Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കലക്കന്‍ സെല്‍ഫി

vadakkanselfie

വെറുതേ ഒരു ഫോട്ടോയെടുത്താല്‍ കുറ്റം പറയാന്‍ ആയിരം പേരുണ്ടാകും. ലൈറ്റ് പോരാ, ആംഗിള്‍ ശരിയല്ല, ഫ്രെയിം കൊള്ളില്ല എന്നൊക്കെ. പക്ഷേ ഇതൊന്നും ശരിയല്ലെങ്കിലും 'സെല്‍ഫിയെ ആരും കുറ്റം പറയില്ല. കാരണം ലൈറ്റ് നോക്കി ഫ്രെയിം സെറ്റ് ചെയ്ത് ചിത്രം എടുക്കുമ്പോളൊന്നുമില്ലാത്ത ഒരു പ്രത്യേക ഭംഗി സെല്‍ഫിക്കുണ്ട്. അങ്ങനെയൊരു പ്രത്യേകതയാണ് വടക്കന്‍ സെല്‍ഫിയെന്ന ചിത്രത്തെ ഒരു കലക്കന്‍ സെല്‍ഫിയാക്കുന്നതും.

ട്രെയിലര്‍ കണ്ടപ്പോള്‍ ചിലര്‍ പറഞ്ഞു. ഇത് എഞ്ചിനീയറിങ് പഠിക്കാന്‍ പോയി സപ്ളി അടിച്ചവന്റെ കഥയാണ്. അതല്ല ചെറുപ്പക്കാര്‍ ചേര്‍ന്ന് സിനിമ പിടിക്കാന്‍ പോകുന്നതാണെന്ന് മറ്റു ചിലര്‍. എന്നാല്‍ അത്തരം മുന്‍വിധികളൊക്കെ മാറ്റിവച്ചോളൂ. അതൊന്നുമല്ല ഇൌ ചിത്രം. പ്രണയവുമല്ല പ്രതികാരവുമല്ല. വെറുതെ രസത്തിനെടുത്ത ഒരു സെല്‍ഫി ഉണ്ടാക്കുന്ന ചില പുകിലുകള്‍. അതാണ് ഇൌ ചിത്രത്തിന്റെ കഥ.

ചെറുപ്പത്തിന്റെ പള്‍സ് തിരിച്ചറിഞ്ഞ് യുവത്വം 'സെല്‍ഫി'യെന്ന പേരില്‍ മാത്രം ഒതുക്കാതെ രചനയിലുടനീളം പ്രകടിപ്പിച്ച വിനീത് ശ്രീനിവാസനും ആ വേഗം ഒട്ടും ചോരാതെ സ്ക്രീനിലേക്കെത്തിച്ച പ്രജിത്തും അഭിനന്ദനമര്‍ഹിക്കുന്നു. മുന്‍പ് പലവട്ടം കഴിവു തെളിയിച്ചയാളാണ് വിനീത് എങ്കില്‍ മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണ് താനെന്ന് പ്രജിത്ത് ഇൌ ചിത്രത്തിലൂടെ തെളിയിക്കുന്നു.

selfei

ജോമോന്‍ ടി. ജോണിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്. പഴനി, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളുടെ ഭംഗി ഒപ്പി എടുത്തതിനൊപ്പം ചില രംഗങ്ങള്‍ (തൂക്കുപാലത്തിലെ മദ്യപാനരംഗം) യോജിച്ച ലൈറ്റിങ്ങിന്റെയൊക്കെ സഹായത്തോടെ അതിമനോഹരമാക്കാന്‍ അദ്ദേഹത്തിനായി. ടൈറ്റില്‍ സോങ്ങില്‍ തുടങ്ങി മികച്ച പശ്ചാത്തലസംഗീതവും ഒപ്പം മറ്റു ഗാനങ്ങളും ഒരുക്കിയ ഷാന്‍ റഹ്മാന്‍ സിനിമയെ വേറൊരു തലത്തിലെത്തിച്ചു.

"Oru Vadakkan Selfie" Movie Trailer

അഭിനയനിരയുടെ കാര്യമെടുത്താല്‍ എല്ലാരും ഒന്നിനൊന്നു മെച്ചം എന്നേ പറയാനൊക്കൂ. നായകനായി നിവിന്‍ പോളി തകര്‍ത്തപ്പോള്‍ ചില രംഗങ്ങളില്‍ നായകനെ വെല്ലുന്ന തമാശകളുമായി അജു മികച്ചു നിന്നു. ഒരു കാലത്ത് ഹരിശ്രീ അശോകനും ജഗദീഷുമൊക്കെ കൈകാര്യം ചെയ്ത രീതിയില്‍ നിന്നു വിഭിന്നമായി നായകന്റെ നിഴലായി മാത്രം ഒതുങ്ങുന്നില്ല ഇൌ നടന്‍. ഒരു കുറ്റാന്വേഷകന് വേണ്ട ആകാരഭംഗിയൊന്നുമില്ലെങ്കിലും വിനീത് ശ്രീനിവാസനും തന്റെ വേഷത്തില്‍ മികച്ചു നിന്നു. ആദ്യമായി നായികാ വേഷം ചെയ്ത മഞ്ജിമ പുതുമുഖത്തിന്റെ പതര്‍ച്ചകള്‍ú ചിലയിടത്തു കാണിച്ചെങ്കിലും അത് ഒരു സാധാരണ പ്രേക്ഷകന് അനുഭവപ്പെടില്ല. വിജയരാഘവനും നീരജ് മാധവും തുടങ്ങി എല്ലാവരും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ മത്സരിക്കുന്നു.

ajunivin

വടക്കന്‍ സെല്‍ഫിയെന്ന ചിത്രത്തിന്റെ പ്രധാന പ്രത്യേകത ഇതിലുടനീളം യുവത്വത്തിന്റെ ഒരു പള്‍സ് നിലനില്‍ക്കുന്നു എന്നതാണ്. വികാരഭരിതമായ മുഹൂര്‍ത്തങ്ങള്‍ പോലും പെട്ടെന്ന് പൊട്ടിച്ചിരിക്ക് വഴി മാറുമ്പോള്‍ സിനിമ പൊടുന്നനെ മറ്റൊരു തലത്തിലേക്ക് ഉയരുന്നു. ഉൌടും പാവും വേറെ വേറെയാക്കി ഒരു പോസ്റ്റ് മോര്‍ട്ടത്തിന് മുതിര്‍ന്നാല്‍ പോലും ഇൌ സെല്‍ഫിയെ കുറ്റം പറയാന്‍ ബുദ്ധിമുട്ടാണ്.

ദൈര്‍ഘ്യം താരതമ്യേന കുറച്ച് കൂടുതലാണെങ്കിലും ഇൌ സിനിമ നിങ്ങളെ ഒരിക്കലും ബോറടിപ്പിക്കല്ല. തുടക്കം മുതല്‍ ഇൌ ചിത്രം സൂക്ഷിക്കുന്ന ഒരു വേഗത എവിടെയെങ്കിലും കൈമോശം വരുന്നു എന്ന് തോന്നുന്ന മാത്രയില്‍ എത്തും ചിരിയുടെ ഒരു ആറ്റംബോംബ്. ഇൌ ചിത്രം പെട്ടെന്ന് അവസാനിക്കരുതേയെന്ന് പ്രേക്ഷകന്‍ പ്രാര്‍ഥിച്ചു പോകുന്ന അവസ്ഥ.

മാസങ്ങളായി ഒരു ക്ളീന്‍ എന്റര്‍ടെയിനറിനായി കാത്തിരുന്ന നിരാശനായ മലയാളി പ്രേക്ഷകന് ഇനി ധൈര്യമായി തിയറ്ററിലേക്ക് ചെല്ലാം. എല്ലാം മറന്ന് ചിരിക്കാം, രസിക്കാം, ത്രില്ലടിക്കാം. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കും ഇൌ സെല്‍ഫിയിലെ കഥാപാത്രങ്ങള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.