Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡബിള്‍ ഒകെ കണ്‍മണി

അന്‍പത്തിയെട്ട് വയസുള്ള സംവിധായകന്‍, അറുപതിലേക്ക് കടക്കുന്ന ഛായാഗ്രാഹകന്‍, നാല്‍പത്തിയെട്ടുകാരനായ സംഗീത സംവിധായകന്‍... ഇവര്‍ മൂവരും ചേര്‍ന്ന് അണിയിച്ചൊരുക്കിയ അഴകാന യൂത്ത്ഫുള്‍ സിനിമയാണ് ഒകെ കണ്‍മണി. നല്ല സിനിമയ്ക്ക് ജനറേഷന്‍ ഗ്യാപ്പില്ലെന്ന് തെളിയിക്കുന്ന ചിത്രം.

ഒകെ കണ്‍മണി ഒരു വിഷ്വല്‍ ട്രീറ്റ് ആണ്. ഒരു മനോഹരപ്രണയകഥ. മികവുറ്റ സംഗീതത്തിന്റെ അകമ്പടിയോടെഅതിമനോഹരമായി ചിത്രീകരിക്കപ്പെട്ട സിനിമ സ്ക്രീന് മുന്നിലും പിന്നിലും അണി നിരന്ന പ്രതിഭാധനരുടെ കഴിവ് ആസ്വാദകന് വെളിവാക്കി തരുന്നു.

വിഡിയോ ഗെയിം ഡെവലപ്പറായ ആദിയും ആര്‍ക്കിടെക്റ്റായ താരയുമാണ് ഒകെ കണ്‍മണിയിലെ പ്രധാനതാരങ്ങള്‍. അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ഇവര്‍ രണ്ടുപേരും മറ്റൊരു സ്ഥലത്ത് വച്ച് അപ്രതീക്ഷിതമായി പരിചയപ്പെടുന്നു. ആ പരിചയം പിന്നീട് പ്രണയത്തിലെത്തുന്നു.

ok-kanmani-review

എന്നാല്‍ വിവാഹിതരാവാനോ കുടുംബജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ ഏറ്റെടുക്കാനോ ഇരുവരും തയ്യാറല്ല. അങ്ങനെ രണ്ടു പേരും ലിവ് ഇന്‍ ടുഗദര്‍ റിലേഷന്‍ഷിപ്പ് ആരംഭിക്കുന്നു. വൃദ്ധ ദമ്പതിമാരായ ഗണപതിയുടെയും ഭവാനിയുടെയും വീട്ടില്‍ വാടകയ്ക്കാണ് ആദിയുടെ താമസം. ഈ വീട്ടിലേക്ക് താര കടന്നുവരുന്നതും പിന്നീട് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഇൌ പഴയ തലമുറയുടെ പ്രണയം പുതിയ തലമുറയുടെ പ്രണയം എന്നിങ്ങനെയൊക്കെ ഉണ്ടോ? ഇല്ല എന്നാണ് മണിരത്നം പറഞ്ഞു വയ്ക്കുന്നത്. പുതുതലമുറയിലെ കമിതാക്കളായ ആദിയുടെയും താരയുടെയും ജീവിതത്തില്‍ വൃദ്ധദമ്പതികളായ ഗണപതിയെയും ഭവാനിയെയും അദ്ദേഹം കൊണ്ടുവന്നതും സ്നേഹം കാലത്തിന് അതീതമാണെന്ന് തെളിയിക്കുന്നതിനാണ്. രണ്ടു തലമുറയുടെ പ്രണയബന്ധങ്ങളെ കോര്‍ത്തിണക്കുകയാണ് ഒകെ കണ്‍മണി.

OK Kanmani-Trailer

ഒരു ഘട്ടത്തില്‍ പോലും സംവിധാകനില്‍ നിന്നും സിനിമ കൈവിട്ടുപോകുന്നതായി തോന്നുന്നില്ല. പ്രേക്ഷകരില്‍ കൂടുതല്‍ ആകാംക്ഷ ജനിപ്പിക്കുകയോ അവരെ നിരാശപ്പെടുത്തുകയോ ചെയ്യാതെ ലളിതമായി തന്നെ ചിത്രം അവസാനിപ്പിക്കുന്നു സംവിധായകന്‍. സാധാരണ പ്രണയചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി അസാധാരണതകള്‍ ഒന്നുമില്ല എന്നതാണ് ഒകെ കണ്‍മണിക്കുള്ള ആകെ ഒരു ബലഹീനത. ഡയലോഗുകള്‍ ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന മണിരത്നം രചനയില്‍ ഒന്നു കൂടി ശ്രദ്ധ പതിപ്പിച്ചിരുന്നെങ്കില്‍ ചിത്രം ഇതിലും ഗംഭീരമായേനെ.

nithyamenonokkanmani

നിത്യ മേനോന്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ പ്രേക്ഷകരുടെ മനം കവരുക. താരയെ മികവുറ്റതാക്കാന്‍ നിത്യയ്ക്കായി. ദുല്‍ക്കറും തന്റെ വേഷം നന്നായി ചെയ്തിട്ടുണ്ടെങ്കിലും ആദിയില്‍ ഒരു വ്യത്യസ്തത കൊണ്ടു വരാന്‍ അദ്ദേഹത്തിനായില്ല. ഇരുവരുടെയും കെമിസ്ട്രി നന്നായി തന്നെ ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞു.

ഗണപതിയെന്ന കഥാപാത്രത്തെ പ്രകാശ് രാജ് ഗംഭീരമാക്കി. അദ്ദേഹത്തിന്റെ ഭാര്യയായി എത്തിയ ഭവാനിയെ അവതരിപ്പിച്ചിരിക്കുന്നത് മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയും നര്‍ത്തകിയും കൊറിയോഗ്രാഫറുമായ ലീല സാംസണ്‍ ആണ്. ലീല സാംസണ്‍ ഇതിന് മുന്‍പ് ഏതെങ്കിലും ചിത്രത്തില്‍ അഭിനയിച്ചതായി കേട്ടിട്ടില്ല. സിനിമ കണ്ടിറങ്ങിയാലും ഭവാനിയമ്മ നമ്മുടെ മനസ്സില്‍ ഉണ്ടാകും.

പി. സി ശ്രീറാമിന്റെ കാമറക്കണ്ണിലൂടെ കണ്‍മണി കൂടുതല്‍ അഴകുള്ളവളാകുന്നു. ചിത്രത്തിന്റെ ആദ്യരംഗത്തില്‍ ഒരു ട്രെയിന്റെ വാതിലിലൂടെ ദുല്‍ഖറിനെ കാണിക്കുന്നതൊക്കെ അളന്നുകുറിച്ചതുപോലെ മനോഹരം. സംവിധാനത്തോടും ഛായാഗ്രഹണത്തോടും മത്സരിച്ച് റഹ്മാന്‍ സംഗീതമൊരുക്കിയതു പോലെ പ്രേക്ഷകന് തോന്നും. സിനിമയോട് ഇഴ ചേര്‍ന്ന് നില്‍ക്കുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും. വൈരമുത്തുവാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

മണിരത്നത്തിന്റെ മുന്‍ ചിത്രമായ കടല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. കാലത്തിനൊത്ത പടങ്ങള്‍ മാസ്റ്റര്‍ ക്രാഫ്റ്റ്മാന് ചെയ്യാനാകില്ലെന്നു പറഞ്ഞു നടന്നവര്‍ക്ക് അദ്ദേഹത്തിന്റെ മറുപടിയാണ് ഒ കെ കണ്‍മണി. എല്ലാവരും ഒന്നോര്‍ക്കുക. 'ഫോം ഇൌസ് ടെംപററി ബട്ട് ക്ളാസ് ഇൌസ് പെര്‍മനന്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.