്ചാണ് ശരിയായ പ്രേമമുണ്ടാക്കുന്നത് എന്നു കരുതി വാട്സ് ആപ്പിൽ ലവ് സിംബൽ അടിച്ചു വിടരുത്. അവളുടെ അച്ഛന് തണ്ടും തടിയുമുള്ള വേറെ പുത്രൻമാരുണ്ടാകും.... ജാഗ്രതൈ....

ബാക്കി: പ്രേമം ഇഷ്ടപ്പെടുന്നത് തെറ്റല്ല. മലയാളം സിനിമകൾ തീയറ്ററിൽ പോയി കാണുന്നത് മോശമായി കാണുന്ന യുവജനങ്ങളെ ഉൾപ്പെടെ തീയറ്ററിൽ എത്തിച്ചത് മികച്ച വിജയമാണ്. പക്ഷേ ഇങ്ങനെ ഒരു സിനിമ നിർമിച്ചാലേ തീയറ്ററിൽ ആളുകളെത്തൂ എന്നു കരുതുകയും, എഴുതിക്കൊണ്ടിരുന്ന തിരക്കഥയിൽ മാറ്റം വരുത്തുകയും ചെയ്യേണ്ടി വരുന്നതാണ് പ്രശ്നം. പ്രേമം വിജയിപ്പിച്ചാൽ മതി. വിഗ്രഹവൽക്കരണം നടത്തുന്നതിലെ പ്രശ്നമാണ് പറയാൻ ശ്രമിച്ചത്. അൽഫോൻസ് എന്ന സിനിമാക്കാരനോട് ബഹുമാനം...

അഭിപ്രായങ്ങൾ മനോരമയുടേതല്ല വ്യക്തിപരം മാത്രം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.