Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പട്ടു’പാവാട; റിവ്യു വായിക്കാം

paavada-movie പൃഥ്വിരാജ്

നല്ല കഥയുടെ പിൻബലമുള്ള കാമ്പുള്ള ചിത്രമാണ് പാവാട. പ്രണയം, പ്രതികാരം, കുറ്റാന്വേഷണം തുടങ്ങിയ ക്ലീഷെ പ്രമേയങ്ങൾക്കിടയിൽ വ്യത്യസ്തത പുലർത്തുന്ന പാവാട പൃഥ്വിരാജിന്റെ വിജയവഴിയിൽ വിള്ളൽ വീഴ്ത്തില്ലെന്നുറപ്പിക്കാം.

പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ലാത്ത രണ്ടു മദ്യപാനികൾ. പാവാട ബാബുവും (അനൂപ് മേനോൻ) പാമ്പ് ജോയിയും (പൃഥ്വിരാജ്). ഇവർ യാദൃശ്ചികമായി കണ്ടു മുട്ടുന്നതും പിന്നീട് അവർ തമ്മിലുള്ള ബന്ധം അവർ തന്നെ മനസ്സിലാക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Paavada | Joy Song (Kuruthakkedinte Koodane) Video ft Prithviraj Sukumaran, Mia George | Official

സിനിമയുടെ തുടക്കം തന്നെ വ്യത്യസ്തമാണ് ഒപ്പം ആകർഷണീയവുമാണ്. കഥാപാത്രങ്ങളെയും അവരുടെ പശ്ചാത്തലത്തെയും പ്രേക്ഷകന് പരിചയപ്പെടുത്തുന്നതാണ് അദ്യ പകുതി. അതിന് മേമ്പൊടിയായി നർമരംഗങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും എടുത്തു പറയേണ്ടവയൊന്നുമില്ല. ആദ്യ പകുതി അൽപം വലിച്ചു നീട്ടി ‘വല്യപാവാട’ ആക്കിയിട്ടുമുണ്ട്.

miya-prithviraj പാവാട ചിത്രത്തിൽ നിന്നും

എന്നാൽ രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ സിനിമയുടെ സ്വഭാവം തന്നെ മാറുന്നു. കഥയ്ക്കും കഥാപാത്രങ്ങൾക്കും ഗൗരവസ്വഭാവം കൈവരുന്നതോടെ ചിത്രം കൂടുതൽ ആസ്വാദ്യകരമാകുന്നു. തങ്ങളുടെ ജീവിതത്തെ തളർത്തിയ ഒരു പ്രതിസന്ധി വർഷങ്ങൾക്കു ശേഷം വീണ്ടും എത്തുന്നുവെന്നറിഞ്ഞ് അത് തടയാൻ ഇതിലെ കഥാപാത്രങ്ങൾ നടത്തുന്ന ശ്രമങ്ങൾ പ്രേക്ഷകനെ പിടിച്ചിരുത്തും. അതൊക്കെ വളരെ റിയലിസ്റ്റിക്കായി ദൃശ്യവത്കരിക്കാ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുമുണ്ട്.

മൺസൂൺ മാംഗോസ് റിവ്യു വായിക്കാം

anoop-maniyanpilla പാവാട ചിത്രത്തിൽ നിന്നും

അഭിനയനിരയിലേക്കെത്തിയാൽ പൃഥ്വിരാജിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാകും പാമ്പ് ജോയ്. ആദ്യ പകുതിയിലെ നർമരംഗങ്ങളിലും മറ്റും ചെറിയൊരു അസ്വാഭാവികത അനുഭവപ്പെടുമെങ്കിലും രണ്ടാം പകുതി പൃഥ്വിരാജ് എന്ന നടന്റെ ഡെപ്ത് മനസ്സിലാക്കി കൊടുക്കുന്നതാണ്. വികാരനിർഭരമായ രംഗങ്ങൾ അദ്ദേഹം അനായാസം കൈകാര്യം ചെയ്തു. പൃഥ്വിക്കൊപ്പം അനൂപ് മേനോനും മികച്ച പ്രകടനം കാഴ്ച വച്ചു.

എടുത്തു പറയേണ്ടത് നേടുമുടി വേണു, സിദ്ദിഖ് എന്നീ പഴയ തലമുറയിലെ താരങ്ങളെക്കുറിച്ചാണ്. വളരെ ലാഘവത്തോടെ, തന്മയത്തതോടെ ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ ആവിഷ്കരിച്ചു. മിയ, രഞ്ജി പണിക്കർ, ആശ ശരത്, ചെമ്പൻ വിനോദ്, ഷാജോൺ, സുധീർ കരമന തുടങ്ങിയ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.

prithviraj-paavada പാവാട ചിത്രത്തിൽ നിന്നും

ഛായാഗ്രഹണവും സംഗീതവും ഒക്കെ സിനിമയ്ക്ക് ഇണങ്ങുന്നതായിരുന്നു. മേക്കപ്പ് കൈകാര്യം ചെയ്തവർ പൃഥ്വിയുൾപ്പടെയുള്ള കുടിയന്മാരെ ഒരുക്കിയത് കുറച്ചകൂടി നന്നാക്കാമായിരുന്നു. കണ്ണുകൾ വല്ലാതെ ചുവപ്പിച്ച് ചുറ്റും കറുപ്പിച്ചപ്പോൾ കണ്ടിരിക്കുന്നവർക്ക് അരോചകമായി തോന്നിയാൽ അത്ഭുതപ്പെടാനില്ല. ടിപ്പിക്കൽ മദ്യപാനികളുടെ രൂപം ഇങ്ങനെയാണെന്ന് ഉൗട്ടിയുറപ്പിക്കുന്നതായി മേക്കപ്പ്.

കഥയും തിരക്കഥയും ഒരുക്കിയ ബിപിൻ ചന്ദ്രൻ അഭിനന്ദനം അർഹിക്കുന്നു. കഥ തന്നെയാണ് ഇൗ സിനിമയുടെ കരുത്തും. അച്ഛാ ദിൻ എന്ന ചിത്രത്തിന് ശേഷം മാർത്താണ്ഡൻ എന്ന സംവിധായകൻ നടത്തിയ ശക്തമായ തിരിച്ചുവരവു കൂടിയാണ് പാവാട.

മികച്ച കഥ, വികാരനിർഭരമായ രംഗങ്ങൾ, ചെറിയ സസ്പെൻസുകൾ, ആരും പ്രതീക്ഷിക്കാത്ത ഒരു ഗസ്റ്റ് റോൾ എല്ലാം കൂടി ചേരുമ്പോൾ പാവാട പ്രേക്ഷകനെ രസിപ്പിക്കുന്നതാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.