Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കളി ഞെട്ടിക്കും; റിവ്യു

ozhivu-divasathe-kali

നല്ല തിരക്കഥയുടെ പിൻബലമുള്ള മികച്ച സിനിമകൾ കണ്ടുശീലിച്ച പ്രേക്ഷകർക്ക് ‘ഒഴിവുദിവസത്തെ കളി’ അത്ഭുതക്കാഴ്ചയാണ്; തിരക്കഥയില്ലാതെയും താരങ്ങളില്ലാതെയും കുറഞ്ഞദിവസങ്ങളിൽ, ചെറിയ ബജറ്റിൽ സംഭവിച്ച അത്ഭുതപ്രതിഭാസം. ഏറെ ചർച്ച ചെയ്യപ്പെട്ട്, അംഗീകാരങ്ങളും നേടിയ സിനിമ. ചലച്ചിത്രമേളകളിലും മറ്റും പ്രദർശിപ്പിച്ചപ്പോൾ സ്വീകരിച്ചത് ഒഴിഞ്ഞ കസേരകളും നെടുവീർപ്പുകളും കൂർക്കംവലികളുടെ ശബ്ദങ്ങളുമല്ല; ആസ്വദിച്ചുകാണുന്ന പ്രേക്ഷകരുടെ സജീവപങ്കാളിത്തം; ചിരിയും ആരവങ്ങളും കാതടിപ്പിക്കുന്ന കരഘോഷവും. ഇനി സാധാരണ പ്രേക്ഷകർ വിധി പറയുന്നു.

മുൻവിധികൾ ഇല്ലാതെ വേണം ഏതൊരു സിനിമയും കാണേണ്ടതെന്നു പറയാറുണ്ട്. ഒഴിവുദിവസത്തെ കളി കാണാനിരിക്കുമ്പോൾ മുൻവിധികൾ സ്വാഭാവികം. ചലച്ചിത്രമേളയിലെ പ്രേക്ഷകപ്രീതി. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം. ഇതൊക്കെയുണ്ടെങ്കിലും ചിത്രം തുടങ്ങുമ്പോൾ മുൻവിധികൾ അപ്രത്യക്ഷമാകും; പ്രേക്ഷകർ ചിത്രത്തിൽ ലയിച്ചുചേരും. പ്രശസ്ത സംവിധായകൻ ആഷിക് അബു ഉറപ്പുപറയുന്നു: എത്ര മുൻവിധികളോടെ കാണാനിരുന്നാലും നിങ്ങളെ ഈ സിനിമ ഞെട്ടിക്കും. തിയറ്ററിലെത്താനാവാതെ കഷ്ടപ്പെട്ട ചിത്രമാണ് ഒഴിവുദിവസത്തെ കളി. ചിത്രം കണ്ട ആഷിക് അബു നിറഞ്ഞ ഹൃദയത്തോടെ വിതരണം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പരസ്യവാചകത്തോടെ സനൽകുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളി തുടങ്ങുകയായി.

കഥയുണ്ടെങ്കിൽ തിരക്കഥ എന്തിന് ?

മലയാള സിനിമാ നിർമാണത്തിന്റെ പതിവുവഴികളിൽനിന്നു വേറിട്ടുനടക്കുന്ന സിനിമയാണ് ഒഴിവുദിവസത്തെ കളി. ചിത്രത്തിനാധാരം ഒരു ചെറുകഥയാണെങ്കിലും കഥയിൽനിന്നു സിനിമ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. പരിസരവും ഏതാനും കഥാപാത്രങ്ങളും ആദ്യഭാഗങ്ങളിലെ ചില സംഭാഷണങ്ങളും ഒഴിച്ചുനിർത്തിയാൽ ഉണ്ണി. ആറിന്റെ കഥയിൽ നിന്ന് ചിത്രം ഏറെ മുന്നോട്ടുപോയതായി മനസ്സിലാകും. കഥയിൽ പുരുഷ കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. സിനിമയിൽ സ്ത്രീകഥാപാത്രമുണ്ട്. അവരുടെ സാന്നിധ്യം വളരെ ശക്തമാണ്. കൃത്യമായ ഒരു തിരക്കഥയില്ലാതെയാണു ചിത്രം ചെയ്തതെന്നു സംവിധായകൻ പറഞ്ഞിട്ടുണ്ട്.

ozhivu-divasathe-kali-1

പ്രത്യേക അഭിനയ പാരമ്പര്യമൊന്നുമില്ലാത്തവരാണ് കഥാപാത്രങ്ങളെന്നും. പക്ഷേ ചിത്രം കണ്ടിരിക്കുമ്പോൾ ഈ വക കാര്യങ്ങളൊന്നും പ്രേക്ഷകരെ ബാധിക്കുന്നതേയില്ല. സ്പോട് എഡിറ്റിങ് നടത്തിയ ചിത്രം ആദ്യരംഗം മുതൽ പ്രേക്ഷകരേയും ചിത്രത്തിന്റെ ഭാഗമാക്കുന്നു. ദൈനംദിന ജീവിതത്തിൽ പൊതുവെ കേൾക്കുന്ന കാര്യങ്ങൾ മാത്രമേ ഒഴിവുദിവസത്തെ കളിയിലുള്ളൂ. എല്ലാവർക്കും പരിചയമുള്ള കഥാപാത്രങ്ങൾ മാത്രമേ രംഗങ്ങളിൽ വന്നുപോകുന്നുള്ളൂ. ഒരുനിമിഷം പോലും മാറിനിൽക്കാനാവാത്ത വിധത്തിൽ ചിത്രം പ്രേക്ഷകരെ കൂടെക്കൂട്ടി അതീവരസകരമായി മുന്നോട്ടുപോകുന്നു.

തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം

അഞ്ചുപേർ. യൗവ്വനത്തിന്റെ അവസാനഘട്ടത്തിലെത്തിയ മധ്യവയസ്കർ. അവരെ ഒരുമിപ്പിക്കുന്നതു മദ്യപാനത്തിലെ സമാനമനസ്സ്. അവർ പറയുന്നത് എഴുതിവച്ച സംഭാഷണങ്ങളല്ല. നിത്യജീവിതത്തിൽ ചെറുപ്പക്കാരുടെ പതിവുസംഭാഷങ്ങൾ. സ്വാഭാവികമായ പ്രവൃത്തികൾ. സ്പോട് എഡിറ്റിങ് സിനിമ പൂർണമായി ആസ്വദിക്കുന്നതിനു തടസ്സമാകുന്നതാണു പതിവെങ്കിൽ ഇവിടെ അതു സിനിമയുടെ മുഖ്യആകർഷണമാകുന്നു. ഒരുനേരം ഒരുമിച്ചുകൂടന്ന അഞ്ചുപേർ പിറ്റേന്നത്തെ ദിവസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഒരു പദ്ധതിക്കു രൂപം കൊടുക്കുന്നു. ഒരു ചെറിയ യാത്ര. ഒത്തുകൂടൽ. ആ യാത്രയിൽ സിനിമയിലെ ഏക സ്ത്രീകഥാപാത്രത്തെ അവർ സന്ധിക്കുന്നു. അവരുടെ ജീവിതം മാറ്റിമറിക്കുന്ന സംഭവങ്ങളേയും.

