Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപനാസമെന്നാൽ അവിസ്മരണീയ ദൃശ്യം

kamalhassan-movie

വളരെയധികം ശ്രദ്ധേയമായ ഒരു ചിത്രം മൊഴിമാറ്റി പുനരാവിഷ്ക്കരിച്ചാൽ എന്താണ് പ്രത്യേകിച്ച് പറയാനുണ്ടാവുക? അതും ഓരോ സന്ദർഭങ്ങളും, സംഭാഷണങ്ങളും, ലൊക്കേഷനുകളും , ഫ്രേമും, ആംഗിളും എല്ലാം ഒരേപോലെയാണെങ്കിൽ? ഉലകനായകൻ കമൽഹാസൻ അഭിനയിച്ച, ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാള സിനിമയായ ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പ് ‘പാപനാസം’ ഏതാണ്ട് അങ്ങനെയാണ്. പക്ഷേ കുറച്ചു കാര്യങ്ങൾ തികച്ചും ശ്രദ്ധേയമാണ്. ദൃശ്യം കണ്ടതാണെങ്കിൽ രണ്ടു ചിത്രങ്ങളിലേയും ഓരോ സന്ദർഭങ്ങളും താരതമ്യം ചെയ്യാനുണ്ട്. ഒരു ചേഷ്ട സ്വാഭാവികമാണ്. അങ്ങനെ കുറച്ചു ദൂരം കടന്നു കഴിഞ്ഞാൽ കഥ നമ്മെ പിടിച്ചിരുത്തുന്നു. വീണ്ടും കഥ തന്നെ ഏറ്റവു‌ം ശക്തമായ അജയ്യമായ കഥാപാത്രമായി മാറുന്നു.

asha-sarath-kamalhassan

തുടക്കത്തിലുള്ള വിരസത തോന്നിക്കാവുന്ന ചില നീണ്ട ഡയലോഗുകളും, ഒന്നു രണ്ടു കഥാപാത്രങ്ങളുടെ അൽപം ശുഷ്കിച്ച അവതരണവും ഒഴിച്ചാൽ പാപനാസം ദൃശ്യം ആവർത്തിച്ചു കണ്ടവർക്കുപോലും പുതിയൊരനുഭവം പകരുന്നു. അതിൽ എടുത്തു പറയേണ്ടത് കമൽഹാസന്റെ അഭിനയം തന്നെയാണ്. ഓരോ ചലനങ്ങളും ഭാവങ്ങളും സംഭാഷണങ്ങളും വളരെ കൃത്യതയോടെ അവതരിപ്പിക്കുന്നു. മാത്രമല്ല കഥയ്ക്ക് അൽപം കൂടി വികാരഭരിതവും ബന്ധങ്ങളുടെ ഊഷ്മളതയും അൽപം കൂടുതലായ് പകരുകയും ചെയ്യുന്നു.. ശരിക്കും പറഞ്ഞാൽ അദ്ദേഹം അവതരിപ്പിച്ച സ്വയംഭൂലിംഗത്തെ കാണുമ്പോഴാണ് ഇതിൽ ഇത്രയൊക്കെ അഭിനയത്തിനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നോ എന്നു തോന്നിപ്പോകുന്നത്.

Papanasam Official Theatrical Trailer

എന്നാൽ ഐജിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ആശാ ശരത്ത് തന്റെ അഭിനയപാടവത്തിൽ ഒരു പടി മുകളിലേയ്ക്കു ഉയരുന്നുണ്ട്. ഒരു റീമേക്കിലെ കഥാപാത്രത്തെ പൂർണമായും വിജയിപ്പിക്കുക എന്ന ഉത്തരവാദിത്തം കൊണ്ടാവാം കലാഭവൻ മണി അവതരിപ്പിച്ച പെരുമാൾ എന്ന കോൺസ്റ്റബിളിന്റെ കഥാപാത്രത്തിന്റെ വീര്യത്തിലും ശൗര്യത്തിലും മാത്രമല്ല ചെറിയ ചലനങ്ങളിൽ പോലും നേരിയ രീതിയിൽ കൃത്രിമത്വം പ്രകടമാണ്. എങ്കിലും കഥയുടെ ആത്മാവ് ഒട്ടും ചോർന്നുപോകുന്നില്ല. റാണി എന്ന കഥാപാത്രത്തെ ഗൗതമി ഒരു തമിഴ് കുടുംബത്തിലെ ഊഷ്മളതയെല്ലാം ഉൾക്കൊള്ളുന്നുണ്ടെങ്കിലും കഥാപാത്രത്തിന്റെ ഊർജം നിലനിർത്തുന്നതിൽ ഒരൽപം ഇടറുന്നുണ്ടോ എന്ന് സംശയിക്കാം.

jeethu-kamal-nivetha

സ്വയംഭൂലിംഗത്തിന്റെ മൂത്തമകളായി നിവേദ തോമസും, ഇളയമകളായി എസ്തർ അനിലും ഐജി ഗീതാപ്രഭാകറിന്റെ ഭർത്താവ് പ്രഭാകറായി ആനന്ദ് മഹാദേവനും, വരുണായി റോഷൻ ബഷീറും ഒക്കെ നന്നായി തിളങ്ങുന്നുണ്ട്.ഗിബ്രാന്‍റെ പശ്ചാത്തല സംഗീതവും സുജിത്ത് വാസുദേവിന്‍റെ ഛായാഗ്രഹണവും അതിഗംഭീരമായി തന്നെ നിർവഹിച്ചിരിക്കുന്നു. ദൃശ്യത്തിന്‍റെ കന്നഡ, തെലുങ്ക് റീമേയ്ക്കുകള്‍ വന്ന് പോയെങ്കിലും യഥാര്‍ഥ ചിത്രത്തോട് ഏറ്റവും നീതിപുലര്‍ത്തിയത് പാപനാസം തന്നെയാണ്. ജീത്തു ജോസഫ് എന്ന കഴിവുറ്റ സംവിധായകന്‍റെ കയൊപ്പ് തന്നെയാണ് ഇതിന്‍റെ വിജയവും.

kalabhavan-mani-paapanasam

കൃത്യതയും, സംതുലനവും തൻമയത്വവും ഒക്കെ നിലനിർത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച് അവസാനം വരെയും മുന്നേറുന്നുണ്ട്. എന്നാൽ ഒടുവിലുള്ള നാടകീയത അൽപം കടന്നുപോയോ എന്നു തോന്നും. എല്ലാം കഴിഞ്ഞ് ഐജിയ്ക്കും അവരുടെ ഭർത്താവിനു മുന്നിൽ എല്ലാം വെളിപ്പെടുത്തുന്ന രംഗം. ഒരു വിതുമ്പലോടെ സ്വയംഭൂലിംഗം മനസു തുറക്കുന്നു. ആ വിങ്ങലും ഇടർച്ചയും ഒക്കെ നമ്മളെ ഈറനണിയിക്കുന്നു. അതുവരെയുള്ള രംഗങ്ങൾ അതിമനോഹരം. പിന്നീട് അതേ വിങ്ങലുകൾ അലോസരമാംവിധം തുടരുന്നു. അതും സഹിക്കാം. പക്ഷേ ഐജിയും ഭർത്താവും കടന്നുപോകുമ്പോൾ സ്വയംഭൂലിംഗം നിർജീവമായ ഒരു നോട്ടം എറിയുന്നു. ഒരു പക്ഷേ ആ ഭാഗം കൈവിട്ടുപോയതാകാം. അതൊന്നു മാത്രം ഒഴിച്ചാൽ പാപനാസം വളരെ മനോഹരമായ ഒരു ചിത്രമായി നിലകൊള്ളുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.