Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ളാസ് ഏതുമാവട്ടെ, എന്നാലും യാത്ര കൊള്ളാം

ഈ ചിത്രത്തിന്റെ ക്ളാസ് ഏതാണെന്നൊക്കെ കാണുന്നവര്‍ തന്നെ തീരുമാനിക്കണം. എന്നാലും ഒരു സെക്കന്‍ഡ് ക്ളാസ് യാത്ര തരക്കേടില്ലാത്ത സിനിമയാണ്. നല്ല തമാശകളും അതിന്റെ രസം കളയുന്ന ചില ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നല്ല ചില കഥാ മുഹൂര്‍ത്തങ്ങളും ഒക്കെ ചേരുന്ന കണ്ടിരിക്കാവുന്ന ചിത്രം.

ജയില്‍ പുള്ളികളായ വിനീത് ശ്രീനിവാസനെയും ചെമ്പന്‍ വിനോദിനെയും കൂട്ടി തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ ഒരു യാത്ര പോകുന്ന പൊലീസുകാരായ ജോജുവും ശ്രീജിത്ത് രവിയും. ഇതിനിടെ അവര്‍ക്കിടയിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് ഇൌ ചിത്രത്തില്‍.

സാധാരണ വിനീത് ശ്രീനിവാസന്‍ ചിത്രങ്ങള്‍ക്ക് കിട്ടുന്ന ഹൈപ്പ് സെക്കന്‍ഡ് ക്ളാസ് യാത്രയ്ക്ക് കിട്ടിയിട്ടില്ല. ആ 'പ്രതീക്ഷയില്ലായ്മ' തന്നെയാണ് ഇൌ സിനിമയുടെ ഏറ്റവും വലിയ പ്ളസ് പോയിന്റ്. അല്പം ആകാംക്ഷയും അതിലേറെ ചിരിയും നിറഞ്ഞ ഒന്നാം പകുതി. ഇൌ തമാശകളുടെ രസം കെടുത്താന്‍ ഇടയ്ക്ക് ചില ദ്വയാര്‍ത്ഥ കോമഡികളും എത്തുന്നു.

Oru Second Class Yathra Official Trailer

രസിപ്പിക്കുന്ന ഒന്നാം പകുതിയില്‍ നിന്ന് തീര്‍ത്തും നാടകീയമായ രംഗങ്ങളിലേക്ക് രണ്ടാം പകുതി വീണു പോകുന്നു. ഒരു ക്ളീഷെ ക്ളൈമാക്സിലേക്ക് സിനിമ നീളുന്നുവെന്ന ഘട്ടത്തില്‍ ചില ചെറിയ ട്വിസ്റ്റുകള്‍ ചിത്രത്തിന് പുതു ജീവന്‍ പകരും. രണ്ടാം പകുതിയിലെ ആദ്യ 20 മിനിറ്റ് ഒഴികെ ബാക്കിയൊന്നും പ്രേക്ഷകനെ മടുപ്പിക്കുന്നതല്ല.

വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെങ്കിലും പ്രേക്ഷകന്റെ മനം കവരുക ജോജുവും ചെമ്പന്‍ വിനോദുമായിരിക്കും. നിഷ്കളങ്കനായ കള്ളനായി സപ്തമശ്രീയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ചെമ്പന്‍ ഏതാണ്ട് സമാനമായ കഥാപാത്രത്തെ തന്നെയാണ് ഇൌ സിനിമയിലും അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകനെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചതും ചെമ്പന്‍ തന്നെ. പൊലീസുകാരുടെ മാനറിസങ്ങളും ഒപ്പം ചില കുരുത്തക്കേടുകളുമൊക്കെ നല്ല രീതിയില്‍ തന്നെ അഭിനിയിച്ച് പ്രതിഫലിപ്പിച്ച് ജോജുവും മികച്ചു നിന്നു. ഇനി ഒരുപാട് പൊലീസ് കഥാപാത്രങ്ങള്‍ ജോജുവിനെ തേടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

oru-second-class-yathra-rev

അഭിനയിച്ച സിനിമകളൊക്ക വിജിയിച്ചെങ്കിലും നിക്കി ഗല്‍റാണി അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. വേഷങ്ങള്‍ ചെറുതായിരുന്നെങ്കിലും നെടുമുടി വേണു, മണിയന്‍പിള്ള രാജു, സുനില്‍ സുഖദ, ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ്, പ്രദീപ് തുടങ്ങിയവരും തങ്ങളുടെ ഭാഗം മികച്ചതാക്കി.

നവാഗതരായ റെജിസ് ആന്റണിയും ജെക്സണ്‍ ആന്റണിയും ആദ്യ ചിത്രത്തിലൂടെ തന്നെ തങ്ങളുടെ വരവറിയിച്ചുകഴിഞ്ഞു. എന്നാലും ചെറുതാണെങ്കിലും കുറച്ചധികം പാളിച്ചകള്‍ സംവിധാനത്തിലുണ്ട്. പല സീനുകളും ( ഉദാ: വിനീത് ശ്രീനിവാസനെ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കുന്ന രംഗം) ഒട്ടും തയ്യാറെടുപ്പോ ശ്രദ്ധയോ ഇല്ലാതെ ചെയ്തതായി തോന്നും. രണ്ടാം പകുതിയില്‍ ഇത്രയും നാടകീയത കൊണ്ടു വരുന്നതിന് പകരം പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങള്‍ കൂടി ചേര്‍ത്തിരുന്നെങ്കില്‍ സിനിമ കൂടുതല്‍ ആസ്വാദ്യകരമായേനെ.

ഗോപി സുന്ദറിന്റെ ഗാനങ്ങള്‍ മികച്ചു നിന്നെങ്കിലും പശ്ചാത്തല സംഗീതം എല്ലായിടത്തും സിനിമയ്ക്ക് യോജിച്ചതായോ എന്ന് ഒരു സംശയം. സിനിമയെ അധികം വലിച്ചു നീട്ടാതെ രണ്ടു മണിക്കൂറില്‍ താഴെ ഒതുക്കിയതിന് എഡിറ്റര്‍ ലിജോ പോളും അഭിനന്ദനമര്‍ഹിക്കുന്നു.

ഈ സിനിമ ഫസ്റ്റ് ക്ളാസ് ആണോ സെക്കന്‍ഡ് ക്ളാസ് ആണോ എന്നൊക്കെ പ്രേക്ഷകര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. എന്നിരുന്നാലും വലിയ പ്രതീക്ഷകളൊന്നുമില്ലെങ്കില്‍ ഇൌ യാത്രയ്ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.