Ozhivudivasathe Kali [An Off-Day Game] Official trailer HD

ആ ദിവസത്തിനൊരു പ്രാധാന്യമുണ്ട്. അന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ വോട്ടുചെയ്താൽ ബാക്കി സമയം സ്വതന്ത്രമായി ചെലവിടാം. ജനാധിപത്യപ്രക്രിയയ്ക്കു ദിവസം പ്രധാനമാണെങ്കിലും അഞ്ചു മദ്യപാനികൾക്ക് അത് ഒരു ഒഴിവുദിവസം മാത്രം. അവർ ഒരു കളി കളിക്കുന്നു. അതു കാര്യമാകുന്നത് സനൽകുമാർ ശശിധരൻ തികഞ്ഞ സ്വാഭാവികതയോടെ അവതരിപ്പിക്കുന്നു. വളരെകുറച്ചു ഷോട്ടുകളേയുള്ളൂ ചിത്രത്തിൽ. അവസാന ഷോട്ട് കട്ടുകളില്ലാതെ 50 മിനിട്ട് നീണ്ടുനിൽക്കുന്ന തകർപ്പൻ ക്ളൈമാക്സ്. ഒഴിവുദിവസത്തെ കളിയുടെ ഏറ്റവും വലിയ പ്രത്യേകത അതൊരു സിനിമയാണെന്ന വിചാരമോ വികാരമോ ഒരിക്കൽപ്പോലും പ്രേക്ഷകരിൽ സൃഷ്ടിക്കുന്നില്ല എന്നതാണ്. ഏറെ പരിചിതമായ ഒരു സാഹചര്യത്തിൽ എത്തിപ്പെട്ടതായി എല്ലാവരെയും തോന്നിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ പ്രവൃത്തികളും സംഭാഷണങ്ങളും അതീവ സ്വാഭാവികം. ചിരിച്ചും കയ്യടിച്ചും കഥയോടൊപ്പം, കഥാപാത്രങ്ങളോടൊപ്പം കാണികളും കൂടെച്ചേരുന്നു.

ozhivu-divasathe-kali.jpg.image.784.410

ഞെട്ടിക്കും ;പ്രേക്ഷകരെ

എല്ലാ കളിയിലും ചില കാര്യങ്ങളുണ്ട്. ഗുരുതരമായ ചില കാര്യങ്ങൾ. ഉദ്വേഗത്തോടെ, ആകാംക്ഷയോടെ പിന്തുടരുന്ന പ്രേക്ഷകരെ സംവിധായകൻ നയിക്കുന്നത് ഒരു വലിയ ഷോക്കിലേക്ക്. അവസാനത്തെ ഒരൊറ്റരംഗം. ഒരുപക്ഷേ ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിൽ ആ രംഗം മാത്രമായിരിക്കും ഇതൊരു സിനിമയാണെന്നു പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ഒരേയൊരു രംഗം. അതെല്ലാവരും തിരിച്ചറിഞ്ഞേപറ്റൂ. കാരണം ചിത്രം തീർന്നിരിക്കുന്നു. ഒരു ഞെട്ടലുമായി തിയറ്റർ പ്രേക്ഷകർ വിടുന്നു. കണ്ടു മറക്കാനുള്ള പതിവുസിനിമയല്ല ഒഴിവുദിവസത്തെ കളി. എന്നെന്നും കൂടെ കൊണ്ടുനടക്കാനുള്ളതാണ്. വെറുതെയല്ല ആദ്യചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ സംവിധായകന്റെ രണ്ടാം ചിത്രം മികച്ച സിനിമയായതെന്നു പ്രേക്ഷകർ തുറന്നുസമ്മതിക്കും.

sanal-kumar.jpg.image.784.410


ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രത്തിനു ജീവൻ പകരുന്നത് അഭിജ ശിവകല. അരുൺകുമാർ, ഗിരീഷ് നായർ, നിസ്താർ അഹമ്മദ്, ബൈജു നെട്ടോ, പ്രദീപ് കുമാർ, റെജു പിള്ള എന്നിവർ മറ്റു കഥാപാത്രങ്ങളെയല്ല, മജ്ജയും മാംസവുമുള്ള മനുഷ്യരെ അസാമാന്യ പ്രകടനത്തിലൂടെ ഗംഭീരമാക്കുന്നു. ആഷിക് അബു പറഞ്ഞതുപോലെ കാണുക മാത്രമല്ല, മറ്റുള്ളവരെ ഈ ചിത്രം കാണിക്കാനും പ്രേക്ഷകർ കൊണ്ടുപോകും. അങ്ങനെയാണെങ്കിൽ മലയാള സിനിമാ ചരിത്രത്തിലെ അപൂർവതകളിലൊന്നായി മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമ പ്രേക്ഷകപ്രീതിയിലും മുന്നിലെത്തും. 20 ലക്ഷത്തിൽത്താഴെ ചെലവിൽ രണ്ടാഴ്ചയിൽകുറഞ്ഞ സമയം കൊണ്ടു ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിനു 106 മിനിറ്റ് ദൈർഘ്യം. നിർമ്മാണം അരുൺ മാത്യവും ഷാജി മാത്യവും.  

Your Rating: