Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹത്തിന് ‘നിർണായകം’

nirnayakam-movie-review

പ്രണയമോ പ്രതികാരമോ ത്രില്ലറോ സസ്പെൻസോ ഒന്നുമല്ല നിർണായകം. പ്രതിഷേധിക്കാൻ പേടിയുള്ളവന്റെ പ്രതിഷേധമാണ് മൗനം എന്നു പറഞ്ഞു വയ്ക്കുന്ന ചിത്രം, ആ ‘പേടി’യില്ലാത്തവർ മൗനം ഭഞ്ജിച്ച് സ്ക്രീനിലെത്തിച്ചിരിക്കുന്ന കലാസൃഷ്ടിയാണ്. ഒരു സാധാരണ മലയാളിക്ക് പ്രത്യേകിച്ച് അരാഷ്ട്രീയതയെ ആശ്ലേഷിക്കുന്ന യുവാക്കൾക്കും പ്രതികരിക്കാൻ വെമ്പുന്ന സാധാരണക്കാർക്കും ഒരു പരിധി വരെ ആവേശം പകർന്നു കൊടുക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ.

കാലികപ്രസക്തിയുള്ള വിഷയങ്ങളാണ് ബോബി-സഞ്ജയ് ടീം എന്നും തങ്ങളുടെ സിനിമകൾക്ക് വിഷയമാക്കിയിട്ടുള്ളത്. നിർണായകത്തിലും സ്ഥിതി വ്യത്യസ്തമാകുന്നില്ല. കോടതിയിലും ന്യായാധിപന്മാരിലും സാധാരണക്കാർക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയ ഇക്കാലത്ത് കാലികപ്രസക്തിയുള്ള വിഷയം തന്നെ പ്രമേയമായി അവർ തിരഞ്ഞെടുത്തു. ഏറെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ എഴുതി ഫലിപ്പിച്ചിട്ടുള്ള അവർക്ക് ഇത്തവണയും തെറ്റു പറ്റിയിട്ടില്ല.

രാഷ്ട്രീയ പാർട്ടികളും അവരുടെ വഴിമുടക്കിസമരങ്ങളും സാധാരണക്കാരന് വരുത്തി വയ്ക്കുന്ന നഷ്ടങ്ങൾ. അതിനെതിരെ പ്രതികരിക്കുന്ന കുറച്ച് സാധാരണക്കാർ. ഒപ്പം അവരിൽ ചിലരുടെ കുടുംബജീവിതങ്ങളും. ഇതൊക്കെയാണ് നിർണായകത്തിന്റെ കഥാഗതിയും കഥാപാത്രങ്ങളും. ഒറ്റ വരിയിൽ പറഞ്ഞു തീർക്കാവുന്ന കഥ. അതിനെ വികാരതീവ്രതയുള്ള ചില മുഹൂർത്തങ്ങളുടെയും ഗംഭീരമായ സംഭാഷണശകലങ്ങളുടെയും പിന്തുണയോടെ തരക്കേടില്ലാത്ത തിരക്കഥയാക്കിയിരിക്കുന്നു.

prem-prakash-asif-ali

അഭിനയനിരയുടെ കാര്യം എടുത്തു പറയാതെ വയ്യ. പ്രത്യേകിച്ച് നെടുമുടി വേണു, പ്രേം പ്രകാശ്, സുധീർ കരമന എന്നിവർ. ഇവരിൽ ജഡ്ജിയുടെ വേഷത്തിലെത്തിയ സുധീർ കരമനയാണ് ശരിക്കും ഞെട്ടിച്ചത്. ആസിഫ് അലി സമീപകാലത്ത് നന്നായി അഭിനയിച്ച് ഫലിപ്പിച്ച ഒരു വേഷമാണ് ഇൗ ചിത്രത്തിലേത്. നായികയായെത്തിയ മാളവികയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും സ്ക്രീൻ പ്രസൻസ് അറിയിക്കാനായി. ടിസ്ക ചോപ്ര, ലെന, അശോകൻ, സനൂഷ, പ്രകാശ് ബാരെ, സൈജു കുറുപ്പ്, മുത്തുമണി അങ്ങനെ നീണ്ട താരനിര തങ്ങളുടെ ഭാഗങ്ങൾ നന്നായി തന്നെ അവതരിപ്പിച്ചു.

എഡിറ്റിങ്ങിലെ പോരായ്മ കൊണ്ടാണോ അതോ തിരക്കഥയുടെ സ്വഭാവം മൂലമാണോ എന്നറിയില്ല ചില രംഗങ്ങൾ തമ്മിൽ ബന്ധമില്ലാത്തതു പോലെ തോന്നി. ആദ്യ പകുതിയിലെ കഥയും രണ്ടാം പകുതിയിലെ കഥയും വ്യത്യസ്തവുമാണ്. കഥാഗതിയിലെ സമയത്തിന്റെ കാര്യത്തിലും ഒരു അവ്യക്തത ബാക്കിയാവുന്നു. ഡിഫൻസ് അക്കാദമിയിൽ വച്ച് ആസിഫിനെയും സുഹൃത്തിനെയും സുപ്പീരിയർ വഴക്ക് പറയുന്ന രംഗം, അതു പോലെ കോടതി രംഗങ്ങൾ എന്നിവ സംഭാഷണത്തിലെ മികവും അവതരണരീതിയും കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുന്നു. ക്ലൈമാക്സിലെ കോടതി രംഗം ഇടയ്ക്ക് ഒരു പഠന ക്ലാസ്സ് പോലെ തോന്നുമെങ്കിലും നെടുമുടി വേണു തന്റെ അഭിനയശേഷി കൊണ്ട് ആ തോന്നൽ ഇല്ലാതാക്കുന്നു. പക്ഷേ ഇത്തരത്തിലുള്ള സിനിമയ്ക്ക് വേണ്ട ഒരു ‘ ടോട്ടൽ പഞ്ച് ’ നിർണായകത്തിനില്ല.

tisca-chopra-asif

സ്ഥിരം ശൈലിയിൽ നിന്ന് മാറിയാണ് വികെപി നിർണായകം ഒരുക്കിയിരിക്കുന്നത്. വികാര തീവ്രമായ രംഗങ്ങൾ അതിന്റെ ഭംഗി ഒട്ടും ചോരാതെ തന്നെ സ്ക്രീനിലെത്തിക്കാൻ അദ്ദേഹത്തിനായി. ഒൗസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും ജയചന്ദ്രന്റെ ഗാനങ്ങളും സിനിമയോട് യോജിച്ചു നിൽക്കുന്നു.

നിർണായകം നിങ്ങൾക്ക് ഇഷ്ടപ്പെടുമോ ഇഷ്ടപ്പെടില്ലയോ എന്നതല്ല പ്രധാനം. നമ്മളോരോരുത്തരും ഒരിക്കലെങ്കിലും പറയാനാഗ്രഹിക്കുന്ന അല്ലെങ്കിൽ പറയാനാഗ്രഹിച്ച കാര്യങ്ങളാണ് ഇൗ സിനിമയിലുള്ളത്. ഇക്കാലത്ത് ജീവിക്കുന്ന ഒരു സാദാ മലയാളിയുടെ വികാരങ്ങൾ ഏതാണ്ട് അതേ പോല തന്നെ സ്ക്രീനിലെത്തിച്ചിരിക്കുന്ന സിനിമ. പ്രതിഷേധിക്കാൻ പേടിയുള്ളവന്റെ പ്രതിഷേധമാണ് മൗനം എങ്കിലും ഇൗ സിനിമ കാണുന്ന ചിലർക്കെങ്കിലും ആ ‘പേടി’ മാറിയേക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.