Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാനാകില്ല നീനയെ

നീന നിങ്ങളെ ചിരിപ്പിക്കില്ല. പക്ഷേ നീന നിങ്ങളെ ചിന്തിപ്പിക്കും. നീനയെ നിങ്ങള്‍ മറക്കുകയുമില്ല. ജീവിതത്തില്‍ ആര്‍ക്കും എപ്പോഴും നേരിടേണ്ടി വരാവുന്ന സാഹചര്യങ്ങളെ മനോഹര ദൃശ്യങ്ങളുടെയും അതിനോട് ഇഴചേര്‍ന്ന് കിടക്കുന്ന സംഗീതത്തിന്റെയും അകമ്പടിയോടെ വെള്ളിത്തിരയിലെത്തിച്ച ലാല്‍ ജോസിന് അഭിനന്ദനങ്ങള്‍.

ഒരു സ്വകാര്യ പരസ്യക്കമ്പനിയിലെ മേധാവിയായ വിനയ് പണിക്കരും അദ്ദേഹത്തിന്റെ ഭാര്യ നളിനിയും. ഇരുവരുടെയും ജീവിതത്തിലേക്ക് അതിവിചിത്ര സ്വഭാവ സവിശേഷതകളുള്ള നീന കടന്നു വരുന്നു. പിന്നീട് ഇവര്‍ മൂവരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന വെല്ലുവിളികളും അവയെ അവര്‍ എങ്ങനെ തരണം ചെയ്യുന്നുവെന്നുമുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നീനയെന്ന ടൈറ്റില്‍ സ്ക്രീനില്‍ തെളിയും മുതല്‍ മനസ്സിലാകും ഇൌ ചിത്രത്തിനു വേണ്ടി സംവിധായകനും അണിയറ പ്രവര്‍ത്തkകരും എത്ര കഷ്ടപ്പെട്ടുവെന്ന്. അത്രയ്ക്ക് പൂര്‍ണതയോടെയാണ് ഒരോ രംഗങ്ങളും അവര്‍ ഒരുക്കിയിരിക്കുന്നത്. നിലവാരത്തില്‍ നീന സാദാ മലയാള ചിത്രങ്ങളേക്കാള്‍ ഒരു വള്ളപ്പാട് മുന്നിലാണ്.

nee-na-review

വ്യക്തി ബന്ധങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയം. ഒരു വ്യക്തിയെന്ന നിലയില്‍ നാം നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍, മറ്റുള്ളവരെ നാം നോക്കിക്കാണുന്ന രീതി അങ്ങനെ ഗൌരവമേറിയ വിഷയങ്ങള്‍. മദ്യപാനവും മയക്കുമരുന്നും അവിഹിത ബന്ധങ്ങളുമൊക്കെ മിക്ക ന്യൂജെന്‍ സിനിമകളിലും പ്രമേയമായി കടന്നുവരുന്നതാണ്. നീനയില്‍ ഇവയെല്ലാമുണ്ട് താനും. എങ്കിലും മറ്റുള്ള ചിത്രങ്ങളെ പോലെ അല്ല നീന. അവിടെയാണ് ലാല്‍ജോസ് എന്ന സംവിധായകന്റെയും വേണുഗോപാല്‍ എന്ന തിരക്കഥാകൃത്തിന്റെയും വിജയം. ആര്‍ക്കും അരോചകമാകാത്ത വിധം ഇവയൊക്കെ സ്ക്രീനില്‍ കാണിക്കാന്‍ സാധിച്ചു അവര്‍ക്ക്.

laljose-nee-na

ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രം നീനയാണെങ്കിലും പ്രേക്ഷകരുടെ മനം കവരുക നായകനായ വിജയ് ബാബുവായിരിക്കും. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് നിസ്സംശയം പറയാവുന്ന വിനയ് പണിക്കര്‍ അദ്ദേഹത്തിന് വഴിത്തിരിവാകുക തന്നെ ചെയ്യും. മിതത്വം പാലിച്ച് വളരെ കയ്യടക്കത്തോടെയാണ് തന്റെ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

നീനയായെത്തിയ ദീപ്തി സതി പുതുമുഖത്തിന്റെ പതര്‍ച്ചകളേതുമില്ലാതെ സ്ക്രീനില്‍ തിളങ്ങി. ഡബ്ബിങ്ങില്‍ ചെറിയ ചില പാളിച്ചകളുണ്ടായതൊഴിച്ചാല്‍ 'ആണ്‍കുട്ടിയായി' നീന കലക്കി. കള്ളു കുടിച്ചാലും സിഗരറ്റ് വലിച്ചാലും നീനയോട് അറിയാതെ ഒരു വാല്‍സല്യം തോന്നിപ്പോകും പ്രേക്ഷകന്. സീനുകള്‍ കുറവായിരുന്നെങ്കിലും ആന്‍ അഗസ്റ്റിന്‍ പക്വതയെത്തിയ വീട്ടമ്മയെ മനോഹരമായി തന്നെ അവതരിപ്പിച്ചു. മാര്‍úട്ടിന്‍ പ്രക്കാട്ട്, ലെന, ചെമ്പന്‍ വിനോദ് തുടങ്ങി മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും മോശമാക്കിയില്ല.

nee-na-movie-review

നീനയെ വെറുമൊരു സിനിമയ്ക്ക് അപ്പുറത്തേക്കുയര്‍ത്തുന്നത് ഇതിന്റെ സംഗീതവും ഛായാഗ്രഹണവുമാണ്. വലിയ കോലാഹലങ്ങളൊന്നുമില്ലാത്ത, എന്നാല്‍ സിനിമയുടെ മൂഡിനനുസരിച്ചുള്ള സംഗീതം ഒരുക്കിയ ബിജിപാലും പാട്ടുകള്‍ ചിട്ടപ്പെടുത്തിയ പുതുമുഖം നിഖില്‍ ജെ മേനോനും അഭിനന്ദനം അര്‍ഹിക്കുന്നു. 'ഐ റിമെംബര്‍ യൂ' എന്ന ഇംഗീഷ് ഗാനം ചിത്രത്തിന്റെ തുടക്കത്തില്‍ ഉണ്ടെങ്കിലും ഏറ്റവും ആസ്വാദ്യകരമാവുക ഒടുവിലത്തെ സീനുകളിലാണ്. നീനയെ കൂടുതല്‍ സുന്ദരിയാക്കുന്നതില്‍ ജോമോന്‍ ടി ജോണിന്റെ ക്യാമറയും നിര്‍ണായക പങ്ക് വഹിക്കുന്നു.

Nee-Na Malayalam Movie Official Trailer

ചിരിക്കാനോ ത്രില്ലടിക്കാനോ തീയറ്ററില്‍ പോകുന്നവരാണ് നിങ്ങളെങ്കില്‍ ദയവ് ചെയ്ത് നീനയെ ഒഴിവാക്കുക. കാരണം നീന ഗൌരവമേറിയ സിനിമയാണ്. അതിനര്‍ഥം ഇതൊരു അവാര്‍ഡ് ചിത്രമാണെന്നുമല്ല. സിനിമ ഒരു വിനോദോപാധി മാത്രമല്ല എന്ന തിരിച്ചറിഞ്ഞ് തീയറ്ററിലെത്താനാണ് നീന പ്രേക്ഷകനോട് ആവശ്യപ്പെടുന്നത്. അങ്ങനെ പോയി കണ്ടാല്‍ ഇൌ സിനിമ നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും.

നളിനിയെ, നീനയെ അവര്‍ക്കിടയില്‍ അകപ്പെട്ട വിനയ് പണിക്കരെ... ഇവരില്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ കാണാന്‍ സാധിക്കും. ഇവരോരോരുത്തരും നിങ്ങളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.