Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപ്പത്തിനൊപ്പം ‘ഒപ്പം’ മാത്രം; റിവ്യു

oppam-review

ഒപ്പം ഒരു സമ്പൂർണ ക്രൈം ത്രില്ലറാണ്. ട്വിസ്റ്റുകളില്ലാത്ത, എന്നാൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥാസന്ദർഭങ്ങളുള്ള, ഹോളിവുഡ് ത്രില്ലർ സിനിമകളോട് കിട പിടിക്കുന്ന സാങ്കേതികത്തികവുള്ള സിനിമ. പ്രിയദർശൻ എന്ന സംവിധായകന്റെ ക്രാഫ്റ്റും മോഹൻലാൽ എന്ന നടന്റെ ക്ലാസ്സും വെളിവാക്കുന്ന ചിത്രം.

ജയരാമൻ അന്ധനാണ്. കാഴ്ചയില്ലെങ്കിലും ചുറ്റുമുള്ളതൊക്കെ അദ്ദേഹത്തിന് അറിയാം. മനസ്സിലാക്കാം. ഒരു കൊലപാതകത്തിന് ജയരാമൻ സാക്ഷിയാകുന്നതും തുടർന്ന് സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജയരാമന്റെ ഒപ്പം നിഴലു പോലെ കൊലയാളിയും ഉണ്ടെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.

mohanlal-oppam-movie-live

പ്രേക്ഷകനെ ത്രില്ലർ മൂഡിലേക്ക് വലിച്ചടുപ്പിക്കുന്ന ആദ്യ ഷോട്ട് തന്നെ സിനിമയുടെ സ്വഭാവം വ്യക്തമാക്കുന്നതാണ്. പ്രിയദർശൻ എന്ന മാസ്റ്റർ‌ ക്രാഫ്റ്റമാന്റെ കയ്യടക്കം ചിത്രത്തിന്റെ തുടക്കം മുതൽ അനുഭവിച്ചറിയാം. അന്ധനായുള്ള മോഹൻലാലിന്റെ പ്രകടനം കൂടിയാകുമ്പോൾ ചിത്രം സിനിമ പ്രേക്ഷകനെ കീഴടക്കും. രണ്ടാം പകുതിയിലേക്കെത്തുമ്പോൾ ചിത്രത്തിന് കുറച്ചു കൂടി വേഗത കൈവരുന്നു. ട്വിസ്റ്റുകളുടെ ഘോഷയാത്രയില്ലെങ്കിലും ഒരോ നിമിഷവും പ്രവചനാതീതമാക്കാൻ അണിയറക്കാർക്കായി.

മോഹൻലാലിന്റെ അഭിനയജീവിതത്തിലെ മറ്റൊരു പൊൻതൂവലാകും ഒപ്പത്തിലെ ജയരാമൻ. അനിയത്തിയോട് സംസാരിക്കുന്ന ഒരു വൈകാരിക രംഗത്തിൽ അദ്ദേഹം നടത്തുന്ന പ്രകടനത്തെ അത്ഭുതാവഹമെന്നേ പറയാനാകൂ. ആരാധകരെ കോരിത്തരിപ്പിക്കാൻ പോന്ന ഒരു സംഘട്ടന രംഗവും ചിത്രത്തിലുണ്ട്. സമുദ്രക്കനി, മീനാക്ഷി, നെടുമുടി വേണു, ഇന്നസെന്റെ്, രൺജി പണിക്കർ, മാമുക്കോയ, അജു വർഗീസ്, വിമലാ രാമൻ, അനുശ്രീ തുടങ്ങിയ നീണ്ട താരനിരയും തങ്ങളുടെ ഭാഗം മികച്ചതാക്കി.

oppam-song

Form is Temporary But Class is Permanent എന്ന് പറയുന്നത് തന്റെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് പ്രിയദർശൻ തെളിയിക്കുന്നു. മലയാളത്തിലെ ഏതു തലമുറയിൽ പെട്ട സംവിധായകനും കണ്ടു പഠിക്കാവുന്ന ഒന്നല്ല ഒട്ടനവധി പാഠങ്ങൾ ഒപ്പത്തിലുണ്ട്. തന്റെ വിമർശിച്ചവർക്കുള്ള ചുട്ട മറുപടിയാണ് പ്രിയദർശൻ ഒപ്പത്തിലൂടെ നൽകുന്നത്. ടെക്നിക്കലി വെൽ മെയ്ഡ് ത്രില്ലർ എന്ന് ഒപ്പത്തെക്കുറിച്ച് താൻ നേരത്തെ പറഞ്ഞത് തെറ്റിയിട്ടില്ല എന്ന് അദ്ദേഹം തെളിയിച്ചു തരുന്നു.

oppam-trailer

പാട്ടുകളെല്ലാം ചിത്രത്തിന്റെ മാറ്റു കൂട്ടി. എൻ കെ ഏകാംബരന്റെ ഛായാഗ്രഹണമികവ് എടുത്തു പറയേണ്ടതാണ്. രാത്രി രംഗങ്ങൾ, ഇൻഡോർ ഷോട്ടുകൾ എന്നിവയൊക്കെ മികച്ച ലൈറ്റിങ്ങിന്റെ സഹായത്തോടെ അദ്ദേഹം നയനമനോഹരമാക്കിയിരിക്കുന്നു. ഹെലിക്യാമിന്റെയൊന്നും അമിത പ്രകടനമില്ലാതെ ഫ്രെയിമിന്റെ ഭംഗിയിൽ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന ടിപ്പിക്കൽ ഛായാഗ്രഹണ വഴികളാണ് അദ്ദേഹം പിന്തുടർന്നിരിക്കുന്നത്.

Oppam Movie Theatre Response | Mohanlal, Priyadarshan | Manorama Online

പശ്ചാത്തല സംഗീതം കുറച്ചു കൂടി മികച്ചതാക്കാമായിരുന്നു. ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്നതു പോലെ ഒപ്പത്തിലെ പല രംഗങ്ങളിലും പശ്ചാത്തല സംഗീതം ഒഴിവാക്കി നിശബ്ദതയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ചിലയിടങ്ങളിലൊക്കെ ലാഗ് ഉണ്ടെന്ന് പറയാമെങ്കിലും ഒരു റിയലിസ്റ്റിക് ത്രില്ലറായി ഒപ്പത്തെ അംഗീകരിച്ചാൽ അതൊന്നും ശ്രദ്ധയിൽ പെടില്ല. സുപ്രധാന കൊലപാതകക്കേസിലെ ചോദ്യം ചെയ്യലൊക്കെ പൊതുവിചാരണ പോലെ ചിത്രീകരിച്ചതിനോടുള്ള വിയോജിപ്പുകളുണ്ടെങ്കിലും ആകെത്തുകയിൽ അതൊന്നും ഒരു കുറ്റമായി പറയാനാകില്ല.

Director Priyadarshan on Oppam | Mohanlal | Onam Release | Manorama Online

ട്വിസ്റ്റുകൾ പെരുമഴ തീർക്കുന്ന ത്രില്ലർ സിനിമകൾ ഒരുപാട് മലയാളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും ഒപ്പം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കുറ്റവാളിയാരാണെന്ന് അറിയാമായിരുന്നിട്ടും അവൻ അടുത്തത് എന്തു ചെയ്യുമെന്ന് വ്യക്തമായിരുന്നിട്ടും ഒാരോ നിമിഷവും ഉദ്വേഗജനകമാക്കാൻ കഴിഞ്ഞതാണ് ഇൗ ചിത്രത്തെ മാറ്റി നിർത്തുന്നത്. ഒപ്പം ഒരു ഫുൾ ഫൺ എന്റെർടെയിനറല്ല മറിച്ച് ഒരു കംപ്ലീറ്റ് ക്രൈം ത്രില്ലറാണ്.

ഒപ്പം ഒരു ഒാർമിപ്പിക്കലാണ്. കാലം കഴിഞ്ഞെന്നും കഴിവു നശിച്ചെന്നും പറഞ്ഞ് നാം വിമർശിക്കുന്ന പ്രതിഭാധനർ നമുക്കൊപ്പം തന്നെയുണ്ടെന്ന വലിയ ഒാർമിപ്പിക്കൽ.  

Your Rating: