Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതികാരത്തിന് പുതിയ ഊഴം; റിവ്യു

oozham-review

പ്രതികാരം നിറവേറ്റാൻ ഊഴത്തിനായി കാത്തിരിക്കേണ്ട ആവശ്യമില്ല. ഇറ്റ്സ് ജസ്റ്റ് എ മാറ്റർ ഓഫ് ടൈം. ആ പകയും പ്രതികാരവും പ്രതിഫലിക്കുന്ന ചിത്രമാണ് ഉൗഴം. എതിരാളി ഉന്നതനാകുമ്പോൾ പ്രതികാരത്തിന്റെ വഴികളും അത്ര എളുപ്പമുള്ളതാകില്ല. അതെങ്ങനെ പൂർത്തീകരിക്കും എന്നതിലാണ് ത്രിൽ.

മലയാളത്തിലെ എണ്ണം പറഞ്ഞ പ്രതികാരസിനിമകളിൽ ഏറ്റവും മികച്ചതെന്ന് തോന്നിയിട്ടുള്ള ഒന്നാണ് ചാണക്യൻ. അതിലേക്ക് കടക്കുന്നില്ല. പുരാണത്തിലെ ബുദ്ധിരാക്ഷസനായ ചാണക്യനെപ്പോലെ കൂര്‍മബുദ്ധിയുള്ള സൂര്യ കൃഷ്ണമൂർത്തിയാണ് ഇവിടെ നായകൻ.

Oozham is a Complete Entertainer: Jeethu Joseph | Prithviraj Sukumaran, Neeraj Madhav

കൊയമ്പത്തൂരിൽ ഹെൽത്ത്‌ ഇൻസ്പെക്ടറായ ജോലി ചെയ്യുന്ന കൃഷ്ണമൂർത്തിയും കുടുംബവും. തൊഴിലിനോട് നൂറുശതമാനം സത്യസന്ധത പുലർത്തുന്ന അദ്ദേഹത്തിന്റെ കുടുബത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തവും പിന്നീട് ഉടലെടുക്കുന്ന സംഘർഷാന്തരീക്ഷങ്ങളുമാണ് സിനിമയുടെ പ്രമേയം. സംവിധായകൻ നേരത്തെ തന്നെ സൂചിപ്പിച്ചതുപോലെ സസ്െപൻസോ ട്വിസ്റ്റോ ഒന്നും തന്നെ ചിത്രത്തിൽ ഇല്ല. ഇതെല്ലാം ആദ്യമേ തന്നെ വെളിപ്പെടുന്നു.

oozham-prithvi

പ്രതികാരം മാത്രമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്ന ഘടകം. അത് പൂർത്തിയാക്കുന്ന വഴികളിലാണ് ഊഴം വേറിട്ടു നിൽക്കുന്നത്. ഇന്നത്തെ സാഹചര്യങ്ങളോട് ഒത്തുചേർന്നുനിൽക്കുന്ന കഥയാണെങ്കിലും തിരക്കഥയിൽ കാര്യമായ വ്യത്യസ്തതകൾ അവകാശപ്പെടാനില്ല.

മേക്കിങിലാണ് ഉൗഴം വേറിട്ടു നിൽക്കുന്നത്. രണ്ടു മണിക്കൂർ ഇരുപത് മിനിട്ടുള്ള സിനിമയുടെ തുടക്കത്തിലെ ആദ്യ അരമണിക്കൂറിൽ സിനിമയുടെ മൂഡ് മാറും. കുടുംബചിത്രത്തിൽ നിന്ന് ത്രില്ലറിലേക്കുള്ള പറിച്ചു നടൽ. അത് കൃത്യമായി സംയോജിപ്പിക്കാൻ സംവിധായകന് സാധിച്ചു.

ഇവിടെ വില്ലൻ നായകനെ തേടി പോകുകയാണ്. ഊഴത്തിന്റെ മൂർച്ച കൂടുന്നതും ഇവിടെയാണ്. കഥയും തിരക്കഥയും സംഭാഷണവും ജീത്തു ജോസഫ് തന്നെയാണ്. മലയാളവും ഇംഗ്ലീഷും തമിഴും ഇടകലര്‍ത്തിയുള്ള സംഭാഷണ രംഗങ്ങള്‍ സിനിമയെ കൂടുതൽ റിയലിസ്റ്റിക്ക് ആക്കുന്നു. മനുഷ്യജീവനു പുല്ലുവില കൊടുത്ത് പണം മാത്രം മുന്നിൽ കാണുന്ന ബഹുരാഷ്ട്രകമ്പനികളുടെ കൊള്ളക്കച്ചവടവും ക്രൂരതയും ചിത്രത്തിൽ വിഷയമാകുന്നുണ്ട്.

oozham-movie

ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിലെത്തുമ്പോൾ സിനിമയ്ക്കൊരു തീവ്രത കുറഞ്ഞതായി തോന്നി. ഉൗഹിക്കാവുന്ന കഥാഗതിയാണെങ്കിലും അവതരണത്തിലെ വ്യത്യസ്തത ഉൗഴത്തിനെ ആസ്വാദ്യകരമാക്കുന്നു.

പൃഥ്വിരാജിന്റെ കയ്യിൽ സൂര്യ കൃഷ്ണമൂർത്തി എന്ന കഥാപാത്രം ഭദ്രമായിരുന്നു. അജ്മൽ മുഹമ്മദ് ആയി നീരജ് മാധവ് മികച്ചു നിന്നു. വില്ലനായി എത്തുന്ന തമിഴ് നടൻ ജയപ്രകാശ് ആണ് ഊഴത്തിലെ മറ്റൊരു താരം. ക്യാപ്റ്റനായി എത്തിയ പശുപതി ചെറിയ വേഷത്തിലൊതുങ്ങി.

പുതുമുഖം ടോണി ലൂക്കിന്റെ വില്ലൻ വേഷവും ശ്രദ്ധേയമായി. അരങ്ങേറ്റത്തിന്റെ തടിതപ്പലുകളില്ലാതെ തന്റെ കഥാപാത്രത്തോട് നൂറുശതമാനം സത്യസന്ധത പുലർത്താന്‍ ടോണിക്ക് സാധിച്ചു. ദിവ്യ പിള്ള ഗായത്രി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഇര്‍ഷാദ്, കിഷോര്‍ സത്യ, ‌, പശുപതി, ജയപ്രകാശ്, രസ്‌ന പവിത്രന്‍, ആൻസൺ പോൾ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷംദത്ത് സൈനുദ്ദീന്റെ ഛായാഗ്രഹണവും അനിൽ ജോൺസന്റെ പശ്ചാത്തലസംഗീതവും ത്രില്ലർ സിനിമയുടെ മൂഡ് നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായ പൂർണമായും നോൺലീനിയർ എഡിറ്റിങാണ് സിനിമയുടേത്. അയൂബ് ഖാൻ ആണ് ചിത്രസംയോജനം. ജീത്തു ജോസഫിന്റെ സംവിധാനമികവ് എടുത്തു പറയേണ്ടതാണ്.

oozham-trailer

ട്വിസ്റ്റുകളോ സസ്പെൻസോ ഇല്ലാതെ തന്നെ പ്രേക്ഷകനെ ആകർഷിക്കുന്ന, അവതരണത്തിൽ വ്യത്യസ്തത പുലർത്തുന്ന മികച്ചൊരു എന്റർടെയ്നറാണ് ഊഴം.

Your Rating: