Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനം കവരും, ലജ്ജോയും കൂട്ടുകാരികളും അവരുടെ കഥയും

parched

‘ആണുങ്ങൾക്കും വന്ധ്യതയുണ്ടാകുമോ?’ ലജ്ജോ ആദ്യമായി കേൾക്കുകയായിരുന്നു ആ രഹസ്യം. ഭർത്താവിന്റെ കയ്യിൽ നിന്നു ദിവസവും അവൾ തല്ലുവാങ്ങിയിരുന്നതു കുട്ടികളില്ലാത്തതിന്റെ പേരിലായിരുന്നു. ശരീരത്തിലെ മുറിവുകൾ മനസിലേക്കും വേദന നൽകുമ്പോൾ അവൾ പ്രിയപ്പെട്ട കൂട്ടുകാരി റാണിയുടെ അടുത്തെത്തും. ഒരു നല്ല വാക്കിനു വേണ്ടി, തന്റെ മുറിവുണക്കുന്ന സ്പർശന ലേപനത്തിനു വേണ്ടി. പാർച്ഡ് എന്ന സിനിമ ലജ്ജോയുടെ ജീവിതം മാത്രമല്ല, റാണിയുടെയും ബിജ്‌ലിയുടെയും ജാൻകിയുടെയും കഥയാണ്. ഇപ്പോഴും നമ്മുടെ രാജ്യത്തെ സ്ത്രീകൾ നേരിടേണ്ടി വരുന്ന ചില വേദനകളുടെ കഥയാണ്. സ്ത്രീപക്ഷ സിനിമയായി എത്തിയ പിങ്ക് പങ്കുവച്ചത് മെട്രോനഗരത്തിലെ സ്ത്രീജീവിതമാണെങ്കിൽ പാർച്്ഡ് വികസനമൊന്നും എത്തിയിട്ടില്ലാത്ത ആളും ആരവുമെല്ലാം വല്ലപ്പോഴും മാത്രമെത്തുന്ന ഇന്ത്യയിലെ ചില ഗ്രാമങ്ങളിലെ കഥയാണു പങ്കുവയ്ക്കുന്നത്.

Parched | Official Trailer | Ajay Devgn | Leena Yadav | Tannishtha, Radhika, Surveen & Adil Hussain

രാജസ്ഥാനിലെ ഒരു കുഗ്രാമത്തിലാണ് പാർച്ഡിന്റെ കഥ. ടിവി പോലും എത്തിയിട്ടില്ല അവിടെ. നാട്ടുകൂട്ടത്തിനു മുന്നിൽ സ്ത്രീകൾ അപേക്ഷ വച്ചിട്ടുണ്ട് ടിവി വാങ്ങിത്തരണമെന്ന്. ഭർത്താക്കൻമാർ ജോലിയ്ക്കു പോയാൻ തങ്ങൾ സമയം കളയാൻ ഏറെ വിഷമിക്കുകയാണ്. നാട്ടുകൂട്ടത്തിലെ തലമുതിർന്നവർ ആദ്യം അനുവാദം നൽകുന്നില്ല. സ്ത്രീകളുടെ ആവശ്യം അനുസരിച്ചു മൊബൈൽ ഫോൺ വാങ്ങിനൽകിയപ്പോൾ നേരിട്ട ചില പ്രശ്നങ്ങളാണ് അവർ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പണം കണ്ടെത്തി നൽകിയാൽ ടിവി വാങ്ങാമെന്ന നിർദേശം ഉയരുന്നു. വസ്ത്രങ്ങളിലും മറ്റും തുന്നൽ നടത്തുന്ന ആ ഗ്രാമത്തിലെ സ്ത്രീകൾ തങ്ങൾക്കു കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം മാറ്റിവയ്ക്കാനും തീരുമാനിക്കുന്നു.

അങ്ങനെയുള്ള ഒരു ഗ്രാമത്തിലെ മൂന്നു സ്ത്രീകളുടെ കഥയാണ് സിനിമയുടെ കേന്ദ്രം. റാണി, അവളുടെ അടുത്ത കൂട്ടുകാരി ലജ്ജോ, ഗ്രാമത്തിലെ ആണുങ്ങളെ ഹരം കൊള്ളിക്കുന്ന നൃത്തക്കാരി ബിജ്‌ലി. ഇവരുടെ ജീവിതവും സൗഹൃദവുമാണു പാർച്ഡിനെ മുമ്പോട്ടു കൊണ്ടുപോകുന്നത്. റാണിയ്ക്കു 37 വയസ് ആയതേയുള്ളൂ. ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു. മകൻ ഗുലാബിന്റെ വിവാഹത്തിനു വേണ്ടി വീട് പണയം വച്ച് അവർ പണം കണ്ടെത്തുന്നു. മൂന്നു ലക്ഷത്തോളം രൂപ നൽകി ജാൻകി എന്ന പതിനഞ്ചുകാരി കുട്ടിയെ തന്റെ മകനു വേണ്ടി അവർ ഉറപ്പിക്കുന്നു(അതു മറ്റൊരു രസം. നമ്മുടെ നാട്ടിലേതു പോലല്ല, സ്ത്രീധനം പെണ്ണിന്റെ വീട്ടുകാർക്ക് ചെറുക്കൻ വീട്ടുകാരാണ് നൽകുന്നത്). ഗുലാബ് പെൺകുട്ടിയെ നേരിട്ടുകണ്ടിട്ടില്ല. മുടിയുള്ള സുന്ദരിയായ യുവതിയുടെ ചിത്രം അവന്റെ മനസിലുണ്ട്. പക്ഷെ വിവാഹത്തിനു ശേഷം ജാൻകിയെ കണ്ട റാണിയും ഗുലാബും ഞെട്ടിപ്പോയി– അവൾ മുടിമുറിച്ചു കളഞ്ഞിരിക്കുന്നു. അതോടെ മകന് അമ്മയോടും ജാൻകിയോടും കനത്ത ദേഷ്യവും.

Radhika Apte

ലജ്ജോയുടെ കഥ വ്യത്യസ്തമാണ്. അവളുടെ ഭർത്താവിന്റെ പീഡനം ദിവസവും ഏറ്റുവാങ്ങാനാണ് അവളുടെ വിധി. കുട്ടികളില്ലാത്തതിന്റെ പേരിൽ ദിവസവും മർദ്ദനം ഏറ്റുവാങ്ങുമ്പോൾ ആശ്വാസത്തിന് ഒാടിയെത്തുന്നത് റാണിയുടെ അടുത്താണ്. ബിജ്‌ലി അവരുടെ ഗ്രാമത്തിലെ പുരുഷൻമാരുടെ ആരാധനാപാത്രമായ നർത്തകിയാണ്. പതിവായി ഗ്രാമത്തിൽ തന്റെ സംഘത്തിനൊപ്പമെത്തിയാണ് അവൾ റാണിയെയും ലജ്ജോയെയും പരിചയപ്പെടുന്നത്. ബിജ്‌ലിയുടെ നൃത്തസംഘത്തിന്റെ തലവൻ അവളെ പലർക്കു മുൻപിലും കാഴ്ചവച്ചും പണം സമ്പാദിക്കുന്നുണ്ട്.

റാണിയുടെ ജീവിതത്തിന്റെ വേദന അവളുടെ മകനാണ്. വിവാഹം കഴിഞ്ഞതോടെ മകൻ വീട്ടിലെത്തുന്നില്ല. ചിലരിൽ നിന്നു മകനെ രക്ഷിച്ചെടുക്കാൻ ഏറെ പണം നൽകേണ്ടി വരുന്നു. വിവാഹം കഴിച്ചെത്തിയ ജാൻകിയെ മകൻ മർദ്ദിക്കുന്നതു കാണുമ്പോൾ സ്വന്തം ജീവിതമാണു റാണിയുടെ മനസിൽ തെളിയുന്നത്. ഭർത്താവിന്റെ മർദ്ദനം ഏറ്റുവാങ്ങാതരിക്കാൻ മറ്റൊരാളിൽ നിന്നു ഗർഭിണിയാകുകയാണു ലജ്ജോ. പക്ഷെ എന്നിട്ടും ഭർത്താവിന്റെ പീഡനത്തിനു കുറവുണ്ടാകുന്നില്ല. ബിജ്‌ലിയുടെ മനസിൽ ഒരു കുഞ്ഞു പ്രണയമുണ്ട്. പക്ഷേ തന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നു കരുതിയ വ്യക്തിയും തന്റെ ശരീരം മാത്രമാണ് ലക്ഷ്യമിട്ടതെന്ന് അറിയുമ്പോൾ അവൾ ഏറെ വേദനിക്കുന്നു. ഇങ്ങനെ ആണുങ്ങളാൽ ജീവിതം നരകിക്കേണ്ടി വരുന്ന നാലു സ്ത്രീകൾ– അവരുടെ ജീവിതത്തിന്റെ കഥയാണു ‘പാർച്ഡ്’.

ഏറെ വേദന നിറഞ്ഞ ജീവിതത്തിൽ അവരുടെ ആനന്ദത്തിന്റെ വഴികളും സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കുള്ള അവരുടെ സഞ്ചാരവുമാണ് സിനിമയുടെ വിഷയം. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറെ കയ്യടി നേടിയ ചിത്രം രാധികാ ആപ്തെ, തനിഷ്ഠ ചാറ്റർജി, സുർവീൻ ഛൗല എന്നിവരുടെ അഭിനയം കൊണ്ടും ശ്രദ്ധേയമാണ്. റാണിയെ തനിഷ്കയും ലജ്ജോയെ രാധികാ ആപ്തെയും ബിജ്‍‌ലിയെ സുർവീനും അവതരിപ്പിച്ചിരിക്കുന്നു. ലെഹറിന്റെ ജാൻകിയും റിദ്ധി സെന്നിന്റെ ഗുലാബുമെല്ലാം മികച്ച വേഷങ്ങൾ. ഇന്ത്യയിലെ ചില ഗ്രാമീണ ജീവിതങ്ങൾ കൃത്യമായ വരച്ചുകാട്ടാൻ സംവിധായിക ലീന യാദവിനു സാധിച്ചുവെന്നതാണ് അവരുടെ മികവ്. രാധികയുടെ നഗ്ന വിഡിയോയുടെ പേരിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ മുഴുവൻ കാണുമ്പോൾ മനസിലാക്കാം ആ രംഗത്തിന്റെ ആവശ്യകത. മൊബൈലിൽ ഒരു ക്ലിപ്പായി മാറിയ ആ രംഗത്തെക്കാൾ സിനിമയെന്ന നിലയിലായിരുന്നു പാർച്ഡ് കൂടുതൽപ്പേരിൽ എത്തേണ്ടിയിരുന്നത്. ‘ടൈറ്റാനിക്കി’ലൂടെ മികച്ച ഛായാഗ്രഹകനുള്ള ഓസ്കർ അവാർഡ് നേടിയ റസൽ കാർപ്പെന്ററിന്റെ മികച്ച ദൃശ്യങ്ങളാണു സിനിമയുടെ മറ്റൊരു ആകർഷണം. സിനിമയുടെ പിന്നണിക്കാരിലേറെയും ഹോളിവുഡിൽ നിന്നുള്ളവർ തന്നെ. ഹൃതിക് സോണിക്കിന്റെ സംഗീതം ഒരു ഫോക് പശ്ചാത്തലമുണ്ടെങ്കിലും മനസിൽ നിറഞ്ഞു നിൽക്കുന്നില്ല.

വൈബ്രേറ്റർ മോഡിലുള്ള മൊബൈൽ ഫോണിന് തന്റെ ശരീരത്തെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നുവെന്നു റാണിയും ലജ്ജോയും പറയുന്ന തരം ചില ഡയലോഗുകളും കേൾക്കാം ചിത്രത്തിൽ. സംവിധായക ലീന യാദവ് നടത്തുന്ന അത്തരം ചില ധീരമായ തുറന്നുപറച്ചിലുകൾ തന്നെയാണു പാർച്ഡിനെ കാണേണ്ട സിനിമയാക്കി മാറ്റുന്നതും.  

Your Rating: